Thursday, December 31, 2015

വയറും മുഖവും


ആദ്യം മെലിയുന്നത് മുഖവും ആദ്യം തടിക്കുന്നത് വയറുമാണെന്ന് കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് പറഞ്ഞു.

Wednesday, December 30, 2015

രോഗാതുരനായ കുമാരൻ


കുമാരന് വരാത്ത രോഗങ്ങളില്ല. ഉദാഹരണത്തിന്, ഒരു ഒഴിവു ദിവസം കുമാരനും കുമാരിയും തമ്മിൽ നടന്ന സംഭാഷണം കേട്ടു നോക്കൂ.

"എന്തു പറ്റി?"
"ഭയങ്കര ക്ഷീണം."
"എന്താ കാര്യം?"
"ബ്ലഡ്‌ കാൻസർ."
"കൂടുതലുണ്ടോ?"
"ഹമ്.."
"ഡോക്ടറെ കാണണ്ടേ?"
"കാണണം."
"എന്നാൽ പോകാം. വാ.."
"ഇപ്പൊ വേണ്ട."
"അതെന്താ?"
"എത്രത്തോളം പൊകുമെന്ന് നോക്കാലോ."
"ഓ..ശരി."

ഇങ്ങനെ ഏതെങ്കിലും ഒരു അസുഖമുണ്ടെന്ന വിചാരം കുമാരന് ഒരാഴ്ചയോളം നീണ്ട് നില്ക്കും. അതു കഴിഞ്ഞാൽ മറ്റെന്തെങ്കിലും അസുഖമായിരിക്കും. കണ്ണിന് ചെറിയൊരു വേദന വന്നപ്പോൾ കുമാരൻ പറഞ്ഞത് തനിക്ക് ഗ്ലോക്കോമയാണെന്നാണ്. ഇങ്ങനെ ഒരു കാരണവുമില്ലാതെ കുമാരന് വന്ന രോഗങ്ങളാണ് കിഡ്നി സ്റ്റോണ്‍, ഹെർണിയ, ഹൃദയ വാൽവിലെ ദ്വാരം, അപ്പെന്റിസൈറ്റിസ്, ബ്രെയിൻ ട്യൂമർ, വെള്ളപ്പാണ്ട്, സെർവിക്കൽ സ്പോണ്ടേലോസിസ് തുടങ്ങിയവ. ചില രോഗങ്ങളുടെ പേരുപോലും ശരിയായ് പറയാനറിയാത്ത കുമാരനെ പകുതി ഡോക്ടറായ കുമാരി തിരുത്തും. ആദ്യമൊക്കെ രോഗമൊന്നുമില്ലെന്ന് കുമാരി പറയാറുണ്ടായിരുന്നു. എന്നാൽ കുമാരൻ അതൊരിക്കലും സമ്മതിച്ചു കൊടുത്തിരുന്നില്ല. പിന്നെപിന്നെ മുകളിൽ കൊടുത്ത പോലെയാണ് കുമാരി പ്രതികരിക്കാറ്.

തനിക്ക് രോഗമാണെന്ന് എപ്പോഴം പറഞ്ഞിരുന്ന നല്ല ആരോഗ്യവതിയായ ഒരു മുത്തശ്ശി കുമാരനുണ്ടായിരുന്നു. കുമാരൻ കുഞ്ഞായിരുന്നപ്പോൾ ആ മുത്തശ്ശി കുമാരന്റെ വീട്ടിൽ വന്ന് കുറച്ചു കാലം താമസിച്ചു. ചിലപ്പോൾ കുമാരന്റെ അച്ഛൻ തീരെ നിർദോഷകരമായ ഏതെങ്കിലും അരിഷ്ടം മുത്തശ്ശിക്ക് വാങ്ങിക്കൊടുക്കും. മരുന്നെന്ന് പറഞ്ഞാൽ മുത്തശ്ശിക്ക് ജീവനായിരുന്നു. ആയുർവേദമാണോ അലോപ്പതിയാണോ എന്നൊന്നും നോട്ടമില്ല. തൊണ്ണൂറ് വയസ്സ് കഴിഞ്ഞാണ് ആ മുത്തശ്ശി മരിച്ചത്. ആ മുത്തശ്ശിയുടെ സ്വഭാവമാണ് കുമാരന് എന്ന് കുമാരന്റെ അമ്മ എപ്പോഴും പറയും. ആ മുത്തശ്ശിയെ കുമാരിയും കണ്ടിട്ടുണ്ട് (ബന്ധുക്കളായ കുമാരനും കുമാരിയും പ്രേമിച്ച് കല്യാണം കഴിച്ച കഥ ഞാൻ പറഞ്ഞതല്ലേ?). അതിനാൽ അമ്മായിയമ്മയ്ക്കും മരുമകൾക്കും ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണ്.

ചില വിശദാംശങ്ങൾ ഇനിയും ലഭ്യമല്ലാത്തതിനാൽ, കുമാരന്റെ ഈ സ്വഭാവം ബുദ്ധിമതിയായ കുമാരി മാറ്റിയെടുത്ത സംഭവബഹുലമായ കഥ പിന്നെയെപ്പോഴെങ്കിലും പറയാമെന്ന് വിചാരിക്കുന്നു.

Friday, December 25, 2015

വശം

"ഇടതു വശം ചേർന്ന് കിടക്കാൻ പേടിയാണ്."
"അതെന്താ?"
"ഹൃദയമിടിപ്പ്‌ കേൾക്കും."
"അതിനെന്താ?"
"ഹൃദയം പൊട്ടുമെന്ന് തോന്നും."
"ഓഹോ. എന്നാലൊരു കാര്യം ചെയ്യ്‌."
"?"
"വലതു വശം ചേർന്ന് കിടന്നോളൂ."

Thursday, December 24, 2015

നൈർമല്യം

ആറുമാസം പ്രായമായ ഒരു കുട്ടി എന്നെ നോക്കി ചിരിച്ചു. അത്രയും മൂല്യവും മധുരവുമുള്ളതെന്തുണ്ട് പകരം നൽകാനെന്ന് ഞാനെന്നിൽ തിരഞ്ഞ് വിവശനായി. 

Saturday, December 12, 2015

പഴയ രീതിയിലുള്ള ഒരു പ്രണയലേഖനം

ഞാൻ കുമാരന്റെയും കുമാരിയുടെയും വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ രണ്ടുപേരും കൂടെ ഒരു കടലാസിനു വേണ്ടി പിടിവലി നടത്തുന്നതാണ് കണ്ടത്.

ഞാൻ: "എന്താ രണ്ടുപേരും കൂടെ രാവിലെത്തന്നെ?"
കുമാരൻ: "പ്രത്യേകിച്ചൊന്നുമില്ല."
കുമാരി: "പ്രത്യേകിച്ചുണ്ട്."
ഞാൻ: "എന്നാൽ ഞാനും കേൾക്കട്ടെ. എന്താ ആ കടലാസ്?"
കുമാരി: "കുമാരൻ എനിക്കയച്ച ആദ്യ പ്രണയലേഖനം!"
ഞാൻ: "എന്താ കുമാരാ, അപ്പറഞ്ഞത് ശരിയാണോ?"
കുമാരൻ: "ആർക്കും ഒരബദ്ധമൊക്കെ പറ്റില്ലേ?"
കുമാരി: "അബദ്ധം! എനിയ്ക്കാകെ അയച്ച ഒരു പ്രണയലേഖനമാണ്‌. അതിനുശേഷം ഇത്രത്തോളം സ്നേഹത്തോടെ സംസാരിച്ചിട്ടുപോലുമില്ല."

അപ്പോഴേക്കും കുമാരി അത് കൈക്കലാക്കി എനിക്കുതന്നു. ഞാനത് ഉച്ചത്തിൽ വായിച്ചു:

"എന്റെ എത്രയും പ്രിയപ്പെട്ട, എല്ലാമെല്ലാമായ കുമാരി,
ഞാന്‍ നിന്നെ പ്രേമിക്കുന്നു - അഗാധവും തീവ്രവുമായ്. ഇത് വളരെ അടിസ്ഥാനപരവും വ്യക്തവുമായ ഒരു വസ്തുതയാണ്. നിന്റെ ഹൃദയം മിടിക്കുമ്പോള്‍ എന്നില്‍ രക്തം ഒഴുകുന്നതരത്തില്‍ എന്റെ ഹൃദയം നിന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. എന്റെ ജീവതാളമിപ്പോള്‍ ഒന്നായ്ച്ചേര്‍ന്ന ആ ഹൃദയമിടിപ്പുകളാണ്...

എന്റെ പൊന്നേ,
നിന്നോടുള്ള പ്രണയം പൂര്‍ണമായ്‌ സംവദിക്കാന്‍ എന്റെ വാക്കുകള്‍ അശക്തങ്ങളാണെന്ന് ഞാന്‍ കരുതുന്നു. വാക്കുകള്‍ പ്രവൃത്തികളിലേക്കും പ്രവൃത്തികള്‍ കൂടിച്ചേരലുകളിലേക്കും വഴിതുറക്കുന്ന, വരാന്‍ പോകുന്ന സുന്ദര നാളുകളില്‍ എന്റെ പ്രണയം നിന്നിലേക്ക്‌ ഒരു കവിത പോലെ ഒഴുകുമെന്നും ഞാന്‍ കരുതുന്നു...

പ്രിയേ,
എന്റെ മനസ്സും ശരീരവും നിനക്കായ്‌ കാത്തിരിക്കുന്നു. നിന്റെ മനസ്സിലേയും ശരീരത്തിലേയും ഓരോ അംശത്തിലും എന്റെ പ്രണയം ചേര്‍ക്കാന്‍ എന്റെ ഹൃദയം വെമ്പുന്നു. തണുപ്പില്‍ പരസ്പരം ചൂടേകിയും, ചൂടില്‍ പരസ്പരം കുളിരേകിയും, കൈ കോര്‍ത്തുപിടിച്ച് ഇനിയുള്ള വഴിയില്‍ നമുക്കൊരുമിച്ചു നടക്കാം...

നിറഞ്ഞു തുളുമ്പുന്ന പ്രണയത്തോടെ,
കുമാരിയുടെ സ്വന്തം
<സൈന്‍>
കുമാരൻ"

അല്പം നാണത്തോടെ കുമാരിയും അതിൽക്കൂടുതൽ നാണത്തോടെ കുമാരനും ഇതു കേട്ടുനിന്നു.

ഞാൻ: "എന്താ കുമാരാ ഇത്. ഇങ്ങനെയാണോ പ്രണയലേഖനം എഴുതുന്നത്? ഒരു ഇരുപത് വർഷം മുൻപേ ഇത് അഡ്ജസ്റ്റ് ചെയ്യാം."
കുമാരൻ: "നാല് കൊല്ലം മുൻപാണ്." കുമാരൻ ന്യായീകരിക്കാൻ ശ്രമിച്ചു. കുമാരി ഊറിച്ചിരിച്ചു.
ഞാൻ: "കുമാരൻ ബഷീറിനെ ഒരുപാട് വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു."
കുമാരൻ ഒന്നും പറഞ്ഞില്ല. അപ്പോൾ അവരുടെ കുഞ്ഞുവാവ മുട്ടിലിഴഞ്ഞ് വീട്ടിനകത്തുനിന്നും പുറത്തേയ്ക്ക് വന്നു. ജാള്യത മറയ്ക്കാൻ പാടുപെട്ട കുമാരൻ കുട്ടിയെ എടുത്ത് താലോലിച്ചു. 'അമ്മയോട് മിണ്ടണ്ട കെട്ടോ' എന്നൊക്കെ കുമാരൻ മകളോട് പറഞ്ഞെങ്കിലും അവൾ കുമാരിയ്ക്ക് നേരെ കൈനീട്ടി.

Friday, December 11, 2015

ദൃഷ്ടാന്തം

ദൃഷ്ടാന്തങ്ങൾ നിരവധിയാണ്. വ്യക്തവും. എന്നിട്ടും മിക്കപ്പോഴും അവയൊന്നും കാണുന്നില്ല എന്നത് ഞാനെത്രത്തോളം അന്ധനാണെന്നതിന്റെ ദൃഷ്ടാന്തമാണ്. 

Wednesday, December 9, 2015

ഒരു മിനിറ്റിലെ മനസ്സ്


ഒറ്റയക്ക ദിനങ്ങളിൽ ഒറ്റയക്ക നമ്പറുകളുള്ള കാറുകൾ മാത്രം? അപ്പോൾ ഒറ്റയക്കക്കാർക്ക് മുൻഗണന കൂടുതലല്ലേ? അവളേതായിരുന്നു, ആ ബ്യൂട്ടി ക്വീൻ? ഇന്ന് കുളിച്ചില്ലെങ്കിലെന്താ? തണുപ്പ്‌ കൂടുന്നുണ്ട്. കണ്ണിന്റെ വേദന മാറിയില്ലല്ലോ. നാളെ മുതൽ രാവിലെ എഴുന്നേൽക്കണം. സുമേഷ് പണം തന്നില്ലല്ലോ. ബൈക്ക് റിസേർവിലാണ്. ആ ബുക്ക് കൊള്ളില്ല. ശ്രുതിയെ കാണുമ്പോൾ ഇനി മൈൻഡ് ചെയ്യരുത്. ഫേസ് ബുക്ക് അക്കൗണ്ട്‌ ഡിലീറ്റ് ചെയ്തതുകൊണ്ട് എന്തരാശ്വാസം! വയറിനെന്താണ് പ്രശ്നം? വീട്ടിൽ പോകാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തില്ലല്ലോ. പ്രസന്റേഷൻ നീട്ടി വെക്കാൻ ഗൈഡിനോട് പറയാം. ഹെന്ന ചെയ്തില്ലെങ്കിലെന്താ? ഒരുമ്മ കൊടുത്താൽ തിരിച്ചു കിട്ടാൻ ഇത്ര താമസമോ? ഇനി ഇങ്ങോട്ട് കിട്ടിയിട്ട് മതി അങ്ങോട്ട്‌. റീച്ചാർജ് ചെയ്ത് കൊടുത്തേയ്ക്കാം. ഡെഡ് ലൈൻ അടുത്തല്ലോ. ഇനി ആ ഡോക്ടറെ കാണാൻ പോയതുതന്നെ. ചികിത്സിക്കാനറിയാത്ത മണുങ്ങൂസ്. പേടി തന്നെയാണ് അഴിമതിയ്ക്ക് ഒരു പ്രധാന കാരണം. ആ ബാർബറുടെ ഒരു കാര്യം, മുടി വെട്ടി കുളമാക്കി. ദാഹിക്കുന്നു. പവർ പോയല്ലോ. കിടക്കാം, പവർ വരട്ടെ.

Monday, November 16, 2015

ന്തോണ്ട്

"ന്താ?"
"ന്ത്‌?"
"ന്തോണ്ട്."
"ന്നൂല്ല."
"ന്നാലും."
"ന്നൂല്ലാന്ന്."

Sunday, November 1, 2015

സമ്മാനം

ഗൾഫിൽ നിന്നും വന്ന കുമാരൻ, ആഭരണങ്ങൾ സൂക്ഷിക്കുവാനുള്ള ഒരു ചെറിയ മനോഹരമായ പെട്ടി ഏട്ടത്തിയമ്മയ്ക്കും, ആഭരണങ്ങൾ വാങ്ങാനുള്ള പണം സൂക്ഷിക്കുവാനുള്ള വലിയൊരു വാലറ്റ് ഏട്ടനും സമ്മാനമായി കൊടുത്തു. കുമാരന്റെ ബുദ്ധിവൈഭവത്തെ വീട്ടിലുള്ള സ്ത്രീജനങ്ങൾ പ്രകീർത്തിച്ചു.

കുട്ടിത്തം

ഞാൻ ചരിഞ്ഞു കിടന്നു. ഹൃദയം ചെവിയിൽ മിടിച്ചുകൊണ്ടിരുന്നു. പതുക്കെ എഴുന്നേറ്റു. അനിയത്തിയുടെ കുട്ടി ഉറങ്ങാൻ പോകുന്നു. ഞാൻ അവനെ ലുഡൊ കളിക്കാൻ വിളിച്ചു. അമ്മയുടെ വഴക്ക് കേൾക്കാതെ അവൻ വന്നു. കളി നീങ്ങിയത് വളരെ വേഗമായിരുന്നു. എന്റെ നീക്കങ്ങൾപോലും അവൻ കളിച്ചു. അവൻ കളി ജയിക്കാനായപ്പോൾ എന്റെ കണ്ണു നിറഞ്ഞതുകണ്ട് അവൻ ചോദിച്ചു: 'മാമനെന്തുപറ്റി?'. 'തോല്ക്കാറായതോണ്ടാവും', ഞാൻ മറുപടി പറഞ്ഞു. പിന്നെ അവൻ മാത്രമാണ് കളിച്ചത്. എന്നെ ജയിപ്പിച്ചശേഷം എന്റെ കണ്ണുകൾതുടച്ച് ഗുഡ്നൈറ്റ്‌ പറഞ്ഞ് അവൻ കിടക്കാൻ പോയി.

Monday, September 14, 2015

ഉള്ളത്, ഇല്ലാത്തതും.

ഉണ്ടെന്നും പറയാം,
ഇല്ലെന്നും പറയാം,
ഉണ്ടില്ലെന്നും പറയാം.
പറയുന്നതിലല്ലല്ലോ കാര്യം!
പറയാഞ്ഞാൽ
ഉള്ളത് ഇല്ലാതാവുകയോ,
പറഞ്ഞാൽ
ഇല്ലാത്തത് ഉണ്ടാവുകയോ,
ഇല്ലല്ലോ!
പറയുകയും പറയാതിരിക്കുകയും 
ചെയ്യുന്നയാൾ ഇല്ലെങ്കിൽ
ഉള്ളത് ഉള്ളതായും,
ഇല്ലാത്തത് ഇല്ലാത്തതായും 
ഉണ്ടാകുമല്ലോ!


Saturday, September 5, 2015

കാര്യവും കാരണങ്ങളും

"എണ്ണിയാലൊടുങ്ങാത്തത്ര കാരണങ്ങളാൽ ഒരു കാര്യം സംഭവിച്ചു. തന്റെ യുക്തിവൈഭവത്തിൽ അതിയായ് അഹങ്കരിച്ച മനുഷ്യൻ അതിൽ ചില കാരണങ്ങളെ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ. തിരിച്ചറിഞ്ഞ കാരണങ്ങളാലാണ് കാര്യം നടക്കുന്നതെന്ന് അവൻ ശാസ്ത്രത്തിന്റെ പട്ടികയിൽ രേഖപ്പെടുത്തി."
"ഗുരു പറഞ്ഞു വരുന്നത്?"
"ശിഷ്യൻ ഒരു കാര്യം ചെയ്യൂ. ഇന്ന് സംഭവിച്ച ഒരു കാര്യം പറയൂ."
"ഞാൻ പത്രം വായിച്ചു."
"ഇനി ഒരു ആഴ്ച കഴിഞ്ഞ് എവിടെയെങ്കിലും സംഭവിച്ചേക്കാവുന്ന ഒരു കാര്യം പറയൂ."
"കുമാരന് ലോട്ടറി അടിച്ചു."
"ഏത് കുമാരന്?"
"ഞാനറിയാത്ത ഏതോ ഒരു കുമാരന്."
"ശരി. ഇനി നമുക്ക് ആദ്യത്തെ കാര്യമെങ്ങനെ രണ്ടാമത്തെ കാര്യത്തിന്റെ കാരണങ്ങളിലൊന്നാകുന്നതെന്ന് നോക്കാം."
"ഞാനിന്ന് പത്രം വായിച്ചതിനാൽ അടുത്ത മാസം കുമാരന് ലോട്ടറി അടിക്കുമെന്നോ?"
"ഒരു കാരണം മാത്രം. ഞാൻ തുടങ്ങാം.
1. ഇന്ന് പത്രം വായിച്ച ശിഷ്യൻ 'മോഡിയെ RSS അഭിനന്ദിച്ചു' എന്ന് മനസ്സിലാക്കുന്നു.
2. മോഡിയെ RSS അഭിനന്ദിച്ച കാര്യം ശിഷ്യൻ സുഹൃത്തായ സന്തോഷിനോട് പറയുന്നു.
3. BJP-കാരനായ സന്തോഷിൽ ഇത് ആഹ്ലാദമുളവാക്കുന്നു.
4. മനപ്പൂർവമല്ലെങ്കിലും സന്തോഷം കാരണം പൊതുവെ ബീഫ് വാങ്ങാത്ത സന്തോഷ്‌ വൈകുന്നേരം ബീഫ് വാങ്ങുന്നു.
5. സന്തോഷ്‌ ബീഫ് വാങ്ങുന്നത് ഇറച്ചികച്ചവടക്കാരനായ കുമാരന്റെ അടുത്ത് നിന്നുമാകുന്നു.
6. പൊതുവെ ഇന്ന് നല്ല കച്ചവടം ലഭിക്കുന്ന കുമാരനെ കടയടയ്ക്കാൻ പോകുമ്പോൾ കിട്ടുന്ന ഈ കച്ചവടം കൂടുതൽ ധനവാനും സന്തോഷവാനും ആക്കുന്നു."
"ബാക്കി ഞാൻ പറയാം."
"ഗോ എഹെഡ്."
"7. കുമാരൻ നാളെ രാവിലെ കട തുറക്കാൻ പോകുമ്പോൾ ലോട്ടറി വില്പനകാരനായ അനസിനെ കാണുന്നു.
8. ഓട്ടക്കൈക്കാരനായ കുമാരൻ തലേ ദിവസം അൽപമധികം കച്ചവടം നടന്നതിനാൽ പണമെങ്ങനെ ചെലവാക്കുമെന്ന് ചിന്തിക്കുകയായിരുന്നു.
9. അതു കാരണവും തന്റെ സുഹൃത്തായ അനസിന് സന്തോഷമായിക്കോട്ടേ എന്ന് കരുതിയും കുമാരൻ ഒരു ലോട്ടറി എടുക്കുന്നു.
10. കുറച്ചു ദിവസം കഴിഞ്ഞ് കുമാരന് ലോട്ടറി അടിക്കുന്നു."
"മിടുക്കൻ. സമയരേഖയിൽ മുൻപേ സംഭവിക്കുന്ന ഏത് കാര്യവും ശേഷം സംഭവിക്കുന്ന ഏത് കാര്യത്തിനും കാരണമാകാം എന്ന് ഇപ്പോൾ ശിഷ്യന് തോന്നുന്നുണ്ടോ?"
"ഉണ്ട്."
"ആ തോന്നൽ ശരിയാണെന്ന് തോന്നുന്നുണ്ടോ?"
"ഉണ്ട്."
"തെളിയിക്കപ്പെടുന്നതുവരെ അതൊരു അനുമാനം മാത്രമാണെന്ന് മനസ്സിലാക്കുക."
"ഇതിലെന്ത് തെളിയിക്കപ്പെടാൻ."
"ചിന്തിച്ചു നോക്കൂ. ഇനി ഞാൻ ഒരു ഹോം വർക്ക് തരാം."
"ശരി ഗുരൂ. എളുപ്പം ചെയ്യാവുന്നത് മതി."
"ഞാൻ രണ്ട് കാര്യങ്ങൾ പറയാം. ആദ്യത്തെ കാര്യം എങ്ങനെ രണ്ടാമത്തെ കാര്യത്തിന് കാരണമാകാം എന്ന് നമ്മളിപ്പോൾ ചെയ്തതു പോലെ നിർണയിക്കണം."
"അതു ഞാൻ ചെയ്യാം. കാര്യങ്ങൾ പറയൂ."
"ആദ്യത്തെ കാര്യം: ശിഷ്യൻ ഈ ഹോം വർക്ക് ചെയ്യുന്നില്ല. രണ്ടാമത്തെ കാര്യം: അടുത്ത ആഴ്ച ശിഷ്യൻ പനി പിടിച്ച് കിടക്കുന്നു."
"ചോദ്യത്തിൽ ചെറിയൊരു തിരുത്ത് വേണം."
"എന്ത് തിരുത്ത്."
"ആദ്യത്തെ കാര്യം 'ശിഷ്യൻ ഈ ഹോം വർക്ക് ചെയ്യുന്നു' എന്നാക്കണം."
"കൊള്ളാം...സമ്മതിച്ചു."
"ഗുരുവിന് ഞാൻ നല്ലൊരു അദ്ധ്യാപകദിനം ആശംസിക്കുന്നു."
"നന്ദി. വെറുതെ ആശംസിക്കാതെ നാളെ വരുമ്പോൾ മധുരം വല്ലതും ദക്ഷിണയായ് കൊണ്ടുവന്നാൽ നാം കൂടുതൽ സന്തോഷവതിയാകും."

Monday, August 24, 2015

ചിറ്റ


"ചേച്ചിയുടെ വാവ എന്നെ എന്തായിരിക്കും വിളിക്യാ?"
"പേരു വിളിച്ചോട്ടെ."
"പിന്നേ..അതങ്ങ് പള്ളീപ്പോയി പറഞ്ഞാമതി."
"എന്നാ 'കുഞ്ഞമ്മാ'ന്ന് വിളിക്കട്ടെ."
"അതു വേണ്ട."
"പിന്നെ?"
"ചിറ്റ. അതു മതി."
"അതങ്ങ് തെക്കുള്ളവർ വിളിക്കുന്നതല്ലേ?"
"ഓ, ഇപ്പൊ അങ്ങനെയൊന്നുമില്ല."
"നല്ല രസമായിരിക്കും."
"അതെന്താ?"
"കുട്ടി 'ചിറ്റ..ചിറ്റ' എന്ന് വിളിച്ച് പഠിക്കുന്നത് കേൾക്കാൻ."
"പോടാ..എന്നാ ചിറ്റ വേണ്ട, കുഞ്ഞമ്മ മതി!"

Tuesday, August 18, 2015

ദൈവം

ശിഷ്യൻ: "ശ്വാശ്വതമായ സമാധാനത്തിന് ഞാനെന്തു ചെയ്യണം?"
ഗുരു: "പല വഴികളുണ്ട്. ഒരു വഴി ശ്വാശ്വതമായതിനെകുറിച്ച് മാത്രം ചിന്തിക്കുക എന്നുള്ളതാണ്."
ശിഷ്യൻ: "എന്താണ് ശ്വാശ്വതമായത്?"
ഗുരു: "അറിയില്ല."
ശിഷ്യൻ: "പിന്നെയെന്തുചെയ്യും?"
ഗുരു: "ശ്വാശ്വതമായി ഒന്നുണ്ടെന്ന് വിശ്വസിക്കുക."
ശിഷ്യൻ: "എന്നിട്ട്?"
ഗുരു: "അതിനെക്കുറിച്ച് മാത്രം ചിന്തിക്കുക."
ശിഷ്യൻ: "ശ്വാശ്വതമായത് ദൈവം മാത്രമാണെന്നുള്ള വിശ്വാസമാണോ ഇതിനൊരു ഉദാഹരണം?"
ഗുരു: "അതെ. കൃത്യമായ് പറഞ്ഞാൽ, ശ്വാശ്വതമായി ഒന്നുണ്ടെന്ന് വിശ്വസിക്കുകയും അതിനെ ദൈവമെന്ന പേരിട്ട് വിളിക്കുകയുമാണ് ലോകം ചെയ്തത്." 
ശിഷ്യൻ: "മറ്റു വഴികൾ?"
ഗുരു: "പിന്നെ പറയാം."
ശിഷ്യൻ: "ഗുരുവിന് ഈയിടെയായി മടിയല്പം കൂടുന്നുണ്ട്!"
ഗുരു: "ശിഷ്യന് ജിജ്ഞാസയും!"

Sunday, July 26, 2015

കള

മുറി മാറുന്നതിന്റെ ഭാഗമായ്, വേണ്ടാത്ത നോട്ടുപുസ്തകങ്ങൾ കളയുന്നതിനായി പരിശോദിക്കുമ്പോൾ ഒരു പുസ്തകത്തിൽ ഇതു കണ്ടു. മുൻപ് ഇതിവിടെ എഴുതിയോ എന്നോർമയില്ല. ഒന്നും ഓർമയില്ലാതെ വെറുതെ ഇങ്ങനെ ഒഴുകുന്നത് ഒരു രസമാണ്.

ഒഴുകുന്ന പുഴയുടെ താളത്തിനൊത്തുഞാൻ
ഒരു കൊച്ചു തോണിയിലേറി
തുഴയാതെ തുഴയാതെ ഓളങ്ങൾ തഴുകിഞാൻ 
കടലിന്നുനേരേയൊഴുകി.
കരയിൽ നിരന്ന മരങ്ങളിൽനിന്നും 
പൂവുകൾ മെല്ലെയുതിർന്നു
അലകളിൽ പൊന്തിയും താഴ്ന്നുമവയെന്റെ 
യാത്രയിലൊപ്പമൊഴുകി.
സായന്തനത്തിൻ നിറക്കൂട്ടിൽമുങ്ങിയെൻ 
മനവും പുഴയും തുടുത്തു.

ഇനിയിതു ഞാൻ എവിടെയെങ്കിലും കേട്ടെഴുതിയതാണോ? ഓർമയില്ല. എന്തായാലും പുസ്തകം ഞാൻ കളയുകയാണ്. 

Friday, July 24, 2015

കുഞ്ഞുകവിതകൾ

1.
വേദനിക്കുന്ന കണ്ണുകൾ
മർദ്ദിക്കുന്ന കാഴ്ചകൾ
ഉഴലുന്ന ഞാൻ.

2.
ഒരു വസന്തം വിരിഞ്ഞു
ദുഃഖം മൂളിപ്പറന്നെത്തി
മധുരം കവർന്നങ്ങുപോയി.

3.
ശുക്രനെ ചൊവ്വ
പെണ്ണു കാണാൻ വന്നു.
കുള്ളനെന്നു പറഞ്ഞ്
തിരിച്ചയച്ചു.

4.
ഒരു ഹൈക്കു കവിതയിലെ
എട്ടു വാക്കുകളിൽ
തട്ടിത്തടഞ്ഞു ഞാൻ വീണു.

5.
എതിരെ വന്ന വാക്കുകളെ
ദിശ തിരിച്ചു വിട്ടപ്പോൾ
അവ അകാല മൃത്യുവരിച്ചു.

6.
മരിക്കുന്ന ഓരോ നിമിഷത്തിലും
ജീവിക്കാൻ അവൻ ബദ്ധപ്പെട്ടു.
അവനെ തനിച്ചാക്കി
മരണം ജീവനുംകൊണ്ട് പോയി.

7.
ഏഴുസ്വരങ്ങളോ ഏഴുനിറങ്ങളോ അല്ല
ഏഴാമത്തെ കവിത
അവനെ സ്തബ്ധനാക്കി.

Tuesday, July 7, 2015

നിന്നിലേക്കുള്ള വഴി, എന്നിലേക്കും.

എന്നിലേക്കുള്ള വഴിയിൽ 
രണ്ടു പിരിയലുകലുണ്ട്:
ഒന്ന്, 
പകുതിയെത്തുന്നതിനു മുൻപും,
രണ്ട്,
എന്നിലെത്തിയതിനു ശേഷവും.
അതു പറയാൻ വിട്ടുപോയ്‌ - 
എന്നിലേക്കുള്ള വഴി 
എന്നില്ക്കവിഞ്ഞും നീണ്ടു കിടക്കുന്നു.

എന്നിലേക്കുള്ള വഴിയിൽ 
രണ്ടു പിരിയലുകലുണ്ട്:
ഒന്ന്,
നിന്നിലേക്കും;
രണ്ട്,
എന്നിലേക്കും.
എന്നിലെത്തിയാൽപിന്നെ 
നീയില്ല,
ഞാൻ മാത്രം.

നീയെന്നെ വട്ടു 
പിടിപ്പിക്കരുത്.
മര്യാദയ്ക്ക് എന്നിലേക്കുള്ള 
വഴി പറഞ്ഞു തരണം.
നിന്നിലേക്കല്ല,
എന്നിലേക്ക്.

പറഞ്ഞല്ലോ,
ആദ്യത്തെ പിരിയൽ 
നിന്നിലേക്കാണ്.
പിന്നെയൊരു കാര്യം:
എന്നിലേക്കുള്ള വഴിയിലെ 
ആദ്യത്തെ പിരിയലും 
നിന്നിലേക്കുള്ള വഴിയിലെ 
രണ്ടാമത്തെ പിരിയലും 
ഒന്നാണ്.

നിന്നെ ഞാനിന്ന് ശരിയാക്കും.
എന്നിലേക്കുള്ള വഴിയെപ്പറ്റി 
മുഴുവൻ 
പറയുന്നുണ്ടോ?

നിന്നിലേക്കുള്ള വഴിയിൽ 
രണ്ടു പിരിയലുകലുണ്ട്:
ഒന്ന്,
എന്നിലേക്കും.
രണ്ട്,
നിന്നിലേക്കും!

വൈരുദ്ധ്യങ്ങൾ

ഒരു പാമ്പ്‌ 
എന്നെ കടിച്ചു.
പാമ്പ്‌ മരിച്ചു.
ഇന്നലെയായിരുന്നു 
ശവസംസ്കാരം.
പെട്ടിക്കുള്ളിൽ 
എന്റെ ശരീരം 
വിറങ്ങലിച്ചു കിടന്നു.
മെലിഞ്ഞു കൂർത്ത 
എന്റെ വാൽ 
എങ്ങനെയോ 
ചതഞ്ഞിരുന്നു.

ത്യാഗം

ത്യാഗമാണ് വാക്ക്.
എക്കാലത്തേയും.
വേദനിപ്പിക്കുമെങ്കിലും 
സംതൃപ്തിയുടെ 
ഒരു കടൽ 
അതു നിനക്കു നല്കും.

ത്യാഗമാണ് വാക്ക്.
എല്ലായിടത്തും.
ത്യജിക്കുന്നതിലും 
കൂടുതൽ 
ശുദ്ധമായത്
അതു നിനക്കു നല്കും.

കാണുന്നത് ത്യജിക്കൂ,
എങ്കിൽ  
നിനക്കു കാഴ്ച ലഭിക്കും.
കേൾക്കുന്നത് ത്യജിക്കൂ 
നിനക്ക് 
കേൾവിയായ് മാറാം.

ത്യാഗമാണ് വാക്ക്.
ഏത് കൊടുംവേനലിലും 
വറ്റാത്തത്.
ഏത് വറുതിയിലും 
എടുത്തു തീരാത്തത്.

ത്യാഗമാണ് വാക്ക്.
നിന്നിലും എന്നിലും 
മുഴങ്ങുന്നത്.
നീയും ഞാനുമായത്.
സൃഷ്ടിയുടെ രഹസ്യം 
ശ്രഷ്ടാവിന്റെയും.

Saturday, July 4, 2015

ദിവാസ്വപ്നം

എന്റെ തന്നെ ഒരു പഴയ ബ്ലോഗ്‌-പോസ്റ്റ്‌ ഇടയ്ക്കിടയ്ക്ക് എന്റെ ദിവാസ്വപ്നങ്ങളിൽ കയറി വരുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. വളർന്നു വലുതായാൽ അച്ഛനമ്മമാർക്ക് എപ്പോഴും ദുഃഖം മാത്രം നല്കുന്ന ചില മക്കളെപോലെ. 

Friday, July 3, 2015

മന്ത്രിസഭ

ചില സമയത്ത് സ്വസ്ഥമായിരുന്ന് ചിന്തിക്കുമ്പോൾ കാര്യങ്ങൾ വളരെ ലളിതമാണ്. നമുക്ക് രണ്ടു തരത്തിലുള്ള ആഗ്രഹങ്ങളുണ്ട് - ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളവയും ദീർഘകാലാടിസ്ഥാനത്തിലുള്ളവയും. ഉദാഹരണത്തിന്, ഒരു സിനിമ കാണണം എന്നുള്ള ആഗ്രഹം ഹ്രസ്വകാലാടിസ്ഥാനത്തിലുതും ഒരു ഡോക്ടർ ആകണം എന്നുള്ളത് ദീർഘകാലാടിസ്ഥാനത്തിലുള്ളതും ആണ്. ഈ രണ്ടു വിഭാഗത്തിലുമുള്ള ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ ഓരോ മന്ത്രിമാരുണ്ട്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ആഗ്രഹങ്ങളെ വിഭാവനം ചെയ്യുന്നതും നടപ്പിലാക്കുന്നതും വികാരത്തിന്റെ ചുമതലയാണെങ്കിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ആഗ്രഹങ്ങളുടെ ചുമതല വിവേകത്തിനാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അന്തിമമായ തീരുമാനമെടുക്കുന്നത് മന്ത്രിസഭയിലാണ്. സ്വന്തം വകുപ്പിലെ തീരുമാനങ്ങളിൽ മേൽക്കൈ വകുപ്പുമന്ത്രിയ്ക്കാണെങ്കിലും മറ്റുമന്ത്രിയുടെ അഭിപ്രായം കേൾക്കാൻ വകുപ്പുമന്ത്രി ബാധ്യസ്ഥനാണ്. മെഡിക്കൽ എന്ട്രൻസ് എക്സാമിന്റെ രണ്ടു ദിവസം മുൻപെ സിനിമ കാണണമെന്ന ആഗ്രഹം വന്നാൽ വിവേകം അത് തടയാൻ ശ്രമിക്കും. ഒരുവളിലുള്ള വിവേകം ശക്തനാണെങ്കിൽ ഒരുപക്ഷെ ഈ ആഗ്രഹം മന്ത്രിസഭ തള്ളും. വിവേകത്തിനു മന്ത്രിസഭയിൽ സ്വാധീനം കുറവാണെങ്കിൽ  ആഗ്രഹം സാധിക്കപ്പെട്ടു എന്നുവരും.

കുറച്ചു കാര്യങ്ങൾ കൂടി എഴുതാനുണ്ടായിരുന്നു. അപ്പോഴാണ്‌ ചുമ്മാ ഇരിക്കുക എന്ന ആഗ്രഹം (ഒട്ടും ശക്തനല്ലാത്ത വിവേകത്തിന്റെ വാദങ്ങളെ തള്ളിക്കൊണ്ട്) മന്ത്രിസഭ പാസാ 


Sunday, June 7, 2015

അന്യൻ

രാവിലെ, മുഖം ക്ലീൻ ഷേവ് ചെയ്ത്, ചെമ്പരത്ത്യാദി വെളിച്ചെണ്ണ തേച്ചുകുളിച്ച്, മുടി ചീകി വെച്ച്, മധുരോദാരമായ് പുഞ്ചിരിച്ച്, ഒരു സെൽഫി എടുത്ത് കുമാരൻ അകലെ ജോലി ചെയ്യുന്ന കുമാരിക്ക് (കുമാരന്റെ ഭാര്യ) മെസ്സേജ് ചെയ്തു കൊടുത്തു. ഉടൻ തന്നെ മറുപടി വന്നു: "അയ്യേ. മീശ കളയണ്ട. മുടിയിൽ നിന്ന് എണ്ണ ഒലിക്കുന്നുണ്ടല്ലോ." സ്വന്തം സൗന്ദര്യത്തെയും സൗന്ദര്യബോധത്തെയും ചോദ്യം ചെയ്തത് കുമാരന് ഇഷ്ടപ്പെട്ടില്ല എന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ കുമാരൻ ഉടനടി മറുപടി ഒന്നും കൊടുത്തില്ല. സിറ്റിയിലൊക്കെ പോയി തിരിച്ചു വന്ന കുമാരൻ, വൈകുന്നേരം എണ്ണയൊക്കെ പോയി ചെമ്പിച്ച മുടി ഒന്നുകൂടെ കൈകൊണ്ട് അലങ്കോലമാക്കി, സണ്‍ഗ്ലാസ് എടുത്ത് വെച്ച്, ഗൗരവം നടിച്ച്, ഒരു സെൽഫി എടുത്ത് കുമാരിക്ക് മെസ്സേജ് ചെയ്തു. ഒരു കിസ്സിംഗ് സ്മൈലിയോടുകൂടെ മറുപടി വന്നു: "ഇതു കുഴപ്പമില്ല." ഇത്തവണ കുമാരന്റെ മറുപടി വൈകിയില്ല: "ഹും, കുഴപ്പമില്ല പോലും. അമ്പിയും, റെമോയും അന്യനും ഒരാൾ തന്നെ. അന്യനെ ഭവതി വരുമ്പോൾ ഞാൻ നേരിട്ടു കാണിച്ചു തരുന്നതായിരിക്കും." 

Saturday, May 23, 2015

ലോകത്തെ ഏറ്റവും പ്രധാന വ്യക്തി

"ലോകത്തെ ഏറ്റവും പ്രധാന വ്യക്തി ആരെന്നറിയാമോ?"
"ആരായാലും നീയല്ല."
"അതു ശരിയാണ്."
"പിന്നെയാരാ?"
"ഞാൻ."
"നീയോ?"
"അല്ല, ഞാൻ!"

Thursday, May 14, 2015

മധുരത്തിന്റെ ആധാരം

"നിറമല്ല മാങ്ങതൻ പാകമാണ്
മധുരത്തിനാധാരമെന്നറിയൂ."

കഴിക്കാൻ വേണ്ടി നല്ല നിറം നോക്കി മാങ്ങ തെരഞ്ഞെടുത്ത കുട്ടിയോട് മുത്തശ്ശി ഈ ദോഹ ചൊല്ലി. ഇതുകേട്ട കുട്ടി വാ പൊളിച്ചു നിന്നു.

Tuesday, May 5, 2015

കാപട്യത്തോടെ ഏറ്റവുമധികം പറയപ്പെടുന്ന വാക്ക്

ശിഷ്യൻ: "കാപട്യത്തോടെ ഏറ്റവുമധികം പറയപ്പെടുന്ന വാക്കേതാണ്?"
ഗുരു: "ഞാനൊരു മറുചോദ്യം ചോദിക്കാം. ശിഷ്യന് സുഖമാണോ?"
ശിഷ്യൻ: "സുഖം."
ഗുരു: "ഇപ്പോൾ ഉത്തരം കിട്ടിയല്ലോ?"
ശിഷ്യൻ: "കാപട്യത്തോടെ ഏറ്റവുമധികം പറയപ്പെടുന്ന വാക്ക് 'സുഖം' ആണെന്നാണോ അങ്ങ് പറയുന്നത്? ഞാനിപ്പോൾ പറഞ്ഞതിൽ കാപട്യമുണ്ടെന്ന് അങ്ങ് കരുതുന്നുണ്ടോ?"
ഗുരു: "തീർച്ചയായും. സുഖമെന്തെന്ന് ശിഷ്യൻ അറിയാനിരിക്കുന്നതേയുള്ളൂ."
ശിഷ്യൻ: "അപ്പോൾ ഞാൻ പറഞ്ഞത് അറിവില്ലായ്മ കൊണ്ടല്ലേ? കാപട്യം കൊണ്ടല്ലല്ലോ?"
ഗുരു: "കാപട്യമുണ്ട്. പൂർണബോധത്തോടെയല്ലെന്നു മാത്രം. ഉള്ളിന്റെയുള്ളിൽ ശിഷ്യന് താൻ ലൌകികമായ ബന്ധനങ്ങളിൽ കുരുങ്ങിയിരിക്കുകയാണെന്ന് വ്യക്തമായറിയാം. അതിനേക്കാൾ അസുഖകരമായി മറ്റൊന്നില്ലെന്നറിയാം. എന്നാൽ ആ അറിവ് വിഷമകരമാണെന്നുള്ളതിനാൽ പലപ്പോഴും ഓർക്കുന്നില്ലെന്നുമാത്രം."
ശിഷ്യൻ: "എല്ലാവരുടേയും അവസ്ഥ ഇതു തന്നെയാണെന്നാണോ അങ്ങ് പറയുന്നത്?"
ഗുരു:"ഏതാണ്ടെല്ലാവരുടെയും. ഏറ്റവും ഉപരിപ്ലവമായ സുഖാന്വേഷണങ്ങൾക്ക് അവർ 'സുഖം' എന്ന് മറുപടി പറയുന്നു. അതി സങ്കീർണമായ ഈ ലോകത്തിലെ ആഗ്രഹങ്ങളുടെയും, ബന്ധനങ്ങളുടെയും, പീഢകളുടെയും, നിരാശയുടെയും പടുകുഴികളിൽ നിന്ന് അവർ വിളിച്ചു പറയുന്നു: 'സുഖം'." അതില്പരം കാപട്യമെന്തുണ്ട്?"

ചമ്രം പടിഞ്ഞ്, കണ്ണുകൾ പാതിയടച്ച് ചിന്താകുലനായ് ഇരിക്കുന്ന ശിഷ്യനെ ഗുരു വാത്സല്യത്തോടെ നോക്കി. നിഷ്കപടമായ ആ സ്നേഹവായ്പ് ശിഷ്യൻ ഹൃദയത്തിലറിഞ്ഞു.

Thursday, April 30, 2015

കാണേണ്ടത്

കണ്ടുകൊണ്ടങ്ങിരുന്നാലോ 
കണ്ടതായിത്തീരുമോ 
കണ്ടില്ലെന്നിരിക്കിലും 
കാണേണ്ടതാകാതിരിക്കുമോ


Saturday, April 18, 2015

നര

"ചിന്തിക്കുന്നവർക്ക് മുടി നരയ്ക്കും."
"ഹും."
"എന്താ ഒന്നും പറയാനില്ലേ?"
"മര്യാദയ്ക്ക് ഡൈ ചെയ്ത് നടന്നോളണം. കുറഞ്ഞത് ഹെന്നയെങ്കിലും."
"ചിന്തിക്കുന്നവർക്ക് മുടി നരയ്ക്കും എന്നതിനെപ്പറ്റി ഭവതിയുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം."
"എന്റെ മെഡിക്കൽ സയൻസ് അങ്ങനെ പറയുന്നില്ല."
"എന്റെ മെഡിക്കൽ സയൻസോ?"
"അതെ, എന്റെ മെഡിക്കൽ സയൻസ്. "
"ഇന്നലെ വായിച്ചുകൊണ്ടിരുന്ന ബുക്കിന്റെ ഫോർത്ത് ചാപ്റ്റർ എടുത്ത് വായിച്ചു നോക്ക്."
"ഏത് ബുക്കിന്റെ?"
"അത് എന്നോടാണോ ചോദിക്കുന്നത്, കൊള്ളാം."
"ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല."
"അത് തന്നെയാ എനിക്കും പറയാനുള്ളത്. ചിന്തിക്കുന്നവർക്ക് മുടി നരയ്ക്കും. ചിന്തിക്കാത്തവർക്ക് അത് പറഞ്ഞാൽ മനസ്സിലാവണമെന്നില്ല."
"ഇന്ന് രണ്ടിലൊന്നറിയും."
"രണ്ടിലൊന്നോ?"
"അതെ. നാളെ ഭവാൻ ഹെന്നയാണോ അതോ ഡൈ ആണോ ചെയ്യുന്നതെന്ന്."
"അത് നാളെ അറിഞ്ഞാൽ പോരെ?"
"അങ്ങനെയെങ്കിൽ അങ്ങനെ."
"എനിക്ക് മറ്റൊരു പ്രധാന കാര്യം പറയാനുണ്ട്."
"ചിന്തിക്കുന്ന കാര്യമാണെങ്കിൽ മിണ്ടണ്ട."
"ചിന്തിക്കുന്ന കാര്യത്തെപ്പറ്റി ഡോക്ടർസിനോട് സംസാരിക്കുന്നത് ഞാൻ മതിയാക്കി. ഇത് വേറൊരു കാര്യമാണ്."
"ഞാനുറങ്ങുന്നതിന് മുൻപ് പറഞ്ഞാൽ കേൾക്കാം."
"എന്റെയീ ചെറുപ്രായത്തിൽ മുടി നരച്ചും നരപ്പിച്ചും നടക്കുന്നതാണ് ഇപ്പോഴത്തെ ഫേഷൻ. ഇനി പറ, ഞാൻ ഡൈയോ ഹെന്നയോ ചെയ്ത് ഓൾഡ്‌ ഫേഷൻ ആകണോ?"

Wednesday, April 15, 2015

കൈനീട്ടം


വലതുകൈ സാവധാനം ഷർട്ടിന്റെ ഇടതു പോക്കറ്റിലേക്കു നീണ്ടു. ചൂണ്ടുവിരലും നടുവിരലും ചേർന്ന് ഒരു നൂറു രൂപ പുറത്തെടുത്തു. വളരെ സാവധാനം വലതുകൈ നൂറു രൂപ ഇടതു ഭാഗത്തേയ്ക്ക് നീട്ടി. ഇടതുകൈ അല്പം നാണത്തോടെ പതുക്കെ വലതുകൈക്കടുത്തുവന്നു. പെട്ടെന്ന് വലതുകൈ പിൻവലിഞ്ഞു. വലതുകൈ ഇടതുകൈയ്യോട് ആംഗ്യത്താൽ ചോദിച്ചു: "ഇടതു കൈകൊണ്ടാണോടാ കൈനീട്ടം വാങ്ങുന്നത്?". ഇടതുകൈ ഒന്നു ഞെട്ടുകയും സങ്കടത്തോടെ പതുക്കെ പതുക്കെ പാന്റ്സിന്റെ ഇടതു പോക്കറ്റിൽ പോയൊളിക്കുകയും ചെയ്തു. വലതുകൈ നൂറു രൂപ തിരികെ ഷർട്ടിന്റെ ഇടതു പോക്കറ്റിൽ നിക്ഷേപിച്ചു.

Tuesday, April 14, 2015

ഏറ്റവും വിഷമുള്ള പാമ്പ്‌

ശിഷ്യൻ ചോദിച്ചു: "ഗുരോ, ഏറ്റവും വിഷമുള്ള പാമ്പ്‌ ഏതാണ്?"
അൽപനേരം ധ്യാനത്തിൽ മുഴുകിയ ശേഷം കണ്ണു തുറന്ന് ഗുരു പറഞ്ഞു: "സംശയം. സംശയമാണ് ഏറ്റവും വിഷമുള്ള പാമ്പ്‌. ഇഴഞ്ഞടുക്കുന്നത് അറിയുകയേയില്ല. വിഷം തീണ്ടിയാൽ പിന്നെ വിഷമിറക്കാൻ ഏറ്റവും മിടുക്കനായ വൈദ്യനുപോലും അതികഠിനമായ് പരിശ്രമിക്കേണ്ടിവരും."
ശിഷ്യൻ: "ആരാണ് ഏറ്റവും വലിയ വിഷവൈദ്യൻ?"
ഗുരു: "സംശയമെന്ത്, വിവേകം. യുക്തിബോധത്തോടെ ചിന്തിച്ച്, ശരിയും തെറ്റും വേർതിരിച്ചറിഞ്ഞ് സംശയമകറ്റാവുന്നതേയുള്ളൂ. പറഞ്ഞല്ലോ, അതികഠിനമാണത്."
ഗുരു വീണ്ടും കണ്ണുകളടച്ചു. ധ്യാനിച്ചുകൊണ്ടുതന്നെ ഗുരു മൊഴിഞ്ഞു: "How pitiful the life of a skeptic! How pitiful!!"

Monday, April 13, 2015

കുപ്പായങ്ങൾ

പല തരത്തിലുള്ളവരുമായ് പല തരത്തിൽ ഇടപെട്ട്, പല ദിക്കുകളിൽ സഞ്ചരിച്ച്, പലതരം ചിന്തകളാൽ മനസ്സുലച്ച് മുറിയിലെത്തി ഞാൻ കുപ്പായമഴിചു മാറ്റാൻ തുടങ്ങി. ഉള്ളി തൊലിയുരിയുന്നപോലെ ഒന്നിനുള്ളിൽ ഒന്നായി കുപ്പായങ്ങൾ പ്രത്യക്ഷപെട്ടുകൊണ്ടേയിരുന്നു. കുപ്പായങ്ങളെല്ലാമഴിച്ചുമാറ്റിയപ്പോൾ ഞാനില്ലായിരുന്നു. 

Wednesday, April 8, 2015

പരന്നൊഴുകുന്ന പുഴ

ഒഴുകിപ്പരന്നു തെളിയാം 
എന്നടിത്തട്ടിലൊളിപ്പിച്ചതെല്ലാം.
ഉരുണ്ടു മിനുസമാം സ്വപ്നവും,
നീന്തിത്തുടിക്കുന്ന തൃഷ്ണയും,
നാമ്പായ് വിടർന്ന പ്രതീക്ഷയും,
ഏറ്റം തരിയായ ഭാവവും.

ഒഴുകിപ്പരന്നു തെളിയാം 
എന്നോടൊത്തൊഴുകുന്നതെല്ലാം.
വെറുമൊരു കുമിളയാം തൃപ്തിയും,
എല്ലാം വിഴുങ്ങുന്ന ഭീതിയും,
പിന്നെയൊഴുക്കായ സ്നേഹവും,
നിന്നിലേക്കെത്തുന്ന പാതയും.

ആഴമില്ലാതെയൊഴുകുവാനെത്ര 
ആയാസമാണെന്നുകണ്ടോ!


Monday, April 6, 2015

ചരട്

"ഒരു ത്രെഡ് ഉണ്ട്."
"വൈകണ്ട, മുത്തുചേർത്ത് മാലയാക്കൂ."
"അതിന് നിന്റെ സഹായം വേണം."
"തീർച്ചയായും. കഥയെഴുതാനുള്ള എന്റെ അസാധാരണമായ കഴിവിന്റെ വളരെ ചെറിയൊരംശം അതിനുവേണ്ടി ഞാൻ ഉപയോഗിക്കുന്നതായിരിക്കും. ത്രെഡ് നോക്കട്ടെ."
"മനുവിന് ഒരു ദിവസം ഒരു ബാഗ് കളഞ്ഞുകിട്ടുന്നു."
"മുഴുവൻ പണമോ സ്വർണമോ ആയിരിക്കും."
"അല്ല. നാലു പോസ്റ്റൽ കവറുകൾ മാത്രം."
"കവറിനുള്ളിലെന്തെങ്കിലുമുണ്ടോ?"
"തീർച്ചയായും. ഒരേ പോലെയുള്ള നാലു കവറിലും കത്തുകളാണെന്ന് മനുവിന് തോന്നി."
"അഡ്രസ്‌?"
"നാലിലും To-address ഉണ്ട്. കേരളത്തിലെ നാല് ജില്ലകളിലേക്കാണ്. എന്നാൽ ഒന്നിലും From-address ഇല്ല."
"എന്നിട്ട് മനുവെന്തു ചെയ്തു?"
"അടുത്തുള്ള പോസ്റ്റ്‌ ഓഫീസിൽ കയറി സ്പീഡ് പോസ്റ്റ്‌ അയച്ചു."
"ഇതാണോ ത്രെഡ്?"
"തോക്കിൽ കയറി വെടിവെക്കല്ലേ. സ്പീഡ് പോസ്റ്റ്‌ അയക്കുമ്പോൾ From-address വേണമെന്ന് അറിയാമല്ലോ?"
"From-address ആയി മനുവിന്റെ അഡ്രസ്‌ കൊടുത്തുകാണും."
"കറക്റ്റ്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ മനുവിനെത്തേടി മൂന്നുപേർ വന്നു."
"കത്തുകിട്ടിയവർ? നാലു കത്തുകളല്ലേ അയച്ചത്?"
"അതെ. അയച്ചത് നാല്. തേടി വന്നവർ മൂന്ന്."
"സസ്പെൻസ് ത്രില്ലെർ ആണെല്ലോ! എന്നിട്ട്?"
"മൂന്നു പേരും മനുവിനോട് കാര്യങ്ങൾ വിശദീകരിച്ചു. മൂന്നുപേർക്കും കിട്ടിയ കത്തുകളിൽ ഒരേ സന്ദേശമായിരുന്നു - ഇന്ന ദിവസം ഇന്ന സമയം ഇന്ന സ്ഥലത്ത് എത്തിച്ചേരാൻ."
"കൊള്ളാലോ. ഇത് ഏത് സിനിമയുടെ കഥയാ? ഇന്നലെ കണ്ടു എന്നു പറഞ്ഞ ഗ്രീക്ക് സിനിമയുടെ കഥയാണോ?"
"എന്നാ ശരി. നമുക്ക് പിന്നെ സംസാരിക്കാം. എനിക്കുറക്കം വരുന്നു."
"അതുവിട്, ബാക്കിപ്പറ, പ്ലീസ്."
"മനുവിനെ തേടിവന്ന മൂന്നുപേർ അങ്ങനെ പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്ത് എത്തിച്ചേർന്നു."
"അവർക്ക് പരസ്പരം അറിയാമായിരുന്നോ?"
"ഇല്ല. അത്ര തിരക്കില്ലാത്ത ഒരു റസ്റ്റോറന്റിൽ എത്തിച്ചേരാനായിരുന്നു സന്ദേശം. അവിടെ കണ്ട് സംസാരിച്ചപ്പോഴാണ് അവർ പരസ്പരം അറിയുന്നതും, അവർക്ക് കിട്ടിയ സന്ദേശം ഒന്നാണെന്ന് അറിയുന്നതും."
"എന്നിട്ട്?"
"കത്തയച്ച ആളെ അവരവിടെ പ്രതീക്ഷിച്ചു കാണുമല്ലോ? അതാണവർ മനുവിനെ തിരഞ്ഞ് വന്നത്."
"സന്ദേശം എഴുതിയത് മനുവല്ല എന്നും നാലാമാതൊരാൾക്ക് കൂടി സന്ദേശം പോയിട്ടുണ്ടെന്നും മനു അവരോട് പറഞ്ഞു അല്ലേ?"
"അതെ. നാലാമത്തേതും അതേ  സന്ദേശമായിരിക്കുമെന്ന് അവർ ചിന്തിച്ചു. മനുവിനെ കാണാൻ വന്ന മൂന്നു പേർ അടുത്തടുത്ത ജില്ലകാരാണ്. അതിലൊരാളുടെ ജില്ലയിലാണ് അവർ കണ്ടുമുട്ടിയ റസ്റ്റോറന്റ്. നാലാമത്തെ ജില്ല ഏറ്റവും ദൂരെയുള്ളതാണെന്ന് സ്പീഡ് പോസ്റ്റ്‌ സ്ലിപ്പിൽ നിന്ന് അവർ മനസ്സിലാക്കി."
"അപ്പോൾ അതായിരിക്കും നാലാമത്തെയാൾ വരാതിരിക്കാനുള്ള കാരണം."
"നാലാമത്തെയാൾ റസ്റ്റോറന്റിൽ എത്തിയില്ലെന്ന് അവർക്കുറപ്പൊന്നുമില്ല. സംഭവവശാൽ ഈ മൂന്നുപേരെ അയാൾ കണ്ടുമുട്ടിയില്ലെന്ന് വരാമല്ലോ."
"അതും ആവാം. എന്നിട്ട്?"
"മനുവിനും ആ മൂന്നുപേർക്കും സത്യമറിയാനുള്ള ആകാംഷയായി. മറ്റൊരൊഴിവു ദിവസം എല്ലാവരും കൂടി നാലാമത്തെയാളുടെ അടുത്തേക്ക് പോയി."
"എന്നിട്ട്?"
"ഓ പിന്നെപ്പറയാം. എനിക്കുറക്കം വരുന്നു."
"പ്ലീസ്, ത്രെഡ് കമ്പ്ലീറ്റ് ചെയ്യ്‌. സസ്പെൻസ് അറിയാതെ എനിക്കുറക്കം വരില്ല എന്ന് നിനക്കറിയില്ലേ?"
"അതെനിക്കറിയാമല്ലോ. അതല്ലേ ഞാൻ ബാക്കി പറയാത്തത്."
"നിന്നെ ഞാൻ ഹെല്പ് ചെയ്തതുതന്നെ."
"നമുക്കു കാണാം. ഹാവ് എ സ്ലീപ്‌ലെസ്സ് നൈറ്റ്‌. ഗുഡ് നൈറ്റ്‌."
"ഹും. കാണാം. ഗുഡ് നൈറ്റ്‌."

Saturday, March 28, 2015

മലകയറ്റം

ഈ ലോകം നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. കേവലമായ സത്യം ഒന്നുപോലും നമുക്കറിയില്ല എന്നുള്ളതാണ് അത്ഭുതങ്ങളിൽ ഏറ്റവും വലുത്. അറിയുന്നതെല്ലാം ആപേക്ഷികമാണ് - ഇതു ശരിയെങ്കിൽ അതു ശരിയാണ് എന്ന തരത്തിലുള്ളവ. ഇന്ദ്രിയങ്ങളാലറിയുന്നതും ആപേക്ഷികമാണ്. എല്ലാ ശാസ്ത്രങ്ങളും നമുക്ക് തരുന്നത് ആപേക്ഷികമായ സത്യങ്ങളാണ്. തെളിയിക്കപ്പെടാത്ത കുറെ ധാരണകളാണ് അവയുടെയെല്ലാം അടിസ്ഥാനം. ഇനി നമ്മൾ കേവലമായ സത്യം എങ്ങനെയെങ്കിലും അറിഞ്ഞു എങ്കിൽ അതു കേവലമാണെന്നതിന് എന്തു ബലം? കേവലമല്ലാത്ത ഒന്നിനും കേവലമായ സത്യത്തെ ദൃഷ്ടാന്തപ്പെടുത്താൻ കഴിയില്ലെന്നത് വ്യക്തമാണ്. അപ്പോൾ കേവലമായ സത്യം സ്വയം ദൃഷ്ടാന്തപ്പെടുത്തുന്നതായിരിക്കണം. അറിയുക എന്ന പ്രക്രിയ നമുക്കുള്ളിൽ നടക്കുന്നതിനാലും പുറത്തുനിന്ന് ഉള്ളിലെത്തുന്നവ അപേക്ഷികമായതിനാലും കേവലമായ സത്യമെന്നൊന്നുണ്ടെങ്കിൽ അത് നമുക്കുള്ളിൽതന്നെ ഉള്ളതായിരിക്കണം. അതു സ്വയം തെളിഞ്ഞുവരുന്നതും സ്വയം സാക്ഷ്യപ്പെടുത്തുന്നതുമായിരിക്കണം. ഇതുതന്നെയാണ് പല തത്വശാസ്ത്രങ്ങളിൽ പറയുന്നതും.

അപ്പോൾ ആപേക്ഷികമായതിന്റെയെല്ലാം നിരാസമാണോ വഴി? മലകയറി മുകളിലെത്താൻ വഴികാട്ടികൾ വേണ്ടിവന്നേക്കാം. ഏറ്റവും മുകളിലെത്തിയാൽ ഇനി കയറാനില്ലെന്ന് മനസ്സിലാക്കാൻ വഴികാട്ടികൾ വേണ്ടല്ലോ? ആപേക്ഷികമായ സത്യങ്ങളായിരിക്കാം ഒരുപക്ഷേ വഴികാട്ടികൾ. മലയുടെ താഴ്വാരത്തിൽ നിന്ന്  മലമുകളിലേക്കുള്ള വഴിയെക്കുറിച്ചും, വഴികാട്ടികളെക്കുറിച്ചും, മലമുകളിലെത്തിയാലുള്ള അവസ്ഥയെക്കുറിച്ചും മലകയറുന്നതിലുപരി ഉത്സാഹത്തിൽ സംസാരിക്കുന്ന മനുഷ്യരും അത്ഭുതപ്പെടുത്തുന്നില്ലേ?

Thursday, March 26, 2015

ഭാവിപരിപാടി


ആദ്യം നിഴലാകണം.
പിന്നെ മാഞ്ഞുപോകണം. 

Sunday, March 15, 2015

യു ഓർ നണ്‍

.........
.........
".....യു ഓർ നണ്‍."
"ചവിട്ട് കിട്ടും."
"എന്തിനാ?"
"ഞാനല്ലെങ്കിൽ കന്യാസ്ത്രീയെ കെട്ടുമെന്നാണോ പറയുന്നത്?"
"Nun അല്ലെടീ മണ്ടീ none."
"ശരിയ്ക്കും ചവിട്ടും മരത്തലയാ."
"എന്തിന്?"
"എന്നെ മണ്ടീ എന്ന് വിളിച്ചതിന്."
"അപ്പൊ എന്നെ മരത്തലയനെന്ന് വിളിച്ചതിന് ഞാനെന്തു ചെയ്യണം?"
"പോയ്‌ കേസ് കൊടുക്ക്."
.........
.........

Wednesday, March 11, 2015

നീയും ഞാനും

നീയെന്നിലെ ഞാനും 
ഞാൻ നിന്നിലെ നീയു-
മാണെങ്കിലെന്തൊരു 
സുന്ദരലോകം.
 

Monday, March 2, 2015

ഒടുക്കം

ഒരുനാൾ 
എല്ലാമൊടുങ്ങും 
ഞാനും നീയും
കവിതയും 
വരിയും വാക്കും
അക്ഷരവും 
പിന്നെയീ ശബ്ദവും 
 

Thursday, February 19, 2015

യുദ്ധം

ഉത്തരം മുട്ടിയപ്പോൾ കുമാരൻ താൻ PhD ആണെന്നു പറഞ്ഞ് മിണ്ടാതിരുന്നു. ആ സംഭവം അല്ലാതിരുന്ന കുമാരി പിണ്ണാക്ക് ഹെഡിലുള്ളവനാണെന്നാണോ അതിനർത്ഥമെന്ന് ചോദിച്ചു. പിന്നെ നടന്നത് ഒരു യുദ്ധമായിരുന്നു. അല്പസമയത്തിനുള്ളിൽ വാക്ശരങ്ങളാൽ പരിക്കേറ്റ അവർ ഒരുമിച്ചു ഭക്ഷണം പാകം ചെയ്യുകയും ഒരുമിച്ചിരുന്ന് കഴിക്കുകയും സ്നേഹത്തോടെ ഒരുമിച്ചുറങ്ങുകയും ചെയ്തു. 

Tuesday, February 10, 2015

തീ

 എന്റെ പുരികങ്ങൾക്കിടയിലുള്ള തീ ഒരു നിമിഷം ആളിക്കത്തുകയും എന്നെ ഇല്ലാതാക്കുകയും ചെയ്തു.

Wednesday, February 4, 2015

ഘർ വാപസി

ഒരുപാടു വർഷങ്ങളായ് സസ്യാഹാരിയായിരുന്ന കുമാരൻ ഒരു സുപ്രഭാതത്തിൽ താൻ ഇനി മുതൽ മീനും മുട്ടയും കഴിക്കും എന്നു പ്രഖ്യാപിച്ചപ്പോൾ മാംസാഹാര പ്രിയരായ അമ്മയും കുമാരിയും (കുമാരന്റെ ഭാര്യ) അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. അമ്മ കുമാരനോട് നന്ദി പറഞ്ഞു. കുമാരി നന്ദി പറയുകയും കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുകയും ചെയ്തു. പൂർണമനസ്സോടെ എടുക്കുന്ന ചില തീരുമാനങ്ങൾ പ്രിയപ്പെട്ടവർക്ക് സന്തോഷദായകങ്ങളാകുന്നത് എത്ര സംതൃപ്തിജനകമാണ്! 

കഥയും ചിരിയും

ഇന്നലെ ഒരഞ്ചു വയസ്സുകാരൻ എനിക്കൊരു കഥ പറഞ്ഞു തന്നു. തൊപ്പിക്കാരന്റെയും കുരങ്ങൻമാരുടെയും ചിരപുരാതനമായ കഥയാണ്‌. ക്ലൈമാക്സ് എത്തിയപ്പോൾ അവനെന്നോടു പറഞ്ഞു: "ചിരിയ്ക്ക് ചിരിയ്ക്ക്...". ഞാൻ ചിരിച്ചു. 

Saturday, January 24, 2015

പാരിജാതം

അവന്റെ വീട്ടിന്റെ മുറ്റത്തൊരു പാരിജാതമുണ്ട്. വർഷം മുഴുവൻ അതിൽ അതിസുഗന്ധമുള്ള വെളുത്ത ചെറിയ പൂക്കളുണ്ടാകും. അത്താഴത്തിനുശേഷം അവൻ ചെരുപ്പിടാതെ പാരിജാതപ്പൂക്കളുടെ സുഗന്ധത്തിൽ ലയിച്ച് മുറ്റത്ത് ഉലാത്തും. പൂക്കൾ പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടാകും. നിർവൃതിദായകങ്ങളായ ആ നിമിഷങ്ങളിൽ അവൻ അവൻമാത്രമാകുകയും ലോകത്തെ മറക്കുകയും ചെയ്യും.

തന്റെ രാത്രികാലപാരിജാതപ്രേമത്തെക്കുറിച്ച് പകൽസമയങ്ങളിൽ അവൻ ബോധവാനായിരുന്നു. അതിനെപ്പറ്റി അവൻ നല്ലപോലെ ചിന്തിച്ചു. പാരിജാതപ്പൂക്കൾ തന്റെ ചിന്തകളെ എത്ര നിർണായകമായാണ് സ്വാധീനിക്കുന്നതെന്ന് അവൻ ചിന്തിച്ചു. എത്രത്തോളം സുഖദായകങ്ങളാണെങ്കിലും സ്വാധീനത ഒരു തരത്തിലുള്ള ബന്ധനമാണെന്ന് അവൻ വിചാരിച്ചു. ബന്ധനം സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. അത്തരത്തിലുള്ള സുഖം അടിമത്തമാണ്‌. അടിമത്തത്തെ അവൻ മറ്റെന്തിനെക്കാളും വെറുത്തു.

ഒരുദിവസം രാവിലെ, എഴുന്നേറ്റപാടെ അവൻ ഒരു കൊടുവാളുമായ്ചെന്ന് പാരിജാതം കടയ്ക്കൽവെച്ച് മുറിച്ചു കളഞ്ഞു. അവനെപ്പോലെതന്നെ പാരിജാതപ്പൂക്കളുടെ സുഗന്ധമാസ്വദിച്ചിരുന്ന വീടുകാരും അയല്ക്കാരും അതിലിടപെടാതിരുന്നില്ല. എന്നാൽ ഇലകളിൽ പറ്റിപ്പിടിച്ചിരുന്ന പുഴുക്കളെ ചൂണ്ടിക്കാണിച്ച് അവൻ തന്റെ പ്രവൃത്തിയെ സമർത്ഥമായ് ന്യായീകരിച്ചു.

അന്നും രാത്രി അത്താഴത്തിനുശേഷം അവൻ മുറ്റത്ത് ചെരുപ്പിടാതെ ഉലാത്തി - എന്നുമെന്നപോലെ കണ്ണുകളടച്ച്, ശ്വാസം സാവധാനം ഉള്ളിലേക്കെടുത്ത്. പാരിജാതപ്പൂക്കളുടെ സുഗന്ധം അന്നുമവനെ ആനന്ദിപ്പിച്ചു. പൂക്കൾ തന്റെ തലയിലാകെ പൊഴിയുന്നതായും അവനറിഞ്ഞു.

Thursday, January 15, 2015

പൊരുൾ

ഫേസ്ബുക്ക് ലോഗിൻ ചെയ്യാതെയും കുളിക്കാതെയും അവൻ കഠിനമായ തപസ്സ് ചെയ്തു. സഹികെട്ട് ദൈവം പ്രത്യക്ഷപ്പെട്ടു.
"എന്താ കാര്യം?", ദൈവം ചോദിച്ചു.
"ഒരു രഹസ്യം അറിയണം", അവൻ പറഞ്ഞു.
"എന്തു രഹസ്യമാണ് ഭക്തന് അറിയേണ്ടത്?"
"എല്ലാത്തിന്റെയും രഹസ്യം, ഈ പ്രപഞ്ചത്തിന്റെ പൊരുൾ."
"കൊള്ളാമല്ലോ. പറഞ്ഞു തരാം. അതിനു മുൻപ് നാം ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയായ് ഉത്തരം തരണം."
"ശ്രമിക്കാം."
"പൂച്ചയ്ക്ക് എത്ര കണ്ണുകളുണ്ട്?"
"രണ്ട്."
"ഭക്തന്റെ അമ്മമ്മയുടെ അമ്മമ്മയുടെ പേരെന്താണ്?"
"അമ്മമ്മയോട് ചോദിച്ചു പറയാനുള്ള സമയം തരുമോ?"
"എത്ര സമയം വേണമെങ്കിലും എടുത്തോളൂ. പ്രപഞ്ചത്തിന്റെ പൊരുളറിയാൻ അത്രയും വൈകുമെന്നേയുള്ളൂ."
"ദാ, ഇപ്പൊ പറയാം". അവൻ അമ്മമ്മയ്ക്ക് ഫോണ്‍ ചെയ്ത് അമ്മമ്മയുടെ അമ്മമ്മയുടെ പേരറിഞ്ഞ് ദൈവത്തിന് പറഞ്ഞു കൊടുത്തു.
"അടുത്ത ചോദ്യം: ഭക്തന്റെ തലയിൽ എത്ര മുടിയുണ്ട്?"
"ഒരു സുഹൃത്തിനെ കൊണ്ട് എണ്ണിച്ചു പറഞ്ഞാൽ മതിയോ?"
"മതി."
അവൻ തന്റെ സുഹൃത്തിനെ വിളിച്ച് തന്റെ തലയിലുള്ള മുടിയെണ്ണിച്ചു. ഒരുപാട് മുടിയുള്ളതോർത്ത് അവൻ ആദ്യമായ് ദുഃഖിച്ചു. എണ്ണിത്തീരാൻ ഒരുപാട് സമയമെടുത്തു എന്ന് പറയേണ്ടതില്ലല്ലോ.
"153299 - 10 = 153289. 10 എണ്ണം എണ്ണിക്കൊണ്ടിരിക്കുമ്പോൾ കൊഴിഞ്ഞു പോയതാണ്."
"കൊള്ളാം. മിടുക്കൻ."
ദൈവം അഭിനന്ദിച്ചപ്പോൾ അവന് അതിയായ സന്തോഷമുണ്ടായി. പൊരുളറിയാൻ അവന് വെമ്പലായി.
"ദൈവമേ, പ്രപഞ്ചത്തിന്റെ പൊരുൾ ഇനിയെങ്കിലും എനിക്കു പറഞ്ഞു തരാമോ?"
"ചോദ്യങ്ങൾക്കനുസരിച്ച് ഉത്തരം പറയാനുള്ള സമയം വ്യത്യസ്തമായിരിക്കുമെന്ന് ഭക്തന് മനസ്സിലായല്ലോ?"
"അതല്ലെങ്കിലുമെനിക്ക് അറിയാമായിരുന്നു. പക്ഷെ അങ്ങ് ദൈവമല്ലേ? വളരെ പെട്ടെന്ന് ഏതു ചോദ്യത്തിനും ഉത്തരം പറയാമല്ലോ."
"അതു ശരിയാണ്. പക്ഷെ ഉത്തരമറിയേണ്ട ഭക്തൻ ഒരു മനുഷ്യനാണല്ലോ."
"അങ്ങ് പറഞ്ഞു പറ്റിക്കുകയാണോ? എനിക്ക് പ്രപഞ്ചത്തിന്റെ പൊരുൾ പറഞ്ഞു തരില്ലെന്നുണ്ടോ?"
"ഭക്തൻ ശാന്തനായിരിക്കൂ. പൊരുൾ നാം പറഞ്ഞു തരാം. പക്ഷേ അതിനൊരുപാട് സമയമെടുക്കും. നാം പറയുന്ന പൊരുൾ മനസ്സിലാക്കിയെടുക്കേണ്ടത് ഭക്തന്റെ കടമയാണ്. മനസ്സുൾപ്പടെ ഇന്ദ്രിയങ്ങളെല്ലാം ശുദ്ധമായും എകാഗ്രമായും പ്രവർത്തിപ്പിക്കൂ. പൊരുൾ നാം പറഞ്ഞു കൊണ്ടേയിരിക്കും. മരണ സമയത്തെ വ്യഗ്രതയോടെ അവയെ പഠിക്കൂ."
ഇതും പറഞ്ഞ് ദൈവം അപ്രത്യക്ഷമായി. അവൻ നിരാശനായി. പ്രത്യേകിച്ചൊന്നും ചിന്തിക്കാതെ അവൻ വെറുതെയിരുന്നു. നന്നായൊന്ന് കുളിച്ച് അവൻ വീടിനു പുറത്തേക്കിറങ്ങി. സർവ ചരാചരങ്ങളും പോക്കുവെയിലിൽ കുളിച്ചിരിക്കുന്നു. എല്ലാത്തിലും പുതിയൊരാനന്ദം അവൻ കണ്ടു. അവയെല്ലാം വളരെ രഹസ്യമായി തന്നോടെന്തോ മന്ത്രിക്കുന്നതു പോലെ അവനു തോന്നി.

Saturday, January 10, 2015

മടിയൻ

നന്നായ് ജോലിചെയ്ത് ഒരുപാട് പണം സമ്പാദിച്ചപ്പോൾ അവനൊരു സംശയം: 'താൻ ജോലിയിൽ addicted ആയോ?' സംശയം തീർക്കുന്നത് ഒരു നല്ല കാര്യമാണല്ലോ. അവൻ ജോലി രാജി വെച്ച് മറ്റൊരു സ്ഥലത്തുപോയി താമസിച്ചു. വളരെ ചെലവു ചുരുക്കിയായിരുന്നു ജീവിതം. ജോലി ചെയ്യാനുള്ള ത്വര വളരെ ബുദ്ധിമുട്ടി ഒരുവിധം ഉള്ളിലൊതുക്കി അവൻ ഒന്നും ചെയ്യാതെ ജീവിച്ചു. കാര്യമറിയാതെ ലോകം അവനെ മടിയനെന്നു വിളിച്ചു. 

Friday, January 9, 2015

വെളിച്ചപ്പാട്


ഓരോ മനുഷ്യനും ഒരു വെളിച്ചപ്പാടാണ്‌. അവൾക്കോ അവനോ വേണ്ട പശ്ചാത്തലം ഒരുങ്ങുകയേ വേണ്ടു. പിന്നെ ഉന്മാദം കൊണ്ട് ഉറഞ്ഞുതുള്ളുന്നതു കാണാം.

Saturday, January 3, 2015

മനസ്സ്

കലങ്ങിയിരിക്കുന്നത് മുകൾപരപ്പിൽ മാത്രമാണ്. അതിനു കീഴിൽ എല്ലാം തെളിഞ്ഞാണിരിക്കുന്നത്. കലങ്ങിയിരിക്കുന്ന പാടയൊന്നു മാറ്റി നോക്കൂ, ശാന്തവും ശുദ്ധവുമായ തെളിനീർ കാണാം. 

Friday, January 2, 2015

ഭ്രാന്തൻ

ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഒരു ഭ്രാന്തന്റെ കഥയാണിത്.

എവിടെനിന്നോ എപ്പോഴാ ഞങ്ങളുടെ നാട്ടിലെത്തിയതാണ് ഭ്രാന്തൻ. ആർക്കും ഭ്രാന്തന്റെ പേരറിയില്ല. ആർക്കും അറിയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയതുമില്ല. ഭ്രാന്തൻ സംസാരിക്കുമോ എന്നാർക്കും അറിയില്ല. അയാൾ സംസാരിക്കുന്നത് ആരും ഇതുവരെ കേട്ടിട്ടില്ല. പൊതുവെ ആരോഗ്യവാനാണെങ്കിലും നാറാണത്തു ഭ്രാന്തനെപ്പോലെ വലിയ കല്ല്‌ കുന്നിൻമുകളിലേക്ക് ഉരുട്ടിക്കയറ്റാനുള്ള കായബലമൊന്നും ഭ്രാന്തനുണ്ടായിരുന്നില്ല. എന്നാൽ നാറാണത്തുഭ്രാന്തൻ ചെയ്തിരുന്നതു പോലെ ഉറുമ്പുകളെ എണ്ണിക്കൊണ്ടിരിക്കുക ഭ്രാന്തന്റെ ഒരു വിനോദമായിരുന്നു. വരി വരിയായ് പോകുന്ന ഉറുമ്പുകളെ മണിക്കൂറുകളോളം ഭ്രാന്തൻ എണ്ണിക്കൊണ്ടിരിക്കുന്നത് കുട്ടികളായിരുന്ന ഞങ്ങൾ കണ്ടിട്ടുണ്ട്.

പൊതുവെ ഭ്രാന്തന്മാരെ കല്ലെറിയുന്നതും മറ്റും കുട്ടികളുടെ ഒരു വിനോദമായാണല്ലോ ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ഞങ്ങൾക്ക് ഈ ഭ്രാന്തനെ വലിയ കാര്യമായിരുന്നു. അതിന് കാരണവുമുണ്ട്. ഞങ്ങൾക്കെത്തിപ്പെടാൻ പറ്റാത്ത മാവിന്റെ തുഞ്ചത്ത് കയറി മാങ്ങ പറിച്ചു തരിക, കയറു കൊണ്ടുക്കൊടുത്താൽ ഊഞ്ഞാൽ കെട്ടിത്തരുക തുടങ്ങി ഒരുപാടു കാര്യങ്ങൾ ഞങ്ങൾക്കയാൾ ചെയ്തു തന്നു. ഭ്രാന്തന്റെ മുഖത്ത് രണ്ടു ഭാവങ്ങൾ മാത്രമേ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞുള്ളു; ഒന്നുകിൽ നിസംഗത അല്ലെങ്കിൽ അത്ഭുത ഭാവം. ദുഖമോ നിരാശയോ ഒരിക്കൽപോലും ഭ്രാന്തനെ അലട്ടിയില്ലെന്നു തോന്നി. ചേട്ടന്റെ കൂടെ പുഴയിൽ കുളിക്കാൻ പോയ നാലു വയസ്സുകാരനായ കുഞ്ഞൂസിനെ പുഴയിൽ മുങ്ങിത്താഴുമ്പോൾ രക്ഷിച്ച ഭ്രാന്തനോട് നാട്ടുകാർക്കും കുറച്ചൊക്കെ സഹാനുഭൂതി ഉണ്ടായിരുന്നു.

തണുപ്പായാലും ചൂടായാലും ഒരു ലുങ്കിയും ചുമലിലൊരു തോർത്തുമുണ്ടുമായിരുന്നു ഭ്രാന്തന്റെ വേഷം. മറ്റു ഭ്രാന്തരിൽ നിന്ന് ഞങ്ങളുടെ ഭ്രാന്തനെ വ്യത്യസ്തനാക്കിയത് വൃത്തിയായിരുന്നു. അക്വാഡക്റ്റിന്റെ കീഴിലായിരുന്നു ഭ്രാന്തന്റെ ഉറക്കം. സൂര്യനുദിക്കുന്നതിനു മുൻപേ ഉണർന്ന് പുഴയിൽ കുളിക്കുന്ന ഭ്രാന്തൻ തോർത്തുമുണ്ടുടുത്ത് ലുങ്കിയും അടിവസ്ത്രവും അലക്കി നന്നായ് പിഴിഞ്ഞ് മണലിൽ വിരിച്ചിടും. എന്നിട്ട് പുഴയിലേയ്ക്ക് നോക്കി നിസംഗ ഭാവത്തോടെ ഒരു ഇരിപ്പാണ്. സൂര്യനുദിച്ചു കഴിഞ്ഞാൽ അടുത്തുള്ള ചെറിയ കാട്ടിലേയ്ക്ക് പോയി എന്തെങ്കിലും പഴങ്ങളൊക്കെ പറിച്ചു കഴിക്കും. അങ്ങനെ കാട്ടിലൂടെ ചുറ്റിക്കറങ്ങി തിരിച്ചെത്തുമ്പോഴേയ്ക്കും വസ്ത്രങ്ങൾ ഉണങ്ങിക്കാണും . പിന്നീടവ ധരിച്ച് തോർത്തുമുണ്ട് ചുമലിലിട്ട് നാട്ടിൽ എങ്ങോട്ടെന്നില്ലാതെ കറങ്ങി നടക്കും. പകലെപ്പോഴെങ്കിലും ഏതെങ്കിലും വീട്ടുകാർ ഭക്ഷണം കൊടുക്കും. എന്തു കൊടുത്താലും കഴിക്കും. ദിവസം ഒരു തവണ മാത്രമേ ഭ്രാന്തൻ ഇങ്ങനെ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അതിനാൽ ഭ്രാന്തൻ ഭക്ഷണം നിരസിച്ചാൽ അന്ന് അതിനു മുൻപ് ഭക്ഷണം കഴിച്ചു എന്ന് കൊടുക്കുന്നവർക്ക് മനസ്സിലാകും. മാസത്തിലൊരു തവണ ഭ്രാന്തൻ ബാർബറായ കുമാരേട്ടൻ കടയ്ക്ക് മുൻപിൽ കട അടയ്ക്കുന്നതിന് തൊട്ടു മുൻപ് പോയ്‌ നില്ക്കും. വളർന്നു തുടങ്ങിയ മുടിയും താടിയും മീശയും കുമാരേട്ടൻ ഒരു ഭിക്ഷയായ്‌ വെട്ടിക്കൊടുക്കും.

ഭ്രാന്തനുമായ് ബന്ധപ്പെട്ട ഒരുപാട് കഥകൾ ഞങ്ങളുടെയൊക്കെ മനസ്സിലുണ്ട്. ചിലതൊക്കെ നേരിട്ടറിഞ്ഞതും ബാക്കി പറഞ്ഞറിഞ്ഞതും. ഒരുപാട് കെട്ടുകഥകളും ഭ്രാന്തന്റെ പേരിൽ പ്രചരിക്കപ്പെട്ടു. നേരിട്ട് അറിഞ്ഞ ഒരു കഥയാണ്‌ ഇനി പറയുന്നത്.

പുഴക്കരയിൽ ഒരു വീടുണ്ട്. അച്ഛനും അമ്മയും ഒരു എഴുവയസ്സുകാരനുമായ മകനുമാണ് അവിടെ താമസം. അവധിക്കാലമായതിനാൽ അവരുടെ ഒരു ബന്ധുവായ ഒരു കുട്ടി അവിടെ താമസിക്കാൻ വന്നു. അവൾ പട്ടണത്തിലുള്ള ഒരു കോളേജിൽ ബിരുദ വിദ്യാർഥിയാണ്. അവൾ വന്നതിന്റെ പിറ്റേ ദിവസം നേരം പുലരുന്നതിനു മുൻപ് എഴുവയസ്സുകാരനെയും കൂട്ടി പുഴയിൽ കുളിക്കാൻ വന്നു. കുളി കഴിഞ്ഞ് തിരിച്ചു വരാൻ നോക്കുമ്പോഴാണ് അവൾ ഭ്രാന്തനെ കണ്ടത്. അയാൾ തന്റെ പതിവുള്ള കുളി കഴിഞ്ഞ് തോർത്തുമുണ്ടുടുത്ത് നിസംഗതയോടെ പുഴയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. അയാൾ ഭ്രാന്തനാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. അയാൾ അവളെത്തന്നെ തുറിച്ചു നോക്കുന്നതായ് അവൾക്ക് തോന്നി. ധൈര്യശാലിയായ അവൾ ഭ്രാന്തന്റെ അടുത്തു വന്ന് തുറിച്ചു നോക്കുന്നതെന്തെന്ന് ചോദിച്ചു. ഭ്രാന്തൻ നിസംഗതയോടെ അവളെ നോക്കുക മാത്രം ചെയ്തു. ഭ്രാന്തനെ തെറ്റിദ്ധരിച്ച അവൾ അയാളെ കാലെടുത്ത് ചവിട്ടുകയും എഴുവയസ്സുകാരനെയും കൂട്ടി വീട്ടിലേയ്ക്ക് ഓടിപ്പോവുകയും ചെയ്തു.

വീട്ടിലെത്തിയ അവൾ ഭ്രാന്തനെപ്പറ്റിയുള്ള കാര്യങ്ങളറിയുകയും തന്റെ പ്രവർത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്തു. അതിനാലാവണം പിന്നീടുള്ള എല്ലാ ദിവസവും അവൾ ഭ്രാന്തന് എന്തെങ്കിലുമൊക്കെ കഴിക്കാൻ കൊണ്ടുക്കൊടുത്തു. അവളുടെ മുഖത്തുപോലും നോക്കാതെ അയാൾ അവൾ കൊടുക്കുന്നത് വാങ്ങി കഴിക്കുകയും ചെയ്തു പോന്നു. അവധിക്കാലത്തിന്റെ അവസാന ദിവസം രാവിലെ അവൾ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകാൻ തയ്യാറായി. പോകുന്നതിനു മുൻപ് ഭ്രാന്തനെ ഒന്നു കാണാമെന്നുവെച്ച് അവൾ പുഴക്കരയിലെയ്ക്ക് പോയി. ഭ്രാന്തനപ്പോൾ വരി വരിയായ് പോകുന്ന ഉറുമ്പുകളെ എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ അടുത്തെത്തിയ അവൾ ഭ്രാന്തനോട് "എന്തിനാ ഇങ്ങനെ എണ്ണുന്നത്?" എന്നു ചോദിച്ചു. അയാൾ തലയുയർത്തി അവളെ നോക്കി ഒന്നു ചിരിക്കുകയും എണ്ണൽ തുടരുകയും ചെയ്തു. ആ ഭിക്ഷയും സ്വീകരിച്ച് അവൾ തിരിച്ചു പോയി. ഭ്രാന്തൻ അതിനു മുൻപോ അതിനു ശേഷമോ ചിരിച്ചതായി ഞങ്ങൾക്കറിവില്ല.

വീഴ്ച


ഈ വർഷം എന്റെ നാളിൽ ജനിച്ചവർ വീഴാൻ സാധ്യതയുണ്ടെണ്ണ്‍ മാനിപ്പയ്യൂർ ഫലം പറഞ്ഞെന്ന് അമ്മ വിളിച്ചു പറഞ്ഞു. എനിയ്ക്ക് രണ്ടു കാരണങ്ങളാൽ ചിരി വന്നു.

1. ഡിസംബർ 31ന് ഞാനൊന്നു വീണതേയുള്ളൂ.
2. ഒരു വർഷത്തിൽ ചെറുതായെങ്കിലും ഒന്നു വീഴാത്തവർ ഈ ലോകത്തുണ്ടാകുമോ?

സ്വാമി അയ്യപ്പന്റെ നാളാണെന്നും പല മഹാന്മാരും ജനിച്ച നാളാണെന്നും അതിനാൽ ഒന്നു കൊണ്ടും പേടിക്കെണ്ടെന്നും കണ്ണടച്ചു നടന്നാൽ പോലും ഒന്നും സംഭവിക്കില്ലെന്നും ഞാനമ്മയോട് പറഞ്ഞു. സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്. സമാധാനിച്ചോ എന്തോ?