Monday, December 29, 2014

കുന്തം!

"ആദ്യവും അന്തവുമില്ലാത്ത ഒരു കുന്തമാണീ ലോകം എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്."
"എനിക്കു തോന്നുന്നത് ഞാൻ പറയട്ടെ?"
"തീർച്ചയായും."
"കണ്ണുള്ള ഭംഗിയും, മൂക്കുള്ള സുഗന്ധവും, ചെവിയുള്ള ഈണവും, നാക്കുള്ള രുചിയും, തൊലിയുള്ള മൃദുത്വവുമാണീ ലോകം. മറ്റൊന്നുമല്ല. മറ്റൊന്നും."
"അപ്പോൾ ബുദ്ധിയുള്ള ചിന്തയോ?"
"എന്നാലതും."

അത്ഭുതം!


"ആദ്യം ഒന്നുമുണ്ടായിരുന്നില്ലെന്ന് ചിന്തിച്ചാലോ?"
"'ആദ്യം' ഇല്ലെന്ന് ചിന്തിക്കാനാണ് എനിക്ക് തോന്നുന്നത്. ഒരു ചക്രം പോലെ..ഒരു ഗോളം പോലെ.."
"എന്നാലങ്ങനെ ചിന്തിക്കാം. ഒന്നുംതന്നെയില്ലെന്ന് ചിന്തിച്ചാൽ 'ആദ്യ'ത്തെ കുറിച്ചുള്ള ചോദ്യമേ ഉദിക്കുന്നില്ലല്ലോ?"
"ഒന്നുമില്ലെന്ന് എങ്ങനെ ചിന്തിക്കാം? ഒന്നുമില്ലെങ്കിലും ഈ ചിന്തയെങ്കിലുമില്ലേ?"
"ശരിയാണ്. പക്ഷേ, ആദ്യമില്ലാതെ എന്തെങ്കിലുമുണ്ടെന്ന് ചിന്തിക്കാനേ വയ്യ."
"ചിന്തിക്കേണ്ട."
"അപ്പോൾ പിന്നെ എന്ത് ചെയ്യും?"
"അത്ഭുതപ്പെടാം. അത്ഭുതം!"

Saturday, December 20, 2014

സത്യവാൻ

"ഡാ.."
"എന്താ?"
"രാവിലെതന്നെ കുളിച്ച് എങ്ങോട്ടാ?"
"ബേങ്കിലൊന്ന് പോണം."
"?"
"അമ്മയ്ക്കറിയാലോ ബേങ്ക് 4 ശതമാനം പലിശയേ തരുന്നുള്ളൂ."
"അതിന്?"
"അതൊന്ന് ചോദിച്ചിട്ടു തന്നെ കാര്യം."
"അതവരുടെ പോളിസി അല്ലെ?"
"പോളിസി അവരുടേതാണെങ്കിലും പണം നമ്മുടെതല്ലേ?"
"നിനക്കെന്തുപറ്റി? നീ പറഞ്ഞാൽ അവർ പലിശ കൂട്ടുമോ?"
"പറഞ്ഞു നോക്കാം. കൂട്ടിയാലോ?"

വീടു വിട്ടിറങ്ങിയ കുമാരൻ ടൌണിൽ വെച്ച് നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം കുമാരിയെ കാണുകയും ചുംബന സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. തല്ലു കൊള്ളുന്നതിൽ നിന്ന് അതി വിദഗ്ദമായ് ഒഴിഞ്ഞു മാറിയ അവർ ഒരു ഹോട്ടലിൽ കയറുകയും വയറു നിറയെ ഭക്ഷണം കഴിക്കുകയും ആരും കാണാതെ പ്രണയാർദ്രമായി ചുംബിക്കുകയും ചെയ്തു. അതിനുശേഷം അവർ അന്നത്തേയ്ക്ക് പിരിഞ്ഞു.

കുമാരൻ നേരെ ബേങ്കിലേയ്ക്ക് പോയി. അവിടെ ആദ്യത്തെ കൌണ്ടറിൽ കണ്ട ഉദ്യോഗസ്ഥയോട് എന്തുകൊണ്ടാണ് ഇത്ര കുറഞ്ഞ പലിശ മാത്രം കൊടുക്കുന്നതെന്ന് ചോദിച്ചു. അവരുടെ മുഖത്തെ ചോദ്യഭാവം കാണാതെയും അവർ തരാത്ത ഉത്തരം കേൾക്കാതെയും അവൻ തിരിച്ചു നടന്നു. കുമാരൻ ജീവിതത്തിൽ കള്ളം പറഞ്ഞിട്ടേയില്ല. 

Wednesday, December 17, 2014

ബാലപാഠങ്ങൾ

ബാലപാഠങ്ങൾ എന്ന പേരിൽ കുട്ടികൾക്കൊരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്. മനുഷ്യരാശി സ്വന്തമാക്കിയ ഏതെങ്കിലുമൊരു അറിവ് കുട്ടികൾക്ക് മനസ്സിലാക്കാൻ പറ്റാത്തതായി ഞാൻ കരുതുന്നില്ല. ഒരു പക്ഷെ കാര്യങ്ങൾ മനസ്സിലാക്കാൻ അവർ കൂടുതൽ സമയമെടുത്തേക്കാം. മുതിർന്നവർ ചോദിക്കാൻ മടിക്കുന്ന ചില ചോദ്യങ്ങൾ അവർ ചോദിച്ചേക്കാം. പരിണതഫലങ്ങളെ കുറിച്ച് ചിന്തിക്കാതെയുള്ള ചോദ്യങ്ങളും അറിയാനുള്ള ത്വരയും ഓരോ കുട്ടിയിലും സ്വാഭാവികമായ് ഉള്ളതാണ്. അതിനുള്ള സ്വാതന്ത്ര്യം അവരുടെ അവകാശവുമാണ്.

എനിക്കറിയാവുന്ന കാര്യങ്ങൾ മലയാളത്തിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക എന്നുള്ളതാണ് ബാലപാഠങ്ങൾ എന്ന ബ്ലോഗിന്റെ പ്രധാന ഉദ്ദേശ്യം. നിങ്ങൾ മുതിർന്നവരാണെങ്കിൽ നിങ്ങൾക്കറിയാവുന്ന കാര്യങ്ങളെപ്പറ്റി ലളിതമായ് എഴുതി എനിക്കയച്ചു തരൂ. അവിടെ പ്രസിദ്ധീകരിക്കാം. നിങ്ങൾക്കൊരു ബ്ലോഗുണ്ടെങ്കിൽ അതിൽ പ്രസിദ്ധീകരിച്ച ശേഷം വിലാസം തന്നാലും മതി. കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ എഴുതിയ യാത്രാവിവരണമോ, കഥയോ, കവിതയോ, ശാസ്ത്രകുറിപ്പോ, പുസ്തകാവലോകനമോ, തമാശകളോ, തത്വശാസ്ത്രമോ, കടംകഥകളോ, കളികളോ എന്തുമാവട്ടെ എനിക്കയച്ചു തരൂ.

നിങ്ങളൊരു കുട്ടിയാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കൂ. ഇവിടെ പ്രസിദ്ധീകരിക്കുന്നവ വായിച്ച് അഭിപ്രായങ്ങൾ പറയൂ. തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാട്ടൂ. നിങ്ങളയച്ചു തരുന്നതും ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. നിങ്ങൾ പലപ്പോഴായി എന്തെങ്കിലുമൊക്കെ സ്വന്തമായ് എഴുതിയിട്ടുണ്ടാകുമല്ലോ? ചിത്രങ്ങൾ വരച്ചു കാണുമല്ലോ? അവയെല്ലാം അയച്ചു തരൂ.

രചനകൾ അയക്കേണ്ട മെയിൽ വിലാസം : sandharb@gmail.com
ബ്ലോഗ്‌ ലിങ്ക്: http://baalapaadangal.blogspot.in/

Monday, December 15, 2014

മഹത്വം

മഹത്വം സ്വയം വെളിവാക്കപ്പെടും എന്ന തത്വത്തിൽ ഉറച്ചു വിശ്വസിച്ച അവൻ മുറിയിൽ കയറി കതകടച്ചിരുന്നു. മഹത്വം വെളിവാക്കപ്പെട്ടില്ല. രണ്ടു കാരണങ്ങളുണ്ടാകാം, അവൻ ചിന്തിച്ചു. ഒന്നുകിൽ താൻ മഹാനല്ല, അല്ലെങ്കിൽ ആ തത്വം പാടെ തെറ്റാണ്. എന്നാൽ താൻ മഹാനാണ് എന്ന കാര്യത്തിൽ അവനൊരു സംശയവുമുണ്ടായിരുന്നില്ല. അപ്പോൾ മഹത്വം സ്വയം വെളിവാക്കപ്പെടുമായിരിക്കില്ല. അവൻ തന്റെ മുറിയ്ക്ക് പുറത്തിറങ്ങി തന്റെ മഹത്വം കൊട്ടിഘോഷിച്ചു. ചുറ്റുപാടുമുള്ള അടഞ്ഞ ചെവികളിൽ തട്ടി തിരിച്ചു വന്ന അതിന്റെ പ്രകമ്പനങ്ങൾ അവനെ നിരാശയുടെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ടു.

Sunday, December 14, 2014

പുഴയിലൂടെ

ഞാനൊഴുകി 
ഒന്നുമോർക്കാതെ 
പുഴയിലൂടെ 
കടലിലേയ്ക്ക്.

കടലിലെത്തുമ്പോൾ 
പുഴയിലെല്ലാം ഞാനും 
എന്നിൽ നിറയെ പുഴയും 
തുളുമ്പി നിന്നു.