Tuesday, January 24, 2012

രണ്ടു കുസൃതി ചോദ്യങ്ങള്‍

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, വളരെ ആലോചിച്ച്, കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി കണ്ടുപിടിച്ച രണ്ടു കുസൃതി ചോദ്യങ്ങളിതാ:

1. ഇന്ത്യയില്‍ ആന റോഡിന്റെ ഏതു വശം ചേര്‍ന്ന് നടക്കണം?
2. ഏറ്റവും ബുദ്ധിയുള്ള മൃഗം ഏതാണ്?
ഉത്തരങ്ങള്‍ കാണണമെങ്കില്‍ ആദ്യത്തെ അഭിപ്രായം നോക്കൂ.

Tuesday, January 17, 2012

ദി കിഡ്നാപ്പ്ഡ് സെല്‍ഫ്

ഞാന്‍ എന്നെ തട്ടിക്കൊണ്ടുപോയി അജ്ഞാതമായ ഒരു സ്ഥലത്തെത്തിച്ചു. എന്നിട്ട് പോലീസിനെ വിളിച്ചിങ്ങനെ പറഞ്ഞു :
"ഞാന്‍ എന്നെ തട്ടിക്കൊണ്ടു പോയിരിക്കുകയാണ്. ഇന്നു രാത്രി എട്ടു മണിക്ക് മുന്‍പ് അഞ്ചു ലക്ഷം രൂപ തന്നാല്‍ മോചിപ്പിക്കാം."
"തന്നില്ലെങ്കില്‍?"
"എന്റെ പൊടി പോലും കാണില്ല."
"അതിരിക്കട്ടെ പണമെവിടെ എത്തിക്കണം?"
"ഞാന്‍ താമസിക്കുന്നതിന്റെ അടുത്തുള്ള പാലത്തിനു ചുവട്ടിലുള്ള കുമാരേട്ടന്റെ കടയില്‍ കൊടുത്താല്‍ മതി."
"അതിനു നിങ്ങള്‍ താമസിക്കുന്നതെവിടെയാണെന്ന് ഞങ്ങള്‍ക്കറിയില്ലല്ലോ."
"വിശദ വിവരങ്ങള്‍ ഞാന്‍ മെസ്സേജ് ചെയ്യാം. മൊബൈല്‍ നമ്പര്‍ പറയൂ."
ഞാന്‍ എന്റെ അഡ്രസ്സും പാസ്പോര്‍ട്ട് നമ്പറും ഫേസ്ബുക്ക് ഐ ഡി യും ചിരിക്കുന്ന ഒരു ഫോട്ടോയും  പോലീസിന് മെസ്സേജ് ചെയ്തു. പക്ഷെ പോലീസുകാര്‍ പൊതുവേ ബുദ്ധിമാന്മാരാണല്ലോ. എന്റെ മൊബൈല്‍ ഫോണ്‍ ട്രേസ്
ചെയ്യും. ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു, പുതിയ അജ്ഞാതമായ സ്ഥലത്തേക്ക് മാറി.

എട്ടു മണിയാവാറായി. എന്നെ തിരിച്ചറിയാതിരിക്കാനായി ആള്‍മാറാട്ട കിറ്റ് തുറന്നു വേഷം മാറി. വെളുത്ത താടിയും മുടിയും കീറിയ വസ്ത്രങ്ങളും ഒരു ഭാണ്ഡക്കെട്ടുമായിരുന്നു എന്റെ വേഷം. കുമാരേട്ടന്റെ കടയ്ക്കു മുന്‍പിലെത്തി. ഞാന്‍ ചുമച്ചു ചുമച്ചു ചോദിച്ചു:
"ആ വീട്ടില്‍ താമസിക്കുന്ന ബ്ലോഗ്ഗര്‍ ഇപ്പോള്‍ സ്ഥലത്തില്ലേ?"
"ഇന്നു രാവിലെ മുതല്‍ അയാളെ കാണാതായിരിക്കുകയാണ്. പോലീസ് വന്ന് അന്വേഷിച്ചിരുന്നു."
"പോലീസെന്തു പറഞ്ഞു?"
"വിവരമെന്തെങ്കിലും കിട്ടിയാല്‍ അറിയിക്കാന്‍ പറഞ്ഞു."
"വേറൊന്നും പറഞ്ഞില്ലേ?"
"ഇല്ല."

ഞാന്‍ തിരിച്ച് അജ്ഞാത സ്ഥലത്തേക്ക് നടന്നു. ഇനിയെന്തു ചെയ്യും? പൌരന്റെ ജീവന് വില കല്‍പ്പിക്കാത്ത ഭരണകൂടം! എന്റെ വിദ്യാഭ്യാസ ലോണ്‍ അടച്ചു തീര്‍ക്കാനുള്ള പണം മാത്രമേ ഞാന്‍ ചോദിച്ചുള്ളൂ. എനിക്ക് എന്നോടുതന്നെയും ചില കടമകളുണ്ടല്ലോ. അല്ലെങ്കില്‍ എത്രയെങ്കിലും ചോദിക്കാമായിരുന്നു. ഞാന്‍ തിരിച്ച് അജ്ഞാത സ്ഥലത്തെത്തി. ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തു. പോലീസിനെ വിളിച്ചു.
"ഞാന്‍ ഒരപകടത്തില്‍ പെട്ടിരിക്കുകയാണ്. എന്നെ വന്നു രക്ഷിക്കൂ.."
"ആരാണ് നിങ്ങളെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്?"
"ഞാന്‍ തന്നെ."
"നിങ്ങളെവിടെയാണിപ്പോള്‍"
അതിനു മറുപടി പറയാന്‍ സമ്മതിക്കാതെ ഞാനെന്റെ വായ പൊത്തി, ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു. വീണ്ടും താവളം മാറി.

പുതിയ താവളത്തില്‍ ഞാനല്‍പ്പം വിശ്രമിച്ചു. പോലീസ് എങ്ങനെയായിരിക്കും ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുക? ഒന്നു കൂടെ കുമാരേട്ടന്റെ കടയില്‍ ചെന്നു നോക്കുക തന്നെ. ഞാന്‍ ആള്‍മാറാട്ട കിറ്റ് തുറന്ന് വീണ്ടും വേഷം മാറി. ഇത്തവണ ഒരു ഊശാന്‍ താടിയും എണ്ണ തേയ്ക്കാത്ത മുടിയും കണ്ണടയും മുഷിഞ്ഞ കുര്‍ത്തയും ജീന്‍സും ആയിരുന്നു വേഷം. പോക്കറ്റില്‍ മൂര്‍ച്ചയുള്ള ഒരു കത്തിയും കരുതി. കടയിലെത്തി ഒരു ചായ കുടിച്ച ശേഷം താടിയുഴിഞ്ഞു കൊണ്ട് കുമാരേട്ടനോട് ഇങ്ങനെ ചോദിച്ചു:
"ആ വീട്ടിലുള്ള ബ്ലോഗ്ഗര്‍ അവിടെയില്ലല്ലോ. എവിടെപ്പോയെന്നറിയാമോ?"
"അയാളെ രാവിലെ മുതല്‍ കാണാനില്ല. പോലീസ് അന്വേഷിക്കുന്നുണ്ട്."
"പോലീസ് ഇവിടെ വന്നിരുന്നോ?"
"ഒരു തവണ വന്നിരുന്നു."
ഞാന്‍ അവിടെ നിന്നും നിരാശനായി പതുക്കെ തിരിച്ചു നടന്നു. അടുത്തൊരു കുറ്റിക്കാട് കണ്ടു. ഉടന്‍ തന്നെ ഞാന്‍ എന്നെ ബലമായി അങ്ങോട്ട്‌ കൊണ്ടുപോയി, പോക്കറ്റില്‍ കരുതിയിരുന്ന കത്തിയെടുത്തു ആഞ്ഞു കുത്തി. അല്‍പ നിമിഷത്തിനുള്ളില്‍ ശ്വാസം നിന്നു. ഞാന്‍ എന്റെ ദേഹവുമെടുത്ത് നേരെ പോലീസ് സ്റ്റേഷനിലെത്തി. പോലീസിനോട് നടന്ന കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. പോലീസ് അതെല്ലാം ക്ഷമയോടെ കേട്ട ശേഷം ഒന്നും തന്നെ പറയാതെ എന്നെ വിട്ടയച്ചു.

അത്യന്തം നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ ഞാന്‍ ഏറെക്കുറെ സമാധാനത്തോടെ ജീവിക്കുന്നു. ഉള്ളിലുള്ള വേര്‍പിരിയലുകളും കൂടിച്ചേരലുകളും സംഘട്ടനങ്ങളും ഇല്ലാതാക്കാന്‍ കഠിനമായി ശ്രമിക്കുന്നതോടൊപ്പം കേന്ദ്ര ഗവര്‍മെന്റിന്റെ പണം കൊണ്ട് ദേശസാല്‍കൃത ബാങ്കിലെ ലോണ്‍ തിരിച്ചടച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

Saturday, January 14, 2012

അനശ്വര ഗാനങ്ങള്‍

ബി. ടെക്. കഴിഞ്ഞു വരുമ്പോള്‍ എന്റെ കൈയ്യില്‍ ആറായിരത്തോളം മലയാള സിനിമാ ഗാനങ്ങളുണ്ടായിരുന്നു. ഭൂരിഭാഗവും സംഗീതാസ്വാദകനും നാലാം വയസ്സു മുതലോ മറ്റോ ജാനകിയമ്മയുടെ കടുത്ത ആരാധകനുമായ സഹമുറിയനില്‍ നിന്നും കിട്ടിയതാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് എന്റെ അയല്‍ക്കാരനു വേണ്ടിയും എനിക്ക് തന്നെ കേള്‍ക്കാന്‍ വേണ്ടിയും അതില്‍ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട ആയിരത്തോളം ഗാനങ്ങള്‍ തിരഞ്ഞെടുത്തു - ഏതാണ്ട് 450 ഗാനങ്ങള്‍ 1980 മുന്പുള്ളതും ഏതാണ്ട് 550 ഗാനങ്ങള്‍ 1980 ഇലും അതിനു ശേഷവുമായി പുറത്തിറങ്ങിയതും. 1980 മുതലുള്ള ഗാനങ്ങള്‍ ഒരു കൌതുകത്തിനായി സംഗീത സംവിധായകരുടെ അടിസ്ഥാനത്തില്‍ വിഭജിച്ചു.  ഓരോ സംഗീത സംവിധായകരുടെയും ഗാനങ്ങളുടെ എണ്ണം അവരോഹണക്രമത്തില്‍ താഴെ കൊടുത്തിരിക്കുന്നു. 

രവീന്ദ്രന്‍ : 93
ജോണ്‍സന്‍ : 88
എസ്. പി. വെങ്കിടേഷ് : 43
ബോംബെ രവി : 39
ഔസേപ്പച്ചന്‍ : 35
ഇളയരാജ : 33
എം. ജി. രാധാകൃഷ്ണന്‍ : 21
ശ്യാം : 17  
ജെറി അമല്‍ദേവ് : 16
മോഹന്‍ സിതാര : 15
ബേണി ഇഗ്നെഷ്യസ് : 11
ശരത് : 10
കണ്ണൂര്‍ രാജന്‍ : 10
പെരുമ്പാവൂര്‍ ജി. രാവീന്ദ്രനാഥ്‌ : 10
വിദ്യാസാഗര്‍ : 10
എസ്. ബാലകൃഷ്ണന്‍ : 9
കൈതപ്രം ദാമോദരന്‍ നമ്പൂതിരി : 7
നൌഷാദ് : 7
എം. ജയചന്ദ്രന്‍ : 5
രഘു കുമാര്‍ : 5 
എം. ബി. ശ്രീനിവാസന്‍ : 5
ജി. ദേവരാജന്‍ : 4
ഭരതന്‍ : 4
വി. ദക്ഷിണാമൂര്‍ത്തി : 3
രാജാമണി : 3
രമേശ്‌ നാരായണ്‍  : 3
എ. ആര്‍. റഹ്മാന്‍ : 3
ആര്‍. സോമശേഖരന്‍ : 2
കീരവാണി : 2
ജാസ്സി ഗിഫ്റ്റ് : 2
രഘുനാഥ്‌ സേത്ത് : 2
ടി. സുന്ദരരാജന്‍ : 2  
വിദ്യാധരന്‍ : 2  
സലില്‍ ചൌധരി : 2
ശ്രീരാം : 1 
എ. ജെ. ജോസഫ്‌ : 1
ശ്രീകുമാരന്‍ തമ്പി : 1
കാവാലം നാരായണ പണിക്കര്‍  : 1 
ലക്ഷ്മീകാന്ത് പ്യാരേലാല്‍ : 1
സഞ്ജയ്‌ അന്താര : 1
ബിച്ചു തിരുമല : 1
എ. ടി. ഉമ്മര്‍ : 1
എം. കെ. അര്‍ജുനന്‍ : 1
ആനന്ദ് : 1
ഭരദ്വാജ് : 1
ഗംഗൈ അമരന്‍ : 1
ശങ്കര്‍ ഗണേഷ് : 1
സുരേഷ് പീടെര്‍സ് : 1
എല്‍. വൈദ്യനാഥന്‍ : 1
ആലപ്പി രംഗനാഥ്‌ : 1
വില്‍‌സണ്‍ : 1  
ഉണ്ണി മേനോന്‍ : 1