ഒരു മണല്തരിയായ് മാറി കടല്‍ കാണുന്നതിലാണു രസം
അപ്പോള്‍, കടല്‍ വലുതായെന്നു തോന്നും
നക്ഷത്രങ്ങളോടു കൂടുതല്‍ ബഹുമാനം തോന്നും
കടല്‍ത്തിരകള്‍ താലോലിച്ചുകൊണ്ടിരിയ്ക്കും
രാത്രിയും പകലും സ്വപ്നം കാണാം
ഒരുപാടു കൂട്ടുകാര്‍ ഉണ്ടാകും
തീരത്തു കളിയ്ക്കുന്ന കുട്ടികളുടെ വീടോ പേരോ ആയ് മാറാം
അതെ, അതുവളരെ രസകരമായിരിയ്ക്കും
അപ്പോള്‍, ചക്രവാളം കുറച്ചുകൂടെ ദൂരത്തായി തോന്നും
ഒരുപാടു സമയമുണ്ടെന്നു തോന്നും
ഭൂമിയില്‍ അലിഞ്ഞുചേരുന്നതായി തോന്നും
മരണമെന്നൊന്നില്ലെന്നു തോന്നും
വെയിലേറ്റു വാടിയാലും നിലാവുള്ള രാത്രിയുണ്ട്
സ്നേഹമുള്ള ഈര്‍പ്പം ചുറ്റിലുമുണ്ടാകും
ചവിട്ടിയമര്‍ത്തുന്ന കാലടികളെ,
വേദനിപ്പിക്കുന്നില്ലെന്നോര്‍ത്തു സന്തോഷിയ്ക്കാം
രസകരമായ കാഴ്ചകള്‍ അനവധിയുണ്ടെങ്കിലും
മണല്തരിയായ് മാറുന്നതുതന്നെ രസമാണ്
