Friday, September 24, 2010

സുമതി എന്തു ചെയ്യുന്നു?


സു
തി
രു
ന്നു
തി
ന്നു
ന്നു

ചെറിയ ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ ആരോ പറഞ്ഞു തന്നതാണ്. അപ്പോഴത്തെ പോലെ ഇപ്പോഴും രസകരമായി തോന്നുന്നു. ഇതുപോലെ വേറെ ഉദാഹരണം ഉണ്ടോ എന്നറിയില്ല.

Monday, September 20, 2010

നിലാവത്തിട്ട കോഴി

നിലാവത്തിട്ട കോഴി എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. ഇതുവരെ കണ്ടിട്ടില്ല. കാണുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നിരിക്കെ കാണാതിരിക്കുന്നതെങ്ങനെ. വീട്ടില്‍ കോഴിയില്ല. അടുത്ത വീട്ടിലുണ്ട്. ഒന്നേയുള്ളൂ, പിടക്കോഴിയാണ്. പക്ഷെ, എങ്ങനെ അതിനെ നിലാവത്ത് തുറന്നുവിടും? എന്തായാലും പൌര്‍ണമിയാകുന്നതുവരെ കാത്തിരിക്കുക തന്നെ.

പൌര്‍ണമിയായി. രാത്രി ഞാന്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ രണ്ടുമണിയായിക്കാണും, ഞാനുണര്‍ന്നു. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് അടുത്ത വീട്ടിലെത്തി. കോഴിക്കൂട് പതുക്കെ തുറന്നു. കോഴി പുറത്തിറങ്ങി. അത്ഭുതം! കോഴിയും ശബ്ദമൊന്നുമുണ്ടാക്കുന്നില്ല. കോഴി നേരെ മുമ്പോട്ടു നടന്നു. എന്നെ കണ്ടില്ലെന്നു തോന്നുന്നു. കുറച്ചു നടന്നപ്പോള്‍ അത് പെട്ടെന്ന് ഇടത്തോട്ടു തിരിഞ്ഞു നടന്നു തുടങ്ങി. എന്തോ വെച്ചുമറന്ന പോലെ കോഴി തലങ്ങും വിലങ്ങും നടന്നു. നടക്കുകയല്ല, ഓടുകതന്നെ. ഏതാണ്ടിതേപോലെതന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചതും. നിലാവത്തിട്ട കോഴിയെ കണ്ടുകഴിഞ്ഞു. ഇനി അതിനെ പിടിച്ചു കൂട്ടിലാക്കണം. പരിചയമുള്ള കോഴിയാണ്. ഞാനടുത്തേക്ക് നടന്നു. കോഴി അല്പം വേഗത്തിലായിരുന്നു. ഞാനും വേഗം കൂട്ടി. ശബ്ദമുണ്ടാക്കാതെ കോഴിയും ഞാനും മുമ്പിലും പുറകിലുമായി ഓടിക്കൊണ്ടിരുന്നു.

കുളത്തിനടുത്തെത്തിയപ്പോഴും എനിയ്ക്ക് കോഴിയെ പിടിക്കാന്‍ കഴിഞ്ഞില്ല. കോഴി കുളത്തിലിറങ്ങി അക്കരയ്ക്കു നീന്തിത്തുടങ്ങി. കുറച്ചു വലിയ കുളമാണ്. റിസ്ക്‌ എടുക്കേണ്ടെന്നു കരുതി ഞാന്‍ കുളക്കരയിലൂടെ അക്കരയ്ക്ക് നടന്നു. ഞാന്‍ അക്കരെയെത്തി, പക്ഷെ കോഴിയെ കാണാനില്ല. അത് കുളത്തില്‍നിന്നു പുറത്തു കടക്കുന്നത്‌ ഞാന്‍ കണ്ടതാണ്, പിന്നെ കാണാനില്ല. ഞാന്‍ ശബ്ദമുണ്ടാക്കാതെ ആ ഭാഗത്തേക്ക് നടന്നു. അപ്പോള്‍ കോഴിയെ കണ്ടു. അത് കുറച്ചു ദൂരെ മാറി ഒരു ഒഴിഞ്ഞ സ്ഥലത്ത് അനങ്ങാതെ നില്‍ക്കുന്നു. തല ഒരു വശത്തേക്കുയര്‍ത്തി ആകാശത്തേക്ക് നോക്കുകയാണ്. ഞാനും ആകാശത്തേക്ക് നോക്കി. പൂര്‍ണ ചന്ദ്രന്‍ ഒരു ലോഭവുമില്ലാതെ നിലാവു പരത്തുന്നു. കോഴി അതേ നില്പ്പിലാണ്. കുറച്ചു നേരം അങ്ങനെ തുടര്‍ന്നു. അപ്പോള്‍ എന്റെ കാലിനടുത്തുനിന്ന് ഒരു കല്ലടര്‍ന്ന് കുളത്തില്‍ വീണു. കോഴി എന്നെ കണ്ടു. അത്ഭുതം! അതെന്റെ അടുത്തേക്ക് ഓടി വന്നു. എന്റെ കാലിലത് മുട്ടിയുരുമ്മി നിന്നു. കോഴി എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതുവരെ അതെന്നെ കണ്ടില്ലായിരുന്നിരിക്കണം. ഞാനതിനെ അരുമയായി കയ്യിലെടുത്തു. ഇനി വീട്ടിലേക്കു മടങ്ങാം.

സമയം രണ്ടര കഴിഞ്ഞു കാണുകയേയുള്ളൂ. കുറച്ചു നേരം ഓടിയതിനാല്‍ അല്പം ക്ഷീണമുണ്ട്. കുറച്ചു നേരം വിശ്രമിക്കുന്നത് നല്ലൊരു ആശയം തന്നെ. ഞാന്‍ കുളപ്പടവില്‍ കിടന്നു. കോഴിയെ നിലത്തു വെച്ചു. ഓടിപ്പോകാതിരിക്കാന്‍ അതിന്റെ കാലില്‍ ചുറ്റിപ്പിടിച്ചു. ചെറുതായി മഞ്ഞു വീഴ്ചയുണ്ട്. അതിന്റെ ശബ്ദമൊഴിച്ചാല്‍ പൂര്‍ണ നിശബ്ദതയാണ്. ചന്ദ്രന്‍ നിറഞ്ഞു നില്‍ക്കുന്നു. എല്ലാം നിലാവില്‍ കുളിച്ചുനില്‍ക്കുന്നു. കുളത്തിലെ ചെറിയ അലകളില്‍ നിലാവെളിച്ചം ഒഴുകിപ്പരക്കുന്നു. സര്‍വ ചരാചരങ്ങളും ആനന്ദിക്കുന്നു. പ്രകൃതി അതിന്റെ പൂര്‍ണത വിളംബരം ചെയ്യുന്ന അപൂര്‍വ സുന്ദര നിമിഷം! എന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ഹൃദയം നിറഞ്ഞു തുളുമ്പുന്നത് കണ്ണുകളിലൂടെയാണോ?

മുഖത്ത് തണുപ്പനുഭവപ്പെട്ടപ്പോള്‍ ഞാനുണര്‍ന്നു. ശരീരം തണുത്തു വിറങ്ങലിച്ചിരിക്കുന്നു. ഞാന്‍ കുളക്കടവിലാണ്. നേരം വെളുത്തുവരുന്നേയുള്ളൂ. രാത്രി നടന്ന സംഭവങ്ങളെല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി. ഒന്നും സ്വപ്നമല്ല. കണ്ണുകള്‍ക്കിരുവശവും കണ്ണുനീരോഴുകിയ പാടുണ്ട്. കോഴിയുടെ കാല്‍ ചുറ്റിപ്പിടിച്ച കൈ അതേ പോലെ തന്നെയുണ്ട്‌. പക്ഷെ, കോഴിയെവിടെ? ഇന്നലെ ഹൃദയത്തില്‍ നിറഞ്ഞ ആനന്ദം ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്നലെ ഉറങ്ങിപ്പോയതാണോ? അതോ ആനന്ദ മൂര്‍ച്ഛയില്‍ ബോധക്ഷയമുണ്ടാകുമോ? ഞാന്‍ പടിയിറങ്ങി, കൈക്കുമ്പിളില്‍ വെള്ളമെടുത്ത് മുഖം കഴുകി. വീട്ടിലേക്ക് പതുക്കെ നടന്നു. ഇടവഴി തുടങ്ങുന്നിടത്തു നിന്ന് വീടു കാണാം. അവിടെയെത്തിയപ്പോള്‍ അമ്മയും അയല്‍ക്കാരിയും മുറ്റമടിക്കുന്നതിനിടയില്‍ ചൂല്‍ കയ്യില്‍ പിടിച്ച് വര്‍ത്തമാനം പറയുന്നതാണ് കണ്ടത്. അയല്‍ക്കാരി ഇങ്ങനെ പറയുന്നതു കേട്ടു: "ഇന്നലെ കോഴിക്കൂടടക്കാന്‍ മറന്നെന്നു തോന്നുന്നു. ഭാഗ്യത്തിന് ഒന്നും അതിനെ പിടിച്ചു കൊണ്ടു പോയില്ല". ഞാന്‍ അടുത്തെത്തിയപ്പോള്‍ അമ്മ ചോദിച്ചു: "പുലര്‍ച്ചെ തന്നെ നീയെവിടെ പോയിരുന്നു?". ഞാന്‍ മുഖത്തു നോക്കാതെ മറുപടി പറഞ്ഞു: "അല്പം നടക്കാന്‍ പോയി; കുറച്ചോടുകയും ചെയ്തു." വീട്ടിലേക്ക് കയറുമ്പോള്‍ കോഴി അടുത്ത പറമ്പില്‍ ചിക്കിപ്പെറുക്കുന്നതു കണ്ടു. എന്നെ തലയൊന്നുയര്‍ത്തി നോക്കിയതിനു ശേഷം അത് ജോലി തുടര്‍ന്നു.

Saturday, September 18, 2010

സങ്കല്പങ്ങള്‍

കുമാരന്റെ സങ്കല്‍പ്പത്തിലെ ഭാര്യ കുമാരന്റെ ഭാര്യയേക്കാള്‍ വളരെയധികം സുന്ദരിയാണ്. എന്നാല്‍ കുമാരി(കുമാരന്റെ ഭാര്യ)യുടെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവ് ഏതാണ്ട് കുമാരനെപ്പോലെ തന്നെയാണെങ്കിലും കുമാരനേക്കാള്‍ സ്നേഹമുള്ളവനാണ്. ആരാണു പറഞ്ഞത് വിവാഹത്തിനു ശേഷം സങ്കല്പങ്ങള്‍ പാടില്ലെന്ന്?

Sunday, September 12, 2010

'എന്നിലൂടെ'

ഒന്നാന്തരം ഒരു child-specialist ആയ കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥയാണ് 'എന്നിലൂടെ'. മാഷിന്റെ മിക്ക പുസ്തകങ്ങളെയും പോലെ നുറുങ്ങുകള്‍ കൂട്ടിയിണക്കിയാണ് ആത്മകഥയും എഴുതിയിരിക്കുന്നത്. മാഷേ പോലെ തന്നെ ആത്മകഥയും വളരെ ചെറുതാണ്. കറന്റ് ബുക്സ് 1987-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ മുതിര്‍ന്നവരുടെ പല അസുഖങ്ങള്‍ക്കുമുള്ള മരുന്നുകളും അടങ്ങിയിരിക്കുന്നു.

'വെയില്പുറത്തെ മഴയും മഴപ്പുറത്തെ വെയിലും
തുമ്പപ്പൂവും മുക്കുറ്റിപ്പൂവും പോലെയാണ് '

ഇതു വായിച്ചപ്പോള്‍ ഒരു സംശയവും എനിക്കു തോന്നിയില്ല. തുമ്പപ്പൂവും മുക്കുറ്റിപ്പൂവും അങ്ങനെതന്നെയാണ്. മാഷിന്റെ തന്നെ വാക്കുകളില്‍ ആസ്വാദനം ഒരു സൃഷ്ടികര്‍മമാണ്. ആസ്വാദനം നടക്കുമ്പോള്‍ വായനക്കാരില്‍ കൃതി പുനര്‍സൃഷ്ടിക്കപ്പെടുന്നു. ഇങ്ങനെ പുനര്‍സൃഷ്ടിക്കപ്പെടാനുള്ള കഴിവാണ് ഒരു കൃതിയെ കാലാതിവര്‍ത്തിയാക്കുന്നത്. 

Saturday, September 11, 2010

ഇന്നലെ നടന്ന ഒരു സംഭവത്തില്‍ കുമാരനുള്ള പങ്ക്

പേര് പഴയതാണെങ്കിലും കുമാരന്‍ യൌവനതീഷ്ണനാണ്. വലിയ ധൈര്യശാലിയായ കുമാരന് ഒരു പൂച്ചയെപ്പോലും പേടിയില്ല. അതില്‍ അഭിമാനം മാത്രമല്ല അല്പം അഹങ്കാരം കൂടിയുണ്ട്, കുമാരന്.

കുമാരനെ സംബന്ധിച്ചിടത്തോളം ഇന്നലത്തെ ദിവസം സംഭവബഹുലമായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടതും, നട്ടുച്ചയ്ക്ക് നടന്നതുമായ സംഭവമിതാണ് : കുമാരന്‍ ഉച്ച സമയത്ത് കോഴിക്കോട് നഗരത്തിലെ ഒരു പ്രധാനപ്പെട്ട ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ മുന്‍പില്‍ ചെറിയ ഒരു ആള്‍കൂട്ടം - ആറേഴു പേര്‍ കാണും. നടുവിലായി ഒരാള്‍ ഫുട്പാത്തില്‍ വീണു കിടക്കുന്നു. ലുങ്കിയും ഷര്‍ടുമാണ് വേഷം. മേല്‍ച്ചുണ്ട് അല്പം പൊട്ടുകയും വീങ്ങുകയും ചെയ്തിട്ടുണ്ട്. കൈകളിലും വസ്ത്രങ്ങളിലും ചളി പറ്റിയിട്ടുണ്ട്. വെയിലിനു നല്ല ചൂടുമുണ്ട്. ഒരാള്‍ ഒരു കുപ്പിയിലെ വെള്ളം അയാളുടെ വായിലേയ്ക്ക് ഒഴിച്ചു കൊടുത്തു. അതു അയാള്‍ക്ക്‌ അല്പം ഉണര്‍വ് നല്‍കിയെന്നു തോന്നുന്നു. അയാള്‍ വേദനയാലെന്നോണം ശബ്ദമുണ്ടാക്കുകയും ചരിഞ്ഞു കിടക്കുകയും ചെയ്തു.

കുമാരന്‍ അടുത്തു നിന്നയാളോട് കാര്യം തിരക്കി. രാവിലെ മുതലേ അയാളവിടെ കിടക്കുകയായിരുന്നെന്നു അവനറിഞ്ഞു. അപ്പോള്‍ കുമാരന്‍ പോലീസിനെ വിവരമറിയിക്കുന്നത് നല്ലതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. അതു കേട്ട ഒരാള്‍ വെറുതെ റിസ്ക്‌ എടുക്കേണ്ട എന്നു അവനെ ഉപദേശിച്ചു. ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഒരാള്‍ക്ക് നേരിടേണ്ടി വന്ന ഭവിഷ്യത്തുകളെ പറ്റി പത്രത്തില്‍ വന്ന വാര്‍ത്തയാണ് മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയത്. ഇനിയുമൊരാള്‍, പോലീസിനെ സംഭവത്തിലേയ്ക്ക് വലിച്ചിഴച്ചാലത്തെ അപകട സാധ്യത വിവരിച്ചു. എന്നാല്‍ ഒരു പൂച്ചയെപ്പോലും ഭയമില്ലാത്ത കുമാരനുണ്ടോ പോലീസിനെ ഭയം? ഉടനെ തന്നെ കുമാരന്‍ തന്റെ മൊബൈലില്‍ നിന്നു 100 - ലേയ്ക്ക് വിളിച്ചു. അപ്രതീക്ഷിതമായി മറ്റെയറ്റത്ത് ഒരു കിളിനാദം. കുമാരന്‍ കാര്യം പറഞ്ഞു. സംഭവമെവിടെയാണെന്നു അവര്‍ അന്വേഷിച്ചു. കുമാരന് കൃത്യമായി സ്ഥലം പറയാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അടുത്തു നിന്നയാള്‍ കുമാരനെ അടുത്തുള്ള കെട്ടിടത്തിലെ ബാര്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു. കുമാരന്‍ അതു അടയാളമായി പറഞ്ഞു. ഉടനെത്തന്നെ പോലീസിനെ അറിയിക്കാമെന്ന് പറഞ്ഞ് മറ്റെയറ്റത്ത് കോള്‍ നിര്‍ത്തി.

അപ്പോഴേയ്ക്കും കുമാരന് അവിടെ നായകസ്ഥാനം ലഭിച്ചിരുന്നു. കുമാരന്‍ വീണു കിടന്നയാളെ വെയിലത്ത് നിന്നു തണലിലേക്ക്‌ മാറ്റി കിടത്താന്‍ ശ്രമിച്ചു.  അപ്പോള്‍ അവനെക്കാള്‍ പ്രായം കുറഞ്ഞ എന്നാല്‍ അവനെപ്പോലെ തന്നെ  യൌവനതീഷ്ണരായ മൂന്നു പേര്‍ അവനെ സഹായിക്കാന്‍ മുന്നോട്ടു വന്നു. അവര്‍ അയാളെ പിടിച്ചു തണലിലേക്ക്‌ മാറ്റിക്കിടത്തി.

പെട്ടെന്നു ഒരാള്‍ അങ്ങോട്ട്‌ വരികയും വീണു കിടന്നയാളോട് സംസാരിക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. തണലിലെത്തിയപ്പോഴെയ്ക്കും അയാളുടെ സ്ഥിതി കുറച്ചു കൂടെ മെച്ചപ്പെട്ടിരുന്നു. അയാള്‍ പതിയെ സംസാരിച്ചു തുടങ്ങി. തമിഴിലായിരുന്നു സംസാരം. അല്പസ്വല്പം തമിഴറിയാവുന്ന കുമാരന്‍ അപ്പോള്‍ അവിടെ വന്നയാളുമായ് സംസാരിച്ചു. വീണു കിടക്കുന്നയാളുടെ പരിചയക്കാരനായിരുന്നു അയാള്‍. സംസാരത്തില്‍ നിന്നും മദ്യമായിരുന്നു വില്ലന്‍ എന്നു കുമാരന് മനസ്സിലായി.

കുമാരന്‍ തിരക്കില്‍ നിന്നും അല്പം മാറി നിന്നു. വീണുകിടന്നയാളെ തണലിലേക്ക്‌  മാറ്റി കിടത്താന്‍ സഹായിച്ച മൂന്നു പേരും അവനെ സമീപിച്ചു. അതിലൊരുവന്‍ കുമാരന്റെ കൈ പിടിച്ചു നന്ദി പറഞ്ഞു. അവന്റെ കണ്ണുകളിലെ അതിരറ്റ സന്തോഷം കുമാരന്‍ ശ്രദ്ധിച്ചു. അവനെന്തിന് ഇത്രയധികം സന്തോഷിയ്ക്കുകയും തന്നോടു നന്ദി പറയുകയും ചെയ്യുന്നു? ബാല്യം കൈവിടാത്ത അവരിലെ സന്തോഷം കുമാരനിലെയ്ക്കും പടര്‍ന്നു. അവര്‍ സന്തോഷത്തോടെ പിരിഞ്ഞു. അപ്പോഴും പോലീസ് എത്തിയിട്ടുണ്ടായിരുന്നില്ല.

ഒരു നല്ല കാര്യം ചെയ്യുന്നതിനോടനുബന്ധിച്ചു ഉണ്ടാകാവുന്ന ഏറ്റവും മോശപ്പെട്ട കാര്യം നല്ലതു ചെയ്യുന്നു എന്ന വിചാരമാണെന്ന് ഏതോ ബ്ലോഗ്ഗര്‍ എഴുതിവെച്ചത് കുമാരന്റെ മനസ്സില്‍ ഓടിയെത്തി. ആ വിചാരം എങ്ങനെ ഒഴിവാക്കാം എന്നു ചിന്തിച്ച് കുമാരന്‍ പിന്നെയും ഫുട്പാത്തിലൂടെ നടന്നു.   

Sunday, September 5, 2010

ഞാന്‍ പിടിച്ച മുയലിന് സത്യമായിട്ടും മൂന്നു കൊമ്പുകളുണ്ടായിരുന്നു!

അതെ പ്രിയപ്പെട്ടവരേ, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സംഭ്രമജനകമായ ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഇതു കേള്‍ക്കുന്നവരില്‍ ചെറിയൊരു ശതമാനം പേരെങ്കിലും ഇതിലെ ഗുണപാഠം ഉള്‍ക്കൊണ്ടാല്‍ ഞാന്‍ കൃതാര്‍ഥനായി.

പ്രധാന സംഭവം നടക്കുന്നത് ആറു മാസം മുന്‍പാണെങ്കിലും ഒരു വര്‍ഷം മുന്‍പു മുതലുള്ള കാര്യങ്ങള്‍ പറഞ്ഞാലേ കഥ പൂര്‍ണ്ണമാകൂ. കൂട്ടിനാരുമില്ലാത്തതിനാല്‍ ഒരു മുയലിനെ വളര്‍ത്തണമെന്ന അതിയായ മോഹം എന്നില്‍ മുളച്ച സമയമായിരുന്നു അത്. ഒട്ടനവധി മുയല്‍ വില്പ്പനക്കാരെയും അവര്‍ വളര്‍ത്തുന്ന ഒരുപാടു മുയലുകളേയും ഞാന്‍ കണ്ടു. എന്നാല്‍ അവയൊന്നും എന്റെ സങ്കല്‍പ്പത്തിലുള്ള മുയലിന്റെ ഏഴയലത്തുപോലും എത്തുന്നവയായിരുന്നില്ല. മുയലിനെ അന്വേഷിച്ച് അന്വേഷിച്ച് ആറു മാസം കടന്നുപോയി. അങ്ങനെ ഒരു ദിവസം ഒരു മുയല്‍ വില്‍പ്പനക്കാരനെ കണ്ട് നിരാശനായി ഞാന്‍ നാട്ടുവഴിയിലൂടെ വീട്ടിലേയ്ക്കു നടക്കുകയായിരുന്നു. പെട്ടെന്നു ഒരു മുയല്‍ എന്റെ കുറുകെ ചാടി. ഒറ്റനോട്ടത്തില്‍ തന്നെ അതിനെ എനിയ്ക്ക് ബോധിച്ചു. ഞൊടിയിടയ്ക്കുള്ളില്‍ ഞാനതിനെ ചെവിയില്‍ പിടിച്ചു പൊക്കി. പക്ഷെ സുഹൃത്തുക്കളെ, നിങ്ങള്‍ മിക്കവരും ഊഹിച്ച പോലെ, ചെവിയിലാണെന്നു കരുതി ഞാന്‍ പിടിച്ചത് അതിന്റെ കൊമ്പിലായിരുന്നു. അതിന്റെ ചെവികളുടെ സ്ഥാനത്ത് രണ്ടു കൊമ്പുകളായിരുന്നു. പോരാത്തതിന് രണ്ടു കൊമ്പുകളുടേയും നടുവിലായി ചെറിയ ഒരു മുഴ പോലെ മൂന്നാമതൊരു കൊമ്പു കൂടി അതിനുണ്ടായിരുന്നു!

അത് രക്ഷപ്പെടാനുള്ള ഒരു ശ്രമം പോലും നടത്താത്തത് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി. ഞാന്‍ നിലത്തിരുന്ന് അല്പം കരുതലോടെ അതിനെ എന്റെ മുന്‍പില്‍ വച്ചു. എന്നെ അന്ധാളിപ്പിച്ചുകൊണ്ട്‌ അത് സംസാരിച്ചു തുടങ്ങി.

മുയല്‍: "ഹലോ സന്ദീപ്‌."
ഞാന്‍: "എന്റെ പേരെങ്ങനെ മനസ്സിലായി?"
[ഇതു അല്പം വിറയലോടെയാണ് ചോദിച്ചതെന്ന് ഞാനോര്‍ക്കുന്നു. അതു കാരണമാവാം പ്രത്യഭിവാദ്യം ചെയ്യാന്‍ പോലും മറന്നു.]
മുയല്‍: "അതവിടെ നില്‍ക്കട്ടെ. എനിയ്ക്കു വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോടു പറയാനുണ്ട്."
ഞാന്‍: "പറയൂ."
മുയല്‍: "ഞാനിപ്പോള്‍ ഒരു സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിയ്ക്കുകയാണ്."
[അപ്പോഴേയ്ക്കും സമനില കൈവരിച്ച ഞാന്‍ മനസ്സില്‍ കണക്കു കൂട്ടലുകള്‍ തുടങ്ങിയിരുന്നു. ആറു മാസത്തെ അനുഭവം കൊണ്ട് മുയല്‍ ബിസ്സിനസ്സിന്റെ ഗുട്ടന്‍സ് മനസ്സിലാക്കിയ ഞാന്‍ മുയലിനെ വളര്‍ത്താനുള്ള മോഹം മാറ്റിവെച്ച് അതിനെ എങ്ങനെയെങ്കിലും വില്‍ക്കാന്‍ തീരുമാനിച്ചു. അതിന്റെ കൊമ്പിനു തന്നെ നല്ല ഒരു വില കിട്ടും. അതിനാല്‍ മുയല്‍ 'സാമ്പത്തിക പ്രതിസന്ധി' എന്നു പറഞ്ഞപ്പോള്‍ എനിയ്ക്കു ചിരിയാണ് വന്നത്.]
ഞാന്‍: "അതിനു എനിയ്ക്കെന്തു ചെയ്യാന്‍ കഴിയും?"
മുയല്‍: "എന്റെ മൂന്നു കൊമ്പുകളും വില്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. അതിനു നിങ്ങളെന്നെ സഹായിക്കണം. കമ്മീഷന്‍ തരാം."
[മനസ്സിലിരിപ്പ് പുറത്തറിയിക്കാതെ ഞാന്‍ മുഖത്ത് ഗൌരവഭാവം വരുത്തി.]
ഞാന്‍: "ശരി. പക്ഷെ നിന്റെ കൊമ്പിനു നല്ല വില കിട്ടുമെന്ന് എന്തുറപ്പ്?"
മുയല്‍: "എന്റെ കൊമ്പുകള്‍ ഒന്നാംതരമാണ്. അതെനിയ്ക്കറിയാം. വേണമെങ്കില്‍ നിങ്ങള്‍ പരിശോദിച്ചോളൂ."
മുയലിനെ ബോധിപ്പിക്കാനായി ഞാനതിനെ മടിയില്‍ വച്ചു. എന്നിട്ട് കൊമ്പുകള്‍ പരിശോദിക്കുന്നതായി ഭാവിച്ചു. എന്നാല്‍ പെട്ടെന്നു അതു തല പുറകോട്ടു വലിച്ച് കൊമ്പുകള്‍ കൊണ്ട് എന്നെ ആഞ്ഞു കുത്തി. ബോധം മറയുമ്പോള്‍ മുയല്‍ ഓടിപ്പോകുന്നതായി ഞാന്‍ കണ്ടു.

ബോധം തിരിച്ചു വന്നപ്പോള്‍ ഞാന്‍ ആശുപത്രിയിലാണ്. എന്റെ കരളില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നു ഡോക്ടറില്‍ നിന്ന് ഞാനറിഞ്ഞു. നിങ്ങളോടിപ്പോള്‍ പറഞ്ഞപോലെ തന്നെ നടന്ന സംഭവം ഞാന്‍ ഡോക്ടറോട് വിശദീകരിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ ഞാന്‍ പറഞ്ഞതൊന്നും ഡോക്ടര്‍ വിശ്വസിച്ചില്ല. ആറു മാസത്തെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് ഞാന്‍ ഇവിടെ തിരിച്ചെത്തിയത്‌. ശരീരത്തിലേറ്റ മുറിവ് ഏതാണ്ടുണങ്ങിയെങ്കിലും മനസ്സിലെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.

നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവുമെങ്കിലും കഥയുടെ പൂര്‍ണതയ്ക്കായി ഗുണപാഠം ഇവിടെ ചേര്‍ക്കട്ടെ.
ഗുണപാഠം: കൊമ്പുള്ള മുയലിനെ ഒരിയ്ക്കലും പിടിയ്ക്കരുത്. അഥവാ പിടിച്ചാല്‍ തന്നെ മുയല്‍ പറയുന്നത് വിശ്വസിക്കരുത്. ഉടനെ തന്നെ വിറ്റു കളയണം.