Friday, January 2, 2015

ഭ്രാന്തൻ

ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഒരു ഭ്രാന്തന്റെ കഥയാണിത്.

എവിടെനിന്നോ എപ്പോഴാ ഞങ്ങളുടെ നാട്ടിലെത്തിയതാണ് ഭ്രാന്തൻ. ആർക്കും ഭ്രാന്തന്റെ പേരറിയില്ല. ആർക്കും അറിയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയതുമില്ല. ഭ്രാന്തൻ സംസാരിക്കുമോ എന്നാർക്കും അറിയില്ല. അയാൾ സംസാരിക്കുന്നത് ആരും ഇതുവരെ കേട്ടിട്ടില്ല. പൊതുവെ ആരോഗ്യവാനാണെങ്കിലും നാറാണത്തു ഭ്രാന്തനെപ്പോലെ വലിയ കല്ല്‌ കുന്നിൻമുകളിലേക്ക് ഉരുട്ടിക്കയറ്റാനുള്ള കായബലമൊന്നും ഭ്രാന്തനുണ്ടായിരുന്നില്ല. എന്നാൽ നാറാണത്തുഭ്രാന്തൻ ചെയ്തിരുന്നതു പോലെ ഉറുമ്പുകളെ എണ്ണിക്കൊണ്ടിരിക്കുക ഭ്രാന്തന്റെ ഒരു വിനോദമായിരുന്നു. വരി വരിയായ് പോകുന്ന ഉറുമ്പുകളെ മണിക്കൂറുകളോളം ഭ്രാന്തൻ എണ്ണിക്കൊണ്ടിരിക്കുന്നത് കുട്ടികളായിരുന്ന ഞങ്ങൾ കണ്ടിട്ടുണ്ട്.

പൊതുവെ ഭ്രാന്തന്മാരെ കല്ലെറിയുന്നതും മറ്റും കുട്ടികളുടെ ഒരു വിനോദമായാണല്ലോ ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ഞങ്ങൾക്ക് ഈ ഭ്രാന്തനെ വലിയ കാര്യമായിരുന്നു. അതിന് കാരണവുമുണ്ട്. ഞങ്ങൾക്കെത്തിപ്പെടാൻ പറ്റാത്ത മാവിന്റെ തുഞ്ചത്ത് കയറി മാങ്ങ പറിച്ചു തരിക, കയറു കൊണ്ടുക്കൊടുത്താൽ ഊഞ്ഞാൽ കെട്ടിത്തരുക തുടങ്ങി ഒരുപാടു കാര്യങ്ങൾ ഞങ്ങൾക്കയാൾ ചെയ്തു തന്നു. ഭ്രാന്തന്റെ മുഖത്ത് രണ്ടു ഭാവങ്ങൾ മാത്രമേ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞുള്ളു; ഒന്നുകിൽ നിസംഗത അല്ലെങ്കിൽ അത്ഭുത ഭാവം. ദുഖമോ നിരാശയോ ഒരിക്കൽപോലും ഭ്രാന്തനെ അലട്ടിയില്ലെന്നു തോന്നി. ചേട്ടന്റെ കൂടെ പുഴയിൽ കുളിക്കാൻ പോയ നാലു വയസ്സുകാരനായ കുഞ്ഞൂസിനെ പുഴയിൽ മുങ്ങിത്താഴുമ്പോൾ രക്ഷിച്ച ഭ്രാന്തനോട് നാട്ടുകാർക്കും കുറച്ചൊക്കെ സഹാനുഭൂതി ഉണ്ടായിരുന്നു.

തണുപ്പായാലും ചൂടായാലും ഒരു ലുങ്കിയും ചുമലിലൊരു തോർത്തുമുണ്ടുമായിരുന്നു ഭ്രാന്തന്റെ വേഷം. മറ്റു ഭ്രാന്തരിൽ നിന്ന് ഞങ്ങളുടെ ഭ്രാന്തനെ വ്യത്യസ്തനാക്കിയത് വൃത്തിയായിരുന്നു. അക്വാഡക്റ്റിന്റെ കീഴിലായിരുന്നു ഭ്രാന്തന്റെ ഉറക്കം. സൂര്യനുദിക്കുന്നതിനു മുൻപേ ഉണർന്ന് പുഴയിൽ കുളിക്കുന്ന ഭ്രാന്തൻ തോർത്തുമുണ്ടുടുത്ത് ലുങ്കിയും അടിവസ്ത്രവും അലക്കി നന്നായ് പിഴിഞ്ഞ് മണലിൽ വിരിച്ചിടും. എന്നിട്ട് പുഴയിലേയ്ക്ക് നോക്കി നിസംഗ ഭാവത്തോടെ ഒരു ഇരിപ്പാണ്. സൂര്യനുദിച്ചു കഴിഞ്ഞാൽ അടുത്തുള്ള ചെറിയ കാട്ടിലേയ്ക്ക് പോയി എന്തെങ്കിലും പഴങ്ങളൊക്കെ പറിച്ചു കഴിക്കും. അങ്ങനെ കാട്ടിലൂടെ ചുറ്റിക്കറങ്ങി തിരിച്ചെത്തുമ്പോഴേയ്ക്കും വസ്ത്രങ്ങൾ ഉണങ്ങിക്കാണും . പിന്നീടവ ധരിച്ച് തോർത്തുമുണ്ട് ചുമലിലിട്ട് നാട്ടിൽ എങ്ങോട്ടെന്നില്ലാതെ കറങ്ങി നടക്കും. പകലെപ്പോഴെങ്കിലും ഏതെങ്കിലും വീട്ടുകാർ ഭക്ഷണം കൊടുക്കും. എന്തു കൊടുത്താലും കഴിക്കും. ദിവസം ഒരു തവണ മാത്രമേ ഭ്രാന്തൻ ഇങ്ങനെ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അതിനാൽ ഭ്രാന്തൻ ഭക്ഷണം നിരസിച്ചാൽ അന്ന് അതിനു മുൻപ് ഭക്ഷണം കഴിച്ചു എന്ന് കൊടുക്കുന്നവർക്ക് മനസ്സിലാകും. മാസത്തിലൊരു തവണ ഭ്രാന്തൻ ബാർബറായ കുമാരേട്ടൻ കടയ്ക്ക് മുൻപിൽ കട അടയ്ക്കുന്നതിന് തൊട്ടു മുൻപ് പോയ്‌ നില്ക്കും. വളർന്നു തുടങ്ങിയ മുടിയും താടിയും മീശയും കുമാരേട്ടൻ ഒരു ഭിക്ഷയായ്‌ വെട്ടിക്കൊടുക്കും.

ഭ്രാന്തനുമായ് ബന്ധപ്പെട്ട ഒരുപാട് കഥകൾ ഞങ്ങളുടെയൊക്കെ മനസ്സിലുണ്ട്. ചിലതൊക്കെ നേരിട്ടറിഞ്ഞതും ബാക്കി പറഞ്ഞറിഞ്ഞതും. ഒരുപാട് കെട്ടുകഥകളും ഭ്രാന്തന്റെ പേരിൽ പ്രചരിക്കപ്പെട്ടു. നേരിട്ട് അറിഞ്ഞ ഒരു കഥയാണ്‌ ഇനി പറയുന്നത്.

പുഴക്കരയിൽ ഒരു വീടുണ്ട്. അച്ഛനും അമ്മയും ഒരു എഴുവയസ്സുകാരനുമായ മകനുമാണ് അവിടെ താമസം. അവധിക്കാലമായതിനാൽ അവരുടെ ഒരു ബന്ധുവായ ഒരു കുട്ടി അവിടെ താമസിക്കാൻ വന്നു. അവൾ പട്ടണത്തിലുള്ള ഒരു കോളേജിൽ ബിരുദ വിദ്യാർഥിയാണ്. അവൾ വന്നതിന്റെ പിറ്റേ ദിവസം നേരം പുലരുന്നതിനു മുൻപ് എഴുവയസ്സുകാരനെയും കൂട്ടി പുഴയിൽ കുളിക്കാൻ വന്നു. കുളി കഴിഞ്ഞ് തിരിച്ചു വരാൻ നോക്കുമ്പോഴാണ് അവൾ ഭ്രാന്തനെ കണ്ടത്. അയാൾ തന്റെ പതിവുള്ള കുളി കഴിഞ്ഞ് തോർത്തുമുണ്ടുടുത്ത് നിസംഗതയോടെ പുഴയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. അയാൾ ഭ്രാന്തനാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. അയാൾ അവളെത്തന്നെ തുറിച്ചു നോക്കുന്നതായ് അവൾക്ക് തോന്നി. ധൈര്യശാലിയായ അവൾ ഭ്രാന്തന്റെ അടുത്തു വന്ന് തുറിച്ചു നോക്കുന്നതെന്തെന്ന് ചോദിച്ചു. ഭ്രാന്തൻ നിസംഗതയോടെ അവളെ നോക്കുക മാത്രം ചെയ്തു. ഭ്രാന്തനെ തെറ്റിദ്ധരിച്ച അവൾ അയാളെ കാലെടുത്ത് ചവിട്ടുകയും എഴുവയസ്സുകാരനെയും കൂട്ടി വീട്ടിലേയ്ക്ക് ഓടിപ്പോവുകയും ചെയ്തു.

വീട്ടിലെത്തിയ അവൾ ഭ്രാന്തനെപ്പറ്റിയുള്ള കാര്യങ്ങളറിയുകയും തന്റെ പ്രവർത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്തു. അതിനാലാവണം പിന്നീടുള്ള എല്ലാ ദിവസവും അവൾ ഭ്രാന്തന് എന്തെങ്കിലുമൊക്കെ കഴിക്കാൻ കൊണ്ടുക്കൊടുത്തു. അവളുടെ മുഖത്തുപോലും നോക്കാതെ അയാൾ അവൾ കൊടുക്കുന്നത് വാങ്ങി കഴിക്കുകയും ചെയ്തു പോന്നു. അവധിക്കാലത്തിന്റെ അവസാന ദിവസം രാവിലെ അവൾ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകാൻ തയ്യാറായി. പോകുന്നതിനു മുൻപ് ഭ്രാന്തനെ ഒന്നു കാണാമെന്നുവെച്ച് അവൾ പുഴക്കരയിലെയ്ക്ക് പോയി. ഭ്രാന്തനപ്പോൾ വരി വരിയായ് പോകുന്ന ഉറുമ്പുകളെ എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ അടുത്തെത്തിയ അവൾ ഭ്രാന്തനോട് "എന്തിനാ ഇങ്ങനെ എണ്ണുന്നത്?" എന്നു ചോദിച്ചു. അയാൾ തലയുയർത്തി അവളെ നോക്കി ഒന്നു ചിരിക്കുകയും എണ്ണൽ തുടരുകയും ചെയ്തു. ആ ഭിക്ഷയും സ്വീകരിച്ച് അവൾ തിരിച്ചു പോയി. ഭ്രാന്തൻ അതിനു മുൻപോ അതിനു ശേഷമോ ചിരിച്ചതായി ഞങ്ങൾക്കറിവില്ല.

No comments:

Post a Comment