Wednesday, November 21, 2018

പോള

പോള പൂത്തുലുഞ്ഞൊ-
രാറ്റിലെപ്പരപ്പിൽ 
കാറ്റുവന്നതും നോക്കിനിന്നൊരു 
കുട്ടിയായി നീയും .

കാറ്റിലായുമാ പൂവിതളുകൾ 
നിന്റെ കണ്ണിലല്ലോ 
കാത്തുവച്ചൊരു മോഹമുത്തൊരു 
ചെപ്പിലായപോലെ !



ആത്മപ്രശംസ


അച്ഛന്റെയും അമ്മയുടെയും കുമാരിയുടെയും മകളുടെയും മുൻപിൽ വെച്ച് ഒരു വൈകുന്നേരം കുമാരൻ പ്രഖ്യാപിച്ചു: "ഞാൻ വലിയ സംഭവമാണ്. എന്നാൽ ഇത് പറഞ്ഞു നടക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ഇൻ അദർ വേർഡ്‌സ്, ആത്മപ്രശംസ എനിക്കിഷ്ടമല്ല!"

Wednesday, June 27, 2018

പോണ്ട

കുമാരനും കുമാരിയും കല്യാണത്തിനു ശേഷം ആദ്യം പോയത് ഗോവയിലേക്കാണ്. ഗോവയിലെത്തിയപ്പോൾ കുമാരി ചോദിച്ചു:
"പോണ്ടേ പോണ്ടേ?"
"പോണ്ട പോണ്ട", കുമാരന്റെ മറുപടി.
"പോണ്ടേ പോണം!", കുമാരി വാശി പിടിച്ചു.
അങ്ങനെ അവർ പോണ്ടയിലേയ്ക്ക് പോയി.

Wednesday, April 25, 2018

ചിത്രം 18 : ലഘുത്വം


ശരീരം ഭുമിയിലുപേക്ഷിച്ച് ഒരു നിർവൃതി മാത്രമായി ഉയരങ്ങളിലൂടെ ഒഴുകിപ്പരക്കുന്നവൻ.

Wednesday, April 4, 2018

വൗ

'വൗ' എന്നല്ലാതെന്തുച്ചരിക്കാൻ
മരണമോർത്തങ്ങിരിക്കുമ്പോൾ!  

Tuesday, March 6, 2018

ജന്മം

ഇതെന്റെ നാലാമത്തെ ജന്മമാണ്.

ഒന്നാമത്തെ ജന്മത്തിൽ ഞാനൊരു കഴുതയായിരുന്നു. ഒരു ദിവസം, വലിയൊരു ഭാണ്ഡക്കെട്ടുമായി യജമാനന്റെ കൂടെ പോകുമ്പോൾ വഴിയരികിൽ ഒരു കുട്ടി കരയുന്നതു കണ്ടു. കൂടെയൊരു പൂച്ചയുമുണ്ടായിരുന്നു. എനിക്കു സങ്കടം വന്നു. ഭാണ്ഡക്കെട്ട് കൊടുത്താൽ കുട്ടി കരച്ചിൽ നിർത്തുമെന്നു കരുതി ഞാനത് നിലത്തേക്ക് വീഴ്ത്തി. അത് പൂച്ചയുടെ മുകളിൽ വീഴുകയും പൂച്ച മരിക്കുകയും ചെയ്തു. ഭാണ്ഡക്കെട്ട് പൊട്ടിച്ചതിന് യജമാനനെന്നെ തല്ലിക്കൊന്നു.

രണ്ടാമത്തെ ജന്മത്തിൽ ഞാനൊരു ക്രൂരനായ വ്യാപാരിയായിരുന്നു. വളരെ വയസ്സായതിനു ശേഷമുള്ള സ്വാഭാവികമായ മരണമായിരുന്നു എന്റേത്.

മൂന്നാമത്തെ ജന്മത്തിൽ ഞാനൊരു പൂച്ചയായിരുന്നു. ഒരു ദിവസം, എന്റെ കൂട്ടുകാരനായ കുട്ടിയുമായി കളിക്കുമ്പോൾ, അവനു വീണു പരിക്കു പറ്റുകയും അവൻ കരയുകയും ചെയ്തു. അപ്പോൾ അതിലെ വന്ന ഒരു കഴുതയുടെ പുറത്തുള്ള ഭാണ്ഡക്കെട്ട് എന്റെ ദേഹത്തു വീണു.

ഇതെന്റെ നാലാമത്തെ ജന്മമാണ്. ഇന്നലെ വരെ ഞാനൊരു വൃദ്ധ വ്യാപാരിയുടെ ജോലിക്കാരനായിരുന്നു. ഇന്നദ്ദേഹം മരിച്ചു. ഞാനിന്ന് തൊഴിൽരഹിതനായി വീട്ടിലേക്ക് വന്നതേയുള്ളൂ. എത്രയോ കാലത്തിനു ശേഷമാണ് ഞാൻ വീട്ടിലെത്തുന്നത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഞാനെന്റെ കുട്ടിക്കാലത്തെ സുഹൃത്തായ പൂച്ചയെ കുറിച്ചോർക്കുന്നു.

Saturday, January 27, 2018

മുറ്റം

വളരെ വിശാലമായ മുറ്റമാണ് കുമാരന്റെ വീടിനുള്ളത്. ഒരു തണുപ്പു കാലത്ത് കുമാരൻ മുറ്റം മുഴുവൻ ടൈൽ പതിച്ചു. ചുവപ്പും കറുപ്പും ഇടകലർന്ന പോളിഷ് ചെയ്ത ടൈലുകൾ മുറ്റം സുന്ദരമാക്കി. ദിവസവും മുറ്റം അടിച്ചുകഴുകുന്നത് കുമാരൻ പതിവാക്കി. പുറത്തു പോയി വരുമ്പോൾ ഗേറ്റിനടുത്തുവച്ചു തന്നെ ചെരുപ്പൂരി കൈയിൽ പിടിച്ചാണ് കുമാരൻ വീട്ടിൽ കയറുന്നത്. ഇതൊന്നും വീട്ടിലെ മറ്റുള്ളവർ ചെയ്യാറില്ല എന്നു മാത്രമല്ല കുമാരൻ ഇങ്ങനെ ചെയ്യുന്നത് നോക്കി ഊറിച്ചിരിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ വേനൽക്കാലമായി. ടൈലുകൾ കാരണം വീട്ടിലെ ചൂട് വളരെയധികം കൂടി. കുമാരൻ ചിന്താകുലനായി. അങ്ങനെ ഒരു ദിവസം കുമാരൻ പറമ്പിൽ നിന്നും മണ്ണെടുത്ത് നല്ല കട്ടിയിൽ ടൈലുകൾക്ക് മുകളിൽ വിരിച്ചു. ഇത് ചൂടിന് അല്പം ആശ്വാസം നൽകിയെങ്കിലും നല്ലൊരു വേനൽമഴ പെയ്തപ്പോൾ മുറ്റം മുഴുവൻ ചളിയാകുകയും അത് കുമാരന് വളരെയധികം മനപ്രയാസം ഉണ്ടാക്കുകയും ചെയ്തു.

ചിത്രം 16: മരം

കൊഴിഞ്ഞുപോകുന്നിലകൾ 
പറന്നകലും കിളികൾ 
മരത്തിലാകെ ഞാനും 
മരച്ചുവട്ടിൽ നീയും 

Monday, January 15, 2018

ചിത്രം 15 : ചൂൽ

സ്വന്തം പൊടി അടിച്ചു വൃത്തിയാക്കുന്ന പുൽച്ചൂൽ.