കുറച്ചുകാലമായി ഹങ്കറിയിലെ ബുഡാപെസ്റ്റിലാണുള്ളത്. ചില രസകരമായ കാര്യങ്ങൾ:
ഇവിടത്തെ ഭാഷ ഹംഗേറിയൻ (മാഗ്യാർ) ആണ്. ഒരുപാട് നന്ദി പറയുന്നതിന് ഇവിടെ ആളുകൾ 'കൊസനം സീപെൻ' എന്നു പറയുന്നു. അതിലും കുറച്ചാണ് നന്ദിയെങ്കിൽ 'കൊസനം' എന്നും ഇനിയും കുറച്ചാണെങ്കിൽ 'കൊസി' എന്നും ചെറിയ നന്ദി മാത്രമാണെങ്കിൽ 'കൊസ്' എന്നും പറയുന്നു. എന്റെ ഒരു സഹപ്രവർത്തകൻ 'കൊ', 'ക്' എന്നീ രണ്ടു വാക്കുകൾ കൂടി കൂട്ടികൂട്ടിച്ചേർത്ത് ഇത് വിപുലീകരിച്ചിട്ടുണ്ട്.
****
കുറച്ചുകാലത്തിനിടയിലുള്ള ഏറ്റവും കടുത്ത ശൈത്യമാണ് ഈവർഷം അനുഭവപ്പെട്ടത്. ചില ദിവസങ്ങളിൽ തണുപ്പ് -9 ഡിഗ്രി സെൽഷ്യസ് മുതൽ -17 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു ചൂട് (തണുപ്പ്). ഏറ്റവും കുറഞ്ഞ ചൂട് +7 ഡിഗ്രി സെൽഷ്യസ് വരെ മാത്രം അനുഭവിച്ചിട്ടുള്ള എനിക്ക് വളരെ കോരിത്തരിപ്പ് ഉളവാക്കുന്ന അനുഭവമായിരുന്നു ഇത്. കരകളാൽ ചുറ്റപ്പെട്ട രാജ്യമാണ് ഹങ്കറി.
****
ഡാന്യൂബ് നദിയുടെ കരയിലാണ് ബുഡാപെസ്റ്. ഒരു വശത്ത് ബുഡയും മറുവശത്ത് പെസ്റ്റും. ബുഡാപെസ്റ്റിൽ ഡാന്യൂബിനു കുറുകെ 8 പാലങ്ങളുണ്ട്. പുഴയിൽ പറവകൾ കൂട്ടമായി വന്നിരുന്ന് ഒഴുക്കിനൊത്ത് ഒഴുകും. ഒഴുകുന്നതിനിടയിൽ ഭക്ഷണയോഗ്യമായതെന്തെങ്കിലും കിട്ടിയാൽ അകത്താക്കും. കുറച്ച് ഒഴുകി മുന്നോട്ടെത്തിയാൽ പുറകിലേക്ക് പറന്ന് ഇത് തുടരും. എല്ലാ പുഴയിലും ഇങ്ങനെയൊക്കെ ഉണ്ടാകുമായിരിക്കും. ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്.
 |
| പറവകളെവിടെ? |
****
ഒരു ദിവസം ഒരു വളർത്തുനായ തന്റെ ഉടമസ്ഥനെ ഒരു പെറ്റ് ഷോപ്പിലേക്ക് പോകാൻ നിർബന്ധിക്കുന്നതു കണ്ടു.
 |
| Danube bend. ബുഡാപെസ്റ്റിൽ നിന്നും ഒരു മണിക്കൂർ ട്രെയിൻ യാത്ര ചെയ്താൽ ഇവിടെയെത്താം. |
****
പഴയ കെട്ടിടങ്ങളുടെ നഗരമാണ് ബുഡാപെസ്റ്റ്. താമസക്കാർ കെട്ടിടങ്ങളുടെ ശതാബ്ദി ഗംഭീരമായിതന്നെ ആഘോഷിക്കാറുണ്ട്.
****
മധ്യയൂറോപ്പിലെ ഏറ്റവും വലിയ തടാകമാണ് ബലാടൊൺ. ബുഡാപെസ്റ്റിൽ നിന്നും രണ്ടു മണിക്കൂറോളം ട്രെയിനിൽ സഞ്ചരിച്ചാൽ ബലാടൊണിലെത്താം. ചില തണുപ്പുകാലത്ത് തടാകം മുഴുവൻ തണുത്തുറയും. ഈ പ്രാവശ്യവും അതു സംഭവിച്ചു. ആയിരക്കണക്കിനാളുകളാണ് തടാകത്തിനുമുകളിലൂടെ സ്കേറ്റിംഗ് നടത്തിയത്. ഞങ്ങളും തടാകത്തിനു മുകളിലൂടെ നടന്നു.
 |
| ഇത് ഞങ്ങളല്ല. |
****
ലോകത്ത്എ ഏറ്റവും കൂടുതൽ എസ്‌കേപ്പ് റൂംസ് ഉള്ള നഗരങ്ങളിലൊന്നാണ് ബുഡാപെസ്റ്റ്. കൂട്ടമായി ചെയ്യാവുന്ന ഒരു കളിയാണിത്. ഒരു മണിക്കൂറിനുള്ളിൽ ഒരു മുറിയിൽ നിന്ന് പുറത്തു കടക്കുക എന്നുള്ളതാണ് ദൗത്യം. അതിനിടയിൽ ഒരുപാട് പ്രശ്നങ്ങൾക്ക്ക്ക് യുക്തിയുപയോഗിച്ച് ഉത്തരം കാണേണ്ടിവരും.
സഹപ്രവർത്തകരോടൊത്ത്കഴിഞ്ഞ ഒക്ടോബർ മുപ്പതിന് എസ്‌കേപ്പ് ഗെയിം കളിക്കാൻ ഞാൻ തീരുമാനിച്ചു. തലേ ദിവസം കൂട്ടത്തിലൊരാൾ എല്ലാവർക്കുമായി ഒരു മെയിൽ അയച്ചു: അടുത്ത ദിവസം ഡേ ലൈറ്റ് സേവിങ് ടൈം കഴിയുകയാണെന്നും അതിനാൽ രാത്രി ഒരു മണിക്കൂർ അധികമുണ്ടെന്നും. ഭൂമധ്യ രേഖയിൽ നിന്നും അകന്ന് കഴിയുന്നവർ തണുപ്പുകാലമൊഴിച്ചുള്ള കാലത്ത്, ജോലി സമയം കഴിഞ്ഞു കൂടുതൽ വെയിൽ കൊള്ളാൻ വേണ്ടി ആവിഷ്കരിച്ച ഈ പരിപാടി എനിക്ക് പുതുതായിരുന്നു. ഞാൻ വിക്കിപീഡിയ പേജുടുത്ത് വായിക്കുകയും ഹങ്കറിയിൽ ഇത് നടപ്പാക്കിയിട്ട് 100 വർഷമായെന്ന് കാണുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്തു. ഫോണിൽ സമയം ഒരു മണിക്കൂർ പുറകോട്ടാക്കാനും ഞാൻ മറന്നില്ല. പിറ്റേ ദിവസം പറഞ്ഞ സമയത്ത് സ്ഥലത്തെത്തിയപ്പോഴേക്കും കൂട്ടുകാർ കളി കഴിഞ്ഞിറങ്ങിയിട്ടുണ്ടായിരുന്നു. ഫോണിൽ സമയം ഓട്ടോമാറ്റിക്കായി മാറുമെന്നകാര്യം അപ്പോഴാണ് ഞാനറിഞ്ഞത്. പിന്നൊരു സാധാരണ ദിവസം മറ്റൊരു ടീമിന്റെ കൂടെ ഒരു എസ്‌കേപ്പ് റൂം ഞാനും കളിച്ചു.