Sunday, December 4, 2011

നിലാവത്തിട്ട കോഴി

നിലാവത്തിട്ട കോഴി എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. ഇതുവരെ കണ്ടിട്ടില്ല. കാണുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നിരിക്കെ കാണാതിരിക്കുന്നതെങ്ങനെ. വീട്ടില്‍ കോഴിയില്ല. അടുത്ത വീട്ടിലുണ്ട്. ഒന്നേയുള്ളൂ, പിടക്കോഴിയാണ്. പക്ഷെ, എങ്ങനെ അതിനെ നിലാവത്ത് തുറന്നുവിടും? എന്തായാലും പൌര്‍ണമിയാകുന്നതുവരെ കാത്തിരിക്കുക തന്നെ.

പൌര്‍ണമിയായി. രാത്രി ഞാന്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ രണ്ടുമണിയായിക്കാണും, ഞാനുണര്‍ന്നു. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് അടുത്ത വീട്ടിലെത്തി. കോഴിക്കൂട് പതുക്കെ തുറന്നു. കോഴി പുറത്തിറങ്ങി. അത്ഭുതം! കോഴിയും ശബ്ദമൊന്നുമുണ്ടാക്കുന്നില്ല. കോഴി നേരെ മുമ്പോട്ടു നടന്നു. എന്നെ കണ്ടില്ലെന്നു തോന്നുന്നു. കുറച്ചു നടന്നപ്പോള്‍ അത് പെട്ടെന്ന് ഇടത്തോട്ടു തിരിഞ്ഞു നടന്നു തുടങ്ങി. എന്തോ വെച്ചുമറന്ന പോലെ കോഴി തലങ്ങും വിലങ്ങും നടന്നു. നടക്കുകയല്ല, ഓടുകതന്നെ. ഏതാണ്ടിതേപോലെതന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചതും. നിലാവത്തിട്ട കോഴിയെ കണ്ടുകഴിഞ്ഞു. ഇനി അതിനെ പിടിച്ചു കൂട്ടിലാക്കണം. പരിചയമുള്ള കോഴിയാണ്. ഞാനടുത്തേക്ക് നടന്നു. കോഴി അല്പം വേഗത്തിലായിരുന്നു. ഞാനും വേഗം കൂട്ടി. ശബ്ദമുണ്ടാക്കാതെ കോഴിയും ഞാനും മുമ്പിലും പുറകിലുമായി ഓടിക്കൊണ്ടിരുന്നു.

കുളത്തിനടുത്തെത്തിയപ്പോഴും എനിയ്ക്ക് കോഴിയെ പിടിക്കാന്‍ കഴിഞ്ഞില്ല. കോഴി കുളത്തിലിറങ്ങി അക്കരയ്ക്കു നീന്തിത്തുടങ്ങി. കുറച്ചു വലിയ കുളമാണ്. റിസ്ക്‌ എടുക്കേണ്ടെന്നു കരുതി ഞാന്‍ കുളക്കരയിലൂടെ അക്കരയ്ക്ക് നടന്നു. ഞാന്‍ അക്കരെയെത്തി, പക്ഷെ കോഴിയെ കാണാനില്ല. അത് കുളത്തില്‍നിന്നു പുറത്തു കടക്കുന്നത്‌ ഞാന്‍ കണ്ടതാണ്, പിന്നെ കാണാനില്ല. ഞാന്‍ ശബ്ദമുണ്ടാക്കാതെ ആ ഭാഗത്തേക്ക് നടന്നു. അപ്പോള്‍ കോഴിയെ കണ്ടു. അത് കുറച്ചു ദൂരെ മാറി ഒരു ഒഴിഞ്ഞ സ്ഥലത്ത് അനങ്ങാതെ നില്‍ക്കുന്നു. തല ഒരു വശത്തേക്കുയര്‍ത്തി ആകാശത്തേക്ക് നോക്കുകയാണ്. ഞാനും ആകാശത്തേക്ക് നോക്കി. പൂര്‍ണ ചന്ദ്രന്‍ ഒരു ലോഭവുമില്ലാതെ നിലാവു പരത്തുന്നു. കോഴി അതേ നില്പ്പിലാണ്. കുറച്ചു നേരം അങ്ങനെ തുടര്‍ന്നു. അപ്പോള്‍ എന്റെ കാലിനടുത്തുനിന്ന് ഒരു കല്ലടര്‍ന്ന് കുളത്തില്‍ വീണു. കോഴി എന്നെ കണ്ടു. അത്ഭുതം! അതെന്റെ അടുത്തേക്ക് ഓടി വന്നു. എന്റെ കാലിലത് മുട്ടിയുരുമ്മി നിന്നു. കോഴി എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതുവരെ അതെന്നെ കണ്ടില്ലായിരുന്നിരിക്കണം. ഞാനതിനെ അരുമയായി കയ്യിലെടുത്തു. ഇനി വീട്ടിലേക്കു മടങ്ങാം.

സമയം രണ്ടര കഴിഞ്ഞു കാണുകയേയുള്ളൂ. കുറച്ചു നേരം ഓടിയതിനാല്‍ അല്പം ക്ഷീണമുണ്ട്. കുറച്ചു നേരം വിശ്രമിക്കുന്നത് നല്ലൊരു ആശയം തന്നെ. ഞാന്‍ കുളപ്പടവില്‍ കിടന്നു. കോഴിയെ നിലത്തു വെച്ചു. ഓടിപ്പോകാതിരിക്കാന്‍ അതിന്റെ കാലില്‍ ചുറ്റിപ്പിടിച്ചു. ചെറുതായി മഞ്ഞു വീഴ്ചയുണ്ട്. അതിന്റെ ശബ്ദമൊഴിച്ചാല്‍ പൂര്‍ണ നിശബ്ദതയാണ്. ചന്ദ്രന്‍ നിറഞ്ഞു നില്‍ക്കുന്നു. എല്ലാം നിലാവില്‍ കുളിച്ചുനില്‍ക്കുന്നു. കുളത്തിലെ ചെറിയ അലകളില്‍ നിലാവെളിച്ചം ഒഴുകിപ്പരക്കുന്നു. സര്‍വ ചരാചരങ്ങളും ആനന്ദിക്കുന്നു. പ്രകൃതി അതിന്റെ പൂര്‍ണത വിളംബരം ചെയ്യുന്ന അപൂര്‍വ സുന്ദര നിമിഷം! എന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ഹൃദയം നിറഞ്ഞു തുളുമ്പുന്നത് കണ്ണുകളിലൂടെയാണോ?

മുഖത്ത് തണുപ്പനുഭവപ്പെട്ടപ്പോള്‍ ഞാനുണര്‍ന്നു. ശരീരം തണുത്തു വിറങ്ങലിച്ചിരിക്കുന്നു. ഞാന്‍ കുളക്കടവിലാണ്. നേരം വെളുത്തുവരുന്നേയുള്ളൂ. രാത്രി നടന്ന സംഭവങ്ങളെല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി. ഒന്നും സ്വപ്നമല്ല. കണ്ണുകള്‍ക്കിരുവശവും കണ്ണുനീരോഴുകിയ പാടുണ്ട്. കോഴിയുടെ കാല്‍ ചുറ്റിപ്പിടിച്ച കൈ അതേ പോലെ തന്നെയുണ്ട്‌. പക്ഷെ, കോഴിയെവിടെ? ഇന്നലെ ഹൃദയത്തില്‍ നിറഞ്ഞ ആനന്ദം ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്നലെ ഉറങ്ങിപ്പോയതാണോ? അതോ ആനന്ദ മൂര്‍ച്ഛയില്‍ ബോധക്ഷയമുണ്ടാകുമോ? ഞാന്‍ പടിയിറങ്ങി, കൈക്കുമ്പിളില്‍ വെള്ളമെടുത്ത് മുഖം കഴുകി. വീട്ടിലേക്ക് പതുക്കെ നടന്നു. ഇടവഴി തുടങ്ങുന്നിടത്തു നിന്ന് വീടു കാണാം. അവിടെയെത്തിയപ്പോള്‍ അമ്മയും അയല്‍ക്കാരിയും മുറ്റമടിക്കുന്നതിനിടയില്‍ ചൂല്‍ കയ്യില്‍ പിടിച്ച് വര്‍ത്തമാനം പറയുന്നതാണ് കണ്ടത്. അയല്‍ക്കാരി ഇങ്ങനെ പറയുന്നതു കേട്ടു: "ഇന്നലെ കോഴിക്കൂടടക്കാന്‍ മറന്നെന്നു തോന്നുന്നു. ഭാഗ്യത്തിന് ഒന്നും അതിനെ പിടിച്ചു കൊണ്ടു പോയില്ല". ഞാന്‍ അടുത്തെത്തിയപ്പോള്‍ അമ്മ ചോദിച്ചു: "പുലര്‍ച്ചെ തന്നെ നീയെവിടെ പോയിരുന്നു?". ഞാന്‍ മുഖത്തു നോക്കാതെ മറുപടി പറഞ്ഞു: "അല്പം നടക്കാന്‍ പോയി; കുറച്ചോടുകയും ചെയ്തു." വീട്ടിലേക്ക് കയറുമ്പോള്‍ കോഴി അടുത്ത പറമ്പില്‍ ചിക്കിപ്പെറുക്കുന്നതു കണ്ടു. എന്നെ തലയൊന്നുയര്‍ത്തി നോക്കിയതിനു ശേഷം അത് ജോലി തുടര്‍ന്നു.

Wednesday, November 2, 2011

ശുദ്ധീകരണം - 2

ചിന്തകളുടെ പ്രളയവും വികാരങ്ങളുടെ വേലിയേറ്റവും അവന്റെ ഹൃദയത്തില്‍ മാലിന്യങ്ങള്‍ നിറച്ചുകൊണ്ടിരുന്നു. സ്വയം ശുദ്ധീകരിക്കാനുള്ള കഴിഞ്ഞ ശ്രമം പൂര്‍ണ വിജയമാകാത്തതിനാല്‍ അവന്‍ വീണ്ടും തപസ്സു തുടങ്ങി.  ഇത്തവണ ദൈവം പെട്ടെന്നു തന്നെ പ്രത്യക്ഷപ്പെട്ടു. തന്റെ ഹൃദയം ശുദ്ധീകരിച്ചു തരണമെന്ന് അവന്‍ ദൈവത്തോട് അപേക്ഷിച്ചു. അങ്ങനെ ചെയ്‌താല്‍ പകരമെന്തു നല്‍കുമെന്ന് ദൈവം ചോദിച്ചു. അല്പമൊന്ന് അന്ധാളിച്ചെങ്കിലും തന്റെ ഹൃദയം തന്നെ നല്‍കാമെന്ന് അവന്‍ പറഞ്ഞു. എന്നാല്‍ ഹൃദയം തന്നില്‍ സമര്‍പ്പിക്കുന്നതും ഹൃദയം ശുദ്ധീകരിക്കുന്നതും രണ്ടു കര്‍മമല്ല എന്ന് ദൈവം ഒരു മന്ദഹാസത്തോടെ പറഞ്ഞു. അവന്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കുമ്പോഴേയ്ക്കും ദൈവം അപ്രത്യക്ഷമായിരുന്നു.

Friday, October 14, 2011

ദാനം

തന്റെ ഒരു കണ്ണ് അവന്‍ രണ്ടു കണ്ണും ഇല്ലാത്ത ഒരാള്‍ക്ക് ദാനം ചെയ്തു. അങ്ങനെ ലോകത്ത് രണ്ടു കണ്ണുള്ളവരുടെ എണ്ണം ഒന്നു കുറയുകയും ഒരു കണ്ണു മാത്രമുള്ളവരുടെ എണ്ണം രണ്ടു കൂടുകയും ചെയ്തു. തന്റെ ഒരു കൈ അവന്‍ രണ്ടു കൈയ്യും ഇല്ലാത്ത ഒരാള്‍ക്ക് ദാനം ചെയ്തു. അങ്ങനെ ലോകത്ത് രണ്ടു കൈയ്യും ഉള്ളവരുടെ എണ്ണം ഒന്നു കുറയുകയും എന്നാല്‍ ഒരു കൈ മാത്രമുള്ളവരുടെ എണ്ണം രണ്ടു കൂടുകയും ചെയ്തു. അവന്‍ തന്റെ കാലിലൊന്നും ദാനം ചെയ്തതിനാല്‍ ഒരു കാല്‍ മാത്രമുള്ളവരുടെയും രണ്ടു കാലുള്ളവരുടെയും എണ്ണത്തില്‍ ലോകത്ത് ഏറ്റക്കുറച്ചിലുണ്ടായി. എന്നാല്‍ ഒരു കണ്ണും ഒരു കൈയ്യും ഒരു കാലും മാത്രമുള്ളവനായി ലോകത്ത് അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

Tuesday, September 27, 2011

അഹങ്കാരവും വിനയവും

അഹങ്കാരം ആത്യന്തികമായി 'ഞാനെന്ന ഭാവ'മാണെങ്കിലും പരിതസ്ഥിതിക്കനുസരിച്ച് അത് ഓരോരുത്തരിലും ഓരോരൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത് - പണമുണ്ടെന്ന അഹങ്കാരം, ബുദ്ധി കൂടുതലാണെന്ന അഹങ്കാരം, ഭംഗിയുണ്ടെന്ന അഹങ്കാരം അങ്ങനെയങ്ങനെ. എന്നാല്‍ ഏറ്റവും ഗുപ്തവും പ്രതിരോധിക്കാന്‍ വിഷമമേറിയതും താന്‍ വിനയാന്വിതയാ(നാ)ണെന്ന അഹങ്കാരമാണ്.

Monday, September 26, 2011

ഒരു മടിയന്റെ പ്രാര്‍ത്ഥന

ദൈവമേ.....

ദൈവമേ, അലാറം കേള്‍ക്കുന്നതിനും ഉറക്കമുണരുന്നതിനും ഇടയില്‍ കണക്കില്‍പെടാത്ത ഒരു മണിക്കൂര്‍, അത് മാത്രമാണ് ഞാനങ്ങയോട് ആവശ്യപ്പെടുന്നത്. മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ്. കരുണാമയനായ അങ്ങേയ്ക്ക് എന്റെ ഈ ദുഃഖം കാണാതിരിക്കാന്‍ കഴിയില്ല. സര്‍വശക്തനായ അങ്ങേയ്ക്ക് അത് നിറവേറ്റിത്തരുന്നത്‌ അസാധ്യവുമല്ല.

ദൈവമേ, ജോലിചെയ്യാതെ ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. എന്റെ വീടിനു ചുറ്റിപ്പറ്റി നടക്കാറുള്ള മണിയന്‍ പൂച്ച ജോലിചെയ്താണോ ജീവിക്കുന്നത്? ഞങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ മൂന്നുനേരവും അവന്‍ ഹാജരുണ്ടാകും. വീട്ടുകാര്‍ സ്നേഹത്തോടെ കൊടുക്കുന്ന ഭക്ഷണം കഴിച്ചാല്‍ പിന്നെ ഉറക്കമാണ്. അവനെന്തിനെയെങ്കിലും പിടിച്ചു തിന്നുന്നത് ഞാന്‍ കണ്ടിട്ടേയില്ല. ഇതെല്ലം വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ എന്നെ വല്ലാതെ നോക്കുക മാത്രമാണ് ചെയ്തത്.

ദൈവമേ, ഒടുവില്‍ വീട്ടുകാര്‍ എങ്ങനെയൊക്കെയോ എനിയ്ക്ക് ഒരു ജോലി വാങ്ങിത്തന്നു. മറ്റൊരു വഴിയുമില്ലാത്തതിനാല്‍ ഞാന്‍ ജോലിയ്ക്കുപോകാന്‍ തുടങ്ങുകയും ചെയ്തു. അപ്പോഴാണ്‌ മറ്റൊരു പ്രശ്നം തലപൊക്കിയത്. മനുഷ്യര്‍ക്ക്‌ എട്ടു മണിക്കൂര്‍ ഉറക്കം വേണം. ഞാന്‍ പറയുന്നതല്ല, ശാസ്ത്രജ്ഞരാണ് ഇങ്ങനെ പറയുന്നത്. സ്രഷ്ടാവായ അങ്ങേയ്ക്ക് ഇത് മറ്റാരേക്കാളും അറിയുമായിരിക്കുമല്ലോ? പക്ഷെ എന്തുചെയ്യാം, എനിക്ക് ഏഴര മണിക്കൂറോളമേ ഇപ്പോള്‍ ഉറക്കം കിട്ടാറുള്ളൂ. അതിനാല്‍ അനവധി അസുഖങ്ങള്‍ വന്നുകൂടുമെന്ന് ഞാന്‍ ഭയക്കുകയാണ്. ഞാനിത് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ചിരിക്കുകയാണ് ചെയ്തത്. ദൈവമേ, ഇതിനെയാണോ അങ്ങ് കലികാലമെന്നു വിളിച്ചത്? സ്വന്തം മകന്റെ ആരോഗ്യകാര്യത്തില്‍ വിചാരമില്ലാത്ത രക്ഷിതാക്കളെപറ്റി ഞാനെന്തു പറയാനാണ്?

ദൈവമേ, അങ്ങേയ്ക്കു മാത്രമേ എന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. മറ്റാരുടെയും കണക്കില്‍ പെടാത്ത ഒരു മണിക്കൂര്‍, അതും അലാറമടിച്ചതിനുശേഷം ഉറക്കമുണരുന്നതിനു മുന്‍പ്, അത് അങ്ങെനിയ്ക്ക്‌ സാധിച്ചു തരണം. അലാറശബ്ദം കേട്ടതിനു ശേഷമാണ് എനിക്കേറ്റവും സുന്ദരമായ ഉറക്കം വരുന്നത്. എപ്പോഴും ഉണര്‍ന്നിരിക്കുന്ന അങ്ങേയ്ക്ക് അതറിയുമായിരിക്കില്ല. അല്ലെങ്കില്‍ എല്ലാമറിയുന്നവനായ അങ്ങേയ്ക്ക് അതും അറിയുമായിരിക്കും. എന്തായാലും അര്‍ജുനന് ഗീതയോതിക്കൊടുക്കാന്‍ കണക്കില്‍പെടാത്ത ഒരുപാട് സമയം സൃഷ്ടിച്ച അങ്ങേയ്ക്ക് ഈയുള്ളവന് കണക്കില്‍പെടാത്ത ഒരു മണിക്കൂര്‍ നല്‍കുന്നതിന് ഒരു വിഷമവുമില്ലെന്നെനിക്കറിയാം - അതും വിശിഷ്ടമായ ഒരു കാര്യത്തിനുവേണ്ടി.

ദൈവമേ, എന്റെ ആരോഗ്യം എനിക്കേറ്റവും പ്രധാനപ്പെട്ടതാണ്. ധര്‍മ്മം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് അങ്ങയുടെ സഹായമില്ലാതെ എനിയ്ക്കെന്റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയില്ല. കുറഞ്ഞത്‌ എട്ടുമണിക്കൂറെങ്കിലും ഉറങ്ങി, ജോലി ചെയ്യാതെ ജീവിക്കാന്‍ കഴിയുന്ന ഒരു ലോകം അങ്ങയുടെ അടുത്ത അവതാരലക്ഷ്യമാക്കുവാന്‍ ഞാനപേക്ഷിക്കുന്നു. ദൈവമേ, എനിയ്ക്കുറക്കം വരുന്നു.

ദൈവമേ.....

Friday, September 2, 2011

ഓണമാണുണ്ണീ... (പുതുക്കിയത്)

ഓണക്കാലമായിട്ടും ഉത്സാഹമില്ലാതെ കിടന്നുറങ്ങുന്ന ഉണ്ണിയോട് അമ്മ: (കഴിഞ്ഞ ഓണത്തിനു എഴുതിത്തുടങ്ങിയത് ഈ ഓണക്കാലത്ത് മുഴുമിക്കുന്നു. അധികമൊന്നും സംസാരിക്കാത്ത അമ്മ വളരെക്കുറച്ചേ ഉണ്ണിയോട് പറഞ്ഞുള്ളൂ.)

ഓണമാണുണ്ണീയുറങ്ങാതെ
ഓടിക്കളിച്ചു രസിച്ചാട്ടെ.
തകര്‍ത്തലയ്ക്കും മഴപോയി
പൂവും നിറവും വന്നല്ലോ.

ഓണപ്പൂക്കളമിട്ടില്ലേലും,
ഓണപ്പാട്ടുകള്‍ പാടീല്ലേലും
ഓടിച്ചെന്നാമ്മൈതാനത്ത്
കൂട്ടുകാരൊപ്പം കളിച്ചാട്ടെ.

ചിന്നും ചിങ്ങമഴകൊണ്ട്
ചിന്തയേതുമില്ലാതെ
നിന്റെ കൈകാല്‍ കുഴയുവോളം
ഓടിത്തിമിര്‍ത്തു രസിച്ചാട്ടെ.

എന്റെ നെഞ്ചിന്‍തുടിപ്പുവിട്ട്
നീ പറന്നകലുമ്പോള്‍,
ഈ കളിയും ചിരിയുമെല്ലാം
നിന്റെ കാലിനു ശക്തിയേകും.

നിന്നെക്കുറിച്ചെന്റെ സ്വപ്നമെല്ലാം
നിന്റെ സ്വപ്‌നങ്ങള്‍ മാത്രമാണ് ;
അതിന്റെ പൂവും തളിരുമെല്ലാം
നിന്മനസ്സില്‍ വിടരേണ്ടതും.

ഓണമാണുണ്ണീയുറങ്ങാതെ,
ഓരോന്നോര്‍ത്തുകിടക്കാതെ,
ഓര്‍മ്മകള്‍ പേറി നടക്കാതെ,
ഓടിക്കളിച്ചു രസിച്ചാട്ടെ!

Sunday, August 21, 2011

വിനോബയുടെ ലോകം

ആത്മീയാചാര്യനും, സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിജിയുടെ അനുയായിയും, ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും, സംസ്കൃത പണ്ഡിതനും എഴുത്തുകാരനുമായ ആചാര്യ വിനോബ ഭാവെ ആത്മകഥ എഴുതിയിട്ടില്ല. എന്നാല്‍ അദ്ദേഹം പലയിടത്തും പറഞ്ഞതും എഴുതിയതുമായ കാര്യങ്ങള്‍ ആത്മകഥാരൂപത്തില്‍  ചിട്ടപ്പെടുത്തി കാളിന്ദി 'അഹിംസാ കി തലാശ്' എന്ന പേരില്‍ ഹിന്ദിയില്‍ ഒരു പുസ്തകം എഴുതി. എന്‍. പി. സുകുമാരന്‍ അത് 'മൂല്യങ്ങള്‍ തേടി ഒരു സാധന' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. അതിലുള്ള ചില രസകരമായ ഭാഗങ്ങളിതാ. തലക്കെട്ടുകള്‍ ഞാന്‍ കൊടുത്തതാണ്.

സ്നേഹത്തെക്കുറിച്ച് 

'സകലരും എന്റേതാണ്. ഞാന്‍ സകലരുടെതും' - എന്നാണെന്റെ സങ്കല്പം. ഇന്നയാളിനെ ഏറെ സ്നേഹിക്കണം, ഇന്നയാളിനെ അല്പം സ്നേഹിച്ചാല്‍ മതി എന്നൊന്നും എന്റെ ഹൃദയത്തിലില്ല. (ആമുഖം, x)

അമ്മയുടെ ഓര്‍മശക്തി 

ഒരിക്കല്‍ ഞാന്‍ അമ്മയോടു പറഞ്ഞു - 'ഓരോ ദിവസവും പുതിയ പുതിയ ഗാനങ്ങള്‍ ആലപിക്കൂ, ഇന്നലെ ചൊല്ലിയത് ഇന്ന് ചൊല്ലരുത്.' ആറു മാസം അങ്ങനെ നടന്നു. ദിവസവും പുത്തന്‍ കീര്‍ത്തനങ്ങള്‍ എന്നെ കേള്‍പ്പിച്ചു. അത്രയേറെ കീര്‍ത്തനങ്ങള്‍ അവര്‍ക്ക് മനപാഠമായിരുന്നു. (p 14)

പരാര്‍ത്ഥം

അയല്‍വീടുകളിലെ ഏതെങ്കിലും സ്ത്രീകള്‍ രോഗബാധിതരായാല്‍ അമ്മ അങ്ങോട്ടു പോയി അവര്‍ക്ക് ആഹാരം പാകം ചെയ്തു കൊടുക്കും. അപ്പോഴവര്‍ സാധാരണയായി ആദ്യം തന്റെ വീട്ടില്‍ ആഹാരം തയ്യാറാക്കും. എന്നിട്ട് ആ വീട്ടിലേക്കു പോകും. ഒരിക്കല്‍ ഞാന്‍ പറഞ്ഞു. അമ്മേ, നിങ്ങള്‍ വലിയ സ്വാര്‍ത്ഥയാണ്. ആദ്യം സ്വന്തം കുഞ്ഞുങ്ങളെക്കുറിച്ച്, സ്വന്തം വീടിനെക്കുറിച്ചു ചിന്തിക്കുന്നു. പിന്നെ മറ്റുള്ളവരെക്കുറിച്ചും. അവര്‍ ചിരിക്കാന്‍ തുടങ്ങി. 'നേരത്തെ ആഹാരം പാകം ചെയ്തുവെച്ചാല്‍ അത് തണുത്തു പോകും. അവര്‍ക്ക് ചൂടുള്ള ആഹാരം കിട്ടട്ടെ എന്നു കരുതി അവിടെ സമയത്ത് ചെന്ന് ആഹാരമുണ്ടാക്കുന്നു. അതിനുവേണ്ടി ഇവിടെ നേരത്തെയും തയ്യാറാക്കുന്നു. ഇത് സ്വാര്‍ത്ഥമല്ല, പരാര്‍ത്ഥമാണ്.' (p 16 ,17)

ബ്രഹ്മചര്യവ്രതം
അച്ഛന്റെ മൂന്നു പുത്രന്മാരും ബ്രഹ്മചാരികളായി. അമ്മ പറയുമായിരുന്നു - 'ഗൃഹസ്ഥാശ്രമം ശരിക്കനുഷ്ഠിക്കുമെങ്കില്‍ ഒരു തലമുറയുടെ ഉന്നമനം സാധിക്കാം. എന്നാല്‍ ബ്രഹ്മച്ചര്യാനുഷ്ഠാനത്തിലൂടെ നാല്പത്തിരണ്ട് തലമുറകളുടെ ഉന്നമനം സാധിക്കാം. അമ്മയ്ക്ക് 36 വയസ്സായപ്പോഴാണ് അച്ഛനും അമ്മയും ബ്രഹ്മചര്യവ്രതം സ്വീകരിച്ചത്. അതും അമ്മയുടെ പ്രേരണയിലൂടെ. അമ്മയുടെ മരണശേഷം അച്ഛന്‍ തന്നെയാണ് എന്നോടീ വിവരം പറഞ്ഞതും. (p 21)

ഏകഭുക്തം മഹായോഗി!

'ഓരോരുത്തരുടെയും പേരില്‍ എത്ര ഭക്ഷണം എന്നെഴുതിയിട്ടുണ്ട്; കുറച്ചു തിന്നാല്‍ ഏറെകാലം ജീവിക്കാം' - അമ്മ ഇപ്രകാരം പറയുക പതിവായിരുന്നു. (p 29)

മൂന്നു വഴികാട്ടികള്‍

പത്തു വയസ്സുള്ളപ്പോള്‍ ഞാന്‍ ബ്രഹ്മചര്യ സങ്കല്പം സ്വീകരിച്ചു. വീടുപേക്ഷിക്കണം എന്ന വിചാരം കുട്ടിക്കാലം മുതല്‍ക്കേ എന്റെ ബുദ്ധിയില്‍ കയറിക്കൂടിയിരുന്നു. മൂന്നു മഹാപുരുഷന്മാരാണതിനു പ്രേരിപ്പിച്ചു കൊണ്ടിരുന്നത്. ഗൌതമബുദ്ധനായിരുന്നു അവരിലൊരാള്‍. മഹാരാഷ്ട്രയിലെ മഹാത്മാവ് രാംദാസായിരുന്നു രണ്ടാമത്തെയാള്‍. മൂന്നാമന്‍ ജഗത്ഗുരു ശങ്കരാചാര്യരും. (p 38)

കവിയായ വിനോബ

സ്വന്തം ആശയങ്ങള്‍ കവിതയിലാക്കാന്‍ എനിക്ക് താല്പര്യമുണ്ടായിരുന്നു. ഞാന്‍ കവിതയെഴുതുമായിരുന്നു. ഓരോ കവിതയുമെഴുതാന്‍ രണ്ടോ മൂന്നോ മണിക്കൂര്‍, ചിലപ്പോള്‍ ദിവസം മുഴുവന്‍ ഉപയോഗപ്പെടുത്തി. തുടര്‍ന്ന് അവ ചൊല്ലിയിരുന്നു. എന്തെങ്കിലും കുറവ് തോന്നിയാല്‍ അത് പരിഹരിക്കും. കവിത നന്നായെന്നു പൂര്‍ണ തൃപ്തിയായാല്‍ അതിനെ അഗ്നിനാരായനാണ് സമര്‍പ്പിക്കുകയായി....കാശിയില്‍ ചെന്നതിനു ശേഷം ഗംഗാതടത്തിലിരുന്നും ഇതുപോലെ കവിത എഴുതിയിരുന്നു. തൃപ്തിയായതിനു ശേഷം ഗംഗാനദിയില്‍ ഒഴുക്കിക്കളയുമായിരുന്നു. (p 40)

വീടിനോട് വിട

വീടുപേക്ഷിക്കുന്നതിനുമുമ്പ്  മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഞാന്‍ കത്തിച്ചുകളഞ്ഞു. ബന്ധം പാടെ മുറിച്ചുകളയേണ്ടിയിരുന്നു....മാതാപിതാക്കളോട് എനിക്ക് ഇത്രയേറെ ബഹുമാനമുണ്ടായിരുന്നിട്ടുകൂടി വീടുപേക്ഷിക്കുന്നതില്‍ നിന്ന് അതെന്നെ തടഞ്ഞില്ല. ബ്രഹ്മജിജ്ഞാസ അത്ര തീവ്രമായിരുന്നു. (p 41, 43)

മാനസാന്തരപ്പെട്ട കച്ചവടക്കാരന്‍

ഒരിക്കല്‍ എനിക്കൊരു താഴിന്റെ ആവശ്യം വന്നു. ഞാനതു വാങ്ങാന്‍ പോയി. അന്നദാനാലയത്തിലേക്കുള്ള വഴിയില്‍ തന്നെ ഒരു പീടികയുണ്ടായിരുന്നു. ഞാന്‍ താഴിന്റെ വില ചോദിച്ചു. കച്ചവടക്കാരന്‍ അറുപതു പൈസ പറഞ്ഞു. ഞാന്‍ താഴ് വാങ്ങി. അറുപതു പൈസയും കൊടുത്തു. എന്നിട്ട് പറഞ്ഞു - 'നിങ്ങള്‍ അറുപതു പൈസ പറയുന്നു. അതിനാല്‍ ഞാനതു തരുന്നു. എന്നാല്‍ വാസ്തവതിലിതിനു പന്ത്രണ്ടു പൈസയെ വിലയുള്ളൂ. വളരെ കൂടുതലാണ് നിങ്ങള്‍ വാങ്ങുന്നത്.' അപ്പോള്‍ ആ കച്ചവടക്കാരന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഞാന്‍ പതിവായി ആ വഴിക്കാണ് പൊയ്ക്കൊണ്ടിരുന്നത്. ഒന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം അയാള്‍ എന്നെ വിളിച്ചു. 'അന്ന് ഞാന്‍ നിങ്ങളോട് താഴിനു കൂടുതല്‍ പൈസ വാങ്ങി. എനിക്ക് തെറ്റ് പറ്റി.' - അയാള്‍ പറഞ്ഞു. എനിക്കയാള്‍ പൈസ മടക്കിത്തന്നു. ആ സംഭവം എന്നെ വളരെയേറെ സ്വാധീനിച്ചു. ആ മനുഷ്യനോടു എനിക്ക് ബഹുമാനം വളര്‍ന്നു. (p 50)

വൈക്കം സത്യാഗ്രഹം

1925 - ല്‍ എന്നോട് വൈക്കത്തേക്ക് പോകാന്‍ ബാപ്പു നിര്‍ദേശിച്ചു. അവിടെ ക്ഷേത്രപ്രവേശനത്തിനു വേണ്ടി സത്യാഗ്രഹം നടക്കുകയായിരുന്നു. ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനത്തിനു അനുമതിയുണ്ടായിരുന്നില്ല. മാത്രമല്ല, ക്ഷേത്രത്തിനടുത്തു കൂടിയുള്ള നിരത്തുകളിലൂടെ നടക്കാനും അവരെ അനുവദിച്ചിരുന്നില്ല. അതിനാല്‍ സത്യാഗ്രഹം ആരംഭിച്ചു. അത് തുടര്‍ച്ചയായി പല ദിവസങ്ങള്‍ നടന്നു. അതിനൊരു ഫലമുളവാകുന്നത് കണ്ടില്ല. അക്കാലത്ത് ഞാന്‍ വാര്‍ദ്ധ ആശ്രമത്തിലായിരുന്നു. ബാപ്പു സബര്‍മതിയിലും. സത്യാഗ്രഹം എങ്ങനെ നടക്കുന്നുവെന്നു പോയിനോക്കാന്‍ അദ്ദേഹം എനിക്ക് നിര്‍ദേശം നല്‍കി....പല സ്ഥലങ്ങളിലും പണ്ഡിതന്‍മാരുമായി ചര്‍ച്ചകള്‍ നടന്നു. അവരാണെങ്കില്‍ സംസ്കൃതത്തില്‍ മാത്രം ചര്‍ച്ചകള്‍ നടത്താനാണിഷ്ടപ്പെട്ടത്‌. അതിനാല്‍ ഞാനും സംസ്കൃതത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചു. എങ്കിലും, അവരുടെ ഹൃദയത്തിനു പരിവര്‍ത്തനം വരുത്താന്‍ എനിക്ക് സാധിച്ചില്ല....ബാപ്പു തന്നെ അങ്ങോട്ട്‌ പോയി. പില്‍ക്കാലത്ത്‌ ആ പ്രശ്നം പരിഹരിക്കപ്പെടുകയുണ്ടായി. (p 76, 77)

അപകടകരങ്ങളായ പുസ്തകങ്ങള്‍

രാഷ്ട്രീയ തടവുകാരുടെ ഒരു സൗകര്യം അവര്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ കിട്ടിയിരുന്നു എന്നുള്ളതാണ്. ആവശ്യപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ നോക്കി അപകടകരങ്ങളായവ ഒഴിവാക്കി, തരാന്‍ കൊള്ളാവുന്ന പുസ്തകങ്ങള്‍ ജയില്‍ ഓഫീസര്‍ തരുമായിരുന്നു. ഞാനാവശ്യപ്പെട്ട പുസ്തകങ്ങള്‍ ഒന്നും ഒരിക്കലും നിരോധിച്ചിട്ടില്ല. കാരണം, ഗീത, ഉപനിഷദ് മുതലായ പുസ്തകങ്ങളെ ഞാന്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഒരിക്കല്‍ ആരോ പറഞ്ഞു - 'ഞാന്‍ പതിനേഴു പുസ്തകങ്ങള്‍ ആവശ്യപ്പെട്ടിട്ട് ഒന്നോ രണ്ടോ കിട്ടി. വിനോബ ആവശ്യപ്പെടുന്ന പുസ്തകങ്ങളൊക്കെ അനുവദിച്ചു തരുന്നു'വെന്ന്. ഞാന്‍ പറഞ്ഞു - 'ഈ സര്‍ക്കാര്‍ വിഡ്ഢിയാണ്. എന്താണ് അപകടകരമെന്നു തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നില്ല. ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ഉപനിഷദ്, ഗീത എല്ലാം നിരോധിച്ചേനെ. ഗീതയുടെ ആശ്രയമില്ലാതിരുന്നെങ്കില്‍ ബ്രിട്ടീഷ് സര്‍ക്കാറിന് മഹാ അപകടകാരിയായ ഗാന്ധി, ഗാന്ധിയാകുമായിരുന്നില്ല. തിലകന്‍ തിലകനാകുമായിരുന്നില്ല. ശ്രീ അരവിന്ദന്‍ അരവിന്ദനാകുമായിരുന്നില്ല. ജീവിതത്തിനു ആശ്രയമായ ഗ്രന്ഥങ്ങള്‍ മാത്രമേ ഉപദ്രവകാരിയായ അധികാരത്തിനു വെടിമരുന്നിടൂ.' (p 101)

സര്‍വോദയവും കമ്മ്യൂണിസവും

ലോകത്തില്‍ ഏതെങ്കിലും രണ്ടു ശക്തികള്‍ തമ്മില്‍ എതിര്‍പ്പുണ്ടാകാന്‍ പോകുന്നുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റ്‌ ചിന്താധാരയും സര്‍വോദയാശയങ്ങളും തമ്മിലായിരിക്കും. ലോകത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി കാണപ്പെടുന്ന ഇതര ആശയങ്ങള്‍ നീണാള്‍ നിലനില്‍ക്കുന്നവയല്ല. സര്‍വോദയവും കമ്മ്യൂണിസവും തമ്മില്‍ ഏറെ സാമ്യമുള്ളതുപോലെതന്നെ വൈരുദ്ധ്യങ്ങളുമുണ്ട്. (p 113, 114)

പദയാത്ര

ഹൈദരാബാദിന് സമീപം ശിവരാംപള്ളിയില്‍ സര്‍വോദയ സമ്മേളനം നടക്കാന്‍ പോവുകയായിരുന്നു. തീവണ്ടിയില്‍ പോയാല്‍ വാര്‍ദ്ധയില്‍നിന്നു ഹൈദരാബാദിന് ഒരു രാത്രിയിലെ യാത്രയേയുള്ളൂ. എന്നാല്‍ ഞങ്ങള്‍ പദയാത്രയായി പോകാനാണ് നിശ്ചയിച്ചത്. (p 122)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍

ആ ക്ഷേത്രം (ഗുരുവായൂര്‍ ക്ഷേത്രം) ഹരിജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഞാന്‍ അങ്ങോട്ട്‌ പോയപ്പോള്‍ എന്റെ കൂടെ ചില ക്രിസ്ത്യന്‍ സ്നേഹിതന്മാരുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഭാരവാഹികളോട് ഞാന്‍ അന്വേഷിച്ചു - 'ഇവരോടൊപ്പം ക്ഷേത്രത്തിനകത്ത് കയറാന്‍ എന്നെ അനുവദിക്കുമോ?' 'ഇവരോടൊപ്പം അകത്തു കയറാന്‍ അനുവദിക്കില്ല' - അവര്‍ മറുപടി നല്‍കി....'ഞാന്‍ നിസ്സഹായനാണ് ' എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ വിവരിച്ചു - 'എന്റെ കൂടെ വന്ന ഈ ക്രിസ്ത്യന്‍ സ്നേഹിതന്മാരെ കൂടാതെ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഈശ്വരദര്‍ശനം സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല....'ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ എന്നെ അനുവദിക്കാതിരിക്കുന്നതിനെക്കുറിച്ച് മലയാളപത്രങ്ങളില്‍ നിരന്തരം തീക്ഷ്ണമായ വിമര്‍ശനങ്ങള്‍ നടന്നു....ഒന്നോ രണ്ടോ പത്രങ്ങള്‍ എന്നെ വിമര്‍ശിക്കുകയും ചെയ്തു....ക്ഷേത്രത്തില്‍ കയറാന്‍ എന്നെ അനുവദിക്കാതിരുന്നത് വലിയ തെറ്റാണ്. അങ്ങനെ ഹിന്ദുമതത്തിനു വലിയ ആഘാതമേല്‍പ്പിച്ചു എന്നുതന്നെയാണ് ബാക്കി ഇരുപത്തഞ്ചു പത്രങ്ങള്‍ എഴുതിയത്. (p 149)

സ്നേഹത്തിന്റെ ഉറവിടം

സകലരുടെയും ഹൃദയത്തില്‍ അന്തര്യാമി കുടികൊള്ളുന്നുണ്ട് എന്നത് എന്റെ അടിസ്ഥാനപരമായ ഒരു വിശ്വാസമാണ്....മുകള്‍പ്പരപ്പില്‍ കാണുന്ന തിന്മകളൊന്നും അഗാധതയില്‍ ഉണ്ടാവില്ല. (p 152)

കേരളത്തിലെ ക്രിസ്തീയ വിഭാഗങ്ങള്‍ 

കഴിഞ്ഞ വര്‍ഷം ഞാന്‍ കേരളത്തില്‍ പോയിരുന്നു. അവിടെ ചെന്നെത്തുന്നതിനു മുന്‍പ് തന്നെ നാല് ക്രിസ്തീയ വിഭാഗങ്ങള്‍ ചേര്‍ന്ന് ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി - 'ഈ മനുഷ്യന്‍ യേശുക്രിസ്തുവിന്റെ ജോലി തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന് പൂര്‍ണ സഹകരണം നല്‍കേണ്ടത് ക്രിസ്ത്യാനികളുടെ കടമയാണ്' എന്ന്. (p 160)

മതവും രാഷ്ട്രീയവും

മതത്തില്‍ രാഷ്ട്രീയം കലരുന്നത് അപകടമാണ് എന്ന് മുന്നറിയിപ്പ് നല്‍കാന്‍ ഞാനാഗ്രഹിക്കുന്നു. (p 167)

ഇന്‍ഡോറില്‍

അഞ്ചാഴ്ച ഞാന്‍ നഗരത്തില്‍ സഞ്ചരിച്ചപ്പോള്‍ വിചിത്രമായൊരു കാര്യം കണ്ടു. എനിക്ക് വലിയ ദുഖമുണ്ടായി. എല്ലാ സ്ഥലങ്ങളിലും സിനിമയുടെ വൃത്തികെട്ട പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നു. ലജ്ജിക്കപ്പെടേണ്ട ഈ ചിത്രങ്ങള്‍ നാമെങ്ങനെ സഹിക്കുന്നു. ഈ അശ്ലീല ചിത്രങ്ങളും അശ്ലീല പാട്ടുകളും നടന്നുകൊണ്ടേയിരിക്കുമെങ്കില്‍ ഇന്ത്യക്ക് ഉയര്‍ച്ചയുണ്ടാകുകയില്ലെന്ന്  എനിക്ക് വ്യക്തമായി. നാടും നാട്ടാരും നിര്‍വീര്യമാകും. ശോഭനമായ ഭാവിയെ തടയുന്ന ആ പോസ്റ്ററുകള്‍ കണ്ടിട്ട് എനിക്ക് ദുഖത്തിന് അതിരുണ്ടായിരുന്നില്ല....ഞാന്‍ ജനങ്ങളോട് പറഞ്ഞു - ഇവിടെ നിങ്ങളുടെ കുട്ടികള്‍ക്ക് വിഷയാസക്തിക്കുള്ള സ്വതന്ത്ര വിദ്യാഭ്യാസമാണ് നല്‍കുന്നത്. ഇതിനെതിരായി സത്യാഗ്രഹമനുഷ്ടിക്കണമെന്ന്.  മുനിസിപ്പാലിറ്റി അധികൃതരോട് പറഞ്ഞു, ഇവിടെ നിങ്ങളുടെ നഗരത്തിലുള്ള ഈ അശ്ലീല വിജ്ഞാപനങ്ങള്‍ തുടച്ചുനീക്കണം, പണത്തിലുള്ള മോഹം ഉപേക്ഷിക്കുകയും വേണം. ഗൃഹസ്ഥാശ്രമത്തിന്റെ അടിസ്ഥാനം ഇളക്കിക്കൊണ്ടിരിക്കുകയാണ്, നമ്മുടെ അമ്മമാരെയും സഹോദരിമാരെയും വളരെ മോശമായി ചിത്രീകരിച്ചിരിക്കുകയാണ് എന്ന്.  സഹോദരിമാരോട് ഞാന്‍ പറഞ്ഞു - 'ഈ രാജ്യത്ത് സമാധാന സംരക്ഷണത്തിന്റെയും സ്വഭാവ സംരക്ഷണത്തിന്റെയും ചുമതല സഹോദരിമാര്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഇന്‍ഡോറിലെ സഹോദരിമാര്‍ ഉണരണം. ഒരു ദിവസം പോലും ഈ പോസ്റ്ററുകള്‍ സഹിക്കരുത്. അവ പൊളിച്ചു കളയണം, കത്തിച്ചു കളയണം.' (p 167)

അദ്ധ്യാപകര്‍

ഈ യോഗത്തില്‍ വെച്ച് ഞാന്‍ പറഞ്ഞു - 'രാജ്യത്തിന് മുഴുവന്‍ മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് ആചാര്യന്മാരാണ്. എന്നാലിന്ന് അദ്ധ്യാപകര്‍ സാധാരണ ശമ്പളക്കാരുടെ നിലയിലേക്ക് താഴ്നിരിക്കുകയാണ്. നീതിന്യായ വിഭാഗത്തിനുള്ള സ്വാതന്ത്ര്യം വിദ്യാഭ്യാസത്തിനില്ലെന്നുള്ളത്  വിദ്യാഭ്യാസ മേഖലയുടെ നിര്‍ഭാഗ്യമാണ്....അതെ സമയം വിദ്യാഭ്യാസ വിഭാഗത്തിന്റെ സ്വയംഭരണാവകാശം ശരിയായ അര്‍ത്ഥത്തില്‍ ലഭ്യമാവുകയും അത് ശരിയായ അര്‍ത്ഥത്തില്‍ പ്രായോഗികമാക്കുന്നതിന്  അദ്ധ്യാപകര്‍ അധികാര രാഷ്ട്രീയത്തിന് പിന്നാലെ പായാതിരിക്കേണ്ടത് ആവശ്യവുമാണ്. അവര്‍ സ്വന്തം ശക്തി വളര്‍ത്തി വികസിപ്പിച്ചെടുക്കുകയും വേണം. മലീമസമായ രാഷ്ട്രീയ രംഗത്തില്‍ നിന്ന് സ്വതന്ത്രരായി നിന്ന് സങ്കീര്‍ണങ്ങളായ ഇസങ്ങളില്‍ നിന്ന് ഉയര്‍ന്നു നിന്ന് വിശ്വ വ്യാപകമായ മാനുഷിക രാഷ്ട്രീയത്തിലും ജനശക്തിയിലും അധിഷ്ഠിതമായ ലോക നീതി സ്വീകരിക്കുകയും വേണം.' (p 190)

ദസ് ക്യാപ്പിറ്റലിനെക്കുറിച്ച്

കാറല്‍ മാര്‍ക്സിന്റെ സുപ്രസിദ്ധ ഗ്രന്ഥം 'ദസ് ക്യാപ്പിറ്റല്‍' - കമ്മ്യൂണിസ്റ്റുകാരുടെ അടിസ്ഥാന സംഹിത, ഞാനത് മുഴുവന്‍ വായിച്ചു. 1940 - ലെ വ്യക്തി സത്യാഗ്രഹ കാലത്ത് ജയിലില്‍ ഒരു കമ്മ്യൂണിസ്റ്റ്‌ സ്നേഹിതന്‍ എന്നോട് പറഞ്ഞു - 'താങ്കള്‍ ഇതുവരെ കമ്മ്യൂണിസ്റ്റ്‌ സാഹിത്യമൊന്നും വായിച്ചിട്ടില്ലെന്നു തോന്നുന്നു. വായിക്കേണ്ടതാണത്.'....അദ്ദേഹം വായിച്ചു കേള്‍പ്പിച്ച സാഹിത്യം തെരഞ്ഞെടുക്കപ്പെട്ടതാണ്. എന്നിട്ടും അതിലെ ആവര്‍ത്തനങ്ങള്‍ എന്റെ മനസ്സില്‍ കനത്ത മുദ്ര പതിപ്പിച്ചു. അപ്പോള്‍ പിന്നെ നമ്മുടെ യുവ മനസ്സുകള്‍ ആ ആവര്‍ത്തനം കൊണ്ട് മുഷിയുകയല്ല, വിപ്ലാവാവേശം കൊള്ളുകയാണെങ്കില്‍ അതില്‍ ആശ്ചര്യപ്പെടാനില്ല.  (p 206, 207)

വിശ്വാസത്തിന്റെ ശക്തി 

'വിന്യാ, നീ എന്തുകൊണ്ട് ചെയ്തുതരുന്നില്ല, ഗീതയുടെ ലളിതമായ പദ്യ വിവര്‍ത്തനം? നിനക്കിതു ചെയ്യാന്‍ കഴിയുമല്ലോ?' - ഒരിക്കല്‍ അമ്മ ഇങ്ങനെ ചോദിക്കുകയുണ്ടായി. അമ്മയുടെ ഈ വിശ്വാസമാണ് എന്നെക്കൊണ്ട് ഗീതായി എഴുതിച്ചത്. (p 222)

സ്ത്രീകള്‍

ആശ്രമത്തിന്റെ ചുമതല മുഴുവന്‍ സ്ത്രീകള്‍ക്കായിരിക്കണമെന്നും പിന്നീട് എനിക്ക് തോന്നുകയുണ്ടായി....സ്ത്രീകളുടെ ആത്മീയ സാധന ഇപ്പോഴും ഗുപ്തമായിരിക്കും....വിശ്വസമാധാനം കൈവരിക്കാന്‍ സ്ത്രീകളുടെ സഹകരണമില്ലാതെ പുരുഷന്മാരെക്കൊണ്ടാവില്ല....പുരുഷന്റെ കൂടെ സ്ത്രീയ്ക്കും സ്ഥാനമില്ലാതിരിക്കുക (ബ്രഹ്മവിദ്യയില്‍) യാണെങ്കില്‍ അവിടെ ബ്രഹ്മവിദ്യ അപൂര്‍ണമായിരിക്കും. ആശ്രമത്തിന്റെ നിയന്ത്രണം സ്ത്രീകളുടെ കൈകളിലായിരുന്നാല്‍ സുരക്ഷിതമായിരിക്കും. (p 230)

നിദ്രാജയവും സ്വപ്ന നിയന്ത്രണവും

പകല്‍മുഴുവന്‍ നാമെന്തൊക്കെ ചെയ്താലും, അതൊക്കെ നിദ്രയ്ക്ക് ബാധകമാകാത്ത വിധം ചെയ്യണം, നിദ്രയെ അത് ബാധിക്കരുത്, സ്വപ്നത്തിനു അത് കാരണവുമാകരുത്. സ്വപ്നത്തില്‍ നാം കാണുന്ന കാര്യങ്ങളില്‍ ഒന്നുകില്‍ നമുക്ക് താല്പര്യമുണ്ടാകാം, അല്ലെങ്കില്‍ അതിനോട് വെറുപ്പുണ്ടാകാം. പ്രീതി അല്ലെങ്കില്‍ വെറുപ്പ്‌! ഈ രണ്ടു കാരണങ്ങളാലും സ്വപ്നത്തില്‍ ജാഗൃതിയുടെ സ്വാധീനമുണ്ടാകാം. (p 244)

പുതിയ ദിവസം പുതിയ മനുഷ്യന്‍

ഉറക്കം മുഴുമിച്ച് അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ധ്യാനത്തിന് ഇരിക്കാറുണ്ട്. എന്നെത്തെയും എന്റെ സ്വഭാവമാണത്. ഒരു ദിവസം ഇങ്ങനെ ധ്യനത്തിലിരിക്കുമ്പോള്‍ എനിക്കൊരു പുതിയ ആശയം തോന്നി. ഞാന്‍ ചിന്തിച്ചൊന്നുമില്ല. അങ്ങനെ തോന്നി - പ്രാതിഭം ദര്‍ശനം - പഴയ നാം ഇന്നില്ലെന്ന്. ഇന്ന് നാം തികച്ചും പുതിയ മനുഷ്യനാണ്. ഇന്നലത്തെ വിന്യന്‍ മരിച്ചുപോയി. ഉറക്കം കഴിഞ്ഞപ്പോള്‍ അയാള്‍ പുതിയ ആളായി. ഉറക്കം അതായത് മരണം. ഇങ്ങനെ അയാള്‍ മരിച്ചുപോയി. ഇന്നത്തെ അയാള്‍ പുതുതായി ജന്മം കൊണ്ടതാണ്. എനിക്ക് ഇങ്ങനൊരു ആശയം തോന്നിയപ്പോള്‍ വളരെയേറെ പുതുമ അനുഭവപ്പെട്ടു. (p 250)

ഭക്ഷണപരീക്ഷണങ്ങള്‍

ഭക്ഷണം സംബന്ധിച്ച് എന്തെങ്കിലും ചില പരീക്ഷണങ്ങള്‍ ഞാന്‍ നിരന്തരം നടത്തിക്കൊണ്ടിരുന്നിട്ടുണ്ട്. ആത്മീയ ജിജ്ഞാസ ഉള്ളവര്‍ക്ക് എപ്പോഴും ഈ സ്വഭാവമുണ്ടായിരിക്കും. കാരണം, ശരീരം ആത്മാവിന്റെ വിഗ്രഹമാണ്‌. വിഗ്രഹമെന്ന നിലയില്‍ അതിന്റെ ഉപയോഗവുമുണ്ടാകണം. പ്രകാശം ലക്ഷണവും സൂര്യന്‍ ലക്ഷ്യമാക്കപ്പെട്ട രൂപവുമെന്നപോലെ ആത്മാവ് ദേവനും ശരീരം ആ ദേവന്റെ വിഗ്രഹവുമാണ്. വിഗ്രഹം കണ്ടിട്ടുവേണം ദേവനെക്കുറിച്ചുള്ള സങ്കല്പം ഉണര്‍ന്നുവരാന്‍....ഉപ്പ് ഉപേക്ഷിക്കണ്ടതിന്റെ പ്രാധാന്യം എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇന്നുമുതല്‍ ഞാന്‍ ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ ഉപ്പ് കഴിക്കൂ എന്ന നിയമം സ്വീകരിച്ചു. അങ്ങനെ നടന്നു. കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായി, ഉപ്പുപേക്ഷിക്കുക അത്ര ക്ലേശമുള്ള കാര്യമൊന്നുമല്ല. എന്നെന്നേയ്ക്കുമായി ഉപ്പ് ഉപേക്ഷിക്കുകയും ചെയ്തു. (p 252, 254)

ഉറക്കപരീക്ഷണങ്ങള്‍

ഉറക്കം സംബന്ധിച്ച് പല പരീക്ഷണങ്ങളും ഞാന്‍ നടത്തിയിട്ടുണ്ട്. കുറെക്കാലത്തേക്ക് 24 മണിക്കൂറില്‍ 2 മണിക്കൂര്‍, പിന്നെ 4 മണിക്കൂര്‍ ഇങ്ങനെ 10 മണിക്കൂര്‍ വരെ ഉറങ്ങിനോക്കി. മഴയിലും ഉറങ്ങിനോക്കി. മുകളില്‍നിന്നും മഴ പെയ്തിരുന്നു. കമ്പിളിയും പുതച്ച് ഞാന്‍ ഉറക്കത്തിലും. ഇങ്ങനെ ഒത്തിരി പരീക്ഷണങ്ങള്‍ക്ക് ശേഷം ഞാന്‍ എത്തിച്ചേര്‍ന്നത്, സാധാരണഗതിയില്‍, ആരോഗ്യമുള്ള മനുഷ്യന് 8 മണിക്കൂര്‍ ഉറക്കം വേണമെന്ന നിഗമനത്തിലാണ്. അതില്‍ക്കൂടുതല്‍ ആവശ്യമില്ല. (p 256)

വ്യക്തിയും സമൂഹവും 

വാസ്തവത്തില്‍ ജീവിതത്തിന്‌ സാമൂഹ്യ ജീവിതം, വ്യക്തിജീവിതം എന്ന് രണ്ടു ഭാഗങ്ങളുണ്ടാകാന്‍ പാടില്ല. ഈ രണ്ടു ഭാഗങ്ങളും ഒന്നായിത്തീരാത്ത കാലത്തോളം ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകാം. നമ്മുടെ വ്യക്തിപരമായ കാര്യങ്ങളോരോന്നും സാമൂഹ്യവും സാമൂഹ്യകാര്യങ്ങളോരോന്നും വ്യക്തിപരവും ആയിത്തീരേണ്ടതുണ്ട്. നമുക്കും സമൂഹത്തിനുമിടയില്‍ മറ ഉണ്ടായിരിക്കാന്‍ പാടില്ല. (p 259, 260)


ഈശ്വരന്‍


ഈശ്വരനെ ഒരു ചൈതന്യ സമുദ്രത്തിന്റെ രൂപത്തിലാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അവിടെ തിരമാലകള്‍ ഉയര്‍ന്നുരുണ്ട് കയറുകയും വീണ്ടും സമുദ്രത്തിന്റെ തന്നെ ഉദരത്തിലേയ്ക്ക് മറയുകയും ചെയ്യുന്നു. വീണ്ടും പുതിയ അലകള്‍ ഉയരുന്നു. വീണ്ടും ലയം പ്രാപിക്കുന്നു. ഒരു ജീവാത്മാവ്, പരമാത്മാവിന്റെ ഒരു തരംഗം ഉയരുന്നു. ഒരു ജന്മം, രണ്ടു ജന്മം, മൂന്ന് ജന്മം ഇങ്ങനെ ഉപരിതലത്തില്‍ കളിച്ചു, പതിച്ചു, ആ മഹാസമുദ്രത്തില്‍ വിലയിച്ചു. അങ്ങനെ ഓരോ ജീവച്ചൈതന്യവും സ്വതന്ത്രമായി. അതിലാരും ഉയര്‍ന്നവരില്ല, താഴ്ന്നവരില്ല, രൂപാന്തരങ്ങളുടെ വൈവിധ്യം മാത്രം. (p 268)


ഒരു വര്‍ഷത്തെ മൌനവ്രതം



1974 ഡിസംബര്‍ മാസത്തില്‍ എന്റെ മനസ്സില്‍ മൌനത്തെക്കുറിച്ചുള്ള ചിന്ത തുടങ്ങി. മാര്‍ഗശീര്‍ഷശുദ്ധ എകാദശിയായ ഡിസംബര്‍ 25. അന്ന് ഗീതാജയന്തിയാണ്. ക്രിസ്തുമസ് ദിനവുമാണ്. ആ ദിവസം സമീപിച്ചുകൊണ്ടിരിക്കുന്നു. അന്നുമുതല്‍ ഒരു വര്‍ഷത്തെയ്ക്ക് മൌനം സ്വീകരിച്ചു. (p 280)


മരണത്തെക്കുറിച്ച്



ആരുടെയെങ്കിലും മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു മംഗള വാര്‍ത്ത കേട്ട പ്രതീതിയാണെനിക്ക്. മനുഷ്യന്‍ തന്റെ വീട്ടിലേക്കു പോകുന്നത് മംഗളവാര്‍ത്തയല്ലെങ്കില്‍ പിന്നെന്താണ്? വാസ്തവത്തില്‍ ആ ലോകമാണ് സ്വന്തം. ഇത് അന്യന്റേതും. ഇപ്പോഴാണ് നമ്മുടെ ഊഴം. പോയാല്‍ എങ്ങനെ പോകും? ചിരിച്ച് രസിച്ച് പാട്ടും പാടി പോകും. ചിരിച്ചു കളിച്ച് നാല് ദിവസം കഴിച്ചുകൂട്ടണം. (p 288)

Friday, August 19, 2011

സൗഹൃദം

ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ രണ്ടു തീവണ്ടികള്‍ രണ്ടു പാളങ്ങളിലൂടെ എതിര്‍ദിശകളില്‍ നിന്നു വന്നു. രണ്ടും അടുത്തടുത്തായി തന്നെ നിര്‍ത്തി. അവര്‍ ദിവസവും ഇവിടെ വെച്ച് കണ്ടുമുട്ടുന്നുണ്ടായിരിക്കും. അല്‍പനേരം പരിചയം പുതുക്കിയ ശേഷം അവര്‍ ചൂളം വിളിച്ച് പിരിഞ്ഞു. 

Saturday, August 6, 2011

വിന്‍ വിനും തിരുവോണം ബമ്പറും

"പ്രതീക്ഷാ നിര്‍ഭരമായ ജീവിത വീക്ഷണവും യാദൃശ്ചികതയും മാത്രമാണ് ഭാഗ്യത്തിന്റെ വഴികാട്ടികള്‍. മറ്റൊരു രഹസ്യവുമതിലില്ല."
"എന്നാല്‍ യാദൃശ്ചികത തന്നെ രഹസ്യമയമല്ലേ?"
"ആയിരിയ്ക്കാം, മനുഷ്യസമൂഹത്തിനു പൊതുവായ് പൂര്‍ണമായ്‌ ബോധ്യമാകാത്ത കാര്യങ്ങളെല്ലാം രഹസ്യമാണെന്ന് കരുതുകയാണെങ്കില്‍."
"ഭാഗ്യത്തെപ്പറ്റി പറഞ്ഞപ്പോഴാണോര്‍ത്തത്, ഞാനും ഭാര്യയും തമ്മില്‍ ഇന്നലെയൊരു വഴക്കുണ്ടായി."
"എന്താ കാര്യം?"
"ഞാന്‍ ലോട്ടറി കാര്യത്തില്‍ കുറച്ചു താല്‍പ്പര്യമുള്ളവനാണെന്ന് നിനക്കറിയാമല്ലോ?"
"നന്നായറിയാം."
"200 രൂപയുടെ 5 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ടിക്കറ്റെടുക്കുന്ന കാര്യം ഞാന്‍ ഭാര്യയോട്‌ പറഞ്ഞു."
"എന്നിട്ടോ?"
"അവളതിനെ ശക്തിയായ് എതിര്‍ക്കുകയും ആ 200 രൂപയ്ക്ക് മകനെന്തെങ്കിലും വാങ്ങിച്ചു കൊടുത്താല്‍ മതിയെന്നും പറഞ്ഞു."
"എന്നിട്ടെന്തു തീരുമാനിച്ചു?"
"ഒന്നും തീരുമാനിച്ചില്ല. ഇപ്പോള്‍ മകനും അവളും ലോട്ടറി എടുക്കേണ്ടെന്നും ഞാന്‍ എടുക്കണമെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു."
"നിന്റെ മകന്‍ പക്ഷെ സംസാരിയ്ക്കാറായിട്ടില്ലല്ലോ?"
"ഇല്ല. അവന്‍ 'ള്ളേ' എന്ന് ശബ്ദമുണ്ടാക്കുന്നത് അവള്‍ക്കനുകൂലമായാണെന്നാണ്‌ അവള്‍ പറയുന്നത്."
"കൊള്ളാം. യാദൃശ്ചികമായാകണം, എന്റെ വീട്ടിലും ഇതുപോലൊരു സംഭവമുണ്ടായി."
"എന്തു സംഭവിച്ചു?"
"തിരുവോണം ബമ്പര്‍ എടുക്കാമെന്ന് ഭാര്യയും 20 രൂപ വിലയുള്ള ഒരു വിന്‍ വിന്‍ ടിക്കറ്റെടുത്താല്‍ മതിയെന്ന് ഞാനും. വഴക്ക് അല്‍പ്പം ഉച്ചത്തിലാണ്. അപ്പോള്‍ അഞ്ചാം ക്ലാസുകാരി മകള്‍ വന്ന് ഒരു നിര്‍ദേശം വെച്ചു. അപ്പോഴാണ്‌ അവളുടെ മുന്‍പില്‍ വെച്ചാണ് വഴക്കടിച്ചതെന്ന് ഞങ്ങള്‍ ഓര്‍ത്തത്‌."
"എന്തായിരുന്നു മകളുടെ നിര്‍ദേശം?"
"അവള്‍ എന്റെ കണ്ണട മൂക്കില്‍ വെച്ച ശേഷം അതിനു മുകളിലൂടെ ഞങ്ങളെ നോക്കിക്കൊണ്ട്‌ അല്‍പ്പം ഗൌരവത്തോടെ പറഞ്ഞു: 'നിങ്ങളിങ്ങനെ ശബ്ദമെടുത്താല്‍ എനിയ്ക്ക് പഠിയ്ക്കാന്‍ കഴിയില്ല. അതിനാല്‍ ഈ വഴക്ക് അവസാനിപ്പിക്കേണ്ട ആവശ്യം എന്റേതു കൂടിയാകുന്നു. എനിയ്ക്കൊരു നിര്‍ദേശമുണ്ട്.' 'ശരി, കേള്‍ക്കട്ടെ'യെന്നു ഞങ്ങള്‍. അവള്‍ തുടര്‍ന്നു: 'എന്റെ അഭിപ്രായത്തില്‍ ഒരു തിരുവോണം ബമ്പര്‍ ടിക്കറ്റിനേക്കാളും പത്ത് വിന്‍ വിന്‍ ടിക്കറ്റെടുക്കുന്നതായിരിയ്ക്കും നല്ലത്.' 'അതെങ്ങനെ', ഞാന്‍ ചോദിച്ചു. 'നിങ്ങളുടെ വഴക്ക് തീര്‍ക്കാന്‍ ഞാനൊരു നിര്‍ദേശം വെച്ചെന്നു മാത്രം. ഇനി നിങ്ങളായി നിങ്ങളുടെ പാടായി.', എന്നു പറഞ്ഞവള്‍ പഠിയ്ക്കാന്‍ തുടങ്ങി. അപ്പോളെനിയ്ക്കൊരു ആശയം തോന്നി. ഞാന്‍ മകളെ പൊക്കിയെടുത്ത് ഭാര്യയെയും കൂട്ടി കംപ്യുട്ടര്‍ ഓണ്‍ ചെയ്ത് കേരള ലോട്ടറിയുടെ വെബ്സൈറ്റില്‍ നിന്ന് തിരുവോണം ബമ്പറിന്റെയും വിന്‍ വിന്‍ ലോട്ടറിയുടെയും സമ്മാന ഘടന ഡൌണ്‍ലോഡ് ചെയ്തു. മകള്‍ ഓടിപ്പോയി അവളുടെ പുതിയ കാല്ക്കുലേറ്റര്‍ എടുത്തു വന്ന് കണക്കു കൂട്ടാന്‍ തയ്യാറായിരുന്നു. ഭാര്യയാണെങ്കില്‍ ഒരു പേനയും കടലാസുമായി നിരീക്ഷണങ്ങളെഴുതാന്‍ തയ്യാറായി."
"നിങ്ങളെന്തൊക്കെയാണ് നിരീക്ഷിച്ചത്?"
"വിന്‍ വിന്‍ ടിക്കറ്റിനു 20 രൂപയാണെന്നറിയാമല്ലോ. തിരുവോണം ബമ്പറിനു 200 രൂപയും."
"അറിയാം."
"മൊത്തം 63 ലക്ഷം ടിക്കറ്റുള്ള വിന്‍ വിന്‍ 99555 സമ്മാനങ്ങളിലായി 41020000 രൂപ സമ്മാനമായി കൊടുക്കുന്നു."
"തിരുവോണം ബമ്പറോ?"
"തിരുവോണം ബമ്പറിനു മൊത്തം 35 ലക്ഷം ടിക്കറ്റാണുള്ളത്. 35721 സമ്മാനങ്ങളിലായി 119150000 രൂപ സമ്മാനമായി കൊടുക്കുകയും ചെയ്യുന്നു."
"ഇനി താരതമ്യം ചെയ്യാന്‍ എളുപ്പമാണല്ലോ?"
"അതെ. എല്ലാ ടിക്കറ്റുകളും വിട്ടഴിയുന്നുവെന്നു വിചാരിയ്ക്കാം. എന്തെങ്കിലും സമ്മാനം കിട്ടാന്‍ രണ്ടിലും എത്ര സാധ്യതയുണ്ടെന്ന് നോക്കാം."
"ഒരു വിന്‍ വിന്‍ ടിക്കറ്റിന് ഏതെങ്കിലും ഒരു സമ്മാനം കിട്ടാന്‍ 99555 / 63 L അതായത് 0.016 ഉം തിരുവോണം ബമ്പറിന് 0.010 (35721 / 35 L) ഉം. അല്ലെ?"
"അതെ. വിന്‍ വിന്‍ സാധ്യത ആയിരത്തില്‍ പതിനാറ് ആണെങ്കില്‍ ഓണം ബംപറിന്റെ കാര്യത്തില്‍ ആയിരത്തില്‍ പത്ത് ടിക്കറ്റിനെ സമ്മാന സാധ്യതയുള്ളൂ."
"ടിക്കറ്റിന്റെ പ്രതീക്ഷിത സമ്മാനവും താരതമ്യം ചെയ്തുകൂടെ?"
"തീര്‍ച്ചയായും. ഒരു വിന്‍ വിന്‍ ടിക്കറ്റിന് പ്രതീക്ഷിക്കാവുന്ന സമ്മാനത്തുക 6.50 (41020000 / 63 L) രൂപയും, തിരുവോണം ബമ്പര്‍ ടിക്കറ്റിന് 34 (119150000 / 35 L) രൂപയും ആണ്."
"അപ്പോള്‍ 10 വിന്‍ വിന്‍ ടിക്കറ്റെടുത്താല്‍ 65 രൂപ ന്യായമായും പ്രതീക്ഷിയ്ക്കാമെന്നര്‍ത്ഥം."
"അതെ. 200 രൂപ ചിലവാക്കിയാല്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത് വിന്‍ വിന്‍ ആണ്. ഇനി നമ്മളെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചെന്നു കരുതുക."
"എന്നാല്‍?"
"ഒരു വിന്‍ വിന്‍ ടിക്കറ്റിന് സമ്മാനം ലഭിച്ചാല്‍ അതില്‍ നിന്നും പ്രതീക്ഷിയ്ക്കാവുന്നത് 412 (41020000 / 99555) രൂപയാണ്. എന്നാല്‍ തിരുവോണം ബമ്പറിന്റെ ഒരു ടിക്കറ്റിന് സമ്മാനം ലഭിച്ചാല്‍ അതില്‍ നിന്നും പ്രതീക്ഷിയ്ക്കാവുന്നത് 3336 (119150000 / 35721) രൂപയും."
"അതൊരു പ്രധാന വ്യത്യാസമാണല്ലോ?"
"സംശയമില്ല. സമ്മാനം ലഭിയ്ക്കാനുള്ള സാധ്യത രണ്ടു ലോട്ടറിയ്ക്കും ഏകദേശം തുല്യമാണെങ്കിലും എന്തെങ്കിലും സമ്മാനം ലഭിയ്ക്കുകയാണെങ്കില്‍ തിരുവോണം ബമ്പറില്‍ നിന്ന് വളരെ കൂടുതല്‍ പ്രതീക്ഷിയ്ക്കാം."
"പക്ഷെ, ഇവിടെ നമ്മള്‍ പത്ത് വിന്‍ വിന്‍ ടിക്കറ്റുകള്‍ പരിഗണിച്ചില്ലല്ലോ?"
"ഇല്ല. സമ്മാനം ലഭിച്ചാലുള്ള കാര്യമാണ് നമ്മളിവിടെ പരിഗണിച്ചത്. പത്തില്‍ എട്ടു വിന്‍ വിന്‍ ടിക്കറ്റുകള്‍ക്കും സമ്മാനം ലഭിച്ചാലേ ഒരു സമ്മാനിതമായ തിരുവോണം ടിക്കറ്റിന് ലഭിയ്ക്കുന്ന സമ്മാനത്തുക നമുക്ക് പ്രതീക്ഷിയ്ക്കാനാവൂ."
"എനിയ്ക്ക്, കാര്യങ്ങള്‍ മൊത്തം കുഴഞ്ഞു മറിഞ്ഞോ എന്നൊരു സംശയം. നീയൊന്നു ചുരുക്കിപ്പറഞ്ഞേ."
"പറയാം. രണ്ട് അനുമാനങ്ങളുണ്ട്‌:
1 . നിങ്ങളൊരു സാമ്പത്തിക യാഥാസ്ഥിതികനും, 200 രൂപയ്ക്ക് ലോട്ടറിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും, നഷ്ടം പരമാവധി കുറയ്ക്കാനാണ് നിങ്ങളുടെ ലക്ഷ്യവുമെങ്കില്‍ പത്ത് വിന്‍ വിന്‍ ടിക്കറ്റുകള്‍ എടുക്കുന്നതാണ് നിങ്ങള്‍ക്ക് ഒരു തിരുവോണം ബമ്പര്‍ എടുക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത്.
2 . നിങ്ങള്‍ പണത്തിന്റെ നശ്വരതയില്‍ അടിയുറച്ച് വിശ്വസിയ്ക്കുകയും, സാമ്പത്തിക കാര്യങ്ങളില്‍ സാഹസികത്വം ഇഷ്ടപ്പെടുകയും, എങ്ങനെയെങ്കിലും പെട്ടെന്ന് പണക്കാരനാകണം എന്നു ഉള്ളില്‍ ചെറിയൊരു മോഹവുമുണ്ടെങ്കില്‍ പത്ത് വിന്‍ വിന്‍ ടിക്കറ്റിനേക്കാളും നിങ്ങള്‍ക്ക് നല്ലത് ഒരു തിരുവോണം ബമ്പര്‍ ടിക്കറ്റാണ്."
"അപ്പോള്‍ രണ്ട് ലോട്ടറികള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്."
"അതെ. എല്ലാ തരത്തിലും നിലവിലുള്ളതിനേക്കാള്‍ പ്രതീക്ഷ നല്‍കാത്ത ഒരു ലോട്ടറി ഭരണകൂടം കൊണ്ടുവരുമെന്ന് നമ്മള്‍ കരുതരുത്."
"അപ്പോള്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു."
"എന്ത്?"
"പത്ത് വിന്‍ വിന്‍ ടിക്കറ്റും മകനൊരു പുതിയ തൊട്ടിലും വാങ്ങാന്‍!"

Saturday, July 16, 2011

മടി

മഴ പെയ്യുന്നൊരു നേരത്ത്
പനി വന്നാലോയെന്നോര്‍ത്ത്
പുറമേയ്ക്കൊന്നുമിറങ്ങാതെ
വീട്ടില്‍ത്തന്നെയിരുന്നൂഞാന്‍.

മഴ പെയ്യാത്തൊരു നേരത്ത്
മഴപെയ്താലോയെന്നോര്‍ത്ത്
പുറമേയ്ക്കൊന്നുമിറങ്ങാതെ
പുതച്ചുമൂടിയുറങ്ങീഞാന്‍ !

Thursday, July 7, 2011

ജാതകം

ഉണ്ണിയ്ക്ക് പതിനേഴു വയസ്സായി. ഇപ്പോള്‍ പ്ലസ്‌ ടുവിന് പഠിക്കുന്നു. ശാന്തപ്രകൃതനാണ് ഉണ്ണി. അതുകൊണ്ട് തന്നെ ക്ലാസിലെ എല്ലാവര്‍ക്കും ഉണ്ണിയെ വളരെ ഇഷ്ടമാണ്. തന്റെ ചിന്തകളൊന്നും തന്നെ ഉണ്ണി ആരോടും പങ്കുവെയ്ക്കാറില്ല. അതുകൊണ്ടാവാം ഏറ്റവും അടുത്ത കൂട്ടുകാര്‍ എന്നു പറയാന്‍ ആരും തന്നെ ഉണ്ണിയ്ക്ക് ഉണ്ടായിരുന്നില്ല. പക്ഷെ അത് ഉണ്ണിയെ വിഷമിപ്പിച്ചിരുന്നില്ല എന്നു മാത്രമല്ല, അതിനാല്‍ ലഭ്യമാവുന്ന ഏകാന്തതയില്‍ ഉണ്ണി സന്തോഷിയ്ക്കുകയും ചെയ്തു. 


ഉണ്ണിയുടെ അച്ഛന്‍ പുരോഗമനാശയക്കാരനാണ്.  കാര്യങ്ങളെ വസ്തുനിഷ്ടമായും വികാരരഹിതമായും അപഗ്രഥിച്ചു മനസ്സിലാക്കണമെന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. മതപരമായ കാര്യങ്ങളിലൊന്നും തന്നെ അദ്ദേഹത്തിനു വിശ്വാസമില്ല. നാട്ടിലെ പൊതുകാര്യപ്രസക്തനും തത്വചിന്തകനുമായ രവിയേട്ടന്‍ ഇടയ്ക്കിടെ ഉണ്ണിയുടെ വീട്ടില്‍ വരും. ഉണ്ണിയുടെ അച്ഛന്റെ അടുത്ത സുഹൃത്താണ് അദ്ദേഹം. വരുന്ന ദിവസങ്ങളില്‍ മണിക്കൂറുകളോളം അവര്‍ സംസാരിച്ചിരിയ്ക്കും. പലപ്പോഴും സമകാലികമായ കാര്യങ്ങളില്‍ തുടങ്ങി തത്വചിന്തയിലവസാനിയ്ക്കുന്നതാവും അവരുടെ സംഭാഷണം. കോലായിലിരുന്നുള്ള അവരുടെ ചര്‍ച്ച അകത്തിരുന്ന് ഉണ്ണി സശ്രദ്ധം കേട്ടുകൊണ്ടിരിയ്ക്കും.

ഇന്നലെയും രവിയേട്ടന്‍ ഉണ്ണിയുടെ വീട്ടില്‍ വന്നു. ഇന്നലെ അവരുടെ സംസാരം വിശ്വാസത്തെക്കുറിച്ചായിരുന്നു. രവിയേട്ടന്‍ ഉണ്ണിയുടെ അച്ഛനോട് ചോദിച്ചു: 
"ബാലന്‍ ബൈബിള്‍ വായിച്ചിട്ടുണ്ടോ?"
"ഇല്ല."
"യേശു അസുഖം ഭേദമാക്കുന്നതിന് മുന്‍പ് തന്നില്‍ വിശ്വാസമുണ്ടോ എന്ന് രോഗികളോട് ചോദിച്ചിരുന്നു."
"ഉണ്ടെന്ന് അവര്‍ പറഞ്ഞിരിയ്ക്കും."
"അതെ. അവരെല്ലാം തന്നെ യേശുവില്‍ വിശ്വസിച്ചു. അവനവരെ സുഖപ്പെടുത്തുകയും ചെയ്തു."
"രവിയേട്ടന്‍ ഇതെല്ലാം വിശ്വസിയ്ക്കുന്നുണ്ടോ?"
"തീര്‍ച്ചയായും. യേശു അങ്ങനെ ചോദിച്ചെന്നോ അവരങ്ങനെ ഉത്തരം പറഞ്ഞെന്നോ അവനവരെ സുഖപ്പെടുത്തിയെന്നോ എനിയ്ക്കറിയില്ല. പക്ഷെ യേശുവങ്ങനെ ചോദിയ്ക്കുകയും അവരങ്ങനെ വിശ്വാസമുണ്ടെന്ന് പറയുകയും ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവനവരെ സുഖപ്പെടുത്തിയുമിരിയ്ക്കും."  
"അത് രവിയേട്ടന്റെ വെറും വിശ്വാസമല്ലേ?"
"അതെ. ഞാന്‍ വിശ്വാസത്തിന്റെ ശക്തിയില്‍ വിശ്വസിയ്ക്കുന്നു. ബാലന്‍ മഹാതിക്തകം എന്ന കഷായത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ?" 
"ഇല്ല."
"ചില ത്വക്കുരോഗങ്ങള്‍ക്ക് വൈദ്യന്മാര്‍ കുറിച്ചുകൊടുക്കുന്നതാണത്. പേരുപോലെത്തന്നെ ഭയങ്കര കയ്പാണതിന്. കുടിയ്ക്കാന്‍ ഏറ്റവും വിഷമമേറിയ കഷായങ്ങളിലൊന്നാകണം അത്."
"കഷായവും വിശ്വാസവും തമ്മിലെന്താണുള്ളത്?" 
"മഹാതിക്തക കഷായം മധുരമുള്ളതാണെന്ന് ഒരാള്‍ ഉറച്ചു വിശ്വസിച്ച് അത് കുടിച്ചാല്‍ അതയാള്‍ക്ക്‌ മധുരമുള്ളതായി തോന്നും."
"രവിയേട്ടന്‍ അങ്ങനെ ശ്രമിച്ചിട്ടുണ്ടോ?"
"ഇല്ല. പക്ഷെ അതിതീവ്രമായി ഞാനത് വിശ്വസിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും എനിയ്ക്കങ്ങനെ അനുഭവപ്പെടും. അത്ര തീവ്രമായ വിശ്വാസമുണ്ടാകുക എന്നതാണ് പ്രധാനം. അതു പക്ഷെ ഒട്ടും തന്നെ എളുപ്പമല്ല. ഒരു യഥാര്‍ത്ഥ ഗുരുവിനു പ്രാപ്തനായ ഒരു ശിഷ്യനില്‍ അത്ര തീവ്രമായ വിശ്വാസം ജനിപ്പിയ്ക്കാന്‍ കഴിയുമായിരിയ്ക്കും. യേശു ചെയ്തത് അതാണ്‌ എന്നാണു ഞാന്‍ വിശ്വസിയ്ക്കുന്നത്."
"കൊള്ളാം. പക്ഷെ നിത്യജീവിതത്തില്‍ ഇതിന് ഉദാഹരണങ്ങളുണ്ടോ?"
"തീര്‍ച്ചയായും. നമ്മള്‍ ഡോക്ടര്‍മാരുടെ കൈപ്പുണ്യമെന്ന് പറയാറില്ലേ. അതിനെപ്പറ്റി ബാലന്റെ അഭിപ്രായമെന്താണ്?"
"കഴിവുള്ള ഡോക്ടര്‍മാര്‍ ചികിത്സിച്ച് അസുഖം ഭേദമാക്കുന്നു. വേറെ അതിലെന്താണുള്ളത്?"
"ഉണ്ട്. അവരുടെ കഴിവും അത് രോഗികളിലുണ്ടാക്കുന്ന വിശ്വാസവും ചേര്‍ന്നാണ് രോഗം ഭേദമാക്കുന്നത്."
"അതവിടെയിരിയ്ക്കട്ടെ. രവിയേട്ടന്‍ ജാതകത്തില്‍ വിശ്വസിക്കുന്നുണ്ടോ?"
"ജാതകം വളരെ രസകരമായ സംഗതിയാണ്. ഞാന്‍ ജാതകത്തില്‍ വിശ്വസിയ്ക്കുകയും ഞാനെന്റെ ജാതകം വായിയ്ക്കുകയും ചെയ്‌താല്‍ എന്റെ ജാതകം സത്യമായിത്തീരാനുള്ള എല്ലാ സാധ്യതയുമുണ്ട്."
"രവിയേട്ടന്‍ ജാതകം വായിച്ചില്ല എന്നിരിയ്ക്കട്ടെ. എന്നാല്‍ രവിയേട്ടന്റെ അച്ഛന്‍ രവിയേട്ടന്റെ ജാതകം വായിച്ചെന്നും കരുതുക. അപ്പോള്‍?"
"ബാലന്‍ വിശ്വസിയ്ക്കുമെന്നു ഞാന്‍ കരുതുന്നില്ല. എന്നാലും ഞാനൊരു കാര്യം പറയാം. ഞാനോ ബാലനോ ഉണ്ണിയോ ഒന്നും വേര്‍പെടുത്താവുന്ന entity - കളല്ല. ഒരു ചരടിന്റെ പല ഭാഗങ്ങളായി കരുതിയാല്‍ മതി. ഒന്നോന്നിനോട് അഭേദ്യമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇപ്പോള്‍ ഉത്തരം കിട്ടിക്കാണുമല്ലോ?"

നേരം വൈകിയതിനാല്‍ അവര്‍ സംസാരം നിര്‍ത്തി. രവിയേട്ടന്‍ മടങ്ങി. ഉണ്ണിയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അമ്മയ്ക്ക് ജാതകത്തില്‍ വലിയ വിശ്വാസമാണ്. ഉണ്ണിയുടെ ജാതകം എഴുതിയ്ക്കണമെന്ന് അമ്മ കുറെക്കാലമായി അച്ഛനോടാവശ്യപ്പെടുന്നു. അച്ഛനത് പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇന്നത്തെ അച്ഛന്റെ സംസാരത്തില്‍ ഉണ്ണിയ്ക്കെന്തോ പന്തികേട്‌ തോന്നി. ഒരുപക്ഷെ അച്ഛന്‍ തന്റെ ജാതകം എഴുതിച്ചിരിയ്ക്കണം. അങ്ങനെയെങ്കില്‍ അത് വായിച്ചിട്ടുതന്നെ കാര്യമെന്ന് ചിന്തിച്ച് ഉണ്ണി ഉറങ്ങി.

രാവിലെ എഴുന്നേറ്റപ്പോള്‍ ഉണ്ണിയുടെ മനസ്സില്‍ ജാതകത്തെക്കുറിച്ചു മാത്രമായിരുന്നു ചിന്ത. അച്ഛന്റെ കൈയ്യിലതുണ്ട് എന്ന് ഉണ്ണി ഉറച്ചു വിശ്വസിച്ചു. ഉണ്ടെങ്കില്‍ അതെവിടെയായിരിയ്ക്കുമെന്നു ഉണ്ണിയ്ക്കറിയാം. പ്രധാന രേഖകളെല്ലാം അച്ഛന്‍ വെയ്ക്കുന്നത് ഒരു ഇരുമ്പുപെട്ടിയിലാണ്. അതിന്റെ താക്കോല്‍ അലങ്കാരമായി തൂക്കിയിട്ടിരിയ്ക്കുന്ന ഉറിയിലുമാണ്. അച്ഛന്‍ കുളിയ്ക്കാന്‍ പോയ സമയത്ത് ഉണ്ണി പെട്ടി തുറന്നു. ഒരു ചെറിയ പുസ്തകരൂപത്തിലുള്ള ജാതകം മുകളില്‍ത്തന്നെ ഉണ്ടായിരുന്നു. ഒരുപാട് താളുകളുണ്ട്. ആകാംഷയോടെ ഉണ്ണി താളുകള്‍ മറിച്ചു. ഗ്രഹനിലയായിരിയ്ക്കണം, കുറെ കളങ്ങള്‍ കാണാനുണ്ട്. അതിനുശേഷം ഗദ്യരൂപത്തില്‍ കുറെ വിവരിച്ചിരിയ്ക്കുന്നു. ഒരു താളില്‍ 'ആയുസ്സ്, അരിഷ്ടതകള്‍' എന്ന തലക്കെട്ട്‌ കണ്ടു. അതിനു താഴെയായി ഉണ്ണി പതിനെട്ട് വയസ്സ് തികയുന്നതിനു മുന്‍പ് മരണപ്പെടും എന്നെഴുതിയിരിയ്ക്കുന്നു. ഉണ്ണിയുടെ മനസ്സൊന്നിടറി. അപ്പോള്‍ അച്ഛന്‍ കുളികഴിഞ്ഞു വരുന്ന ശബ്ദം കേട്ടു. ഉണ്ണി ജാതകം പെട്ടിയില്‍ വെച്ച് പൂട്ടി, താക്കോല്‍ ഉറിയിലിട്ടു. ഉണ്ണി തന്റെ മുറിയിലേയ്ക്ക് പോയി.

ഉണ്ണിയാകെ വിയര്‍ത്തു കുളിച്ചു. ജാതകപ്രകാരം
താനൊരുവര്‍ഷത്തിനകം മരിയ്ക്കും. തനിയ്ക്കിതിലോന്നും വിശ്വാസമില്ല. പക്ഷെ, ഇതിലെന്തെങ്കിലും സത്യമുണ്ടെങ്കിലോ? വിശ്വാസമുണ്ടെങ്കിലേ ഇതെല്ലം സത്യമാകൂ. തലേ ദിവസം രവിയേട്ടന്‍ പറഞ്ഞത് ഉണ്ണിയ്ക്ക് വിശ്വാസമായിരുന്നു. അച്ഛന്‍ വിശ്വസിച്ചാലും അത് സംഭവിയ്ക്കും. പക്ഷെ, അച്ഛനിതില്‍ വിശ്വാസമില്ലെന്നുറപ്പാണ്‌ . പക്ഷെ അമ്മയ്ക്ക് വിശ്വാസമുണ്ട്‌. എന്നാല്‍ അമ്മയത് വായിച്ചുകാണില്ല. അച്ഛനത് കാണിച്ചിരിയ്ക്കില്ല. അപ്പോള്‍ തനിയ്ക്കൊന്നും പേടിയ്ക്കാനില്ല. ഉണ്ണിയ്ക്ക് അല്പമൊരാശ്വാസമായി.

-------------------------------------------------------------------------------------

ഒരു ദിവസം അമ്മ കുറെ മുട്ടിവിളിച്ചിട്ടും ഉണ്ണി വാതില്‍ തുറന്നില്ല. ഈയിടെയായി കുറച്ചു മടി കൂടിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊക്കെ വിളിച്ചാല്‍ ഉണ്ണി എഴുന്നേല്‍ക്കേണ്ടതാണ് . അമ്മയ്ക്ക് ആധിയായി. അമ്മ അച്ഛനെ വിളിച്ചു. അച്ഛന്‍ വിളിച്ചിട്ടും ഉണ്ണി വാതില്‍ തുറന്നില്ല. അച്ഛന്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ ഉണ്ണി ചലനമറ്റു കിടക്കുന്നതാണ് കണ്ടത്.

-------------------------------------------------------------------------------------

ഉണ്ണി ആത്മഹത്യ ചെയ്തിട്ട് ദിവസങ്ങളെ ആയുള്ളൂ. ഉണ്ണിയുടെ അച്ഛനും അമ്മയും ഇപ്പോഴും കരഞ്ഞുകൊണ്ടിരിയ്ക്കുന്നു. തങ്ങളുടെ മകന്‍ എന്തിനിത് ചെയ്തു എന്ന് എത്ര ചിന്തിച്ചിട്ടും അവര്‍ക്ക് മനസ്സിലായില്ല. കുറച്ചു മാസക്കാലമായി അവനൊരുന്മേഷമില്ലായിരുന്നു. അത്രയൊന്നും ചുറുചുറുക്കില്ലാത്തവനായതിനാല്‍  അതത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരുപാട് പഠിയ്ക്കാനുള്ളതിനാലാവാം അതെന്നു ഇടയ്ക്കവര്‍ക്ക് തോന്നി.

ബന്ധുക്കളെല്ലാം വീട്ടില്‍ നിന്ന് പിരിഞ്ഞുപോയിത്തുടങ്ങി. അപ്പോഴാണ്‌ ഉണ്ണിയുടെ ഒരു സഹപാഠി കടന്നു വന്നത്. ആമുഖമൊന്നുമില്ലാതെ  അവന്‍ പറഞ്ഞുതുടങ്ങി: "ഉണ്ണി കുറച്ചു കാലമായി ക്ലാസിലൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അപ്പോള്‍ ഞാന്‍ കാര്യമന്വേഷിച്ചു. ആദ്യമൊന്നും അവനൊന്നും പറഞ്ഞില്ല. എന്നാല്‍ അവന്റെ ജാതകം അവന്‍ വായിച്ചെന്നും അതുപ്രകാരം പതിനെട്ട് വയസ്സിനുമുന്‍പ് അവന്‍ മരണപ്പെടുമെന്നും ഒരു മാസം മുന്‍പ് അവനെന്നോട് പറഞ്ഞു. എന്നാല്‍ അതിലൊന്നും തനിയ്ക്കൊരുവിശ്വാസവുമില്ലെന്ന്  അവന്‍ തന്നെ ഇടയ്ക്കിടയ്ക്ക് എന്നോട് പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അവന്റെ അശ്രദ്ധയും മ്ലാനതയും കൂടിക്കൂടി വന്നു. എന്നാല്‍ ഇങ്ങനെയൊക്കെ സംഭവിയ്ക്കുമെന്ന് ഞാന്‍ കരുതിയതേയില്ല." ഉണ്ണിയുടെ അച്ഛന്റെയും അമ്മയുടെയും വിഷമം കാണാന്‍ വയ്യാത്തതിനാലാകണം അവന്‍ പെട്ടെന്നു തന്നെ മടങ്ങി.

Saturday, July 2, 2011

ദേഹി

ഞാനെന്റെ ദേഹം അഴിച്ചുവെച്ചു. അതിനുശേഷം കുറച്ചുകൂടെ നല്ല ഒരു ദേഹം തേടിയിറങ്ങി. അധികം വൈകാതെ തന്നെ ഞാനൊരു സിനിമാനടനെ കണ്ടു. അയാള്‍ തന്റെ വീട്ടിനുമുന്‍പിലിരുന്ന് ചായ കുടിയ്ക്കുകയായിരുന്നു. ഉടനെതന്നെ ഞാനയാളുടെ ദേഹത്ത് കടന്നുകൂടി. 

നിര്‍ഭാഗ്യമെന്നുപറയട്ടെ, സിനിമാനടന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം വന്നു. അയാള്‍ ഷൂട്ടിങ്ങിന് പോകാതായി. ഭക്ഷണം കഴിയ്ക്കാത്ത സമയങ്ങളില്‍ അയാള്‍ മുറിയടച്ച് ഉറങ്ങുകയോ എന്തെങ്കിലും വായിയ്ക്കുകയും ചെയ്യും. സംസാരവും വളരെ കുറഞ്ഞു.

ഇതെല്ലം കണ്ട് അയാളുടെ വീട്ടുകാര്‍ക്ക് ആധിയായി. അവര്‍ ഒരു മന്ത്രവാദിയെ സമീപിച്ചു. മന്ത്രവാദത്തിനു വേണ്ട കാര്യങ്ങളെല്ലാം മന്ത്രവാദി കുറിച്ചുകൊടുത്തു. 'എല്ലാം നമുക്ക് ശരിയാക്കാം' എന്ന അയാളുടെ വാക്കുകള്‍ വീട്ടുകാര്‍ക്ക് നേരിയ ഒരു ആശ്വാസം നല്‍കി. 

അടുത്ത ദിവസം മന്ത്രവാദി സിനിമാനടന്റെ വീട്ടിലെത്തി. ഒരുക്കങ്ങളെല്ലാം വീട്ടുകാര്‍ ചെയ്തിരുന്നു. അയാളുടെ കണ്ണുകളിലേയ്ക്ക് മന്ത്രവാദി അല്‍പനേരം സൂക്ഷിച്ചുനോക്കി. എന്നിട്ട് വീട്ടുകാരോടായി ചോദിച്ചു: "നിങ്ങളുടെ കുടുംബത്തില്‍ ഏതെങ്കിലും മടിയന്‍ ഈയിടെ മരിച്ചിട്ടുണ്ടോ?" "ഈയിടെ ആരും മരിച്ചില്ലെന്ന് മാത്രമല്ല, ഞങ്ങളുടെ കുടുംബത്തില്‍ തലമുറകളായി മടിയന്മാരേയില്ല. എല്ലാവരും ഉത്സാഹികളും കര്‍മനിരതരുമാണ്", വീട്ടുകാര്‍ മറുപടി പറഞ്ഞു. ഉത്തരത്തില്‍ മന്ത്രവാദി തൃപ്തനല്ലെന്ന് തോന്നി. മന്ത്രവാദി പറഞ്ഞു: "ഇദ്ദേഹത്തില്‍ ഒരു മടിയന്‍ കൂടിയിരിയ്ക്കുന്നു. ഒഴിപ്പിക്കാന്‍ ശക്തമായ ചില നടപടികള്‍ തന്നെ വേണ്ടിവരും.". പറഞ്ഞു തീരുംമുന്‍പ് ഒരു വലിയ വടിയെടുത്ത് അയാള്‍ സിനിമാനടനെ അടിച്ചു തുടങ്ങി. തുടക്കത്തില്‍ ഞാനിത് രസിച്ചെങ്കിലും സിനിമാനടനോടുള്ള സഹതാപം എന്നില്‍ വളര്‍ന്നു. അടികൊണ്ടു തളര്‍ന്ന ദേഹം ഞാന്‍ വിട്ടൊഴിഞ്ഞു.

എന്റെ ദേഹം തന്നെയാണ് യോജിച്ചതെന്നു എനിയ്ക്കു തോന്നി. ഞാനെന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. വീട്ടിലെത്തിയപ്പോള്‍ രാത്രിയായിരുന്നു. വെളിച്ചമില്ലായിരുന്നെങ്കിലും വീട്ടിനുള്ളില്‍നിന്നു തേങ്ങല്‍ കേള്‍ക്കാമായിരുന്നു. അപ്പോഴാണ്‌ തെക്കേപ്പറമ്പില്‍ ഒരു മണ്‍കൂനയും അതിനു മുകളില്‍ ഒരു റീത്തും കണ്ടത്. എന്റെ ദേഹം അവര്‍ കുഴിച്ചിട്ടിരിയ്ക്കുന്നു! അധികം ദിവസമാകാത്തതിനാല്‍ വലിയ കേടുപാട് പറ്റിക്കാണില്ല. പക്ഷെ, എങ്ങനെ ആ ദേഹത്തില്‍ കയറിക്കൂടും?

അപ്പോഴാണ്‌ ഒരു കുറുക്കന്‍ അതിലെ വന്നത്. ഉടനെത്തന്നെ ഞാനതിന്റെ ദേഹത്ത് പ്രവേശിച്ചു. കുറുക്കന്‍ വേഗം മണ്‍കൂനയ്ക്കടുത്തെത്തി റീത്ത് തട്ടിയിട്ട് മണ്ണ് കുഴിച്ചു തുടങ്ങി. ദേഹം കാണുന്നതിനു മുന്‍പുതന്നെ കുറുക്കന്റെ കാലിനൊരേറുകൊണ്ടു. ഓടുന്നതിനിടയ്ക്ക്‌ കുറുക്കന്റെ മുതുകിലും ഒരു കല്ലു കൊണ്ടു. ഞാനതിന്റെ ദേഹവും വിട്ടൊഴിഞ്ഞു.

മറ്റുള്ളവര്‍ക്ക് യാതൊരു ഉപദ്രവവും ഉണ്ടാക്കാത്തതും എന്നാല്‍ ഒട്ടുംതന്നെ ഉപകാരമില്ലാത്തതുമായ ഒരു ദേഹം തേടിനടക്കുകയാണ് ഞാനിപ്പോള്‍. 

Friday, June 24, 2011

കാഴ്ചയുടെ വസന്തം

വൈകുന്നേരങ്ങള്‍, പ്രത്യേകിച്ച് ഓണക്കാലത്ത് മനോഹരങ്ങളാണ്. പോക്കുവെയിലില്‍ കുളിച്ചുനില്‍ക്കുന്ന ചെടികളും മരങ്ങളും മാത്രമല്ല, സര്‍വ ചരാചരങ്ങളും നിഷ്ക്കളങ്കമായി ആനന്ദിക്കുന്നതായി തോന്നും.

കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു ഓണക്കാലത്ത് അച്ഛനും അമ്മയുമോടൊപ്പം ഞാന്‍ വടക്കേമലബാറിലെ ഒരു ബന്ധുവീട്ടില്‍ പോയി. ആ ഗ്രാമപ്രദേശത്ത് അന്ന് വൈകുന്നേരം അവിടത്തെ ക്ലബിന്റെ വക വിവിധ മത്സരങ്ങളുണ്ടായിരുന്നു. അതു കാണാന്‍ ഞാന്‍ ബന്ധുക്കളായ കൂട്ടുകാരോടൊപ്പം പോയി. പരിപാടികള്‍ കാണാന്‍ ഒരുപാടുപേരോന്നുമുണ്ടായിരുന്നില്ല, എന്നാല്‍ എല്ലാ പ്രായക്കാരുമുണ്ടായിരുന്നു. അതില്‍ ചെറിയ ഒരു കുട്ടിയെ എടുത്തുനില്‍ക്കുന്ന ഒരു യുവതി എന്റെ ശ്രദ്ധയില്‍പെട്ടു. നിമിഷങ്ങളോളം അവരുടെ മുഖത്തുനിന്ന് എനിയ്ക്ക് കണ്ണെടുക്കാന്‍ കഴിഞ്ഞില്ല - അത്രയ്ക്ക് പൂര്‍ണമായിരുന്നു അത്‌. അതിമനോഹരമായ ആ മുഖത്ത് യുവത്വത്തിന്റെ ആകര്‍ഷകത്വം മാത്രമല്ല, മാതൃത്വത്തിന്റെ നിര്‍വൃതിയുമുണ്ടായിരുന്നു. ആ മുഖത്തിന്റെ ഭാവപരവും രൂപപരവുമായ പൂര്‍ണതയില്‍നിന്നുമുള്ള പ്രകാശം ചുറ്റുപാടിനെയെല്ലാം ആനന്ദിപ്പിക്കുന്നതായി എനിയ്ക്കു തോന്നി. 

എല്ലാത്തിലും താരുണ്യം കാണുന്ന എന്റെ അപ്പോഴത്തെ പ്രായവും, ഓണക്കാലത്തിലെ വൈകുന്നേരത്തിന്റെ വശ്യമായ ഭാവവും ഒരുപക്ഷെ ആ മനോഹരമായ കാഴ്ചയുടെ മാധുര്യമേറുന്നതിന് കാരണമായിരുന്നിരിയ്ക്കാം. ഋതുക്കള്‍ മാറിവരുകയും എല്ലാത്തിനും മാറ്റം സംഭവിയ്ക്കുകയും ചെയ്യുമെന്നിരുന്നാലും ചില കാഴ്ചകള്‍ക്ക് ഓര്‍മയില്‍ നിത്യ വസന്തമാണുള്ളത്.

Sunday, June 5, 2011

സ്വഭാവം

അച്ഛന്റെയും അമ്മയുടെയും തലമുറയിലുള്ളവരുടെ സ്വഭാവത്തിലെ നല്ല അംശങ്ങള്‍ കൂടിച്ചേര്‍ന്നാണ് എന്റെ സ്വഭാവം ഉണ്ടായതെന്ന് ഞാന്‍ പ്രസ്താവിച്ചു. എന്നാല്‍ അത് അച്ഛനോ, അമ്മയോ, വീട്ടിലുള്ള മറ്റുള്ളവരോ അംഗീകരിച്ചില്ല. അതില്‍ പ്രതിഷേധിച്ച് ഞാന്‍ ഇടതു കയ്യിലുണ്ടായിരുന്ന ഗ്ലാസ് ചായയോടെ ചുമരില്‍ എറിഞ്ഞുടച്ചു. കൂടാതെ വലതു കയ്യിലുണ്ടായിരുന്ന ടിവി റിമോട്ട് കംട്രോളര്‍ മേശമേല്‍ കുത്തി പൊട്ടിക്കുകയും ചെയ്തു.

Friday, May 6, 2011

തീവണ്ടിയാത്ര

ജീവിതം ഒരു തീവണ്ടിയാത്ര പോലെയാണെന്ന് അവള്‍ പറഞ്ഞു. എന്നാല്‍ അവനതിനെ ശക്തിയായി എതിര്‍ത്തു. പിന്നെ അവര്‍ തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍ അവള്‍ തീവണ്ടിയിലും അവന്‍ ബസ്സിലുമായി ഒരേ സ്ഥലത്തേയ്ക്ക് യാത്ര പുറപ്പെട്ടു.

Wednesday, April 13, 2011

കഥയില്ലാക്കഥ

'കഥയില്ലാക്കഥ' എന്ന പേരില്‍ ഞാനൊരു കഥയെഴുതുകയും കേരളത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വാരിക, ദ്വൈവാരിക, മാസിക, ദ്വൈമാസിക, ത്രൈമാസിക, ആഴ്ചപ്പതിപ്പുകള്‍, വാര്‍ഷികപ്പതിപ്പുകള്‍, വിശേഷാല്‍പ്പതിപ്പുകള്‍ എന്നിവയ്ക്കെല്ലാം അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ അവരൊന്നും തന്നെ എന്റെ കഥ പ്രസിദ്ധീകരിച്ചില്ല. അതിനാല്‍ ഞാന്‍തന്നെ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. അതാണിക്കഥ.

Monday, March 28, 2011

വസ്തുതയും വ്യാഖ്യാനങ്ങളും

വ്യാഖ്യാനങ്ങള്‍ കത്തിച്ച ചാരം അവന്‍ വസ്തുതയ്ക്കു ചുറ്റും വിതറി. അതിനുശേഷം വസ്തുതയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. എന്നാല്‍, വളര്‍ന്നു വലുതായ വസ്തുത വ്യഖ്യാനമാണെന്നു കണ്ട് അവന്‍ അത്ഭുതപ്പെട്ടു.

നേര്‍വഴി

സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സിലിരുന്ന് ചെറിയ ഒരു കുട്ടി കരഞ്ഞു. അപ്പോള്‍ ബസ്സില്‍ നിന്നിരുന്ന ഒരാള്‍ പറഞ്ഞു: 'സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സിലിരുന്ന് കരയാന്‍ പാടില്ലെന്ന് മോള്‍ക്കറിയില്ലേ? കണ്ടക്ടര്‍ മാമന്‍ ഗവര്‍മെന്റ് മാമനോട് പറഞ്ഞു കൊടുക്കും. ഗവര്‍മെന്റ് മാമന്‍ പോലീസുമാമനെ വിട്ട് തല്ലിക്കുകയും ചെയ്യും.' കുട്ടി കരച്ചില്‍ നിര്‍ത്തി. അയാളുടെ ബുദ്ധിവൈഭവത്തെയും നര്‍മബോധത്തെയും യാത്രക്കാര്‍ പുകഴ്ത്തി. ഗവര്‍മെന്റിനെയും ഉദ്യോഗസ്ഥരെയും ഭയപ്പെടുന്ന രീതിയില്‍ ഒരു കുട്ടിയ്ക്ക് നേര്‍വഴി കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞതില്‍ അയാള്‍ക്ക്‌ അഭിമാനം തോന്നി. 

Monday, February 21, 2011

കാലചക്രം

ഒരു മരം പൂവിട്ട നേരം
പൂങ്കുയില്‍ പാടിത്തുടങ്ങി
കുയിലിന്റെ പാട്ടു കേട്ടപ്പോള്‍
പൂക്കളോ പുഞ്ചിരി തൂകി.

പൂക്കള്‍തന്‍ പുഞ്ചിരി കണ്ട്
വണ്ടുകള്‍ കൂട്ടമായെത്തി
ആനന്ദധാരയാല്‍ പൂക്കളില്‍
തേനോ നിറഞ്ഞു കവിഞ്ഞു.

പൂവില്‍ നിറഞ്ഞ തേനെല്ലാം
വണ്ടുകള്‍ ചുംബിച്ചെടുത്തു
തേനിന്‍ ലഹരിയില്‍ മുങ്ങി
വണ്ടുകള്‍ മൂളിത്തുടങ്ങി.

വണ്ടിന്റെ മൂളിച്ച കേട്ട്
പൂങ്കുയില്‍ പാട്ടങ്ങു നിര്‍ത്തി
തേനൂറും പാട്ടു നിന്നപ്പോള്‍
പൂക്കളോ വാടിക്കൊഴിഞ്ഞു.

പിന്നെയും പൂക്കള്‍ വിരിഞ്ഞു
പിന്നെയും കുയിലുകള്‍ പാടി
പിന്നെയും വണ്ടു തേനുണ്ടു
കാലമോ വീണ്ടും തിരിഞ്ഞു.

Sunday, February 6, 2011

മഹാഭാരതകഥ

മഹാഭാരതത്തിന്റെ സംക്ഷിപ്ത ഗദ്യ രൂപം കമലാ സുബ്രമണ്യം ഇഗ്ലീഷിലെഴുതിയിട്ടുണ്ട്. ആലത്തൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട് അത് തന്റെ 83-ആം വയസ്സില്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. ഡി സി ബുക്സ് പ്രസിദ്ധീകരിയ്ക്കുന്ന ഈ പുസ്തകത്തിന്‌ 325 രൂപയാണ് വില.

വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണ് വായിക്കുന്നതെന്ന് ഒരിടത്തുപോലും തോന്നിയില്ല. മാത്രമല്ല, ഭാഷയുടെ ലാളിത്യവും എടുത്തുപറയേണ്ടത് തന്നെ. വിവര്‍ത്തനത്തിന്റെ സാങ്കേതികമായ പൂര്‍ണതയ്ക്കു പകരം സാഹിത്യത്തിനും ആശയ സത്തയ്ക്കുമാണ് മുന്‍ഗണന കൊടുത്തിരിയ്ക്കുന്നത്. ഭഗവത്ഗീത വിവര്‍ത്തനം ചെയ്യപ്പെട്ട കുറച്ചു താളുകള്‍ ഒരു പക്ഷെ ഫലത്തില്‍ പല ഗീതാവിവര്‍ത്തനങ്ങളെയും കവച്ചു വെയ്ക്കും.

Thursday, January 13, 2011

വൃത്തം

അവനൊരു വൃത്തം വരച്ചു. അതും അതിനുള്ളും താനാണെന്നും അതിനു പുറത്തുള്ളതെല്ലാം തന്നില്‍നിന്നു ഭിന്നമാണെന്നും അവന്‍ സങ്കല്‍പ്പിച്ചു. ആ സങ്കല്പം കുറച്ചു കാലം അവനു തൃപ്തിയേകി. പിന്നെ ആ വൃത്തം അസ്ഥിരമാണെന്ന്  അവന് തോന്നിത്തുടങ്ങി. ഒന്നുകില്‍ വൃത്തം ചുരുങ്ങിച്ചുരുങ്ങി ഒരു ബിന്ധുവിലവസാനിക്കണമെന്നും അല്ലെങ്കില്‍ അത് വലുതായിവലുതായി അനന്തതയില്‍ ലയിക്കണമെന്നും അവന് തോന്നി. അതിലേതാണ് വേണ്ടതെന്ന ചോദ്യം അവനെ കുഴച്ചു. എന്നാല്‍ അത് രണ്ടും ഒന്ന് തന്നെയാണെന്ന് പിന്നെ അവന് തോന്നിത്തുടങ്ങി. 

Saturday, January 1, 2011

ശരിയായ പേര്

അയല്‍വീട്ടില്‍ എനിക്കൊരു സുഹൃത്തുണ്ട്. നാലു വയസ്സുകാരനാണ്. ഇപ്പോള്‍ LKG - ല്‍ പഠിക്കുന്നു. ഇന്ന് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, മുറ്റത്തു വീണുകിടക്കുന്ന പൂക്കളെ ചൂണ്ടിക്കാട്ടി ആ പൂക്കളുടെ പേരെന്താണെന്ന് ഞാനവനോട് ചോദിച്ചു. അത് മുല്ലപ്പൂവാണെന്നും എന്നാല്‍ അതിന്റെ ശരിയായ പേര് ജാസ്മിന്‍ എന്നാണെന്നും അവന്‍ മറുപടി പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വിമാനം പോകുന്ന ശബ്ദം കേട്ടു. അപ്പോള്‍ അവന്‍ മുറ്റത്തേക്കിറങ്ങി മുകളിലോട്ടു നോക്കി 'അച്ഛാ' എന്നുറക്കെ വിളിച്ചു. ഏറ്റവും ഇഷ്ടമുള്ള വാഹനമെതെന്നു ചോദിച്ചപ്പോള്‍ 'പാണ്ടിലോറി' എന്നായിരുന്നു അവന്റെ മറുപടി. അതിനു നല്ല സ്പീഡാണത്രേ . ട്രെയിനിന് ബസിനേക്കാള്‍ നീളമുണ്ടെന്നും അവന്‍ പറഞ്ഞു.

ഇന്നുമുതല്‍ പുതിയവര്‍ഷമാണെന്ന് ഞാനവനോട് പറഞ്ഞു. ഞാനെത്ര പറഞ്ഞിട്ടും അതവനു മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്ന് എനിക്കു സംശയമായി.

പത്രത്തിലെ സ്വരാക്ഷരങ്ങള്‍ മിക്കതും അവന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ വ്യഞ്ജനങ്ങൾ അവന്‍ തിരിച്ചറിഞ്ഞില്ല. '5' ഉം 'E' യും തലതിരിച്ചാണ് എഴുതിയതെങ്കിലും മറ്റുപല അക്ഷരങ്ങളും അക്കങ്ങളും അവന്‍ ശരിയായെഴുതി. അവന്‍ അവനെപ്പറ്റി പറയുമ്പോള്‍ 'ഞാന്‍' എന്നല്ല മറിച്ച് അവന്റെ പേരാണ് ഉപയോഗിച്ചത്.