ദാഹിക്കുന്നുണ്ട്. അടുക്കള വരെ പോയി വെള്ളം കുടിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. പക്ഷെ, ദാഹം ഒരു പ്രശ്നമാണോ? സ്വയം ഉത്തരം പറയാനാണെങ്കിൽ ചോദ്യം ചോദിക്കുക വലിയ മിനക്കേടുള്ള കാര്യമാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഒരു ഭാരമായി അവശേഷിക്കും. അത് ഹൃദയത്തെ പിടിച്ച് താഴോട്ടു വലിക്കുകയും തുടകൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്യും. പക്ഷെ ഉന്തിതള്ളി വരുന്ന ചോദ്യങ്ങളെ എന്ത് പറഞ്ഞു ഒഴിവാക്കാനാണ്? പൂർണ വിരാമം തന്നെയാണ് ചോദ്യചിഹ്നത്തെക്കാൾ എന്തുകൊണ്ടും സമാധാനപരം. എന്നു വച്ച് ചോദ്യചിഹ്നം നിരോധിക്കാനാവുമോ? ഇനി ചോദ്യചിഹ്നം നിരോധിച്ചെന്നു വെയ്ക്കാം. അതിനു പകരമായി പുതിയൊരു ചിഹ്നം കടന്നുവരും. അപ്പോഴെന്തു ചെയ്യും. ഇതൊക്കെയാണ് യഥാർത്ഥ പ്രശ്നങ്ങൾ - ചെറിയ തോതിലുള്ള ഒരു മൂക്കടപ്പൊഴിച്ചാൽ.
Saturday, November 14, 2020
പ്രശ്‍നം
Friday, August 7, 2020
അബദ്ധജടിലമായ ഒരു ആശയരൂപീകരണം
സുധീഷ് മുരടനക്കിയശേഷം പറഞ്ഞു: "വെള്ളം തൊടാതെ നടക്കുക എന്നത് എല്ലാ പൂച്ചകളുടെയും ഒരു സ്വഭാവമാണെന്നാണ് എനിക്ക് തോന്നുന്നത്."
"എനിക്കും അത് ശരിയാണെന്ന് തോന്നുന്നു.", സുമേഷ് പറഞ്ഞു.
"പക്ഷെ, എന്തുകൊണ്ട് പട്ടികൾ അങ്ങനെയല്ല?"
"പട്ടികൾ അങ്ങനെയല്ല എന്ന് നിനക്കെങ്ങനെ അറിയാം?"
"എനിക്കറിയില്ല. പട്ടികളുടെ സ്വഭാവത്തെ പറ്റി ഒരു അഭിപ്രായം രൂപീകരിക്കാൻ ഞാൻ ചോദിച്ച ഒരു ചോദ്യമാണത്."
"ഓ, അത് ശരി. എനിക്കുമറിയാത്ത കാര്യമാണത്. നമ്മൾ രണ്ടു പേർക്കും അറിയാത്ത ഒരു കാര്യത്തെപ്പറ്റി ഒരു അഭിപ്രായം മറ്റാരുടെയും സഹായമില്ലാതെ രൂപീകരിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല."
"ശരിയാണ്. പക്ഷെ നമുക്ക് രണ്ടു പേർക്കും ശരിക്കറിയുന്ന ഒരു കാര്യത്തെപ്പറ്റി അഭിപ്രായം രൂപീകരിക്കേണ്ട കാര്യമുണ്ടോ?"
"ഉണ്ട്, നമുക്ക് താല്പര്യമുണ്ടെങ്കിൽ."
"പക്ഷെ, എനിക്ക് താല്പര്യമില്ല."
"എനിക്കും."
"അപ്പോൾ നമ്മൾ അക്കാര്യത്തിൽ ഒരു അഭിപ്രായം രൂപീകരിച്ചെന്നു തോന്നുന്നു."
സുമേഷ് അത് കേൾക്കാത്ത മട്ടിൽ നടന്നങ്ങു പോയി.
