Sunday, August 21, 2016

കൊങ്കൺ

ഒരു ദിവസം സന്ധ്യക്ക് കുമാരനും കുമാരിയും എന്റെ വീട്ടിൽ കയറി വന്നു. കുറച്ചു ദിവസം മുൻപ് രണ്ടുപേരും കൂടെ മുംബൈക്ക് പോയതാണ്. തിരിച്ചു വരുന്ന വഴി താക്കോലെടുക്കാൻ വന്നതാണ്. കുമാരൻ നേരെ വന്ന് കോലായിലുള്ള കസേരയിൽ ഇരുന്നു. കുമാരി ഇരിക്കാൻ നിന്നില്ല. യാത്രാക്ഷീണമുണ്ടെന്നും വേഗം താക്കോൽ എടുത്തുതരാനും പറഞ്ഞു. കുമാരന്റെ കണ്ണുകൾ ദൂരെയെവിടെയോ ഉറപ്പിച്ചിരുന്നു.

'യാത്ര എങ്ങനെയുണ്ടായിരുന്നു?', ഞാൻ ചോദിച്ചു. കുമാരന്റെ മറുപടി പെട്ടെന്നായിരുന്നു: 'ജീവിതം കൊങ്കൺ പാതയിലൂടെയുള്ള യാത്രപോലെയാണ്. അന്ധകാരം നിറഞ്ഞ തുരങ്കങ്ങൾ വന്നുകൊണ്ടേയിരിക്കും'. 'തുരങ്കങ്ങൾക്കിടയിലുള്ള അതിമനോഹരമായ ഭൂപ്രദേശങ്ങളെപറ്റി പറയാത്തതെന്ത്?', ശുഭാപ്തിവിശ്വാസിയായ കുമാരി ചോദിച്ചു. പിന്നെയവൾ എന്നോടു പറഞ്ഞു: 'സന്ദീപ് പോയിട്ടില്ലല്ലോ? കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻയാത്ര തീർച്ചയായും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. എത്രയെത്ര മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും, കുഞ്ഞരുവികളും, പുഴകളും, മലകളും, കാടുകളുമാണ് ഞങ്ങൾ കണ്ടത്!'. മഴക്കാലം കഴിഞ്ഞു വസന്തം തുടങ്ങുമ്പോൾ പോകുന്നതായിരിക്കും നല്ലത്.' പെട്ടെന്ന് കുമാരൻ മൊഴിഞ്ഞു: 'കാകഃ കാകഃ പികഃ പികഃ!'. 'എന്താ സംഭവം?', ഞാൻ ചോദിച്ചു. 'കാക്ക കാക്കയും കുയിൽ കുയിലുമാണെന്ന്!', മറുപടി തന്നത് കുമാരിയായിരുന്നു. 'എന്നു വച്ചാൽ?', എന്റെ സംശയം തീർന്നില്ല. 'ഒരു ശ്ലോകത്തിന്റെ ഒരു വരിയാണ്. രണ്ടും കറുപ്പാണെങ്കിലും വസന്തകാലം വന്നാൽ കാക്ക കാക്കയാണെന്നും കുയിൽ കുയിലാണെന്നും മനസ്സിലാവുമെന്ന്'. 'അതെങ്ങനെ?'. 'മണ്ടൻ! കുയിൽ പാടില്ലേ?'. 'ഓ! അങ്ങനെ. അതിപ്പോൾ പറയാൻ കാര്യം?'. 'ഇടയ്ക്കിടയ്ക്ക് പറയുന്നതാണ്. പ്രത്യേകിച്ച് കാര്യമൊന്നുമില്ല.', കുമാരി പറഞ്ഞു. ഞാൻ താക്കോലെടുത്തു കൊടുത്തു. കുമാരൻ അപ്പോഴും ദൂരെയെവിടെയോ നോക്കിയിരിക്കുകയായിരുന്നു. താക്കോൽ കിട്ടിയെന്നറിഞ്ഞപ്പോൾ പതുക്കെയെഴുന്നേറ്റ് 'കാകഃ കാകഃ പികഃ പികഃ!' എന്ന് പിറുപിറുത്ത് നടന്നു തുടങ്ങി. 'ഇതെന്താ ഇങ്ങനെ?', ഞാൻ കുമാരിയോട് ചോദിച്ചു. 'ദൂരയാത്ര കഴിഞ്ഞു വന്നാൽ ഇങ്ങനെയാ. കുറച്ചു കഴിഞ്ഞാൽ മാറിക്കോളും'. കുമാരി കുമാരന്റെ പുറകെ ചെന്നു.

Wednesday, August 10, 2016

മണ്ണാച്ഛൻ

എന്റെ മുറിയിൽ ഒരു മണ്ണാച്ഛൻ ഉണ്ടായിരുന്നു. അത് മുറിയുടെ മൂലയ്ക്ക് വല കെട്ടുകയും ചെറിയ പ്രാണികളെയും മറ്റും പിടിച്ച് തിന്നുകയും ചെയ്തുപൊന്നു. ഒരു ദിവസം വെറുതെ കിടക്കുമ്പോൾ ഞാൻ ആ മണ്ണാച്ഛനെ കണ്ടു. എനിക്കതിനോട് അതിയായ സഹാനുഭൂതി തോന്നി. എനിക്കത് എന്തൊരു വലിയ സേവനമാണ് ചെയ്യുന്നത്! ചെറിയ പ്രാണികൾ ഒരുപാടുള്ള സ്ഥലമാണ് എന്റേത്. അവയിൽ മുറിയിലെത്തുന്ന വിരുതന്മാരെ നിയന്ത്രിക്കുന്നതിൽ ആ മണ്ണാച്ഛൻ ചെറുതല്ലാത്ത പങ്കു വഹിച്ചിരുന്നു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ വലത്തെ തുടയിൽ എന്തോ കടിച്ച ഒരു കല, നല്ല ചൊറിച്ചിലും. പതിയെ പതിയെ ആ കലയുടെ ചുറ്റിലും കുത്തുകുത്തായി ചിണർത്തു പൊന്തി. 'മണ്ണാച്ഛനാണ്, വേഗം പോയ് ഡോക്ടറെ കാണിക്ക്', വീട്ടുകാർ പറഞ്ഞു. ഞാൻ പോയി ഒരു ആയുർവേദ ഡോക്ടറെ കണ്ടു. 'മണ്ണാച്ഛനാണ്, കുറച്ച് കൂടിയ ഇനമാണ്. പതിനാല് പൊതി കഷായം എഴുതുന്നുണ്ട്. നല്ല കയ്പുണ്ടാകും. കുറച്ച് കൽക്കണ്ടവും വാങ്ങിക്കോളൂ.' ഞാൻ കഷായവും കൽക്കണ്ടവും വാങ്ങി വീട്ടിലെത്തി. മുറിയിൽ കയറിയപ്പോൾ ആ മണ്ണാച്ഛനുണ്ട് സുഖമായി വലയിൽ ഇരിക്കുന്നു. ഞാനൊരു ചൂലെടുത്ത് അതിനെ അടിച്ചു കൊന്നു. അന്നത്തെ ഉറക്കം അത്ര സുഖകരമായിരുന്നില്ല. അത് ചൊറി, കയ്പ്, പ്രാണികൾ, കുറ്റബോധം ഇവയിലേതൊക്കെകൊണ്ടാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല.

Monday, August 1, 2016

നടത്തം

എഴുതാനുള്ളത് എഴുതിയും, പറയാനുള്ളത് പറഞ്ഞും, ചെയ്യാനുള്ളത് ചെയ്തും, ചിന്തിക്കാനുള്ളത് ചിന്തിച്ചും തീരണം. അതുകഴിഞ്ഞാൽപിന്നെ നേരെയങ്ങ് നടന്നുപോകാം.