മഴ പെയ്യുന്നൊരു നേരത്ത്
പനി വന്നാലോയെന്നോര്‍ത്ത്
പുറമേയ്ക്കൊന്നുമിറങ്ങാതെ
വീട്ടില്‍ത്തന്നെയിരുന്നൂഞാന്‍.
മഴ പെയ്യാത്തൊരു നേരത്ത്
മഴപെയ്താലോയെന്നോര്‍ത്ത്
പുറമേയ്ക്കൊന്നുമിറങ്ങാതെ
പുതച്ചുമൂടിയുറങ്ങീഞാന്‍ !
Thursday, July 7, 2011
ജാതകം
ഉണ്ണിയ്ക്ക് പതിനേഴു വയസ്സായി. ഇപ്പോള്‍ പ്ലസ് ടുവിന് പഠിക്കുന്നു. ശാന്തപ്രകൃതനാണ് ഉണ്ണി. അതുകൊണ്ട് തന്നെ ക്ലാസിലെ എല്ലാവര്‍ക്കും ഉണ്ണിയെ വളരെ ഇഷ്ടമാണ്. തന്റെ ചിന്തകളൊന്നും തന്നെ ഉണ്ണി ആരോടും പങ്കുവെയ്ക്കാറില്ല. അതുകൊണ്ടാവാം ഏറ്റവും അടുത്ത കൂട്ടുകാര്‍ എന്നു പറയാന്‍ ആരും തന്നെ ഉണ്ണിയ്ക്ക് ഉണ്ടായിരുന്നില്ല. പക്ഷെ അത് ഉണ്ണിയെ വിഷമിപ്പിച്ചിരുന്നില്ല എന്നു മാത്രമല്ല, അതിനാല്‍ ലഭ്യമാവുന്ന ഏകാന്തതയില്‍ ഉണ്ണി സന്തോഷിയ്ക്കുകയും ചെയ്തു.
ഉണ്ണിയുടെ അച്ഛന്‍ പുരോഗമനാശയക്കാരനാണ്. കാര്യങ്ങളെ വസ്തുനിഷ്ടമായും വികാരരഹിതമായും അപഗ്രഥിച്ചു മനസ്സിലാക്കണമെന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. മതപരമായ കാര്യങ്ങളിലൊന്നും തന്നെ അദ്ദേഹത്തിനു വിശ്വാസമില്ല. നാട്ടിലെ പൊതുകാര്യപ്രസക്തനും തത്വചിന്തകനുമായ രവിയേട്ടന്‍ ഇടയ്ക്കിടെ ഉണ്ണിയുടെ വീട്ടില്‍ വരും. ഉണ്ണിയുടെ അച്ഛന്റെ അടുത്ത സുഹൃത്താണ് അദ്ദേഹം. വരുന്ന ദിവസങ്ങളില്‍ മണിക്കൂറുകളോളം അവര്‍ സംസാരിച്ചിരിയ്ക്കും. പലപ്പോഴും സമകാലികമായ കാര്യങ്ങളില്‍ തുടങ്ങി തത്വചിന്തയിലവസാനിയ്ക്കുന്നതാവും അവരുടെ സംഭാഷണം. കോലായിലിരുന്നുള്ള അവരുടെ ചര്‍ച്ച അകത്തിരുന്ന് ഉണ്ണി സശ്രദ്ധം കേട്ടുകൊണ്ടിരിയ്ക്കും.
ഇന്നലെയും രവിയേട്ടന്‍ ഉണ്ണിയുടെ വീട്ടില്‍ വന്നു. ഇന്നലെ അവരുടെ സംസാരം വിശ്വാസത്തെക്കുറിച്ചായിരുന്നു. രവിയേട്ടന്‍ ഉണ്ണിയുടെ അച്ഛനോട് ചോദിച്ചു:
"ബാലന്‍ ബൈബിള്‍ വായിച്ചിട്ടുണ്ടോ?"
"ഇല്ല."
"യേശു അസുഖം ഭേദമാക്കുന്നതിന് മുന്‍പ് തന്നില്‍ വിശ്വാസമുണ്ടോ എന്ന് രോഗികളോട് ചോദിച്ചിരുന്നു."
"ഉണ്ടെന്ന് അവര്‍ പറഞ്ഞിരിയ്ക്കും."
"അതെ. അവരെല്ലാം തന്നെ യേശുവില്‍ വിശ്വസിച്ചു. അവനവരെ സുഖപ്പെടുത്തുകയും ചെയ്തു."
"രവിയേട്ടന്‍ ഇതെല്ലാം വിശ്വസിയ്ക്കുന്നുണ്ടോ?"
"തീര്‍ച്ചയായും. യേശു അങ്ങനെ ചോദിച്ചെന്നോ അവരങ്ങനെ ഉത്തരം പറഞ്ഞെന്നോ അവനവരെ സുഖപ്പെടുത്തിയെന്നോ എനിയ്ക്കറിയില്ല. പക്ഷെ യേശുവങ്ങനെ ചോദിയ്ക്കുകയും അവരങ്ങനെ വിശ്വാസമുണ്ടെന്ന് പറയുകയും ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവനവരെ സുഖപ്പെടുത്തിയുമിരിയ്ക്കും."
"അത് രവിയേട്ടന്റെ വെറും വിശ്വാസമല്ലേ?"
"അതെ. ഞാന്‍ വിശ്വാസത്തിന്റെ ശക്തിയില്‍ വിശ്വസിയ്ക്കുന്നു. ബാലന്‍ മഹാതിക്തകം എന്ന കഷായത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ?"
"ഇല്ല."
"ചില ത്വക്കുരോഗങ്ങള്‍ക്ക് വൈദ്യന്മാര്‍ കുറിച്ചുകൊടുക്കുന്നതാണത്. പേരുപോലെത്തന്നെ ഭയങ്കര കയ്പാണതിന്. കുടിയ്ക്കാന്‍ ഏറ്റവും വിഷമമേറിയ കഷായങ്ങളിലൊന്നാകണം അത്."
"കഷായവും വിശ്വാസവും തമ്മിലെന്താണുള്ളത്?"
"മഹാതിക്തക കഷായം മധുരമുള്ളതാണെന്ന് ഒരാള്‍ ഉറച്ചു വിശ്വസിച്ച് അത് കുടിച്ചാല്‍ അതയാള്‍ക്ക് മധുരമുള്ളതായി തോന്നും."
"രവിയേട്ടന്‍ അങ്ങനെ ശ്രമിച്ചിട്ടുണ്ടോ?"
"ഇല്ല. പക്ഷെ അതിതീവ്രമായി ഞാനത് വിശ്വസിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും എനിയ്ക്കങ്ങനെ അനുഭവപ്പെടും. അത്ര തീവ്രമായ വിശ്വാസമുണ്ടാകുക എന്നതാണ് പ്രധാനം. അതു പക്ഷെ ഒട്ടും തന്നെ എളുപ്പമല്ല. ഒരു യഥാര്‍ത്ഥ ഗുരുവിനു പ്രാപ്തനായ ഒരു ശിഷ്യനില്‍ അത്ര തീവ്രമായ വിശ്വാസം ജനിപ്പിയ്ക്കാന്‍ കഴിയുമായിരിയ്ക്കും. യേശു ചെയ്തത് അതാണ് എന്നാണു ഞാന്‍ വിശ്വസിയ്ക്കുന്നത്."
"കൊള്ളാം. പക്ഷെ നിത്യജീവിതത്തില്‍ ഇതിന് ഉദാഹരണങ്ങളുണ്ടോ?""തീര്‍ച്ചയായും. നമ്മള്‍ ഡോക്ടര്‍മാരുടെ കൈപ്പുണ്യമെന്ന് പറയാറില്ലേ. അതിനെപ്പറ്റി ബാലന്റെ അഭിപ്രായമെന്താണ്?"
"കഴിവുള്ള ഡോക്ടര്‍മാര്‍ ചികിത്സിച്ച് അസുഖം ഭേദമാക്കുന്നു. വേറെ അതിലെന്താണുള്ളത്?"
"ഉണ്ട്. അവരുടെ കഴിവും അത് രോഗികളിലുണ്ടാക്കുന്ന വിശ്വാസവും ചേര്‍ന്നാണ് രോഗം ഭേദമാക്കുന്നത്."
"അതവിടെയിരിയ്ക്കട്ടെ. രവിയേട്ടന്‍ ജാതകത്തില്‍ വിശ്വസിക്കുന്നുണ്ടോ?"
"ജാതകം വളരെ രസകരമായ സംഗതിയാണ്. ഞാന്‍ ജാതകത്തില്‍ വിശ്വസിയ്ക്കുകയും ഞാനെന്റെ ജാതകം വായിയ്ക്കുകയും ചെയ്‌താല്‍ എന്റെ ജാതകം സത്യമായിത്തീരാനുള്ള എല്ലാ സാധ്യതയുമുണ്ട്."
"രവിയേട്ടന്‍ ജാതകം വായിച്ചില്ല എന്നിരിയ്ക്കട്ടെ. എന്നാല്‍ രവിയേട്ടന്റെ അച്ഛന്‍ രവിയേട്ടന്റെ ജാതകം വായിച്ചെന്നും കരുതുക. അപ്പോള്‍?"
"ബാലന്‍ വിശ്വസിയ്ക്കുമെന്നു ഞാന്‍ കരുതുന്നില്ല. എന്നാലും ഞാനൊരു കാര്യം പറയാം. ഞാനോ ബാലനോ ഉണ്ണിയോ ഒന്നും വേര്‍പെടുത്താവുന്ന entity - കളല്ല. ഒരു ചരടിന്റെ പല ഭാഗങ്ങളായി കരുതിയാല്‍ മതി. ഒന്നോന്നിനോട് അഭേദ്യമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇപ്പോള്‍ ഉത്തരം കിട്ടിക്കാണുമല്ലോ?"
രാവിലെ എഴുന്നേറ്റപ്പോള്‍ ഉണ്ണിയുടെ മനസ്സില്‍ ജാതകത്തെക്കുറിച്ചു മാത്രമായിരുന്നു ചിന്ത. അച്ഛന്റെ കൈയ്യിലതുണ്ട് എന്ന് ഉണ്ണി ഉറച്ചു വിശ്വസിച്ചു. ഉണ്ടെങ്കില്‍ അതെവിടെയായിരിയ്ക്കുമെന്നു ഉണ്ണിയ്ക്കറിയാം. പ്രധാന രേഖകളെല്ലാം അച്ഛന്‍ വെയ്ക്കുന്നത് ഒരു ഇരുമ്പുപെട്ടിയിലാണ്. അതിന്റെ താക്കോല്‍ അലങ്കാരമായി തൂക്കിയിട്ടിരിയ്ക്കുന്ന ഉറിയിലുമാണ്. അച്ഛന്‍ കുളിയ്ക്കാന്‍ പോയ സമയത്ത് ഉണ്ണി പെട്ടി തുറന്നു. ഒരു ചെറിയ പുസ്തകരൂപത്തിലുള്ള ജാതകം മുകളില്‍ത്തന്നെ ഉണ്ടായിരുന്നു. ഒരുപാട് താളുകളുണ്ട്. ആകാംഷയോടെ ഉണ്ണി താളുകള്‍ മറിച്ചു. ഗ്രഹനിലയായിരിയ്ക്കണം, കുറെ കളങ്ങള്‍ കാണാനുണ്ട്. അതിനുശേഷം ഗദ്യരൂപത്തില്‍ കുറെ വിവരിച്ചിരിയ്ക്കുന്നു. ഒരു താളില്‍ 'ആയുസ്സ്, അരിഷ്ടതകള്‍' എന്ന തലക്കെട്ട് കണ്ടു. അതിനു താഴെയായി ഉണ്ണി പതിനെട്ട് വയസ്സ് തികയുന്നതിനു മുന്‍പ് മരണപ്പെടും എന്നെഴുതിയിരിയ്ക്കുന്നു. ഉണ്ണിയുടെ മനസ്സൊന്നിടറി. അപ്പോള്‍ അച്ഛന്‍ കുളികഴിഞ്ഞു വരുന്ന ശബ്ദം കേട്ടു. ഉണ്ണി ജാതകം പെട്ടിയില്‍ വെച്ച് പൂട്ടി, താക്കോല്‍ ഉറിയിലിട്ടു. ഉണ്ണി തന്റെ മുറിയിലേയ്ക്ക് പോയി.
ഉണ്ണിയാകെ വിയര്‍ത്തു കുളിച്ചു. ജാതകപ്രകാരം താനൊരുവര്‍ഷത്തിനകം മരിയ്ക്കും. തനിയ്ക്കിതിലോന്നും വിശ്വാസമില്ല. പക്ഷെ, ഇതിലെന്തെങ്കിലും സത്യമുണ്ടെങ്കിലോ? വിശ്വാസമുണ്ടെങ്കിലേ ഇതെല്ലം സത്യമാകൂ. തലേ ദിവസം രവിയേട്ടന്‍ പറഞ്ഞത് ഉണ്ണിയ്ക്ക് വിശ്വാസമായിരുന്നു. അച്ഛന്‍ വിശ്വസിച്ചാലും അത് സംഭവിയ്ക്കും. പക്ഷെ, അച്ഛനിതില്‍ വിശ്വാസമില്ലെന്നുറപ്പാണ് . പക്ഷെ അമ്മയ്ക്ക് വിശ്വാസമുണ്ട്. എന്നാല്‍ അമ്മയത് വായിച്ചുകാണില്ല. അച്ഛനത് കാണിച്ചിരിയ്ക്കില്ല. അപ്പോള്‍ തനിയ്ക്കൊന്നും പേടിയ്ക്കാനില്ല. ഉണ്ണിയ്ക്ക് അല്പമൊരാശ്വാസമായി.
-------------------------------------------------------------------------------------
ഒരു ദിവസം അമ്മ കുറെ മുട്ടിവിളിച്ചിട്ടും ഉണ്ണി വാതില്‍ തുറന്നില്ല. ഈയിടെയായി കുറച്ചു മടി കൂടിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊക്കെ വിളിച്ചാല്‍ ഉണ്ണി എഴുന്നേല്‍ക്കേണ്ടതാണ് . അമ്മയ്ക്ക് ആധിയായി. അമ്മ അച്ഛനെ വിളിച്ചു. അച്ഛന്‍ വിളിച്ചിട്ടും ഉണ്ണി വാതില്‍ തുറന്നില്ല. അച്ഛന്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ ഉണ്ണി ചലനമറ്റു കിടക്കുന്നതാണ് കണ്ടത്.
-------------------------------------------------------------------------------------
ഉണ്ണി ആത്മഹത്യ ചെയ്തിട്ട് ദിവസങ്ങളെ ആയുള്ളൂ. ഉണ്ണിയുടെ അച്ഛനും അമ്മയും ഇപ്പോഴും കരഞ്ഞുകൊണ്ടിരിയ്ക്കുന്നു. തങ്ങളുടെ മകന്‍ എന്തിനിത് ചെയ്തു എന്ന് എത്ര ചിന്തിച്ചിട്ടും അവര്‍ക്ക് മനസ്സിലായില്ല. കുറച്ചു മാസക്കാലമായി അവനൊരുന്മേഷമില്ലായിരുന്നു. അത്രയൊന്നും ചുറുചുറുക്കില്ലാത്തവനായതിനാല്‍ അതത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരുപാട് പഠിയ്ക്കാനുള്ളതിനാലാവാം അതെന്നു ഇടയ്ക്കവര്‍ക്ക് തോന്നി.
ബന്ധുക്കളെല്ലാം വീട്ടില്‍ നിന്ന് പിരിഞ്ഞുപോയിത്തുടങ്ങി. അപ്പോഴാണ് ഉണ്ണിയുടെ ഒരു സഹപാഠി കടന്നു വന്നത്. ആമുഖമൊന്നുമില്ലാതെ അവന്‍ പറഞ്ഞുതുടങ്ങി: "ഉണ്ണി കുറച്ചു കാലമായി ക്ലാസിലൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അപ്പോള്‍ ഞാന്‍ കാര്യമന്വേഷിച്ചു. ആദ്യമൊന്നും അവനൊന്നും പറഞ്ഞില്ല. എന്നാല്‍ അവന്റെ ജാതകം അവന്‍ വായിച്ചെന്നും അതുപ്രകാരം പതിനെട്ട് വയസ്സിനുമുന്‍പ് അവന്‍ മരണപ്പെടുമെന്നും ഒരു മാസം മുന്‍പ് അവനെന്നോട് പറഞ്ഞു. എന്നാല്‍ അതിലൊന്നും തനിയ്ക്കൊരുവിശ്വാസവുമില്ലെന്ന് അവന്‍ തന്നെ ഇടയ്ക്കിടയ്ക്ക് എന്നോട് പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അവന്റെ അശ്രദ്ധയും മ്ലാനതയും കൂടിക്കൂടി വന്നു. എന്നാല്‍ ഇങ്ങനെയൊക്കെ സംഭവിയ്ക്കുമെന്ന് ഞാന്‍ കരുതിയതേയില്ല." ഉണ്ണിയുടെ അച്ഛന്റെയും അമ്മയുടെയും വിഷമം കാണാന്‍ വയ്യാത്തതിനാലാകണം അവന്‍ പെട്ടെന്നു തന്നെ മടങ്ങി.
Saturday, July 2, 2011
ദേഹി
ഞാനെന്റെ ദേഹം അഴിച്ചുവെച്ചു. അതിനുശേഷം കുറച്ചുകൂടെ നല്ല ഒരു ദേഹം തേടിയിറങ്ങി. അധികം വൈകാതെ തന്നെ ഞാനൊരു സിനിമാനടനെ കണ്ടു. അയാള്‍ തന്റെ വീട്ടിനുമുന്‍പിലിരുന്ന് ചായ കുടിയ്ക്കുകയായിരുന്നു. ഉടനെതന്നെ ഞാനയാളുടെ ദേഹത്ത് കടന്നുകൂടി.
നിര്‍ഭാഗ്യമെന്നുപറയട്ടെ, സിനിമാനടന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം വന്നു. അയാള്‍ ഷൂട്ടിങ്ങിന് പോകാതായി. ഭക്ഷണം കഴിയ്ക്കാത്ത സമയങ്ങളില്‍ അയാള്‍ മുറിയടച്ച് ഉറങ്ങുകയോ എന്തെങ്കിലും വായിയ്ക്കുകയും ചെയ്യും. സംസാരവും വളരെ കുറഞ്ഞു.
ഇതെല്ലം കണ്ട് അയാളുടെ വീട്ടുകാര്‍ക്ക് ആധിയായി. അവര്‍ ഒരു മന്ത്രവാദിയെ സമീപിച്ചു. മന്ത്രവാദത്തിനു വേണ്ട കാര്യങ്ങളെല്ലാം മന്ത്രവാദി കുറിച്ചുകൊടുത്തു. 'എല്ലാം നമുക്ക് ശരിയാക്കാം' എന്ന അയാളുടെ വാക്കുകള്‍ വീട്ടുകാര്‍ക്ക് നേരിയ ഒരു ആശ്വാസം നല്‍കി.
അടുത്ത ദിവസം മന്ത്രവാദി സിനിമാനടന്റെ വീട്ടിലെത്തി. ഒരുക്കങ്ങളെല്ലാം വീട്ടുകാര്‍ ചെയ്തിരുന്നു. അയാളുടെ കണ്ണുകളിലേയ്ക്ക് മന്ത്രവാദി അല്‍പനേരം സൂക്ഷിച്ചുനോക്കി. എന്നിട്ട് വീട്ടുകാരോടായി ചോദിച്ചു: "നിങ്ങളുടെ കുടുംബത്തില്‍ ഏതെങ്കിലും മടിയന്‍ ഈയിടെ മരിച്ചിട്ടുണ്ടോ?" "ഈയിടെ ആരും മരിച്ചില്ലെന്ന് മാത്രമല്ല, ഞങ്ങളുടെ കുടുംബത്തില്‍ തലമുറകളായി മടിയന്മാരേയില്ല. എല്ലാവരും ഉത്സാഹികളും കര്‍മനിരതരുമാണ്", വീട്ടുകാര്‍ മറുപടി പറഞ്ഞു. ഉത്തരത്തില്‍ മന്ത്രവാദി തൃപ്തനല്ലെന്ന് തോന്നി. മന്ത്രവാദി പറഞ്ഞു: "ഇദ്ദേഹത്തില്‍ ഒരു മടിയന്‍ കൂടിയിരിയ്ക്കുന്നു. ഒഴിപ്പിക്കാന്‍ ശക്തമായ ചില നടപടികള്‍ തന്നെ വേണ്ടിവരും.". പറഞ്ഞു തീരുംമുന്‍പ് ഒരു വലിയ വടിയെടുത്ത് അയാള്‍ സിനിമാനടനെ അടിച്ചു തുടങ്ങി. തുടക്കത്തില്‍ ഞാനിത് രസിച്ചെങ്കിലും സിനിമാനടനോടുള്ള സഹതാപം എന്നില്‍ വളര്‍ന്നു. അടികൊണ്ടു തളര്‍ന്ന ദേഹം ഞാന്‍ വിട്ടൊഴിഞ്ഞു.
എന്റെ ദേഹം തന്നെയാണ് യോജിച്ചതെന്നു എനിയ്ക്കു തോന്നി. ഞാനെന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. വീട്ടിലെത്തിയപ്പോള്‍ രാത്രിയായിരുന്നു. വെളിച്ചമില്ലായിരുന്നെങ്കിലും വീട്ടിനുള്ളില്‍നിന്നു തേങ്ങല്‍ കേള്‍ക്കാമായിരുന്നു. അപ്പോഴാണ് തെക്കേപ്പറമ്പില്‍ ഒരു മണ്‍കൂനയും അതിനു മുകളില്‍ ഒരു റീത്തും കണ്ടത്. എന്റെ ദേഹം അവര്‍ കുഴിച്ചിട്ടിരിയ്ക്കുന്നു! അധികം ദിവസമാകാത്തതിനാല്‍ വലിയ കേടുപാട് പറ്റിക്കാണില്ല. പക്ഷെ, എങ്ങനെ ആ ദേഹത്തില്‍ കയറിക്കൂടും?
അപ്പോഴാണ് ഒരു കുറുക്കന്‍ അതിലെ വന്നത്. ഉടനെത്തന്നെ ഞാനതിന്റെ ദേഹത്ത് പ്രവേശിച്ചു. കുറുക്കന്‍ വേഗം മണ്‍കൂനയ്ക്കടുത്തെത്തി റീത്ത് തട്ടിയിട്ട് മണ്ണ് കുഴിച്ചു തുടങ്ങി. ദേഹം കാണുന്നതിനു മുന്‍പുതന്നെ കുറുക്കന്റെ കാലിനൊരേറുകൊണ്ടു. ഓടുന്നതിനിടയ്ക്ക് കുറുക്കന്റെ മുതുകിലും ഒരു കല്ലു കൊണ്ടു. ഞാനതിന്റെ ദേഹവും വിട്ടൊഴിഞ്ഞു.
മറ്റുള്ളവര്‍ക്ക് യാതൊരു ഉപദ്രവവും ഉണ്ടാക്കാത്തതും എന്നാല്‍ ഒട്ടുംതന്നെ ഉപകാരമില്ലാത്തതുമായ ഒരു ദേഹം തേടിനടക്കുകയാണ് ഞാനിപ്പോള്‍.
അപ്പോഴാണ് ഒരു കുറുക്കന്‍ അതിലെ വന്നത്. ഉടനെത്തന്നെ ഞാനതിന്റെ ദേഹത്ത് പ്രവേശിച്ചു. കുറുക്കന്‍ വേഗം മണ്‍കൂനയ്ക്കടുത്തെത്തി റീത്ത് തട്ടിയിട്ട് മണ്ണ് കുഴിച്ചു തുടങ്ങി. ദേഹം കാണുന്നതിനു മുന്‍പുതന്നെ കുറുക്കന്റെ കാലിനൊരേറുകൊണ്ടു. ഓടുന്നതിനിടയ്ക്ക് കുറുക്കന്റെ മുതുകിലും ഒരു കല്ലു കൊണ്ടു. ഞാനതിന്റെ ദേഹവും വിട്ടൊഴിഞ്ഞു.
മറ്റുള്ളവര്‍ക്ക് യാതൊരു ഉപദ്രവവും ഉണ്ടാക്കാത്തതും എന്നാല്‍ ഒട്ടുംതന്നെ ഉപകാരമില്ലാത്തതുമായ ഒരു ദേഹം തേടിനടക്കുകയാണ് ഞാനിപ്പോള്‍.
Subscribe to:
Posts (Atom)
