രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യമെന്ന് തീരുമാനിച്ച് അവൻ തന്റെ അനുസരണക്കേട് കാട്ടുന്ന അഞ്ചിന്ദ്രിയങ്ങളേയും ചൂഴ്‌ന്നും, ചെത്തിയും, പിഴുതും, ഉരിഞ്ഞും മേശപ്പുറത്തു വെച്ചു. എന്നാലവനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ആസക്തിയുടെ പുതിയ കഥകളെഴുതാൻ, കീഴടക്കാനായി ലജ്ജയുടെ കൊടുമുടികൾ ഇനിയേത് ബാക്കിയെന്നു ചോദിച്ച്, പുതുതും ഊർജസ്വലങ്ങളുമായ ഇന്ദ്രിയങ്ങൾ കിളിർത്തുവന്നു. പഴയതുപോലെ നിസ്സഹായനായെങ്കിലും ഈ സംഭവം അവന് പുതിയ ഉൾക്കാഴ്ചകളേകി.
Sunday, November 23, 2014
Friday, November 21, 2014
പാമ്പും കയറും
കയറിന് താനൊരു പാമ്പാണെന്ന് തോന്നി. എന്നാൽ തന്റെ സ്വാഭാവികമായ അവസ്ഥയതല്ലെന്ന് കയർ സാവധാനം തിരിച്ചറിയാൻ തുടങ്ങി. ആ തിരിച്ചറിവ് താൻ പാമ്പല്ലെന്നും ചകിരിനാരുകൾ പിരിച്ചുണ്ടാക്കപ്പെട്ടതാണെന്നുമുള്ള പരമായ സത്യത്തിലേയ്ക്ക് കയറിനെ കൊണ്ടെത്തിച്ചു. ആ സത്യം ഉൾക്കൊണ്ട നിമിഷം കയറിന് പാമ്പാണെന്ന തോന്നൽ മാത്രമല്ല ആ തോന്നൽ ഉല്പാദിപ്പിക്കപ്പെട്ട പാമ്പുമനസ്സും നഷ്ടമായി.
Thursday, November 13, 2014
Wednesday, November 12, 2014
Saturday, November 8, 2014
നിഷ്ക്രിയൻ
രാവിലെ പുതച്ച് തന്റെ ഹൃദയ മിടിപ്പ് ശ്രദ്ധിച്ച് വെറുതെ കിടക്കുമ്പോഴാണ് മുറിയിലെ പങ്ക (FAN) ചെറുതായ് വിറയ്ക്കുന്നത് കുമാരന്റെ ശ്രദ്ധയിൽ പെട്ടത്. കുറെ നേരം അവനത് സൂക്ഷിച്ച് നോക്കിക്കൊണ്ട് കിടന്നു. എന്തായിരിക്കും പങ്ക വിറയ്ക്കുന്നതിന് കാരണം? ഭൂമി വിറയ്ക്കുന്നുണ്ടോ? കാറ്റുകൊണ്ടാണോ? അതിനു പുറകിൽ വലിയൊരു ശാസ്ത്ര സത്യം ഒളിഞ്ഞിരിപ്പുണ്ടോ? തന്റെ കണ്ണിന്റെ പ്രശ്നമാണോ? അതായിരിക്കാൻ വഴിയില്ല. മറ്റൊന്നിനും തന്നെ വിറയൽ കാണുന്നില്ല. ഈ ലോകത്തിപ്പോൾ എന്തെങ്കിലും ഒന്ന് ചലിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ അത് തന്റെ ഹൃദയമാണ്. അപ്പോൾ അതു തന്നെയായിരിക്കും കാരണം. പക്ഷെ എങ്ങനെയത് ഉറപ്പു വരുത്തും? മുറിയുടെ പുറത്തു പോയി നോക്കിയാലോ? മനസ്സില്ലാ മനസ്സോടെ കുമാരൻ പുതപ്പ് മാറ്റി എഴുന്നേറ്റ് മുറിയുടെ പുറത്തുപോയി തുറന്നിട്ട ജനലിന്റെ ഉള്ളിലൂടെ പങ്കയിലേയ്ക്ക് നോക്കി. പങ്ക വിറച്ചു കൊണ്ടിരിക്കുന്നു. തന്റെ ഹൃദയമിടിപ്പിന്റെ തരംഗങ്ങൾ തുറന്നിട്ട ജനലിലൂടെ ഉള്ളിലേയ്ക്ക് പോകാമല്ലോ. ജനലടച്ചാൽ ഉള്ളിലേയ്ക്ക് കാണുകയുമില്ല. ഇനിയെന്തു ചെയ്യും? ഒരു വഴിയേയുള്ളൂ. കുമാരൻ പതുക്കെ മുറിയിൽ കടന്ന് പങ്കയിലേയ്ക്ക് നോക്കാതെ ശബ്ദമുണ്ടാക്കാതെ കട്ടിലിൽ കയറി കിടന്ന് പുതപ്പ് കൊണ്ട് തല മൂടി ചുരുണ്ടു കൂടി കിടന്നു. ഹൃദയം അപ്പോഴും മിടിച്ചു കൊണ്ടിരുന്നു.
Subscribe to:
Posts (Atom)
