"എണ്ണിയാലൊടുങ്ങാത്തത്ര കാരണങ്ങളാൽ ഒരു കാര്യം സംഭവിച്ചു. തന്റെ യുക്തിവൈഭവത്തിൽ അതിയായ് അഹങ്കരിച്ച മനുഷ്യൻ അതിൽ ചില കാരണങ്ങളെ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ. തിരിച്ചറിഞ്ഞ കാരണങ്ങളാലാണ് കാര്യം നടക്കുന്നതെന്ന് അവൻ ശാസ്ത്രത്തിന്റെ പട്ടികയിൽ രേഖപ്പെടുത്തി."
"ഗുരു പറഞ്ഞു വരുന്നത്?"
"ശിഷ്യൻ ഒരു കാര്യം ചെയ്യൂ. ഇന്ന് സംഭവിച്ച ഒരു കാര്യം പറയൂ."
"ഞാൻ പത്രം വായിച്ചു."
"ഇനി ഒരു ആഴ്ച കഴിഞ്ഞ് എവിടെയെങ്കിലും സംഭവിച്ചേക്കാവുന്ന ഒരു കാര്യം പറയൂ."
"കുമാരന് ലോട്ടറി അടിച്ചു."
"ഏത് കുമാരന്?"
"ഞാനറിയാത്ത ഏതോ ഒരു കുമാരന്."
"ശരി. ഇനി നമുക്ക് ആദ്യത്തെ കാര്യമെങ്ങനെ രണ്ടാമത്തെ കാര്യത്തിന്റെ കാരണങ്ങളിലൊന്നാകുന്നതെന്ന് നോക്കാം."
"ഞാനിന്ന് പത്രം വായിച്ചതിനാൽ അടുത്ത മാസം കുമാരന് ലോട്ടറി അടിക്കുമെന്നോ?"
"ഒരു കാരണം മാത്രം. ഞാൻ തുടങ്ങാം.
1. ഇന്ന് പത്രം വായിച്ച ശിഷ്യൻ 'മോഡിയെ RSS അഭിനന്ദിച്ചു' എന്ന് മനസ്സിലാക്കുന്നു.
2. മോഡിയെ RSS അഭിനന്ദിച്ച കാര്യം ശിഷ്യൻ സുഹൃത്തായ സന്തോഷിനോട് പറയുന്നു.
3. BJP-കാരനായ സന്തോഷിൽ ഇത് ആഹ്ലാദമുളവാക്കുന്നു.
4. മനപ്പൂർവമല്ലെങ്കിലും സന്തോഷം കാരണം പൊതുവെ ബീഫ് വാങ്ങാത്ത സന്തോഷ് വൈകുന്നേരം ബീഫ് വാങ്ങുന്നു.
5. സന്തോഷ് ബീഫ് വാങ്ങുന്നത് ഇറച്ചികച്ചവടക്കാരനായ കുമാരന്റെ അടുത്ത് നിന്നുമാകുന്നു.
6. പൊതുവെ ഇന്ന് നല്ല കച്ചവടം ലഭിക്കുന്ന കുമാരനെ കടയടയ്ക്കാൻ പോകുമ്പോൾ കിട്ടുന്ന ഈ കച്ചവടം കൂടുതൽ ധനവാനും സന്തോഷവാനും ആക്കുന്നു."
"ബാക്കി ഞാൻ പറയാം."
"ഗോ എഹെഡ്."
"7. കുമാരൻ നാളെ രാവിലെ കട തുറക്കാൻ പോകുമ്പോൾ ലോട്ടറി വില്പനകാരനായ അനസിനെ കാണുന്നു.
8. ഓട്ടക്കൈക്കാരനായ കുമാരൻ തലേ ദിവസം അൽപമധികം കച്ചവടം നടന്നതിനാൽ പണമെങ്ങനെ ചെലവാക്കുമെന്ന് ചിന്തിക്കുകയായിരുന്നു.
9. അതു കാരണവും തന്റെ സുഹൃത്തായ അനസിന് സന്തോഷമായിക്കോട്ടേ എന്ന് കരുതിയും കുമാരൻ ഒരു ലോട്ടറി എടുക്കുന്നു.
10. കുറച്ചു ദിവസം കഴിഞ്ഞ് കുമാരന് ലോട്ടറി അടിക്കുന്നു."
"മിടുക്കൻ. സമയരേഖയിൽ മുൻപേ സംഭവിക്കുന്ന ഏത് കാര്യവും ശേഷം സംഭവിക്കുന്ന ഏത് കാര്യത്തിനും കാരണമാകാം എന്ന് ഇപ്പോൾ ശിഷ്യന് തോന്നുന്നുണ്ടോ?"
"ഉണ്ട്."
"ആ തോന്നൽ ശരിയാണെന്ന് തോന്നുന്നുണ്ടോ?"
"ഉണ്ട്."
"തെളിയിക്കപ്പെടുന്നതുവരെ അതൊരു അനുമാനം മാത്രമാണെന്ന് മനസ്സിലാക്കുക."
"ഇതിലെന്ത് തെളിയിക്കപ്പെടാൻ."
"ചിന്തിച്ചു നോക്കൂ. ഇനി ഞാൻ ഒരു ഹോം വർക്ക് തരാം."
"ശരി ഗുരൂ. എളുപ്പം ചെയ്യാവുന്നത് മതി."
"ഞാൻ രണ്ട് കാര്യങ്ങൾ പറയാം. ആദ്യത്തെ കാര്യം എങ്ങനെ രണ്ടാമത്തെ കാര്യത്തിന് കാരണമാകാം എന്ന് നമ്മളിപ്പോൾ ചെയ്തതു പോലെ നിർണയിക്കണം."
"അതു ഞാൻ ചെയ്യാം. കാര്യങ്ങൾ പറയൂ."
"ആദ്യത്തെ കാര്യം: ശിഷ്യൻ ഈ ഹോം വർക്ക് ചെയ്യുന്നില്ല. രണ്ടാമത്തെ കാര്യം: അടുത്ത ആഴ്ച ശിഷ്യൻ പനി പിടിച്ച് കിടക്കുന്നു."
"ചോദ്യത്തിൽ ചെറിയൊരു തിരുത്ത് വേണം."
"എന്ത് തിരുത്ത്."
"ആദ്യത്തെ കാര്യം 'ശിഷ്യൻ ഈ ഹോം വർക്ക് ചെയ്യുന്നു' എന്നാക്കണം."
"കൊള്ളാം...സമ്മതിച്ചു."
"ഗുരുവിന് ഞാൻ നല്ലൊരു അദ്ധ്യാപകദിനം ആശംസിക്കുന്നു."
"നന്ദി. വെറുതെ ആശംസിക്കാതെ നാളെ വരുമ്പോൾ മധുരം വല്ലതും ദക്ഷിണയായ് കൊണ്ടുവന്നാൽ നാം കൂടുതൽ സന്തോഷവതിയാകും."