സംഭവം വളരെ ഭീകരവും ഉദ്വേഗജനകവുമാണ് - ദൈവത്തിന്റെ പക്കലുള്ള ഭൂതകാലത്തിന്റെ പുസ്തകം ഭൂമിയിലുള്ള 'അദൃശ്യർ' എന്ന പേരിലറിയപ്പെടുന്ന, രഹസ്യമായ് പ്രവർത്തിക്കുന്ന ഒരു കൂട്ടം ആധ്യാത്മികവിദഗ്ദ്ധർ ചോർത്തിയെടുത്തിരിക്കുന്നു. ചോർത്തിയെടുത്ത വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അവരുടേതെന്നു പറയപ്പെടുന്ന വെബ്സൈറ്റുകളിലൊന്നിൽ ഇനിയുള്ള ഏതു നിമിഷവും വിവരങ്ങൾ പ്രത്യക്ഷപ്പെടുമെന്നാണ് സൂചന.
ഭൂതകാലത്തിന്റെ പുസ്തകം ഉണ്ടാക്കാൻ പോകുന്ന ഭൂകമ്പത്തെക്കുറിച്ചുള്ള വാഗ്വാദങ്ങളാണ് ലോകമെമ്പാടുമുള്ള ടെലിവിഷൻ വാർത്താ ചാനലുകളിൽ നടന്നു കൊണ്ടിരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ആധ്യാത്മിക നേതാക്കളാണ് ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത്. ലോകത്ത് ജീവിച്ചിരിക്കുന്ന ഓരോരുത്തരുടെയും ഭൂതകാല പ്രവൃത്തികളുടെ രേഖയാണ് ഭൂതകാലത്തിന്റെ പുസ്തകം എന്നാണ് പറയപ്പെടുന്നത്. അതായത്, ഇതുവരെ അറിയപ്പെടാത്തതോ, തെളിയിക്കപ്പെടാത്തതോ ആയ എല്ലാ നിയമലംഘനങ്ങൾക്കും, അഴിമതികൾക്കും, കൊലപാതകങ്ങൾക്കും പിന്നിലുള്ള വ്യക്തികളെയും സംഘടനകളെയും രാജ്യങ്ങളെയും എല്ലാവരുമറിയാൻ പോകുന്നു. ഉദ്വേഗത്തിന്റെ മുൾമുനയിലാണ് ലോകജനത ഓരോ നിമിഷവും തള്ളിനീക്കിക്കൊണ്ടിരിക്കുന്നത്.
അതിവിശ്വസ്തമായ ശ്രോതസ്സുകളിൽ നിന്നും ലഭിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ഇന്നലെ രാത്രി ഒരു പ്രധാന ടെലിവിഷൻ ചാനൽ ഈ വാർത്ത പുറത്തുവിട്ടത്. അതിനു ശേഷം ലോകജനതയിൽ ഭൂരിഭാഗവും ടെലിവിഷനു മുൻപിൽ തടിച്ചുകൂടിയിരിക്കുകയാണ്. ഇന്നു തന്നെ പുസ്തകം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുമെന്ന സൂചനകളെത്തുടർന്ന് 'അദൃശ്യരു'ടേതെന്ന് പറയപ്പെടുന്ന സെർവറുകളിൽ നിന്ന് വിവരങ്ങൾ ചോർത്താൻ ലോകമെമ്പാടും ഹാക്കർമാർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പുസ്തകത്തിന്റെ ചില ഭാഗങ്ങൾ എന്നു പറഞ്ഞ് ചില ചാനലുകൾ രേഖകളുമായ് പ്രത്യക്ഷപ്പെട്ടെങ്കിലും അവ വ്യാജമാണെന്ന് 'അദൃശ്യർ' വ്യക്തമാക്കിക്കഴിഞ്ഞു.
ഒരുപാടു രാജ്യങ്ങളുടെ പാർലമെന്റുകൾ ഇന്നു രാവിലെ പ്രത്യേകം സമ്മേളിക്കുകയും ഭൂതകാലത്തിന്റെ പുസ്തകം ഒരു നിയമസാധുതയുള്ള രേഖയായിരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ചില പാശ്ചാത്യ സാമ്പത്തിക ശക്തികൾ 'അദൃശ്യരെ' നിരോധിക്കുകയും പുസ്തകം പ്രസിദ്ധീകരിച്ചാൽ തങ്ങളുടെ രാജ്യത്തിന്റെ നിയമത്തിനു വിധേയമായ് അവരെ നിഷ്കാസനം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ആ രാജ്യങ്ങൾക്ക് പഴയ ശൌര്യമില്ലാത്തതിനാൽ ഇത് വലിയ വാർത്തയായില്ല. കഴിഞ്ഞ ആറു മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ആത്മഹത്യകളാണ് ലോകമൊട്ടുക്കും രേഖപ്പെടുത്തിയിരിക്കുന്നത്. അനൗദ്യോഗിക വിവരങ്ങൾ പ്രകാരം ഇതിൽ ഭൂരിഭാഗവും രാഷ്ട്രീയക്കാരും മതനേതാക്കളും വമ്പൻ ബിസിനസ്സുകാരുമാണ്. വളരെ ഞെട്ടലോടെയാണ് ലോകജനത പ്രസിദ്ധരായ ചിലരുടെ ആത്മഹത്യാവാർത്ത ശ്രവിച്ചത്. ഭാര്യമാരുടെ വെപ്രാളം ഭർത്താക്കന്മാരിലും ഭർത്താക്കന്മാരുടെ വെപ്രാളം ഭാര്യമാരിലും സംശയത്തിനിടയാക്കി. ചില പ്രമുഖർ 'അദൃശ്യരെ' പണമുപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നുപോലും വാർത്തയുണ്ട്. ദൈവമുള്ളതിന്റെ തെളിവാണ് ഭൂതകാലത്തിന്റെ പുസ്തകമെന്ന് മതനേതാക്കളും, അങ്ങനെയൊരു രേഖ ഉണ്ടെങ്കിൽത്തന്നെ മനുഷ്യരിൽ ചിലർ കാലങ്ങളായ് പരിശ്രമിച്ച് ഉണ്ടാക്കിയതും അപൂർണവുമായിരിക്കുമെന്ന് നാസ്തികരും വാദിച്ചു.
നാടോടികൾ ഇക്കാര്യങ്ങൾ അറിഞ്ഞോ അറിയാതെയോ അവരുടെ യാത്ര തുടർന്നു. പഴയ സാധനങ്ങൾ പെറുക്കി വിറ്റു നടക്കുന്നവർ അവരുടെ സ്ഥായിയായ നിസംഗതയോടെ ജോലി തുടർന്നു. നിരത്തുകളിലൂടെ തലയുയർത്തിപ്പിടിച്ച് നടക്കുന്നവരെ കണ്ട് വീടുകളിൽ അടച്ചുപൂട്ടിയിരിക്കുന്നവർ അസൂയപ്പെട്ടു. കുട്ടികളും ഓർമ നഷ്ടപ്പെട്ട വൃദ്ധരും അവരുടെ ജീവിതം പഴയതുപോലെ തുടർന്നു.
അതിനിടയിൽ, വൈകുന്നേരം നാലുമണിക്ക് 'അദൃശ്യർ' അവരുടെ ശക്തികേന്ദ്രമായ ഒരു രാജ്യത്തിന്റെ തലസ്ഥാനത്ത് പത്രസമ്മേളനം നടത്തുമെന്ന് വാർത്ത വന്നു. ഇത് ലോകജനതയുടെ ഹൃദയമിടിപ്പ് വീണ്ടും കൂട്ടി. നാലു മണിക്ക് മുൻപുതന്നെ ഭൂതകാലത്തിന്റെ പുസ്തകം ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുമെന്നും, അല്ല അതിനു ശേഷമേ പ്രസിദ്ധീകരിക്കുകയുള്ളൂവെന്നും വാദങ്ങളുയർന്നു. തങ്ങളാരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത 'അദൃശ്യർ' ദൃശ്യരാകാൻ പോകുന്നുവെന്ന കാര്യം ഭൂതകാലത്തിന്റെ പുസ്തകത്തെ പേടിയില്ലാത്തവരെയും 'അദൃശ്യരുടെ' ആരാധകരെയും ആവേശപുളകിതരാക്കി. 'അദൃശ്യർ' പത്ര സമ്മേളനം നടത്തുമെന്ന് പറയപ്പെടുന്ന വേദിയിൽ വൻ സുരക്ഷസന്നാഹങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുത്ത ചില മാധ്യമപ്രവർത്തകർക്കു മാത്രമേ അവിടെ പ്രവേശനമനുവദിച്ചിട്ടുള്ളൂ. പത്രസമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നു കരുതുന്ന വാർത്താചാനലുകൾ മാറ്റാതെ ജനങ്ങൾ കാത്തിരുന്നു.
കാത്തിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് ഭൂതകാലത്തിന്റെ പുസ്തകത്തെപറ്റി ആദ്യം റിപ്പോർട്ട് ചെയ്ത ലേഖകൻ കൃത്യം നാല് മണിക്ക് വേദിയിലെത്തി. അയാളുടെ പക്കൽ ഒരു ഓഡിയോ ഡിസ്ക് ഉണ്ടായിരുന്നു. ആകാംഷയാൽ നിശബ്ദരായ ലോകജനതയ്ക്ക് മുൻപിൽ പ്രത്യേകിച്ചൊന്നും സംസാരിക്കാതെ അയാൾ ഡിസ്ക് പ്ലേ ചെയ്തു. ആഖ്യാനത്തിലുണ്ടായേക്കാവുന്ന പിശകുമൂലം വസ്തുതകൾ അവ്യക്തമാകാൻ സാധ്യതയുള്ളതിനാൽ അപ്പോളവിടെ കേട്ട വാക്കുകൾ അതേപോലെ ചുവടെ കൊടുത്തിരിക്കുന്നു.
"പ്രിയപ്പെട്ടവരേ, നിങ്ങൾ ഊഹിക്കുന്നപോലെതന്നെ ഞാൻ 'അദൃശ്യരെന്ന' ആദ്ധ്യാത്മിക വിദഗ്ദ്ധരുടെ സംഘടനയിലെ ഒരു അംഗമാണ്. 'അദൃശ്യരി'ലും ഭൂതകാലത്തിന്റെ പുസ്തകത്തിലും നിങ്ങൾ കാണിച്ച താത്പര്യത്തിന് ഞങ്ങൾ നന്ദി പറയുന്നു. ഭൂതകാലത്തിന്റെ പുസ്തകം എഴുതപ്പെട്ട ഒരു പുസ്തകമാണ്. പക്ഷെ, അതിതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അതു പ്രസിദ്ധീകരിക്കണമെങ്കിൽ നിങ്ങളോരോരുത്തരുടെയും സഹകരണമാവശ്യമാണ്. കാരണം, അതിലെ ഓരോ താളും നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിലാണ് എഴുതപ്പെട്ടിരിക്കുന്നത്. നാം ചെയ്ത തെറ്റുകൾ നമ്മൾ മനസ്സിൽ എഴുതിവെച്ചിരിക്കുന്നു - മായ്ക്കാൻ വിചാരിച്ചാലും കഴിയാത്ത രീതിയിൽ. നിങ്ങളുടെ മനസ്സിലുള്ള, നിങ്ങളുടെ ഭൂതകാലത്തിന്റെ ആ ഒരു താൾ നിങ്ങൾ തന്നെ പ്രസിദ്ധീകരിക്കുക. നിങ്ങളുടെ ഓരോരുത്തരുടെയും സമൂഹത്തിൽ അതിനുള്ള ന്യായമായ ശിക്ഷ നിങ്ങൾ തന്നെ ചോദിച്ചു വാങ്ങുക. അതിനു ശേഷം ഭൂതകാലത്തിന്റെ ആ താൾ നിങ്ങൾ കത്തിച്ചുകളയുക. അങ്ങനെ നിർമലമായ മനസ്സോടെ നന്മയുടെ ഒരു പുതിയ പുസ്തകം എഴുതിത്തുടങ്ങുക. ഭൂതകാലത്തിന്റെ പുസ്തകത്തിന്റെ ഭാരം താങ്ങാനാകാതെ, കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ജീവൻ കളഞ്ഞവരെക്കുറിച്ച് ഞങ്ങൾക്ക് വേദനയുണ്ട്. പുതിയ പുസ്തകം എഴുതാനുള്ള അവസരം അവർ നഷ്ടപ്പെടുത്തിയിരിക്കുന്നു. പ്രിയരേ, ദൈവത്തിൽ വിശ്വസിക്കുന്നവരും, വിശ്വസിക്കാത്ത നാസ്തികരും ഞങ്ങളുടെ കൂടെയുണ്ട്. എങ്കിലും, ഒരിക്കൽപ്പോലും അതിനെപ്പറ്റി ഞങ്ങൾ തർക്കിക്കുകയോ, സംവദിക്കുക പോലുമോ ചെയ്തിട്ടില്ല. ദൈവമല്ല, മറിച്ച് അഹങ്കാരവും അത്യാഗ്രഹവും, അതുമൂലമുള്ള ചൂഷണവുമാണ് ഇവിടുത്തെ പ്രശ്നമെന്നും മനസ്സിലാക്കുക. അങ്ങനെ നമുക്കോരോരുത്തർക്കും മനോഹരവും സന്തോഷകരവുമായ ഒരു പുസ്തകത്തിന്റെ താളുകളായ് മാറാം."