Saturday, November 3, 2012

നീ


നീയാണെന്‍ ഹൃദയവും 
ഹൃദയത്തിലൊഴുകുന്ന രക്തവും  
രക്തത്തിന്‍ ചുവപ്പും 
ചുവപ്പിന്‍ സൗന്ദര്യവും !

നീതന്നെയാണെന്റെ കണ്ണും 
കണ്ണിലെ കാഴ്ചയും 
കാഴ്ചതന്‍ നിറവും 
നിറത്തിന്റെ പൊരുളും !!

നീതന്നെയല്ലോയീഞാനും 
എന്നിലെ ജീവനും 
അതുതന്‍ തുടര്‍ച്ചയും 
ഇനിയുള്ള ലോകവും !!!

Sunday, September 23, 2012

മറ്റൊരു പ്രണയ കവിത

രാജ്ഞിയെ ഞാന്‍
'രാജ്ഞി'യെന്ന
കവിത കേള്‍പ്പിച്ചു.

കവിത കേട്ടു
രാജ്ഞിയപ്പോള്‍
മുഖം വീര്‍പ്പിച്ചു.

എന്തു പറ്റീ-
യെന്റെപൊന്നേ-
യെന്നു ചോദിച്ചു.

രാജ്ഞി പക്ഷെ
മറുപടി
തന്നതേയില്ല.

എന്തു പറ്റീ-
യെന്നു വീണ്ടും
ഞാന്‍ ചോദിച്ചു.

രാജ്ഞി പക്ഷെ
കനപ്പിച്ചു
നിന്നതേയുള്ളൂ.

എന്റെ കരളേ-
യെന്റെ ഹൃദയം
വിങ്ങിനീറുന്നു;

നിന്മൊഴിയില്‍
വീണലിയാന്‍ 
കാത്തിരിക്കുന്നു.

എന്നു ഞാനാ-
കണ്ണില്‍നോക്കി
പറഞ്ഞൊപ്പിച്ചു.

അതുകേട്ടു
രാജ്ഞിയപ്പോള്‍
മുഖത്തുനോക്കി.

രാജ്ഞിയായ
ഞാനെങ്ങനെ
ചൂല്‍തൊടുമെന്ന്,

രാജാവായ
അങ്ങുതന്നെ
പറഞ്ഞുതരൂ.

പരിഭവത്താല്‍
തുടുത്തൊരാ
മുഖത്തുനിന്നും

പക്ഷെ, കുളിരേകും
ചെറുചിരി
ഉതിര്‍ന്നിരുന്നു. 
 








Thursday, September 20, 2012

രാജ്ഞി



കാടുമൂടിക്കിടന്ന
എന്റെ മനസ്സിലേയ്ക്ക്
അവളൊരു
ചൂലുമായ് കടന്നുവന്നു.

എല്ലാം വൃത്തിയാക്കിയപ്പോള്‍
ഒരു മൂലയ്ക്കായ് 
ആരും ഇതുവരെ ഇരിയ്ക്കാത്ത
ഒരു സിംഹാസനം കണ്ടു.

അവളതന്റെ
ഹൃദയഭാഗത്തേക്ക്  നിരക്കിയിട്ട്
അധികാരത്തോടെ
ഇരിപ്പുറപ്പിച്ചു.

Sunday, June 24, 2012

കണ്ണുകള്‍


വെളിച്ചം നല്‍കിയ
മുറിപ്പാടുകളില്‍നിന്നും
ഇരുട്ടെന്റെ കണ്ണുകളെ
സുഖപ്പെടുത്തി.

സുഖപ്പെട്ട കണ്ണുകള്‍
തുറന്നപ്പോള്‍ 
വെളിച്ചമില്ലാത്തതിനാല്‍
ഒന്നും കാണാനായില്ല.

വെളിച്ചത്തിനായ്‌
ദാഹിച്ച കണ്ണുകള്‍
ഭ്രാന്തമായി
അലഞ്ഞുതിരിഞ്ഞു.

വെളിച്ചം
കണ്ടപ്പോള്‍ പക്ഷെ
കണ്ണുകള്‍ വീണ്ടും
മുറിപ്പെട്ടുതുടങ്ങി.

ഇരുട്ടും വെളിച്ചവും
ഓരോ ചക്രങ്ങളായി
കണ്ണുകളിലൂടെ
ഓടിക്കൊണ്ടിരിക്കുന്നു.

മുറിപ്പെട്ടും സുഖപ്പെട്ടും
കണ്ണുകള്‍
ക്ഷീണിച്ചുമിരിക്കുന്നു.

Tuesday, May 15, 2012

കുമാരചരിതം പ്രണയപര്‍വം

"ഹെന്ത് !",
ഉണര്‍ന്നെഴുന്നേറ്റ കുമാരന്‍ അലങ്കരിക്കപ്പെട്ട തന്റെ മുറിയും, കിടക്കയും, അതില്‍ക്കിടന്ന് ബോധമില്ലാതെ എന്നാല്‍ നാണം കലര്‍ന്ന ഒരു മന്ദഹാസവും, ഒരു നവവധുവിന്റെ ലക്ഷണങ്ങളുമായി ഉറങ്ങുന്ന ഒരു പെണ്ണിനേയും കണ്ട് ആക്രോശിച്ചു:
"നിത്യബ്രഹ്മചാരിയായി ജീവിക്കാന്‍ ഏതാണ്ടുറച്ച എനിക്കെങ്ങനെ ഇതു സംഭവിച്ചു? ഇതുവരെ കാണാത്ത ഇവളാരാണ്? ഞാന്‍ ചതിക്കപ്പെട്ടിരിക്കുന്നു, ഈശ്വരാ...ഞാന്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു. സത്യമറിഞ്ഞിട്ടുതന്നെ കാര്യം."
കുമാരന്‍ അവളെ ചുമലില്‍ പിടിച്ചു കുലുക്കി വിളിച്ചു. അവള്‍ ഉറക്കച്ചടവില്‍ മന്ദഹാസത്തോടെ തന്നെ കുമാരനെ കണ്ണുമിഴിച്ചു നോക്കി.
"പറ, നീയാരാണ്?", കുമാരന്‍ ഒച്ചയെടുത്തു.
അവള്‍ അത്ഭുതത്തോടെ അവനെ നോക്കിക്കൊണ്ട്‌ പറഞ്ഞു:
"ഓ, ഒന്നുമറിയാത്തപോലെ...ഒന്നുപോ കുമാരേട്ടാ, ഞാന്‍ കുറച്ചുകൂടെ ഒന്നുറങ്ങട്ടെ."
ഇത് കുമാരന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അവളെ കണ്ണുരുട്ടിയൊന്നു നോക്കിയശേഷം വാതിലിനടുത്തേക്ക് കുതിച്ചു. വാതില്‍ തുറന്നു അവന്‍ ആക്രോശിച്ചു:
"അമ്മേ...അച്ഛാ...ഇവിടാരുമില്ലേ?"
ശബ്ദം കേട്ട് അമ്മയും അമ്മമ്മയും കുറെ പൊടിമക്കളും ഓടിവന്നു. കുമാരന്റെ ഭാവം കണ്ട് അവരെല്ലാം പേടിച്ചു. കുട്ടികള്‍ കരയാറായി. ഇതു കണ്ട് കുമാരന്‍ കുറച്ചൊന്നു മയപ്പെട്ടെങ്കിലും ഉച്ചത്തില്‍ തന്നെ ചോദിച്ചു:
"അമ്മേ, എന്റെ മുറിയില്‍ കിടക്കുന്ന ആ പെണ്ണേതാണ്? പറ, ഇന്നലെയെന്താണിവിടെ സംഭവിച്ചത്?"
"നിനക്കെന്തു പറ്റി, കുമാരാ? നിന്റെ അച്ഛന്റെ അനന്തിരവന്റെ മകള്‍ കുമാരിയല്ലേ അത്. നിങ്ങള്‍ തമ്മില്‍ കുറെക്കാലമായി ഇഷ്ടമാണെന്നും കല്യാണം കഴിപ്പിച്ചു തരണമെന്നും നീതന്നെയല്ലേ മൂന്നുമാസം മുന്‍പ് ഞങ്ങളോട് പറഞ്ഞത്. ഇന്നലെ നടന്ന കല്യാണം പോലും നിന്നോട് മറന്നു പോയോ?", ആശ്ചര്യവും ദേഷ്യവും കലര്‍ന്ന സ്വരത്തില്‍ അമ്മ മറുപടി പറഞ്ഞു.
സംഭവം ഗൌരവമുള്ളതാണെന്ന് മനസ്സിലാക്കിയ കുമാരി അപ്പോഴേക്കും എഴുന്നേറ്റു വന്നിരുന്നു. തലകറങ്ങി വീണ കുമാരനെ സ്വബോധത്തിലേക്ക്‌ കൊണ്ടുവരാന്‍ അവര്‍ക്ക് കുറച്ചു കഷ്ടപ്പെടേണ്ടിവന്നു.

ഈ സംഭവം നടന്ന് കുറച്ചു ദിവസങ്ങള്‍ക്കുശേഷം കുമാരന്റെ ഉറ്റസുഹൃത്തായ ഈ ബ്ലോഗ്ഗര്‍ കുമാരനുമായി നടത്തിയ സംഭാഷണം ചുവടെ കൊടുത്തിരിക്കുന്നു.

കുമാരന്‍:  "ശരിയാണ്, അടുത്ത ബന്ധമായതുകാരണം ഞങ്ങള്‍ക്ക് പരസ്പരം ആദ്യമേ അറിയാമായിരുന്നു. ചെറുതാവുമ്പോള്‍ ഒരു അവധിക്കാലത്ത്‌ അവളെന്റെ വീട്ടില്‍ വന്ന് കുറെദിവസം താമസിച്ചിട്ടുണ്ട്. എന്നെക്കാള്‍ നന്നായി സംസാരിക്കാനും മറ്റുള്ളവരോട് നന്നായി പെരുമാറാനും അവള്‍ക്ക് അറിയാമായിരുന്നു. ഞാനവളെ പലപ്പോഴും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്."
ബ്ലോഗ്ഗര്‍: "എപ്പോഴാണ് നിങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങിയത് ?"
കുമാരന്‍: "കണ്ടു തുടങ്ങിയപ്പോഴേ എനിക്കവളെ ഇഷ്ടമായിരുന്നു. ഏതു തരത്തിലുള്ള ഇഷ്ടമാണെന്ന് നിര്‍വചിക്കാനുള്ള പ്രായം എനിക്കായിരുന്നില്ല. അവളാണെങ്കില്‍ തീരെ കുഞ്ഞായിരുന്നു. ഞങ്ങള്‍ തമ്മില്‍ എഴുവയസ്സിന്റെ വ്യത്യാസമുണ്ടെന്ന് അറിയാമല്ലോ. പിന്നെ ഞാന്‍ പഠനവും ജോലിയുമോക്കെയായി കുറച്ചു കറങ്ങി. അതിനിടയില്‍ വളരെക്കുറച്ചു തവണ മാത്രമാണ് ഞങ്ങള്‍ തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തത്. ആധ്യാത്മികമായ പുസ്തകങ്ങളും മറ്റും ഞാന്‍ ധാരാളം വായിക്കാറുണ്ടായിരുന്നു. അതു കാരണമാകാം കല്യാണം കഴിക്കേണ്ട എന്ന തീരുമാനമെടുക്കാന്‍ ഞാന്‍ ഏതാണ്ടുറച്ചിരുന്നു. പക്ഷെ, ഏറ്റവും കൂടുതല്‍ എതിര്‍പ്പു നേരിട്ടത് എന്റെയുള്ളില്‍നിന്നു തന്നെയായിരുന്നു. അതൊരു കവലയാണെങ്കില്‍ ഒരു വഴി ഗാര്‍ഹസ്ഥ്യവും രണ്ടാമത്തെ വഴി ബ്രഹ്മചര്യവും. ഒരു നിമിഷം ഞാനാകവലയില്‍ അന്തിച്ചു നിന്നുപോയി. ആ ഒരു നിമിഷം മതിയായിരുന്നു, കുമാരിക്ക് ആദ്യത്തെ വഴിയിലൂടെ എന്നെ ഹൈജാക്ക് ചെയ്ത് കൊണ്ടുപോകാന്‍. സ്വബോധം വരുമ്പോഴേക്ക്‌ ഞങ്ങളൊരുപാട് സഞ്ചരിച്ചു കഴിഞ്ഞിരുന്നു."
ബ്ലോഗ്ഗര്‍: "അവസാനം പറഞ്ഞത് ഒന്നു കൂടെ വ്യക്തമാക്കാമോ?"
കുമാരന്‍: "ഒരു വിഷുതലേന്ന് അവളെന്നെ വിളിച്ചു - ഞാനപ്പോള്‍ ഡോക്ട
റേറ്റിനും അവള്‍ ഡോക്ടറാകാനും പഠിക്കുന്നു. അതൊരു തുടക്കമായിരുന്നു. പിന്നെ പതിനഞ്ചു ദിവസം, അതു മതിയായിരുന്നു ഇഷ്ടമാണെന്ന് ഞങ്ങള്‍ക്ക് പരസ്പരം തുറന്നു പറയാന്‍. മനസ്സില്‍ മഴ പെയ്താല്‍ എങ്ങനെയിരിക്കുമെന്നറിയാമോ? ഞാനതനുഭവിച്ചിട്ടുണ്ട്, ആ പതിനഞ്ചു ദിവസം. വെറും മഴയല്ല, പേമാരി തന്നെ. ചില വൃക്ഷങ്ങള്‍ കട പുഴകി. ഇതുവരെ കാണാത്ത ചില ചെടികള്‍ മുളച്ചുവന്നു. വെള്ളത്തിനു ദാഹിച്ച മണ്ണ് സന്തോഷം കൊണ്ട് മതിമറന്നു, അതില്‍നിന്നും അനിര്‍വചനീയമായ ഒരു ഗന്ധമുയര്‍ന്നു. കടല്‍ ആര്‍ത്തലച്ചുവന്ന് കരയെ കെട്ടിപ്പുണര്‍ന്നു. ഇരുപത്തിനാല് മണിക്കൂറും ഒരേ ചിന്ത തന്നെ, കണ്ണില്‍ ഒരേ കാഴ്ച തന്നെ. അതൊരു പാതിബോധത്തോടെയുള്ള ജീവിതമായിരുന്നു."
ബ്ലോഗ്ഗര്‍: "ബോധം തെളിഞ്ഞപ്പോള്‍ എന്തു തോന്നി?"
കുമാരന്‍: "ഈ വഴിക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും ഇതു കൂടുതല്‍ എളുപ്പവും സ്വാഭാവികവും ആണെന്നും തോന്നി. മാത്രമല്ല, എന്റെ കണ്ണുകള്‍ക്ക്‌ വേണ്ട സൌന്ദര്യം അവളുടെ ശരീരത്തിനും, എന്റെ കാതുകള്‍ക്ക് വേണ്ട മാധുര്യം അവളുടെ ശബ്ദത്തിനും, എന്റെ ഹൃദയത്തിനു വേണ്ട നൈര്‍മല്യം അവളുടെ ഹൃദയത്തിനും, എന്റെ മനസ്സിന് വേണ്ട നന്മ അവളുടെ മനസ്സിനും ഉണ്ടായിരുന്നു. എനിക്കതുമതിയായിരുന്നു."
ബ്ലോഗ്ഗര്‍: "വെയിറ്റ്, വെയിറ്റ്, ഈ ഡയലോഗ് നീ അവളോട്‌ പറഞ്ഞിട്ടുണ്ടോ?"
കുമാരന്‍: "ഉണ്ട്. പതിനഞ്ചാം ദിവസം ഞാനിതവളോട് പറഞ്ഞു."
ബ്ലോഗ്ഗര്‍: "അവളുടെ പ്രതികരണം?"
കുമാരന്‍: "അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. എത്രയോകാലം പ്രാര്‍ത്ഥിച്ചതും ആഗ്രഹിച്ചതും നടത്തിത്തന്നതി
ന് കണ്ണീരൊഴുക്കിക്കൊണ്ട് അവള്‍ ദൈവത്തോട് നന്ദി പറഞ്ഞു."
ബ്ലോഗ്ഗര്‍: "ഒരു ചോദ്യം കൂടെ. കല്യാണത്തിന്റെ പിറ്റേന്ന് രാവിലെ എന്തുകൊണ്ടങ്ങനെ സംഭവിച്ചു?
കുമാരന്‍: "രണ്ടാമത്തെ വഴിയെക്കുറിച്ചുള്ള ചിന്ത മനസ്സിലെവിടെയോ തങ്ങിനില്‍പ്പുണ്ടാകണം. എന്തായാലും ആ സംഭവമോര്‍ത്ത്‌ ഞങ്ങള്‍ കഴിഞ്ഞ കുറെ രാത്രികളില്‍ ചിരിച്ചിട്ടുണ്ട്."
ബ്ലോഗ്ഗര്‍: "കുമാരാ, സമയമൊരുപാടായി. നിന്നെ പിടിച്ചിരുത്തുന്നതില്‍ കുമാരി എന്നോട് ക്ഷമിക്കില്ല. എനിക്കാണെങ്കില്‍ ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്യാന്‍ ധൃതിയുമായി. ഗുഡ് നൈറ്റ്‌ ആന്‍ഡ്‌ ഹാവ് ഫണ്‍".
കുമാരന്‍: "ഗുഡ് നൈറ്റ്‌ ആന്‍ഡ്‌ ഹാപ്പി ബ്ലോഗിങ്ങ്."
 

Wednesday, April 11, 2012

കേട്ടറിഞ്ഞ ചില കാര്യങ്ങള്‍

ഞാന്‍ കേട്ടിട്ടുണ്ട്,
അങ്ങയുടെ സവിധത്തില്‍ എന്നും
വസന്തമാണെന്ന്;
അവിടെയുള്ള പൂക്കളുടെ സുഗന്ധം
മറ്റെങ്ങുമില്ലെന്ന്.

ഞാന്‍ കേട്ടിട്ടുണ്ട്,
വഴികളെല്ലാം അവിടെ
സംഗമിക്കുന്നുവെന്ന്;
അവയുടെ തുടക്കവും
അവിടെനിന്നാണെന്ന്‌.

ഞാന്‍ കേട്ടിട്ടുണ്ട്,
അതിഥിയും ആതിഥേയനും അവിടെ 
ഒന്നാകുന്നുവെന്ന്;
സംശയത്തിന്റെ തൂവയോ,
ദുഖത്തിന്റെ മുള്ളുകളോ,
അഹങ്കാരത്തിന്റെ വള്ളികളോ
അവിടെയെങ്ങുമില്ലെന്ന്.

ഇങ്ങനെ ഒരുപാടു ഞാന്‍
കേട്ടിട്ടുണ്ട്.
കേട്ടതെല്ലാം ശരിയാണെന്ന
തോന്നലുമുണ്ട്.
എങ്കിലും,
കണ്ടറിയാതെ തീരുമാനിക്കുന്നതെങ്ങനെ.
ഇങ്ങനെയെല്ലാമുണ്ടെങ്കില്‍
കാണാതിരിക്കുന്നതുമെങ്ങനെ.      

Tuesday, April 3, 2012

നേതി...നേതി...

സംഭവം വളരെ രസകരമാണ്. ഇന്നലെ രാവിലെ എഴുന്നേറ്റപ്പോള്‍ ഞാനെന്റെ പേരു മറന്നു. സ്വന്തം പേരു മറന്നുകൊണ്ട് ഒരാള്‍ക്ക്‌ എത്രസമയം ജീവിക്കാന്‍ കഴിയും? ഞാനുടനെതന്നെ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചു:
"ഇപ്പോള്‍ എന്താണ് നിന്റെ ഫോണില്‍ എഴുതി കാണിച്ചത്?"
"നിന്റെ പേര്, അല്ലാതെന്ത്?":ഉറക്കച്ചടവോടെ സുഹൃത്തിന്റെ മറുപടി.
"കൃത്യമായി എന്താണ് എഴുതിക്കാണിച്ചതെന്നു പറയൂ.."
അവള്‍ കൃത്യമായി തന്നെ ഉത്തരം തന്നു.
"നിനക്കെന്റെ പേര് ശരിയായി അറിയുമോ എന്നറിയാന്‍ വേണ്ടി വിളിച്ചതാണ്."
അവളുടെ മറുപടി കേള്‍ക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ ഞാന്‍ കോള്‍ നിര്‍ത്തി. എനിയ്ക്കല്പം ആശ്വാസമായി. എന്റെ പേര് മറ്റെന്തെങ്കിലും ആയിരുന്നെങ്കില്‍ എനിയ്ക്കെന്തെങ്കിലും മാറ്റമുണ്ടാകുമായിരുന്നോ? തീര്‍ച്ചയായും ഇല്ല. എപ്പോള്‍ വേണമെങ്കിലും പേരു മാറ്റാമല്ലോ.

അപ്പോള്‍ പേരില്‍ വലിയ കാര്യമൊന്നുമില്ല. ഇത്രയും മനസ്സിലായാല്‍ എനിയ്ക്ക് സന്തോഷമാകേണ്ടതാണ്. എന്നാല്‍ എന്തോ മനസ്സിനെയിട്ടുലയ്ക്കുന്നു. സംഭവം കൂടുതല്‍ രസകരമാണ്. എന്റെ രൂപം എങ്ങനെയെന്നുള്ളത് ഞാന്‍ മറന്നിരിക്കുന്നു. റൂമില്‍ കണ്ണാടിയില്ല. അടുത്ത റൂമുകളിലെ സുഹൃത്തുക്കള്‍ക്കും കണ്ണാടിയില്ല. ഭയങ്കര പിശുക്കന്മാര്‍ തന്നെ. ഒരു കണ്ണാടി വാങ്ങി വെച്ചാലെന്താണ്? ഞാന്‍ വാഷ്റൂമില്‍ പോയി കണ്ണാടി നോക്കി. എനിയ്ക്ക് കൂടുതല്‍ ആശ്വാസമായി. പക്ഷെ, ഈ രൂപത്തിനും മാറ്റം വരാമല്ലോ? ഒരു അപകടത്തില്‍പെട്ട് മുഖം നഷ്ടപ്പെട്ടതിനു വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരാളുടെ മുഖം വെച്ച ഒരാളുടെ വാര്‍ത്ത കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചതേയുള്ളൂ. അപ്പോള്‍ രൂപവും ഞാനുമായി വലിയ ബന്ധമൊന്നുമില്ല. അപ്പോള്‍ പിന്നെ എന്തുമായാണ് എന്റെ ബന്ധം? ഓര്‍മയും ബുദ്ധിയും നഷ്ടപ്പെട്ടാലും ഒരാള്‍ അയാളല്ലാതായി മാറുന്നില്ല. മാത്രമാല്ല, ഓരോ നിമിഷവും ഇതെല്ലാം മാറിക്കൊണ്ടിരിക്കുന്നുമുണ്ട്. അപ്പോള്‍ പിന്നെ എന്റേതെന്നു പറയാന്‍ എന്റെ ശരീരത്തിലൊന്നുമില്ല. ഇത് അത്ഭുതകരം തന്നെ. മാത്രമല്ല, ഞാനെന്താനെന്നുള്ള കുഴഞ്ഞുമറിഞ്ഞ പ്രശ്നം ബാക്കിയാണ്. ഇങ്ങനെ രസകരമായ സംഭവങ്ങള്‍ അത്ഭുതകരമായ നിരീക്ഷണങ്ങളിലേയ്ക്കും കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങളിലേയ്ക്കും കൊണ്ടെത്തിച്ചാല്‍ ഞാനെന്തു ചെയ്യാനാണ്?

Saturday, March 10, 2012

അര്‍ത്ഥരാഹിത്യം

നീയൊരു കടലാസും
ഞാനൊരു മൊട്ടുസൂചിയുമെങ്കില്‍
എനിയ്ക്കു നിന്നില്‍
തറഞ്ഞു കിടക്കാമായിരുന്നു.

നീയൊരാകാശവും
ഞാനൊരു പറവയുമെങ്കില്‍
എനിയ്ക്കു നിന്നില്‍
പാറിപ്പറക്കാമായിരുന്നു.

നീയൊരു വയലും
ഞാനൊരു വിത്തുമെങ്കില്‍
എനിയ്ക്കു നിന്നില്‍
കിളിര്‍ത്തു ജീവിക്കാമായിരുന്നു.

എന്നാല്‍ അവര്‍ പറയുന്നു,

കടലാസു മൊട്ടുസൂചിയും,
ആകാശം പറവയും,
വയലൊരു വിത്തും,
നീ ഞാനുമാണെന്ന്.

അപ്പോള്‍പിന്നെ,

തറഞ്ഞു കിടക്കുന്നതിലും,
പാറിപ്പറക്കുന്നതിലും,
കിളിര്‍ത്തു ജീവിക്കുന്നതിലും,
അര്‍ത്ഥമൊന്നുമില്ലല്ലോ. 

Saturday, March 3, 2012

പട്ടണം


പട്ടണത്തില്‍ പോയിരുന്നുഞാന്‍
ഉത്സവത്തിന്‍ തലേദിനം
കെട്ടുകാഴ്ച്ചകളൊട്ടനവധി 
കണ്ടു കണ്ണു നിറഞ്ഞുപോയ്

കണ്ടതൊക്കെയുമോര്‍ത്തെടുത്തൊരു
കവിതയാക്കിയങ്ങെഴുതിയാല്‍
തീക്ഷ്ണമാമാക്കാഴ്ച്ചകള്‍തന്‍
തീരമെങ്കിലുമെത്തുമോ

 

Tuesday, January 24, 2012

രണ്ടു കുസൃതി ചോദ്യങ്ങള്‍

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, വളരെ ആലോചിച്ച്, കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി കണ്ടുപിടിച്ച രണ്ടു കുസൃതി ചോദ്യങ്ങളിതാ:

1. ഇന്ത്യയില്‍ ആന റോഡിന്റെ ഏതു വശം ചേര്‍ന്ന് നടക്കണം?
2. ഏറ്റവും ബുദ്ധിയുള്ള മൃഗം ഏതാണ്?
ഉത്തരങ്ങള്‍ കാണണമെങ്കില്‍ ആദ്യത്തെ അഭിപ്രായം നോക്കൂ.

Tuesday, January 17, 2012

ദി കിഡ്നാപ്പ്ഡ് സെല്‍ഫ്

ഞാന്‍ എന്നെ തട്ടിക്കൊണ്ടുപോയി അജ്ഞാതമായ ഒരു സ്ഥലത്തെത്തിച്ചു. എന്നിട്ട് പോലീസിനെ വിളിച്ചിങ്ങനെ പറഞ്ഞു :
"ഞാന്‍ എന്നെ തട്ടിക്കൊണ്ടു പോയിരിക്കുകയാണ്. ഇന്നു രാത്രി എട്ടു മണിക്ക് മുന്‍പ് അഞ്ചു ലക്ഷം രൂപ തന്നാല്‍ മോചിപ്പിക്കാം."
"തന്നില്ലെങ്കില്‍?"
"എന്റെ പൊടി പോലും കാണില്ല."
"അതിരിക്കട്ടെ പണമെവിടെ എത്തിക്കണം?"
"ഞാന്‍ താമസിക്കുന്നതിന്റെ അടുത്തുള്ള പാലത്തിനു ചുവട്ടിലുള്ള കുമാരേട്ടന്റെ കടയില്‍ കൊടുത്താല്‍ മതി."
"അതിനു നിങ്ങള്‍ താമസിക്കുന്നതെവിടെയാണെന്ന് ഞങ്ങള്‍ക്കറിയില്ലല്ലോ."
"വിശദ വിവരങ്ങള്‍ ഞാന്‍ മെസ്സേജ് ചെയ്യാം. മൊബൈല്‍ നമ്പര്‍ പറയൂ."
ഞാന്‍ എന്റെ അഡ്രസ്സും പാസ്പോര്‍ട്ട് നമ്പറും ഫേസ്ബുക്ക് ഐ ഡി യും ചിരിക്കുന്ന ഒരു ഫോട്ടോയും  പോലീസിന് മെസ്സേജ് ചെയ്തു. പക്ഷെ പോലീസുകാര്‍ പൊതുവേ ബുദ്ധിമാന്മാരാണല്ലോ. എന്റെ മൊബൈല്‍ ഫോണ്‍ ട്രേസ്
ചെയ്യും. ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു, പുതിയ അജ്ഞാതമായ സ്ഥലത്തേക്ക് മാറി.

എട്ടു മണിയാവാറായി. എന്നെ തിരിച്ചറിയാതിരിക്കാനായി ആള്‍മാറാട്ട കിറ്റ് തുറന്നു വേഷം മാറി. വെളുത്ത താടിയും മുടിയും കീറിയ വസ്ത്രങ്ങളും ഒരു ഭാണ്ഡക്കെട്ടുമായിരുന്നു എന്റെ വേഷം. കുമാരേട്ടന്റെ കടയ്ക്കു മുന്‍പിലെത്തി. ഞാന്‍ ചുമച്ചു ചുമച്ചു ചോദിച്ചു:
"ആ വീട്ടില്‍ താമസിക്കുന്ന ബ്ലോഗ്ഗര്‍ ഇപ്പോള്‍ സ്ഥലത്തില്ലേ?"
"ഇന്നു രാവിലെ മുതല്‍ അയാളെ കാണാതായിരിക്കുകയാണ്. പോലീസ് വന്ന് അന്വേഷിച്ചിരുന്നു."
"പോലീസെന്തു പറഞ്ഞു?"
"വിവരമെന്തെങ്കിലും കിട്ടിയാല്‍ അറിയിക്കാന്‍ പറഞ്ഞു."
"വേറൊന്നും പറഞ്ഞില്ലേ?"
"ഇല്ല."

ഞാന്‍ തിരിച്ച് അജ്ഞാത സ്ഥലത്തേക്ക് നടന്നു. ഇനിയെന്തു ചെയ്യും? പൌരന്റെ ജീവന് വില കല്‍പ്പിക്കാത്ത ഭരണകൂടം! എന്റെ വിദ്യാഭ്യാസ ലോണ്‍ അടച്ചു തീര്‍ക്കാനുള്ള പണം മാത്രമേ ഞാന്‍ ചോദിച്ചുള്ളൂ. എനിക്ക് എന്നോടുതന്നെയും ചില കടമകളുണ്ടല്ലോ. അല്ലെങ്കില്‍ എത്രയെങ്കിലും ചോദിക്കാമായിരുന്നു. ഞാന്‍ തിരിച്ച് അജ്ഞാത സ്ഥലത്തെത്തി. ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തു. പോലീസിനെ വിളിച്ചു.
"ഞാന്‍ ഒരപകടത്തില്‍ പെട്ടിരിക്കുകയാണ്. എന്നെ വന്നു രക്ഷിക്കൂ.."
"ആരാണ് നിങ്ങളെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്?"
"ഞാന്‍ തന്നെ."
"നിങ്ങളെവിടെയാണിപ്പോള്‍"
അതിനു മറുപടി പറയാന്‍ സമ്മതിക്കാതെ ഞാനെന്റെ വായ പൊത്തി, ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു. വീണ്ടും താവളം മാറി.

പുതിയ താവളത്തില്‍ ഞാനല്‍പ്പം വിശ്രമിച്ചു. പോലീസ് എങ്ങനെയായിരിക്കും ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുക? ഒന്നു കൂടെ കുമാരേട്ടന്റെ കടയില്‍ ചെന്നു നോക്കുക തന്നെ. ഞാന്‍ ആള്‍മാറാട്ട കിറ്റ് തുറന്ന് വീണ്ടും വേഷം മാറി. ഇത്തവണ ഒരു ഊശാന്‍ താടിയും എണ്ണ തേയ്ക്കാത്ത മുടിയും കണ്ണടയും മുഷിഞ്ഞ കുര്‍ത്തയും ജീന്‍സും ആയിരുന്നു വേഷം. പോക്കറ്റില്‍ മൂര്‍ച്ചയുള്ള ഒരു കത്തിയും കരുതി. കടയിലെത്തി ഒരു ചായ കുടിച്ച ശേഷം താടിയുഴിഞ്ഞു കൊണ്ട് കുമാരേട്ടനോട് ഇങ്ങനെ ചോദിച്ചു:
"ആ വീട്ടിലുള്ള ബ്ലോഗ്ഗര്‍ അവിടെയില്ലല്ലോ. എവിടെപ്പോയെന്നറിയാമോ?"
"അയാളെ രാവിലെ മുതല്‍ കാണാനില്ല. പോലീസ് അന്വേഷിക്കുന്നുണ്ട്."
"പോലീസ് ഇവിടെ വന്നിരുന്നോ?"
"ഒരു തവണ വന്നിരുന്നു."
ഞാന്‍ അവിടെ നിന്നും നിരാശനായി പതുക്കെ തിരിച്ചു നടന്നു. അടുത്തൊരു കുറ്റിക്കാട് കണ്ടു. ഉടന്‍ തന്നെ ഞാന്‍ എന്നെ ബലമായി അങ്ങോട്ട്‌ കൊണ്ടുപോയി, പോക്കറ്റില്‍ കരുതിയിരുന്ന കത്തിയെടുത്തു ആഞ്ഞു കുത്തി. അല്‍പ നിമിഷത്തിനുള്ളില്‍ ശ്വാസം നിന്നു. ഞാന്‍ എന്റെ ദേഹവുമെടുത്ത് നേരെ പോലീസ് സ്റ്റേഷനിലെത്തി. പോലീസിനോട് നടന്ന കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. പോലീസ് അതെല്ലാം ക്ഷമയോടെ കേട്ട ശേഷം ഒന്നും തന്നെ പറയാതെ എന്നെ വിട്ടയച്ചു.

അത്യന്തം നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ ഞാന്‍ ഏറെക്കുറെ സമാധാനത്തോടെ ജീവിക്കുന്നു. ഉള്ളിലുള്ള വേര്‍പിരിയലുകളും കൂടിച്ചേരലുകളും സംഘട്ടനങ്ങളും ഇല്ലാതാക്കാന്‍ കഠിനമായി ശ്രമിക്കുന്നതോടൊപ്പം കേന്ദ്ര ഗവര്‍മെന്റിന്റെ പണം കൊണ്ട് ദേശസാല്‍കൃത ബാങ്കിലെ ലോണ്‍ തിരിച്ചടച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

Saturday, January 14, 2012

അനശ്വര ഗാനങ്ങള്‍

ബി. ടെക്. കഴിഞ്ഞു വരുമ്പോള്‍ എന്റെ കൈയ്യില്‍ ആറായിരത്തോളം മലയാള സിനിമാ ഗാനങ്ങളുണ്ടായിരുന്നു. ഭൂരിഭാഗവും സംഗീതാസ്വാദകനും നാലാം വയസ്സു മുതലോ മറ്റോ ജാനകിയമ്മയുടെ കടുത്ത ആരാധകനുമായ സഹമുറിയനില്‍ നിന്നും കിട്ടിയതാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് എന്റെ അയല്‍ക്കാരനു വേണ്ടിയും എനിക്ക് തന്നെ കേള്‍ക്കാന്‍ വേണ്ടിയും അതില്‍ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട ആയിരത്തോളം ഗാനങ്ങള്‍ തിരഞ്ഞെടുത്തു - ഏതാണ്ട് 450 ഗാനങ്ങള്‍ 1980 മുന്പുള്ളതും ഏതാണ്ട് 550 ഗാനങ്ങള്‍ 1980 ഇലും അതിനു ശേഷവുമായി പുറത്തിറങ്ങിയതും. 1980 മുതലുള്ള ഗാനങ്ങള്‍ ഒരു കൌതുകത്തിനായി സംഗീത സംവിധായകരുടെ അടിസ്ഥാനത്തില്‍ വിഭജിച്ചു.  ഓരോ സംഗീത സംവിധായകരുടെയും ഗാനങ്ങളുടെ എണ്ണം അവരോഹണക്രമത്തില്‍ താഴെ കൊടുത്തിരിക്കുന്നു. 

രവീന്ദ്രന്‍ : 93
ജോണ്‍സന്‍ : 88
എസ്. പി. വെങ്കിടേഷ് : 43
ബോംബെ രവി : 39
ഔസേപ്പച്ചന്‍ : 35
ഇളയരാജ : 33
എം. ജി. രാധാകൃഷ്ണന്‍ : 21
ശ്യാം : 17  
ജെറി അമല്‍ദേവ് : 16
മോഹന്‍ സിതാര : 15
ബേണി ഇഗ്നെഷ്യസ് : 11
ശരത് : 10
കണ്ണൂര്‍ രാജന്‍ : 10
പെരുമ്പാവൂര്‍ ജി. രാവീന്ദ്രനാഥ്‌ : 10
വിദ്യാസാഗര്‍ : 10
എസ്. ബാലകൃഷ്ണന്‍ : 9
കൈതപ്രം ദാമോദരന്‍ നമ്പൂതിരി : 7
നൌഷാദ് : 7
എം. ജയചന്ദ്രന്‍ : 5
രഘു കുമാര്‍ : 5 
എം. ബി. ശ്രീനിവാസന്‍ : 5
ജി. ദേവരാജന്‍ : 4
ഭരതന്‍ : 4
വി. ദക്ഷിണാമൂര്‍ത്തി : 3
രാജാമണി : 3
രമേശ്‌ നാരായണ്‍  : 3
എ. ആര്‍. റഹ്മാന്‍ : 3
ആര്‍. സോമശേഖരന്‍ : 2
കീരവാണി : 2
ജാസ്സി ഗിഫ്റ്റ് : 2
രഘുനാഥ്‌ സേത്ത് : 2
ടി. സുന്ദരരാജന്‍ : 2  
വിദ്യാധരന്‍ : 2  
സലില്‍ ചൌധരി : 2
ശ്രീരാം : 1 
എ. ജെ. ജോസഫ്‌ : 1
ശ്രീകുമാരന്‍ തമ്പി : 1
കാവാലം നാരായണ പണിക്കര്‍  : 1 
ലക്ഷ്മീകാന്ത് പ്യാരേലാല്‍ : 1
സഞ്ജയ്‌ അന്താര : 1
ബിച്ചു തിരുമല : 1
എ. ടി. ഉമ്മര്‍ : 1
എം. കെ. അര്‍ജുനന്‍ : 1
ആനന്ദ് : 1
ഭരദ്വാജ് : 1
ഗംഗൈ അമരന്‍ : 1
ശങ്കര്‍ ഗണേഷ് : 1
സുരേഷ് പീടെര്‍സ് : 1
എല്‍. വൈദ്യനാഥന്‍ : 1
ആലപ്പി രംഗനാഥ്‌ : 1
വില്‍‌സണ്‍ : 1  
ഉണ്ണി മേനോന്‍ : 1