Saturday, March 10, 2012

അര്‍ത്ഥരാഹിത്യം

നീയൊരു കടലാസും
ഞാനൊരു മൊട്ടുസൂചിയുമെങ്കില്‍
എനിയ്ക്കു നിന്നില്‍
തറഞ്ഞു കിടക്കാമായിരുന്നു.

നീയൊരാകാശവും
ഞാനൊരു പറവയുമെങ്കില്‍
എനിയ്ക്കു നിന്നില്‍
പാറിപ്പറക്കാമായിരുന്നു.

നീയൊരു വയലും
ഞാനൊരു വിത്തുമെങ്കില്‍
എനിയ്ക്കു നിന്നില്‍
കിളിര്‍ത്തു ജീവിക്കാമായിരുന്നു.

എന്നാല്‍ അവര്‍ പറയുന്നു,

കടലാസു മൊട്ടുസൂചിയും,
ആകാശം പറവയും,
വയലൊരു വിത്തും,
നീ ഞാനുമാണെന്ന്.

അപ്പോള്‍പിന്നെ,

തറഞ്ഞു കിടക്കുന്നതിലും,
പാറിപ്പറക്കുന്നതിലും,
കിളിര്‍ത്തു ജീവിക്കുന്നതിലും,
അര്‍ത്ഥമൊന്നുമില്ലല്ലോ. 

Saturday, March 3, 2012

പട്ടണം


പട്ടണത്തില്‍ പോയിരുന്നുഞാന്‍
ഉത്സവത്തിന്‍ തലേദിനം
കെട്ടുകാഴ്ച്ചകളൊട്ടനവധി 
കണ്ടു കണ്ണു നിറഞ്ഞുപോയ്

കണ്ടതൊക്കെയുമോര്‍ത്തെടുത്തൊരു
കവിതയാക്കിയങ്ങെഴുതിയാല്‍
തീക്ഷ്ണമാമാക്കാഴ്ച്ചകള്‍തന്‍
തീരമെങ്കിലുമെത്തുമോ