വൈകുന്നേരങ്ങള്‍, പ്രത്യേകിച്ച് ഓണക്കാലത്ത് മനോഹരങ്ങളാണ്. പോക്കുവെയിലില്‍ കുളിച്ചുനില്‍ക്കുന്ന ചെടികളും മരങ്ങളും മാത്രമല്ല, സര്‍വ ചരാചരങ്ങളും നിഷ്ക്കളങ്കമായി ആനന്ദിക്കുന്നതായി തോന്നും.
കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു ഓണക്കാലത്ത് അച്ഛനും അമ്മയുമോടൊപ്പം ഞാന്‍ വടക്കേമലബാറിലെ ഒരു ബന്ധുവീട്ടില്‍ പോയി. ആ ഗ്രാമപ്രദേശത്ത് അന്ന് വൈകുന്നേരം അവിടത്തെ ക്ലബിന്റെ വക വിവിധ മത്സരങ്ങളുണ്ടായിരുന്നു. അതു കാണാന്‍ ഞാന്‍ ബന്ധുക്കളായ കൂട്ടുകാരോടൊപ്പം പോയി. പരിപാടികള്‍ കാണാന്‍ ഒരുപാടുപേരോന്നുമുണ്ടായിരുന്നില്ല, എന്നാല്‍ എല്ലാ പ്രായക്കാരുമുണ്ടായിരുന്നു. അതില്‍ ചെറിയ ഒരു കുട്ടിയെ എടുത്തുനില്‍ക്കുന്ന ഒരു യുവതി എന്റെ ശ്രദ്ധയില്‍പെട്ടു. നിമിഷങ്ങളോളം അവരുടെ മുഖത്തുനിന്ന് എനിയ്ക്ക് കണ്ണെടുക്കാന്‍ കഴിഞ്ഞില്ല - അത്രയ്ക്ക് പൂര്‍ണമായിരുന്നു അത്. അതിമനോഹരമായ ആ മുഖത്ത് യുവത്വത്തിന്റെ ആകര്‍ഷകത്വം മാത്രമല്ല, മാതൃത്വത്തിന്റെ നിര്‍വൃതിയുമുണ്ടായിരുന്നു. ആ മുഖത്തിന്റെ ഭാവപരവും രൂപപരവുമായ പൂര്‍ണതയില്‍നിന്നുമുള്ള പ്രകാശം ചുറ്റുപാടിനെയെല്ലാം ആനന്ദിപ്പിക്കുന്നതായി എനിയ്ക്കു തോന്നി.
എല്ലാത്തിലും താരുണ്യം കാണുന്ന എന്റെ അപ്പോഴത്തെ പ്രായവും, ഓണക്കാലത്തിലെ വൈകുന്നേരത്തിന്റെ വശ്യമായ ഭാവവും ഒരുപക്ഷെ ആ മനോഹരമായ കാഴ്ചയുടെ മാധുര്യമേറുന്നതിന് കാരണമായിരുന്നിരിയ്ക്കാം. ഋതുക്കള്‍ മാറിവരുകയും എല്ലാത്തിനും മാറ്റം സംഭവിയ്ക്കുകയും ചെയ്യുമെന്നിരുന്നാലും ചില കാഴ്ചകള്‍ക്ക് ഓര്‍മയില്‍ നിത്യ വസന്തമാണുള്ളത്.
