Monday, December 20, 2010

മൌനവ്രതം

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെട്ടെന്നാണ് അത് സംഭവിച്ചത്. കുമാരന്റെ അച്ഛനും അമ്മയും കുമാരിയും(കുമാരന്റെ ഭാര്യ) കുമാരനും ഭക്ഷണം കഴിഞ്ഞിരിയ്ക്കുകയായിരുന്നു. അപ്പോള്‍ കുമാരന്‍ ഇങ്ങനെ പ്രഖ്യാപിച്ചു: 'നാളെ ഞാന്‍ മൌനവ്രതം അനുഷ്ടിക്കാന്‍ പോകുന്നു.' ഇതു കേട്ട് എല്ലാവരും ഞെട്ടിയെന്നു പറയേണ്ടതില്ലല്ലോ. കുംമാരന്റെ അച്ഛന്‍ ഞെട്ടല്‍ പുറത്തുകാണിക്കാതെ ഇങ്ങനെ പറഞ്ഞു: 'അല്ലാതെയും ഏതാണ്ടതേപോലെയാണല്ലോ.' (കുമാരന്‍ പൊതുവേ മിതഭാഷിയാണ്). മറ്റു രണ്ടുപേരും അത്ഭുതസ്തബ്ദരായി കുമാരനെ തന്നെ നോക്കിയിരുന്നു. അല്പസമയത്തിനകം എല്ലാവരും കിടക്കാനായി പിരിഞ്ഞു.

കിടന്നയുടനെ കുമാരി താന്‍ ഇന്നലെ വരച്ച ചിത്രം കുമാരനെ കാണിച്ചു. കുമാരിയുടെ ചിത്രങ്ങളുടെ ഒരാരാധകനാണ് കുമാരന്‍. കുമാരന്റെ കവിതകളെന്ന പോലെ കുമാരിയുടെ ചിത്രങ്ങളും അവര്‍ തമ്മിലുള്ള വിവാഹത്തിനു മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്‌. പക്ഷെ ഇപ്പോള്‍ കുമാരിയുടെ ഉദ്ദേശ്യം കുമാരന് മനസ്സിലായി. തന്നെയെങ്ങനെയെങ്കിലും 12 മണിവരെ സംസാരിപ്പിക്കണം. തന്റെ ചെറിയ ചെറിയ നിര്‍ബന്ധങ്ങള്‍ കുമാരിക്കുമാത്രമല്ല അമ്മയ്ക്കും ഇഷ്ടമല്ല. ചിത്രം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് കുമാരന്‍ പെട്ടെന്നുറങ്ങി.

കുമാരിയും അമ്മയും എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതുപോലെയാണ് രാവിലെയെഴുന്നേറ്റപ്പോള്‍ കുമാരന് തോന്നിയത്. അവര്‍ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. കുമാരന്റെ മൌനവ്രതത്തിന്റെ കാരണമായിരുന്നു അമ്മയ്ക്ക് ആദ്യം അറിയേണ്ടിയിരുന്നത്. കുമാരന്‍ ശബ്ധിച്ചതേയില്ല. കുമാരന്റെ ഒരു കുടുംബ സുഹൃത്തായ ഈ ബ്ലോഗ്ഗര്‍ കാര്യം പെട്ടെന്നു തന്നെ അറിഞ്ഞു. ഒഴിവു ദിനത്തിലെ 'ഉറക്കം, ഭക്ഷണം, ഉറക്കം..' എന്ന ദിനച്ചര്യയ്ക്ക് ഭംഗം വരുത്തി ഞാന്‍ കുമാരന്റെ വീട്ടിലേയ്ക്കു നടന്നു. കുമാരനെ സംസാരിപ്പിക്കാന്‍ എന്നാല്‍ കഴിയുന്ന വിധം ഞാന്‍ ശ്രമിച്ചു. (കുമാരന്റെ മൌനവ്രതം തടഞ്ഞാല്‍ എനിക്കെന്താണ് കിട്ടാനുള്ളതെന്നു എനിക്കിപ്പോഴും മനസ്സിലാകുന്നില്ല.) അതില്‍ പരാജയപ്പെട്ടെങ്കിലും എന്റെ നിസ്വാര്‍ത്ഥ ശ്രമങ്ങളെ പരിഗണിച്ച് നല്ലൊരു ചായ എനിക്കു കുമാരി ഉണ്ടാക്കി തന്നു. അതിനു ശേഷം അധികസമയം ഞാനവിടെ ചെലവഴിച്ചില്ല. ദിനചര്യ തുടരാനായി ഞാന്‍ വീട്ടിലേക്കു മടങ്ങി.

സമയം ഉച്ചയായി. കുമാരന്‍ എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു പൂച്ച അടുക്കളയില്‍ നിന്നും പുറത്തേക്കു പോകുന്നത് കുമാരന്‍ കണ്ടു. ഉടനടി കുമാരന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: 'അമ്മേ, പൂച്ച അടുക്കളയില്‍നിന്നും ഓടി പോകുന്നു..'. ഇത്തരം അവസരങ്ങളില്‍ പൂച്ചയ്ക്കെതിരെ നടപടി എടുക്കാറുള്ള അമ്മ ഓടി വന്ന് കുമാരനെ നോക്കി നിന്നു. കുമാരിയും ഒപ്പം ചേര്‍ന്നു. തന്റെ വ്രതം മുടങ്ങിയതിന്റെ ജാള്യത മുഖത്തു കാണിക്കാതെ കുമാരന്‍ വായന തുടര്‍ന്നു. അമ്മയുടെയും കുമാരിയുടെയും സന്തോഷത്തിന് അതിരില്ലായിരുന്നു. വ്രതം മുടങ്ങിയതിനാല്‍ ഇനി വ്രതം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് കുമാരി കുമാരനെ ഉപദേശിച്ചു. എന്നാല്‍ കുമാരന്‍ ശബ്ധിച്ചതേയില്ല.

പൂച്ചയും കുമാരനുമായുള്ള സങ്കീര്‍ണമായ ബന്ധത്തിന് ഒരു കണ്ണി കൂടിയായി ആ സംഭവം. എന്നാല്‍ പൂച്ചയ്ക്ക് പകരം മറ്റെന്തായാലും താനിങ്ങനെ പ്രതികരിക്കുമായിരുന്നുവെന്നു കുമാരന് തോന്നി. വ്രതം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന ന്യായം കുമാരന് ഒട്ടും ബോധിച്ചില്ല. ആത്മാര്‍ഥമായ ശ്രമത്തിനു എത്ര തന്നെ തെറ്റ് പറ്റിയാലും ഫലമുണ്ടാകുമെന്ന് കുമാരന്‍ വായിച്ചിട്ടുണ്ട്. വ്രതത്തെ പറ്റിയുള്ള കുമാരിയുടെയും അമ്മയുടെയും ആശയങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ അവരോടു കുമാരന് സഹതാപം തോന്നി. പിന്നെ കുമാരന്‍ മൌനവ്രതത്തിന്റെ മഹത്വത്തെക്കുറിച്ചോര്‍ത്തു. ഈ ലോകത്തെ മിക്ക പ്രശ്നങ്ങളും ഉണ്ടാകുന്നത് വീണ്ടുവിചാരമില്ലാത്ത സംസാരത്താലാണ്. കുമാരന്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു വ്രതമെടുക്കുന്നത്. സംസാരിച്ചു തുടങ്ങിയ അന്നുമുതല്‍ എല്ലാ ദിവസവും സംസാരിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം ജനങ്ങളും അങ്ങനെയാണ്. മൌനവ്രതം വാക്കുകളില്‍ നിയന്ത്രണം നല്‍കും. എല്ലാവരും ആറുമാസത്തിലൊരിക്കലെങ്കിലും മൌനവ്രതം അനുഷ്ടിക്കണമെന്നാണ് കുമാരന്റെ പക്ഷം.

അന്ന് കുമാരന്‍ മറ്റൊന്നും സംസാരിച്ചില്ല. കുമാരന്റെ വ്രതം മുടങ്ങിയതിലുള്ള സന്തോഷത്താല്‍ അമ്മയും കുമാരിയും പായസമുണ്ടാക്കുകയും കുറച്ച് കുമാരന് കൊടുക്കുകയും ചെയ്തു. തന്റെ മൌനവ്രതം പൂര്‍ണവിജയമായില്ലെങ്കിലും  രണ്ടു മാസത്തിനുള്ളില്‍ നടത്താനുദ്ദേശിക്കുന്ന അടുത്ത മൌനവ്രതം പൂര്‍ണവിജയമാക്കാന്‍ കുമാരന്‍ ഒരുങ്ങിക്കഴിഞ്ഞു.

Sunday, December 19, 2010

കറുത്ത സൗന്ദര്യം

മഹാഭാരതത്തില്‍ നിന്ന്:
1
മാദ്രിയുടെ പുത്രന്മാര്‍ മറ്റു മൂന്നു പേരേക്കാള്‍ സുഭഗന്മാരായിരുന്നു. ആകാശത്തില്‍ നിന്ന് അശരീരി ഒരിക്കല്‍കൂടി ഉണ്ടായി: "ഈ രണ്ടുപേര്‍ ലോകൈകസുന്ദരന്മാരാകും. അവരുടെ സ്വഭാവഗുണം ലോകപ്രസിദ്ധമാകും. അവരുടെ ഭക്തി, ധൈര്യം, ജ്ഞാനം എന്നിവയും പ്രസിദ്ധമാകും." മാദ്രിപുത്രന്മാര്‍ക്ക് നകുലന്‍ എന്നും സഹദേവന്‍ എന്നും പേരിട്ടു.

വര്‍ഷങ്ങള്‍ക്കു ശേഷം, ദ്രൌപദിസ്വയംവര സമയത്ത് ബ്രാഹ്മണരുടെ വേഷത്തിലുള്ള പാണ്ഡവരെ ചൂണ്ടിക്കൊണ്ട് കൃഷ്ണന്‍ സഹോദരനായ ബലരാമനോട് ഇങ്ങനെ പറഞ്ഞു: "...ഈ കറുത്ത രണ്ടുപേര്‍, വളരെ സാമ്യമുള്ള ഇവര്‍, ഈ സുഭഗന്മാര്‍ നകുലനും സഹദേവനുമായിരിക്കണം..."

2
ജയന്‍, ഉപജയന്‍ എന്നീ രണ്ടു ഋഷിമാര്‍ ദ്രുപദന്റെ ആവശ്യപ്രകാരം പുത്രകാമേഷ്ടി യാഗം നടത്തി. തന്റെ ശത്രുവായ ദ്രോണരെ വധിക്കാന്‍ കരുത്തുള്ള മകനുവേണ്ടിയും അര്‍ജുനന് പാരിതോഷികമായ ഒരു മകള്‍ക്കുവേണ്ടിയും ആയിരുന്നു അത്. യാഗത്തിനിടയില്‍ സംഭവിച്ചത്: ...അഗ്നിയില്‍ നിന്ന് അതിസുന്ദരിയായ ഒരു കന്യക ആവിര്‍ഭവിച്ചു. അവള്‍ കറുത്ത നിറത്തോടുകൂടിയവളായിരുന്നു...അവളുടെ ആവിര്‍ഭാവ സമയത്ത് ആകാശത്തുനിന്ന് ഒരശരീരിയുണ്ടായി: "സ്ത്രീകളില്‍ വച്ചേറ്റവും സുന്ദരിയായ ഇവള്‍ നിമിത്തം ക്ഷത്രിയവംശം മുടിയും." അവള്‍ക്ക് കൃഷ്ണ എന്ന് പേരിട്ടു. എന്നാല്‍ ദ്രൌപദി എന്ന നാമത്താലാണ് അവള്‍ കൂടുതല്‍ അറിയപ്പെട്ടത്.

3
അരക്കില്ലത്തില്‍ നിന്ന് രക്ഷപ്പെട്ട പാണ്ഡവരും കുന്തിയും ഹിഡിംബവനത്തിലെത്തി. മനുഷ്യരെ കൊന്നു തിന്നുന്ന രാക്ഷസരായ ഹിഡിംബന്റെയും ഹിഡിംബിയുടെയും താമസസ്ഥലമായിരുന്നു അത്. തളര്‍ന്നുറങ്ങുന്ന അമ്മയ്ക്കും സഹോദരങ്ങള്‍ക്കും കാവലിരിക്കുന്ന ഭീമനെ കണ്ട ഹിഡിംബി ഇങ്ങനെ വിചാരിച്ചു: 'ഈ കറുത്ത സുന്ദരന്‍ എന്റെ നാഥനും ഭര്‍ത്താവുമായിത്തീരുമെന്ന് എന്റെ മനസ്സ് പറയുന്നു.'
--------------------------------------------------------------------------------------

നമ്മുടെ സൗന്ദര്യ ബോധത്തിന് എപ്പോഴാണ്, എവിടെവെച്ചാണ്, എങ്ങനെയാണ് മാറ്റം സംഭവിച്ചത്?