മുകളിലെ നിലയിൽ പണി നടക്കുന്നുണ്ട്. ഞാനൊരു കപ്പുമായി ചായയെടുക്കാൻ പോയി. ജനലിലൂടെയും മറ്റും കപ്പിൽ പൊടി വീഴാനുള്ള സാധ്യത ഞാൻ കണ്ടു. കപ്പിന് ഒരു അടപ്പുണ്ടായാൽ നല്ലതായിരുന്നു. അപ്പോൾ ഞാനെന്റെ പഴയ ഒരു സഹപ്രവർത്തകനെകുറിച്ചോർത്തു. അവന്റെ കപ്പിന് അടപ്പുണ്ടായിരുന്നെന്നു എനിക്ക് പെട്ടെന്നു തോന്നിയെങ്കിലും അത് സത്യമാവാനുള്ള സാധ്യത വളരെ കുറവാണെന്നെനിക്കു തോന്നി. ഒരു ദിവസം അവനും ഞാനും ചായ കുടിക്കാൻ കപ്പുമായി പോയി. അവന്റെ കയ്യിൽ ഒരു ചെറിയ പെട്ടിയിൽ നിറയെ കുക്കീസ് ഉണ്ടായിരുന്നു. അതിൽനിന്ന് ഒന്നുരണ്ടെണ്ണം അവനെനിക്കു തന്നു.
ഞാൻ ചോദിച്ചു: "ഇത്രയധികം കുക്കീസ് എന്തിനു വാങ്ങി?"
"എന്റെ ആനന്ദത്തിന് !", അവൻ മറുപടി പറഞ്ഞു.
ഏതെല്ലാം രീതിയിലാണ് ചിന്തകൾ ഒന്നിനു പുറകെ ഒന്നായി പോകുന്നതെന്നുകണ്ട് ഞാനത്ഭുതപ്പെട്ടു.
