Saturday, December 30, 2017

രഹസ്യം - 2

കുമാരനും കുമാരിയും ഉറങ്ങാനുള്ള ഒരുക്കത്തിലാണ്. ഒരു വയസ്സായ മകൾ ഉറങ്ങാനുള്ള ഒരു ലക്ഷണവും കാണിക്കാതെ മുറിയിൽ തലങ്ങും വിലങ്ങും മുട്ടിട്ടിഴയുന്നു. അപ്പോൾ കുമാരൻ കുമാരിയോട് പറഞ്ഞു: "ഞാനൊരു രഹസ്യം പറയാം."
"പറഞ്ഞോ", കുമാരിയുടെ നിസ്സംഗമായ മറുപടി.
"ചെവിയിങ്ങോട്ട് കാട്ട്", കുമാരൻ പറഞ്ഞു.
"എന്തിന്?! നമ്മുടെ മോളല്ലേ ഇവിടെ ഉള്ളൂ!"
"അതു തന്നെയാണ് കാര്യം."
  കുമാരൻ കുമാരിയുടെ ചെവിയിൽ പതിയെ പറഞ്ഞു: "നമ്മുടെ മകൾക്ക് എല്ലാമറിയാം!"
"എന്തെല്ലാം?"
"എല്ലാം. ഈ പ്രപഞ്ചത്തിന്റെ രഹസ്യം. സത്യമെന്തെന്നും സത്യമെന്തല്ലെന്നും."
"ഇങ്ങനെ തള്ളരുത്!"
"ഞാൻ പറയുന്നത് സത്യമാണ്.", കുമാരൻ പറഞ്ഞു.
അപ്പോൾ മകൾ മുട്ടിട്ടിഴയുന്നത് നിർത്തി കുമാരനെയും കുമാരിയെയും നോക്കി ചിരിച്ചു. അവളുടെ അതി മനോഹരവും അത്ഭുതാവഹവുമായ ചിരി കണ്ടപ്പോൾ കുമാരൻ പറഞ്ഞതിൽ എന്തോ കാര്യമുണ്ടെന്ന് കുമാരിയ്ക്ക് തോന്നി.
കുമാരി ചോദിച്ചു: "അപ്പോൾ അവൾക്കതെല്ലാം നമുക്ക് പറഞ്ഞു തരാല്ലോ?!"
"അവിടെയാണ് പ്രശ്‍നം. അവൾ സംസാരിച്ച് തുടങ്ങുമ്പോഴേക്കും അതെല്ലാം മറക്കും.", കുമാരൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
"അപ്പോൾ നമ്മൾ കുഞ്ഞായിരുന്നപ്പോൾ നമുക്കും അതെല്ലാം അറിയുമായിരുന്നിരിക്കുമല്ലോ?"
"ഹമ്, പക്ഷെ നമ്മളതെല്ലാം മറന്നു പോയില്ലേ!", കുമാരൻ പാതിയുറക്കത്തിൽ പറഞ്ഞു.
കുമാരി മകളെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് അവൾ ഒട്ടും സ്പഷ്ടമല്ലാതെ ഉരുവിടുന്ന ശബ്ദങ്ങൾക്ക് കാതോർത്തു. 

ചിത്രം 14: കണ്ണുകൾ

ബസ്സിൽ യാത്ര ചെയ്യുമ്പോൾ വഴിവക്കിലെ ചപ്പുചവറുകൾ കണ്ണുകൾകൊണ്ട് വൃത്തിയാക്കുന്നവൻ. 

Thursday, November 30, 2017

അല

അലകളടങ്ങിയ കടലിന്നാഴ-
ത്തട്ടിലിരിക്കും പൊട്ടിയ ചില്ലിൻ 
വക്കിൽതട്ടി മുറിഞ്ഞൊരു വാലി-
ന്നൂറിവരുന്ന രക്തം കണ്ടു 
ഭയന്നൊരു മീനിൻ വെപ്രാളത്തി-
ലലകളുയർന്നാക്കടലിൻ 
ശാന്തതയില്ലാതായി!

Sunday, November 19, 2017

മരം

നീ പൂക്കുവാൻ പോകുന്നു,
കാത്തിരിക്കുക!

നിന്റെ ശിഖരങ്ങളിൽ 
എന്റെ മൊട്ടുകൾ വിടരും;
നിന്റെ പൂക്കളിൽ 
ഞാൻ നിറവും മണവുമാകും. 

നീ തളിർക്കുവാൻ പോകുന്നു,
കാത്തിരിക്കുക!

നിന്റെയിലകളിൽ 
ഞാൻ പച്ചയായ് തുടിക്കും;
നിന്റെ വേരുകളിൽ 
ഞാൻ മണ്ണായലിയും.

നിന്നിലൂടെ ഞാൻ ജീവിക്കും; 
നിന്റെ വിത്തുകളിലൂടെ... 
അതിൽനിന്നുമുണരുന്ന 
നാമ്പുകളിലൂടെ... 




Sunday, November 5, 2017

ഭാര്യ

ഒരു സാധാരണ ദിവസത്തിന്റെ അവസാനം. മങ്ങിയ നഗരവെളിച്ചം. മനുഷ്യർ ഇണകളായും ഒറ്റയ്ക്കും അവരവരുടെ കൂടുകളിലേയ്ക്ക് മടങ്ങുന്നു. ഭാര്യ അടുത്തുണ്ടായിരുന്നെങ്കിലെന്ന് എന്നത്തേയും പോലെ അപ്പോഴും ഞാൻ ആഗ്രഹിച്ചു. ഒന്നു ഫോൺ ചെയ്താലോ? വേണ്ട ഉറങ്ങിക്കാണും. മനുഷ്യസ്പർശം ജീവിതത്തിൽ എത്ര പ്രധാനപ്പെട്ടതാണെന്ന് എനിക്ക് മനസ്സിലാവുന്നത് ഇക്കാലത്താണ്. ഭാര്യയുടെതു മാത്രമല്ല. കൂട്ടുകാരന്റേത്, മാതാപിതാക്കളുടേത്, സഹോദരങ്ങളുടേത്, കുട്ടികളുടേത്...സ്നേഹത്തോടെയുള്ള ഒരു സ്പർശം സങ്കടങ്ങളെ ഒരു മാജിക്കിലെന്ന പോലെ അപ്രത്യക്ഷമാകുന്നു. എന്തൊരു നശിച്ച ഒറ്റപ്പെടലാണ്! ചെയ്യുന്ന ജോലിയുടെ പ്രത്യേകതയാലും ഉൾവലിഞ്ഞ സ്വഭാവമായതിനാലും  ഇവിടെ വന്നതിനു ശേഷം സുഹൃത്തുക്കളെയൊന്നും കിട്ടിയിട്ടില്ല. മീനിനെ കരയിലെടുത്തിട്ടപോലെ. പലപ്പോഴും ചുറ്റും നടക്കുന്നതെല്ലാം ഒരു സ്വപ്നമെന്നു തോന്നി. എ സർറിയലിസ്റ്റിക് ലൈഫ്!

ബസിൽ വലിയ തിരക്കൊന്നുമില്ല. ഒരു വശത്തിരിക്കുന്ന ഇണകൾ അവരുടെ സ്നേഹം ചുണ്ടുകളിലൂടെ പങ്കുവെക്കുന്നു. എന്റെ എതിർഭാഗത്ത് നിൽക്കുന്ന യുവതിയെ ഞാൻ ശ്രദ്ധിച്ചു. ഹങ്കേറിയൻസ് പൊതുവെ സുന്ദരികളും സുന്ദരന്മാരുമാണ് എന്നാണ് എന്റെയൊരു നിരീക്ഷണം. ചിലപ്പോൾ വെറുതെ തോന്നുന്നതായിരിക്കും. സുന്ദരിയായ അവളുടെ നഗ്നമായ കഴുത്തിലും തുടകളിലും ടാറ്റൂ പതിച്ചിരിക്കുന്നു. അതവളുടെ ഭംഗി കൂട്ടുന്നതായി എനിക്ക് തോന്നി. ഞാനവളെ ശ്രദ്ധിക്കുന്നത് അവൾ കണ്ടു. കണ്ണുകളിടഞ്ഞപ്പോൾ ഞാൻ പരിഭ്രമത്തോടെ ദൃഷ്ടി മാറ്റി. എനിക്കിറങ്ങേണ്ട സ്റ്റോപ്പിലെത്തിയപ്പോൾ ഞാനിറങ്ങി, പുറകെത്തന്നെ അവളും. ഫ്‌ളാറ്റിലേയ്ക്ക് കുറച്ച് ദൂരമേയുള്ളൂ. വഴിയിൽ ആരുമില്ല. ഞാൻ വേഗം നടന്നു. അവൾ പുറകെ വരുന്നതായി എനിക്ക് മനസ്സിലായി. "ഹലോ...", പുറകിൽ നിന്ന് വിളി കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. "യു ഹാവ് എ വാച്ച്‌? ടൈം?", ഹങ്കേറിയൻ ചുവയുള്ള ഇംഗ്ലീഷിൽ അവൾ ചോദിച്ചു. കീശയിൽ നിന്നും ഫോണെടുത്ത് സമയം നോക്കി ഞാൻ പറഞ്ഞു: "ടെൻ തേർട്ടി". പറഞ്ഞത് മനസ്സിലാവാത്തത് പോലെ അവൾ അടുത്തേക്ക് വന്നു ചോദിച്ചു: "വാട്ട്?". ഞാൻ ഫോൺ കാണിച്ചു കൊടുത്തു. പെട്ടെന്ന് അവൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു: "യു ലൈക് മി? യു ലിവ് ഹിയർ? ഐ വെരി ഗുഡ്. യു വെരി ഹാപ്പി. യു വാണ്ട്? ബിസിനസ്?". "ഹൌ മച്ച്?", ഞാൻ ചോദിച്ചു. "ട്വന്റി തൗസന്റ് ഫൊറിന്ത്", അവൾ പറഞ്ഞു. ഞാൻ പേഴ്സ് എടുത്തു നോക്കി. ഇരുപത്തിനായിരത്തിന്റെയും അയ്യായിരത്തിന്റെയും ഓരോ നോട്ടുകൾ. അയ്യായിരം ഫൊറിന്തിന്റെ നോട്ടെടുത്ത് ഞാനവൾക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: "ഗിവ്മി എ ഹഗ്". ഞങ്ങൾ കെട്ടിപ്പിടിച്ചു. അവളെ വേർപെടുത്തി ഞാൻ പറഞ്ഞു: "ഡോണ്ടുഇറ്റ് ടുനൈറ്റ്. ഗോ ആൻഡ് സ്ലീപ് വെൽ." അവളുടെ കണ്ണുകൾ നനഞ്ഞ പോലെ എനിക്ക് തോന്നി. വെറുതെ തോന്നിയതായിരിക്കാം. എന്റെ കണ്ണുകൾ തീർച്ചയായും നനഞ്ഞിരുന്നു. "സിയാ" എന്നു വിടപറഞ്ഞു ഞാൻ നേരെ ഫ്ലാറ്റിലേക്ക് നടന്നു.

Friday, September 22, 2017

അരുതുകൾ

കുട്ടിക്കാലത്ത് കേട്ട ചില അരുതുകൾ:

1. സന്ധ്യയ്ക്ക് ഉറങ്ങരുത്/ കുളിക്കരുത്.
2. നനഞ്ഞ കൈ കൊട്ടരുത്.
3. രാത്രി വിരൽ ഞൊട്ടരുത്.
4. വാതിൽപടിയിൽ കാൽ അപ്പുറവും ഇപ്പുറവും വച്ച് നിൽക്കരുത്.
5. ഭക്ഷണം കഴിക്കുമ്പോൾ കരയരുത്.
6. ഇരിക്കുമ്പോൾ കാൽ ആട്ടരുത്.
7. സന്ധ്യയ്ക്ക് വിളക്ക് വെക്കുമ്പോൾ ജനലുകൾ തുറന്നിടരുത്.
8. നിഴൽ ചവിട്ടരുത്.
9. രാത്രി തൈര് കഴിക്കരുത്.
10. തല കുളിക്കുമ്പോൾ വായിൽ വെള്ളം നിറയ്ക്കാതിരിക്കരുത്!

Wednesday, September 20, 2017

ദീർഘജീവിതത്തിനുള്ള ഒരു വഴി

"ഗുരോ, എനിക്കൊരു ആഗ്രഹമുണ്ട്."
"പറയൂ ശിഷ്യാ."
"എനിക്ക് ഒരുപാടുകാലം ജീവിക്കണം. പറ്റുമെങ്കിൽ ഒരായിരം വർഷം. സന്തോഷത്തോടെ."
ഗുരു അട്ടഹസിച്ചുകൊണ്ട് പറഞ്ഞു:
"നീയനശ്വരതയിലേക്കുള്ള വഴി ചോദിക്കുമെന്നാണ് ഞാൻ കരുതിയത്. സാരമില്ല. നിന്റെ ആഗ്രഹം സാധ്യമാണ്!"
വിടർന്ന കണ്ണുകളോടെ ശിഷ്യൻ ചോദിച്ചു: "എങ്ങനെ?"
"ശ്രദ്ധിച്ച് കേൾക്കണം. ഞാൻ പറയാം."
ശിഷ്യൻ നിവർന്ന് ചമ്രം പടിഞ്ഞിരുന്ന് കാതു കൂർപ്പിച്ച് ശ്രദ്ധിച്ചിരുന്നു.
"ഞാൻ പറയാൻ പോകുന്നത് ഒരു രഹസ്യമൊന്നുമല്ല. എങ്കിലും അറിയാവുന്നവർ പോലും പലപ്പോഴും മറക്കുന്ന ഒരു കാര്യം."
"വേഗം പറയൂ ഗുരോ."
"സമയം ആപേക്ഷികമാണെന്ന് ശിഷ്യനറിയാമല്ലോ?"
"അറിയാം. ഓരോരുത്തരും അവരുടേതായ സമയത്തിൽ ചലിച്ചുകൊണ്ടിരിക്കുന്നു."
"എന്നാൽ ഓരോരുത്തരുടേയും സമയം അവരത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് ദീർഘിച്ചും ശുഷ്കിച്ചുമിരിക്കും."
"എന്നു വെച്ചാൽ?"
"ഒരു നല്ല സിനിമ കാണുമ്പോൾ ശിഷ്യൻ സമയം പോവുന്നതറിയാറുണ്ടോ?"
"ഇല്ല."
"നിനക്കിഷ്ടമുള്ളവരുടെ കൂടെ ഇരിക്കുമ്പോൾ ഒരു ദിവസം പോലും എത്ര ചെറുതാണ്?!"
"പക്ഷെ, അതു വെറും തോന്നലല്ലേ? എനിക്ക് തോന്നിയില്ലെങ്കിലും ഒരു ദിവസം ഒരു ദിവസം തന്നെയല്ലേ?"
"അല്ല! നിന്റെ ഒരു ദിവസം എത്രയാണെന്ന് നിർണയിക്കുന്നത് നീ തന്നെയാണ്."
"ഗുരു പറഞ്ഞു വരുന്നത്?"
"പറയാം. ഒരു നല്ല സിനിമ കാണുന്നതിനും പ്രിയപ്പെട്ടവരുടെ കൂടെ ഇരിക്കുന്നതിനും പൊതുവായി എന്താണുള്ളത്?"
"ആ രണ്ടു സമയത്തും ഞാൻ അതിൽ വളരെ മുഴുകിയിരിക്കുകയായിരിക്കും."
"ശരിയാണ്. നീയെന്താണോ ചെയ്യുന്നത് അതിൽ ആവോളം മുഴുകുക. ഇതാണ് നിന്റെ ആഗ്രഹം നിറവേറാനുള്ള വഴി."
വിലപ്പെട്ട എന്തോ നേടിയ സന്തോഷം ശിഷ്യനിൽ നിറഞ്ഞു. അപ്പോൾ കണ്ണുകളടച്ച് "for the time you feel is the time you spend" എന്നു മന്ത്രിച്ച് ഗുരു ധ്യാനനിമഗ്നയായി.
ശിഷ്യൻ ഗുരുവിനെ സൂക്ഷിച്ചു നോക്കി. തന്നേക്കാൾ എത്രയോ വർഷമായി ജീവിക്കുന്നവൾ. എങ്കിലും ഒരു യുവതി തന്നെയായിരിക്കുന്ന ഗുരുവിന്റെ മുഖത്തിൽ നിന്നും പ്രസരിക്കുന്ന ജീവൻ തന്നെ അനുഗ്രഹിക്കുന്നതായറിഞ്ഞ് അവനും ധ്യാനത്തിൽ മുഴുകി.

Saturday, September 16, 2017

ചൂടുള്ള തേൻ-നാരങ്ങാ വെള്ളം

ഹോങ്കോങിൽ മിക്ക ഭക്ഷണശാലകളിലും കിട്ടുന്ന ഒരു പാനീയമാണ് ഇത്. ചായയെപ്പോലെതന്നെ ഉണർവുനൽകുന്ന ഒരു പാനീയമായാണ് എനിക്കനുഭവപ്പെട്ടത്.

ആവശ്യമുള്ള സാധനങ്ങൾ:
വെള്ളം, തേൻ, ചെറുനാരങ്ങ

ഉണ്ടാക്കുന്ന വിധം:
തിളപ്പിച്ച വെള്ളത്തിൽ ആവശ്യത്തിന് തേനും ചെറുനാരങ്ങാനീരും ചേർക്കുക. തേനിന് വെള്ളത്തിൽ അടിഞ്ഞുകിടക്കുന്ന ഒരു സ്വഭാവമുള്ളതിനാൽ നന്നായി ഇളക്കുക.

Sunday, August 13, 2017

ആദ്യം

ഞാനിന്ന് കണ്ടവരൊക്കെ 
ആദ്യമായ് കണ്ടവരാണേ! 
ഞാനിന്ന് കേട്ടതെല്ലാം 
ആദ്യമായ് കേട്ടതുമാണേ! 

ഇനിയെന്നീ കണ്ടവരൊക്കെ 
ഒന്നൂടെ കാണുമെന്നോ, 
ഇനിയെന്നീ കേട്ടതൊല്ലാം 
ഒന്നൂടെ കേൾക്കുമെന്നോ- 

അറിയില്ല, അറിയില്ലല്ലോ 
അറിയാത്തതെന്തെല്ലാം! 
ഇനിയുള്ളതെന്തേലും 
അറിയുന്നതായുണ്ടോ?!

Monday, July 24, 2017

സത്യം

ഞാനെന്നൊന്നുണ്ടെങ്കിൽ സത്യം ഞാനുമുൾപ്പെടുന്നതായിരിക്കും;
ഞാനെന്നൊന്നില്ലെങ്കിൽ സത്യം ഉണ്ടാവണമെന്നുതന്നെയില്ല.

Tuesday, June 27, 2017

ചിത്രം 13: വരവ്

പ്രിയപ്പെട്ടവരുടെ സാമീപ്യവും, പുട്ടും കടലയും, ദോശയും ചമ്മന്തിയും, ഇഡ്ഡ്ലിയും സാമ്പാറും, കാളനും, അവിയലും, പായസവുമില്ലാത്ത ഒരു വർഷത്തിനു ശേഷം കണ്ണുകൾ തുറുത്തിച്ച്, നാവ് പുറത്തിട്ട്, നാട്ടിലെത്തുന്നവൻ.  

റഫ്രിജറേറ്ററിൽ വച്ച സവാള അരിയാൻ എളുപ്പമാണ്.


Tuesday, May 30, 2017

ചെറി

ചെറിമധുരമൂറുന്ന 
ചെറുചിരിയുതിരുന്ന  
ചിറിയിലെന്തേ 
ചെറിയൊരു നാണം?!  

Wednesday, May 24, 2017

ചിത്രം #12: സ്വപ്നം

തലഭാഗത്തേയ്ക് ഒഴുകുന്ന പുഴയിൽ മലർന്നുകിടന്ന് കാൽഭാഗത്തേക്ക് നീന്തുന്നവൻ. 

Monday, May 22, 2017

ഒരു ക്ളീഷേ ചരണം

മലരാൻ വെമ്പുന്ന മൊട്ടുകളിൽ 
മധുരം ചേർക്കുന്നതാരോ 
വീശാനൊരുങ്ങും തെന്നലിൻ 
നറു ഗന്ധമായവളാണോ 

Saturday, May 20, 2017

തമാശ

ഞാൻ പറഞ്ഞ തമാശ കേട്ട് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. പതുക്കെ, ചുമരുകളും, വൈറ്റ് ബോഡും, പേനയും, ലാപ്ടോപ്പും, ചായക്കപ്പും, വെള്ളക്കുപ്പിയും, തുറന്നിട്ട ജനലും, ജനലിനപ്പുറമുള്ള വലിയ മരങ്ങളും, അതിനുമപ്പുറമുള്ള തെളിഞ്ഞ ആകാശവും, ഇളം കാറ്റും, എങ്ങും നിറഞ്ഞു നിൽക്കുന്ന പ്രതീക്ഷയും തമാശയിൽ പങ്കുചേർന്ന് ചിരിച്ചു. അങ്ങനെ അതൊരു കൂട്ടച്ചിരിയായ് മാറി. 

Thursday, May 11, 2017

രാവ്

എത്രനക്ഷത്രങ്ങ
ളുദിച്ചുയരേണമീ
രാവൊന്നുതീരാ
നുദയംവരാനായ്!

എത്രകാൽപ്പാദങ്ങൾ
പ്പതിയേണമീവഴി
യൊന്നൊടുങ്ങാൻ
പുതുവഴിതുടങ്ങാൻ!

എത്രയർത്ഥങ്ങളിൽ
പ്പടരേണമീക്കവിത
മുഴുമിക്കാൻ
ഹൃദയം കവരാൻ!

Friday, April 21, 2017

വാഗ്ദാനം

മരണമെന്ന ഉറച്ച വാഗ്ദാനമാണ് ജീവിതം ഇത്ര സുന്ദരമാക്കുന്നത്.

Tuesday, April 18, 2017

നാമ്പ്

കൊടിയവേനലിൽ
ചെറിയനാമ്പോരു
വലിയമേഘം കൊതിച്ചു.

മഴയിലവളുടെ
ഹൃദയദാഹമൊരു
ചെറിയതുള്ളിയാൽ തീർന്നു.

Sunday, April 16, 2017

ചിത്രം #11 : കുട്ടിയും കടലും

അത്ഭുതത്താൽ വികസിച്ച മുഖവുമായി 
കൈകളുയർത്തി തലയിൽവെച്ച് 
ആദ്യമായി കടലുകാണുന്ന കുട്ടി.

Saturday, April 8, 2017

കാക്ക

പറക്കുന്നതും കാക്ക 
പറപ്പാതയും കാക്ക 
കൊക്കിലെ കൂരിയും കാക്ക 
ഇറ്റുന്ന വെള്ളവും കാക്ക 
മുറ്റത്തുനിന്നതു കാണുന്ന 
കുട്ടിയും കാക്ക 

Friday, March 31, 2017

ജീവൻ

മരിച്ചു കഴിഞ്ഞാൽ ജീവൻ 
പോകുന്നതെങ്ങെന്ന് 
ചോദിക്കും കിളിയോട് 
വാടിക്കൊഴിയുമ്പോൾ പൂവിന്റെ 
ഭംഗി പോകുന്നിടത്തേക്കെ-
ന്നുത്തരം പറയും പൂവ്. 

Wednesday, March 29, 2017

ചിത്രം #10: പതിര്

ഉറക്കം പോരാത്തതിന് പാതിരയ്ക്ക് പരുത്തിത്തുണി പരത്തിപുതച്ച് പുരയ്ക്ക് പുറത്തിറങ്ങി പെരുത്തു പരാതി പറയുന്ന പാതിരി.

Tuesday, March 28, 2017

ചിത്രം #9: കിളിയും സൂര്യനും

ഉദിച്ചുയരുന്ന കിളിയും 
പറന്നകലുന്ന സൂര്യനും 
കാതുകൂർപ്പിച്ചതു കാണുന്നവളും 

Sunday, March 26, 2017

ചിത്രം #8: വിഡ്ഢി

ആളിക്കത്തുന്ന തീക്കുണ്ഡത്തിനു നടുവിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കാതെ മൂത്രമൊഴിച്ചു തീകെടുത്താൻ ശ്രമിക്കുന്ന പമ്പരവിഡ്ഢി.

Saturday, March 25, 2017

ചിത്രം #7: സൂക്ഷ്മം

മാതൃശരീരത്തിൽ കയറിക്കൂടിയ ഭീകരകാരികളായ ബാക്ടീരിയകളെ തുരത്തുന്നതിന് സഹായിക്കാനായെത്തിയ ആന്റിബയോറ്റിക്സിനെ കണ്ട്, ആശ്വസിച്ച് ദീർഘമായി നിശ്വസിക്കുന്ന ആന്റിബോഡികൾ.  

ചിത്രം #6: വൈരാഗ്യം

നഗരക്കൊഴുപ്പിലും 
ദൃഷ്ടി 
കാൽപ്പാദങ്ങൾക്ക് മുമ്പിലുറപ്പിച്ച് 
നടക്കുന്നവൻ.

Thursday, March 23, 2017

ചിത്രം #5 : ചിന്തകൾ

ചിന്തകളെ ക്രൂശിക്കാനായി 
തന്റെ നെറ്റിയിലേയ്ക്ക് 
ആണിയടിച്ചുകയറ്റുന്ന 
ഒരു മനുഷ്യൻ 

Tuesday, March 21, 2017

ചിത്രം #4 - സമയവും സത്യവും

ഓടുന്ന സമയം 
തുള്ളുന്ന ഞാൻ 
നിൽക്കുന്ന സത്യം 

Sunday, March 12, 2017

പ്രപഞ്ചം

"എന്തൊരു നിസ്സാരയായ ജീവിയാണുഞാൻ! പ്രപഞ്ചത്തിലെ കോടാനുകോടി കാര്യങ്ങളിൽ ഏറ്റവും നിസ്സാരമായവയിൽ ഒന്ന്!"
"പ്രപഞ്ചത്തിലെ മറ്റേതുകാര്യത്തിനുമുള്ള പ്രാധാന്യം നിനക്കുമുണ്ടല്ലോ. പ്രപഞ്ചത്തിൽ ഒരു കാര്യത്തിന് മറ്റൊന്നിനേക്കാൾ പ്രാധാന്യമുണ്ടെന്ന് കരുതുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല."
"എന്നിൽതുടങ്ങുന്നതും എന്നിലവസാനിക്കുന്നതുമായി ഈ പ്രപഞ്ചത്തിലെന്തെങ്കിലുമുണ്ടോ?"
"ഉണ്ടല്ലോ!"
"ഹെന്ത്?!!"
"പ്രപഞ്ചം!!!"

Friday, March 10, 2017

ഹങ്കറി

കുറച്ചുകാലമായി ഹങ്കറിയിലെ ബുഡാപെസ്റ്റിലാണുള്ളത്. ചില രസകരമായ കാര്യങ്ങൾ:

ഇവിടത്തെ ഭാഷ ഹംഗേറിയൻ (മാഗ്യാർ) ആണ്. ഒരുപാട് നന്ദി പറയുന്നതിന് ഇവിടെ ആളുകൾ 'കൊസനം സീപെൻ' എന്നു പറയുന്നു. അതിലും കുറച്ചാണ് നന്ദിയെങ്കിൽ 'കൊസനം' എന്നും ഇനിയും കുറച്ചാണെങ്കിൽ 'കൊസി' എന്നും ചെറിയ നന്ദി മാത്രമാണെങ്കിൽ 'കൊസ്' എന്നും പറയുന്നു. എന്റെ ഒരു സഹപ്രവർത്തകൻ 'കൊ', 'ക്' എന്നീ രണ്ടു വാക്കുകൾ കൂടി കൂട്ടികൂട്ടിച്ചേർത്ത് ഇത് വിപുലീകരിച്ചിട്ടുണ്ട്.


**** 

കുറച്ചുകാലത്തിനിടയിലുള്ള ഏറ്റവും കടുത്ത ശൈത്യമാണ് ഈവർഷം അനുഭവപ്പെട്ടത്. ചില ദിവസങ്ങളിൽ തണുപ്പ് -9 ഡിഗ്രി സെൽഷ്യസ് മുതൽ -17 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു ചൂട് (തണുപ്പ്). ഏറ്റവും കുറഞ്ഞ ചൂട് +7 ഡിഗ്രി സെൽഷ്യസ് വരെ മാത്രം അനുഭവിച്ചിട്ടുള്ള എനിക്ക് വളരെ കോരിത്തരിപ്പ് ഉളവാക്കുന്ന അനുഭവമായിരുന്നു ഇത്. കരകളാൽ ചുറ്റപ്പെട്ട രാജ്യമാണ് ഹങ്കറി.


**** 

ഡാന്യൂബ് നദിയുടെ കരയിലാണ് ബുഡാപെസ്റ്. ഒരു വശത്ത് ബുഡയും മറുവശത്ത് പെസ്റ്റും. ബുഡാപെസ്റ്റിൽ ഡാന്യൂബിനു കുറുകെ 8 പാലങ്ങളുണ്ട്. പുഴയിൽ പറവകൾ കൂട്ടമായി വന്നിരുന്ന് ഒഴുക്കിനൊത്ത് ഒഴുകും. ഒഴുകുന്നതിനിടയിൽ ഭക്ഷണയോഗ്യമായതെന്തെങ്കിലും കിട്ടിയാൽ അകത്താക്കും. കുറച്ച് ഒഴുകി മുന്നോട്ടെത്തിയാൽ പുറകിലേക്ക് പറന്ന് ഇത് തുടരും. എല്ലാ പുഴയിലും ഇങ്ങനെയൊക്കെ ഉണ്ടാകുമായിരിക്കും. ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്.

പറവകളെവിടെ?

**** 

ഒരു ദിവസം ഒരു വളർത്തുനായ തന്റെ ഉടമസ്ഥനെ ഒരു പെറ്റ് ഷോപ്പിലേക്ക് പോകാൻ നിർബന്ധിക്കുന്നതു കണ്ടു.

Danube bend. ബുഡാപെസ്റ്റിൽ നിന്നും ഒരു മണിക്കൂർ ട്രെയിൻ യാത്ര ചെയ്താൽ ഇവിടെയെത്താം.


****
പഴയ കെട്ടിടങ്ങളുടെ നഗരമാണ് ബുഡാപെസ്റ്റ്. താമസക്കാർ കെട്ടിടങ്ങളുടെ ശതാബ്ദി ഗംഭീരമായിതന്നെ ആഘോഷിക്കാറുണ്ട്.
****

മധ്യയൂറോപ്പിലെ ഏറ്റവും വലിയ തടാകമാണ് ബലാടൊൺ. ബുഡാപെസ്റ്റിൽ നിന്നും രണ്ടു മണിക്കൂറോളം ട്രെയിനിൽ സഞ്ചരിച്ചാൽ ബലാടൊണിലെത്താം. ചില തണുപ്പുകാലത്ത് തടാകം മുഴുവൻ തണുത്തുറയും. ഈ പ്രാവശ്യവും അതു സംഭവിച്ചു. ആയിരക്കണക്കിനാളുകളാണ് തടാകത്തിനുമുകളിലൂടെ സ്കേറ്റിംഗ് നടത്തിയത്. ഞങ്ങളും തടാകത്തിനു മുകളിലൂടെ നടന്നു.

ഇത് ഞങ്ങളല്ല.
****

ലോകത്ത്എ ഏറ്റവും കൂടുതൽ എസ്‌കേപ്പ് റൂംസ് ഉള്ള നഗരങ്ങളിലൊന്നാണ് ബുഡാപെസ്റ്റ്. കൂട്ടമായി ചെയ്യാവുന്ന ഒരു കളിയാണിത്. ഒരു മണിക്കൂറിനുള്ളിൽ ഒരു മുറിയിൽ നിന്ന് പുറത്തു കടക്കുക എന്നുള്ളതാണ് ദൗത്യം. അതിനിടയിൽ ഒരുപാട് പ്രശ്നങ്ങൾക്ക്ക്ക് യുക്തിയുപയോഗിച്ച് ഉത്തരം കാണേണ്ടിവരും. 

സഹപ്രവർത്തകരോടൊത്ത്കഴിഞ്ഞ ഒക്ടോബർ മുപ്പതിന് എസ്‌കേപ്പ് ഗെയിം കളിക്കാൻ ഞാൻ തീരുമാനിച്ചു. തലേ ദിവസം കൂട്ടത്തിലൊരാൾ എല്ലാവർക്കുമായി ഒരു മെയിൽ അയച്ചു: അടുത്ത ദിവസം ഡേ ലൈറ്റ് സേവിങ് ടൈം കഴിയുകയാണെന്നും അതിനാൽ രാത്രി ഒരു മണിക്കൂർ അധികമുണ്ടെന്നും. ഭൂമധ്യ രേഖയിൽ നിന്നും അകന്ന് കഴിയുന്നവർ തണുപ്പുകാലമൊഴിച്ചുള്ള കാലത്ത്, ജോലി സമയം കഴിഞ്ഞു കൂടുതൽ വെയിൽ കൊള്ളാൻ വേണ്ടി ആവിഷ്കരിച്ച ഈ പരിപാടി എനിക്ക് പുതുതായിരുന്നു. ഞാൻ വിക്കിപീഡിയ പേജുടുത്ത് വായിക്കുകയും ഹങ്കറിയിൽ ഇത് നടപ്പാക്കിയിട്ട് 100 വർഷമായെന്ന് കാണുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്തു. ഫോണിൽ സമയം ഒരു മണിക്കൂർ പുറകോട്ടാക്കാനും ഞാൻ മറന്നില്ല. പിറ്റേ ദിവസം പറഞ്ഞ സമയത്ത് സ്ഥലത്തെത്തിയപ്പോഴേക്കും കൂട്ടുകാർ കളി കഴിഞ്ഞിറങ്ങിയിട്ടുണ്ടായിരുന്നു. ഫോണിൽ സമയം ഓട്ടോമാറ്റിക്കായി മാറുമെന്നകാര്യം അപ്പോഴാണ് ഞാനറിഞ്ഞത്. പിന്നൊരു സാധാരണ ദിവസം മറ്റൊരു ടീമിന്റെ കൂടെ ഒരു എസ്‌കേപ്പ് റൂം ഞാനും കളിച്ചു.

ചിത്രം #3 : ആകാശവും കാക്കയും

ഇടിഞ്ഞു വീണ ആകാശത്തിന്റെ 
ഒരു കഷ്ണം കൊത്തിയെടുത്ത് 
മലർന്നു പറക്കുന്ന ഒരു കാക്ക.

ചിത്രം #2 : ദണ്ഡും മനുഷ്യനും

ഭൂമിയിലേയ്ക്ക് 
കുത്തനെ ആഴ്ത്തിയിറക്കിയ 
ഒരു ഇരുമ്പു ദണ്ഡ്.
നിവർന്നു നിൽക്കാൻവേണ്ടി 
ദണ്ഡിനോട് സ്വയം ബന്ധിക്കുന്ന 
ഒരു മനുഷ്യൻ.

Friday, March 3, 2017

ചിത്രം

സ്വർണ നിറമുള്ള
ഒരു വൈകുന്നേരം.
തന്നോളം ഉയരമുള്ള
ഒരു റോസാച്ചെടിയ്ക്ക്
വെള്ളമൊഴിക്കുന്ന
ഒരു രണ്ടുവയസ്സുകാരി.
ആ കുസൃതിക്ക്
മുള്ളുകൊള്ളാതിരിക്കാൻ,
ഒരുവശത്തേക്ക്
ചരിഞ്ഞുനിൽക്കുന്ന
റോസാച്ചെടി.

Thursday, February 16, 2017

കണ്ണാടി

"പ്രപഞ്ചത്തിന്റെ കണ്ണാടിയാണ് ജീവൻ."
"എനിക്കു തോന്നുന്നത് സ്വയം നോക്കുന്ന കണ്ണാടിയാണ് പ്രപഞ്ചം എന്നാണ്."
"എന്റെ കണ്ണാടിയെവിടെ?"
"ആകെ ഇവിടെയൊരു കണ്ണാടിയേയുള്ളൂ, അത് ഞാൻ വാങ്ങിയതാണ്."
"എന്ത് ക്രൂരതയാണിത്!"
"വേണമെങ്കിൽ എന്റെ കണ്ണിൽ നോക്കിക്കൊ."
"സൗകര്യമില്ല."
"വേണ്ടേൽ വേണ്ട. ഇങ്ങനെ മുടി പറച്ചിട്ട് ക്ലാസിൽ പോയാൽ നല്ല രസമായിരിക്കും."
"ആയിക്കോട്ടെ."

Thursday, February 9, 2017

വസ്ത്രം

നഗ്നനാണെങ്കിലും
പിന്നെയുമഴിയുന്ന
വസ്ത്രങ്ങളാണെന്റെ
യത്ഭുതകാരണം!

Saturday, January 14, 2017

ജനനവും മരണവും

വീണ്ടും വീണ്ടും സംഭവിക്കുന്നതുകൊണ്ട് അത്ഭുതം അത്ഭുതമല്ലാതാകുന്നില്ലല്ലോ!

കാരണം കാര്യകാരണമോ? അതോ, കാര്യം കാരണകാരണമോ?


Friday, January 13, 2017

കാലം

ഒരുപൂ വിരിഞ്ഞുവാടി-
കൊഴിഞ്ഞുപോകും നേരം
തളിർത്തുവെന്നിൽ
പുതിയൊരു പൂക്കാലം

ആപൂക്കാലം
കഴിഞ്ഞുപോകും കാലം
പെയ്തുവെന്നിലൊരു 
നനുത്ത മഴക്കാലം

ഋതുക്കളോരോ-
ന്നൊഴിഞ്ഞുപോയപ്പോഴും
നിനച്ചതില്ലെൻ
വർണ ഋതുകാലം -
ഞാൻ മണ്ണിലലിഞ്ഞു
കിളിർത്തു വരുംകാലം.