കഴിഞ്ഞ ക്രിസ്തുമസിനോടടുപ്പിച്ചു കോഴിക്കോട് നിന്നും വടകര വരെയുള്ള തീവണ്ടി യാത്രയില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍:
പശുക്കളുമായ് ചങ്ങാത്തം കൂടുന്ന പറവകള്‍, പച്ച നെല്‍പ്പാടങ്ങള്‍, വയലുകള്‍ നികത്തിയുണ്ടാക്കിയ തെങ്ങിന്‍ തോപ്പുകള്‍, തീവണ്ടി നിറയെ പരിച്ചയക്കാരാണെന്നതില്‍ തെല്ലും സംശയമില്ലാതെ ചിരിച്ചു കൈവീശിക്കാണിക്കുന്ന കൊച്ചു കുട്ടികള്‍, ചെറിയ മനോഹരങ്ങളായ വീടുകള്‍, വയലറ്റ് പൂക്കള്‍ നിറഞ്ഞ മണല്‍ തിട്ടകള്‍, മുടി രണ്ടായ് പിന്നിയിട്ട് യൂണിഫോം ധരിച്ച് കഥകള്‍ പറഞ്ഞ് സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍, ഏതോ യാത്രക്കിടയില്‍ മരത്തണലില്‍ വിശ്രമിക്കുന്ന വയസ്സായ ഒരു സ്ത്രീ, തീവണ്ടിക്ക് പുതിയൊരു താളം പകരുന്ന പാലങ്ങള്‍, പ്രലോഭിപ്പിക്കുന്ന പുഴകള്‍, ഒരേ ടെലിഫോണ്‍ കമ്പിയില്‍ എതിര്‍ ദിശകളിലിരിക്കുന്ന പൊന്മാനും കുയിലും, വസ്ത്രങ്ങളലക്കുന്ന സ്ത്രീകള്‍, സാധനങ്ങള്‍ വാങ്ങാനായ് സഞ്ചിയുമായ് പോകുന്ന പുരുഷന്മാര്‍, ചെറിയ നിരവധി ആമ്പല്‍ പൊയ്കകള്‍, മുഷിഞ്ഞ വസ്ത്രം ധരിച്ചവരും വസ്ത്രമില്ലാത്തവരുമായ നാടോടിക്കുട്ടികള്‍, കഥകളുറങ്ങിക്കിടക്കുന്ന ഇടവഴികള്‍, ചുവന്ന ചായം പൂശിയ പാര്‍ടി ഓഫീസുകള്‍, ഊഞ്ഞാലാടുന്ന കുട്ടികള്‍, ഒരു ദുരന്തം പോലെ പൊടുന്നനെ എതിര്‍ ദിശയില്‍ വരുന്ന തീവണ്ടികള്‍, ഇടയ്ക്കിടയ്ക്കുള്ള ചെറിയ പട്ടണങ്ങള്‍, മഞ്ഞ പൂക്കള്‍ നിറഞ്ഞ മരങ്ങള്‍, ചോദ്യചിഹ്നങ്ങള്‍ പോലെയുള്ള കുടിലുകള്‍, പാടങ്ങള്‍ക്കു അതിരായ് അകലെ കാണുന്ന മലനിരകള്‍, തീവണ്ടിയെ തെല്ലും കൂസാതെ പുല്ലു തിന്നുന്ന പശുക്കള്‍, സാകൂതം തീവണ്ടിയെത്തന്നെ നോക്കിനില്‍ക്കുന്ന ആടുകള്‍, വീടുകളില്‍ തൂക്കിയിട്ടിരിക്കുന്ന വിവിധ തരത്തിലുള്ള നക്ഷത്രങ്ങള്‍, പിന്നെ വടകരയെത്തിയതറിയാതെ ചവിട്ടുപടിയിലിരുന്നു കാഴ്ചകള്‍ കാണുന്ന എന്നെയും ഞാന്‍ കണ്ടു.
Saturday, April 24, 2010
ദൈവവും ദൈവവും
അവസാന ഉണ്ടയും പാഴായപ്പോള്‍ ചെകുത്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അപ്പോഴും ദൈവം വെടിയുതിര്‍ത്തിട്ടുണ്ടായിരുന്നില്ല. പിന്നെ അനുയായി വൃന്ദത്തെ വരുതിയിലാക്കാനായ് ശ്രമം. അപ്പോഴാണ് അറിഞ്ഞത് ഒരു ലോകത്തും ദൈവത്തിനു അനുയായികളില്ലെന്ന്. സഹികെട്ട് ചെകുത്താന്‍ ദൈവവുമായ് ചര്‍ച്ചയ്ക്കു പോയി. എന്നാല്‍ തികഞ്ഞ ജാള്യതയോടെ ചെകുത്താന്‍ മനസ്സിലാക്കി, ദൈവത്തിനു ആശയവിനിമയശേഷി പോലുമില്ലെന്ന്. അങ്ങനെ ചെകുത്താനാദ്യമായ് ചിന്തിച്ചു തുടങ്ങി. അപ്പോള്‍ ചെകുത്താന് തോന്നി താനും ദൈവമായ് മാറുന്നോയെന്ന്.
Monday, April 19, 2010
മരം
അല്‍പനേരം ഒരു മരത്തെ നോക്കി നിന്നപ്പോള്‍ അവനതില്‍ അലിഞ്ഞു ചേര്‍ന്ന് തുടങ്ങി. അവന്റെ സങ്കല്പങ്ങള്‍ പൂക്കളായും, അദ്ധ്വാനം കായ്കളായും പരിണമിച്ചു. അവന്റെ രക്തവും, മാംസവും ശിഖരങ്ങളിലും, ഇലകളിലും ഉള്‍ചേര്‍ന്ന് മരം പുതിയ ഒരു ശോഭയോടെ കാണപ്പെട്ടു.
Subscribe to:
Posts (Atom)
