രാവിലെ, മുഖം ക്ലീൻ ഷേവ് ചെയ്ത്, ചെമ്പരത്ത്യാദി വെളിച്ചെണ്ണ തേച്ചുകുളിച്ച്, മുടി ചീകി വെച്ച്, മധുരോദാരമായ് പുഞ്ചിരിച്ച്, ഒരു സെൽഫി എടുത്ത് കുമാരൻ അകലെ ജോലി ചെയ്യുന്ന കുമാരിക്ക് (കുമാരന്റെ ഭാര്യ) മെസ്സേജ് ചെയ്തു കൊടുത്തു. ഉടൻ തന്നെ മറുപടി വന്നു: "അയ്യേ. മീശ കളയണ്ട. മുടിയിൽ നിന്ന് എണ്ണ ഒലിക്കുന്നുണ്ടല്ലോ." സ്വന്തം സൗന്ദര്യത്തെയും സൗന്ദര്യബോധത്തെയും ചോദ്യം ചെയ്തത് കുമാരന് ഇഷ്ടപ്പെട്ടില്ല എന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ കുമാരൻ ഉടനടി മറുപടി ഒന്നും കൊടുത്തില്ല. സിറ്റിയിലൊക്കെ പോയി തിരിച്ചു വന്ന കുമാരൻ, വൈകുന്നേരം എണ്ണയൊക്കെ പോയി ചെമ്പിച്ച മുടി ഒന്നുകൂടെ കൈകൊണ്ട് അലങ്കോലമാക്കി, സണ്‍ഗ്ലാസ് എടുത്ത് വെച്ച്, ഗൗരവം നടിച്ച്, ഒരു സെൽഫി എടുത്ത് കുമാരിക്ക് മെസ്സേജ് ചെയ്തു. ഒരു കിസ്സിംഗ് സ്മൈലിയോടുകൂടെ മറുപടി വന്നു: "ഇതു കുഴപ്പമില്ല." ഇത്തവണ കുമാരന്റെ മറുപടി വൈകിയില്ല: "ഹും, കുഴപ്പമില്ല പോലും. അമ്പിയും, റെമോയും അന്യനും ഒരാൾ തന്നെ. അന്യനെ ഭവതി വരുമ്പോൾ ഞാൻ നേരിട്ടു കാണിച്ചു തരുന്നതായിരിക്കും."
Subscribe to:
Post Comments (Atom)

No comments:
Post a Comment