Saturday, June 7, 2014

ഒരു അലസന്റെ ചിന്തകൾ

ചെറുതായ് മുടി കൊഴിയുന്നതിനാൽ അവന് നെറ്റി കയറുന്നുണ്ടായിരുന്നു. നരയും ഒട്ടും കുറവുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ പ്രതികരണങ്ങളിൽ നിന്നും ഈ സത്യം ഉൾക്കൊള്ളാൻ തുടങ്ങിയപ്പോൾ അവൻ തന്റെ ഭാവിയെപ്പറ്റി ചിന്തിച്ചു തുടങ്ങി.

സമയം കുറച്ചേയുള്ളൂ. ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ഒന്നും ചെയ്തില്ലെങ്കിലെന്ത്? പിന്നീടുള്ള കാലം തന്നെയാരും ഓർക്കില്ല, അത്രതന്നെ. ഓർത്തില്ലെങ്കിലെന്ത്? ഈ ലോകത്ത് തന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ വളരെ കുറച്ചേയുള്ളൂ. പൂർണമായ് തന്റെ നിയന്ത്രണത്തിൽ എന്തെങ്കിലും ഉണ്ടോ? വളരെ അലസനായ് അങ്ങനെയങ്ങ് ജീവിച്ചാലെന്ത്? അങ്ങനെയെങ്കിൽ സന്തോഷം കിട്ടുമോ? കിട്ടുമെന്ന് തോന്നുന്നില്ല. നന്നായ് ജോലി ചെയ്ത് വിശ്രമിക്കുമ്പോഴുള്ള സന്തോഷം അലസനായിരിക്കുമ്പോൾ ഒരിക്കലും കിട്ടാറില്ല. ഇനിയത്, ജോലിചെയ്യുന്നത് നല്ലതാണ് എന്നത് സമൂഹം തന്നിൽ അടിച്ചേൽപ്പിച്ചത് കൊണ്ടാണോ? ജപ്പാനിൽ ഒരു ദ്വീപിൽ ആളുകൾ വളരെ അലസരാണെന്നും അവർ ഒരുപാട് കാലം ജീവിക്കുന്നെന്നും വായിച്ചിട്ടുണ്ട്. ജോലി ചെയ്യണമെന്ന ബോധം മറ്റേതെങ്കിലും ജീവികൾക്കുണ്ടോ? അവർക്ക് തോന്നുന്നതുപോലെ ജീവിക്കുന്നുവെന്നു മാത്രം. തനിക്കും അങ്ങനെ ചെയ്താലെന്ത്? തന്റെ തോന്നലുകൾ മലിനമാക്കപ്പെട്ടിരിക്കുന്നുവോ? 'സ്വാഭാവികം' എന്നാലെന്താണ്? ബോധപൂർവമായ ഉത്കർഷേച്ഛ സ്വാഭാവികമാണോ? ഈ ലോകത്ത് കാണുന്ന അനീതിയും അക്രമവും സ്വാഭാവികമാണോ? സ്വാഭാവികതയിൽ തന്നെ നന്മ തിന്മകളുണ്ടോ?

കൊതുക് കടിക്കുന്നതിനാൽ അവൻ ലിക്വിഡ് വേപ്പറൈസർ ഓണ്‍ ചെയ്തു. കൂടുതൽ ചിന്തിക്കാനുള്ള മടി കാരണം ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാൻ കിടന്നു.