Monday, December 20, 2010

മൌനവ്രതം

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെട്ടെന്നാണ് അത് സംഭവിച്ചത്. കുമാരന്റെ അച്ഛനും അമ്മയും കുമാരിയും(കുമാരന്റെ ഭാര്യ) കുമാരനും ഭക്ഷണം കഴിഞ്ഞിരിയ്ക്കുകയായിരുന്നു. അപ്പോള്‍ കുമാരന്‍ ഇങ്ങനെ പ്രഖ്യാപിച്ചു: 'നാളെ ഞാന്‍ മൌനവ്രതം അനുഷ്ടിക്കാന്‍ പോകുന്നു.' ഇതു കേട്ട് എല്ലാവരും ഞെട്ടിയെന്നു പറയേണ്ടതില്ലല്ലോ. കുംമാരന്റെ അച്ഛന്‍ ഞെട്ടല്‍ പുറത്തുകാണിക്കാതെ ഇങ്ങനെ പറഞ്ഞു: 'അല്ലാതെയും ഏതാണ്ടതേപോലെയാണല്ലോ.' (കുമാരന്‍ പൊതുവേ മിതഭാഷിയാണ്). മറ്റു രണ്ടുപേരും അത്ഭുതസ്തബ്ദരായി കുമാരനെ തന്നെ നോക്കിയിരുന്നു. അല്പസമയത്തിനകം എല്ലാവരും കിടക്കാനായി പിരിഞ്ഞു.

കിടന്നയുടനെ കുമാരി താന്‍ ഇന്നലെ വരച്ച ചിത്രം കുമാരനെ കാണിച്ചു. കുമാരിയുടെ ചിത്രങ്ങളുടെ ഒരാരാധകനാണ് കുമാരന്‍. കുമാരന്റെ കവിതകളെന്ന പോലെ കുമാരിയുടെ ചിത്രങ്ങളും അവര്‍ തമ്മിലുള്ള വിവാഹത്തിനു മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്‌. പക്ഷെ ഇപ്പോള്‍ കുമാരിയുടെ ഉദ്ദേശ്യം കുമാരന് മനസ്സിലായി. തന്നെയെങ്ങനെയെങ്കിലും 12 മണിവരെ സംസാരിപ്പിക്കണം. തന്റെ ചെറിയ ചെറിയ നിര്‍ബന്ധങ്ങള്‍ കുമാരിക്കുമാത്രമല്ല അമ്മയ്ക്കും ഇഷ്ടമല്ല. ചിത്രം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് കുമാരന്‍ പെട്ടെന്നുറങ്ങി.

കുമാരിയും അമ്മയും എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതുപോലെയാണ് രാവിലെയെഴുന്നേറ്റപ്പോള്‍ കുമാരന് തോന്നിയത്. അവര്‍ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. കുമാരന്റെ മൌനവ്രതത്തിന്റെ കാരണമായിരുന്നു അമ്മയ്ക്ക് ആദ്യം അറിയേണ്ടിയിരുന്നത്. കുമാരന്‍ ശബ്ധിച്ചതേയില്ല. കുമാരന്റെ ഒരു കുടുംബ സുഹൃത്തായ ഈ ബ്ലോഗ്ഗര്‍ കാര്യം പെട്ടെന്നു തന്നെ അറിഞ്ഞു. ഒഴിവു ദിനത്തിലെ 'ഉറക്കം, ഭക്ഷണം, ഉറക്കം..' എന്ന ദിനച്ചര്യയ്ക്ക് ഭംഗം വരുത്തി ഞാന്‍ കുമാരന്റെ വീട്ടിലേയ്ക്കു നടന്നു. കുമാരനെ സംസാരിപ്പിക്കാന്‍ എന്നാല്‍ കഴിയുന്ന വിധം ഞാന്‍ ശ്രമിച്ചു. (കുമാരന്റെ മൌനവ്രതം തടഞ്ഞാല്‍ എനിക്കെന്താണ് കിട്ടാനുള്ളതെന്നു എനിക്കിപ്പോഴും മനസ്സിലാകുന്നില്ല.) അതില്‍ പരാജയപ്പെട്ടെങ്കിലും എന്റെ നിസ്വാര്‍ത്ഥ ശ്രമങ്ങളെ പരിഗണിച്ച് നല്ലൊരു ചായ എനിക്കു കുമാരി ഉണ്ടാക്കി തന്നു. അതിനു ശേഷം അധികസമയം ഞാനവിടെ ചെലവഴിച്ചില്ല. ദിനചര്യ തുടരാനായി ഞാന്‍ വീട്ടിലേക്കു മടങ്ങി.

സമയം ഉച്ചയായി. കുമാരന്‍ എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു പൂച്ച അടുക്കളയില്‍ നിന്നും പുറത്തേക്കു പോകുന്നത് കുമാരന്‍ കണ്ടു. ഉടനടി കുമാരന്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: 'അമ്മേ, പൂച്ച അടുക്കളയില്‍നിന്നും ഓടി പോകുന്നു..'. ഇത്തരം അവസരങ്ങളില്‍ പൂച്ചയ്ക്കെതിരെ നടപടി എടുക്കാറുള്ള അമ്മ ഓടി വന്ന് കുമാരനെ നോക്കി നിന്നു. കുമാരിയും ഒപ്പം ചേര്‍ന്നു. തന്റെ വ്രതം മുടങ്ങിയതിന്റെ ജാള്യത മുഖത്തു കാണിക്കാതെ കുമാരന്‍ വായന തുടര്‍ന്നു. അമ്മയുടെയും കുമാരിയുടെയും സന്തോഷത്തിന് അതിരില്ലായിരുന്നു. വ്രതം മുടങ്ങിയതിനാല്‍ ഇനി വ്രതം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് കുമാരി കുമാരനെ ഉപദേശിച്ചു. എന്നാല്‍ കുമാരന്‍ ശബ്ധിച്ചതേയില്ല.

പൂച്ചയും കുമാരനുമായുള്ള സങ്കീര്‍ണമായ ബന്ധത്തിന് ഒരു കണ്ണി കൂടിയായി ആ സംഭവം. എന്നാല്‍ പൂച്ചയ്ക്ക് പകരം മറ്റെന്തായാലും താനിങ്ങനെ പ്രതികരിക്കുമായിരുന്നുവെന്നു കുമാരന് തോന്നി. വ്രതം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന ന്യായം കുമാരന് ഒട്ടും ബോധിച്ചില്ല. ആത്മാര്‍ഥമായ ശ്രമത്തിനു എത്ര തന്നെ തെറ്റ് പറ്റിയാലും ഫലമുണ്ടാകുമെന്ന് കുമാരന്‍ വായിച്ചിട്ടുണ്ട്. വ്രതത്തെ പറ്റിയുള്ള കുമാരിയുടെയും അമ്മയുടെയും ആശയങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ അവരോടു കുമാരന് സഹതാപം തോന്നി. പിന്നെ കുമാരന്‍ മൌനവ്രതത്തിന്റെ മഹത്വത്തെക്കുറിച്ചോര്‍ത്തു. ഈ ലോകത്തെ മിക്ക പ്രശ്നങ്ങളും ഉണ്ടാകുന്നത് വീണ്ടുവിചാരമില്ലാത്ത സംസാരത്താലാണ്. കുമാരന്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു വ്രതമെടുക്കുന്നത്. സംസാരിച്ചു തുടങ്ങിയ അന്നുമുതല്‍ എല്ലാ ദിവസവും സംസാരിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം ജനങ്ങളും അങ്ങനെയാണ്. മൌനവ്രതം വാക്കുകളില്‍ നിയന്ത്രണം നല്‍കും. എല്ലാവരും ആറുമാസത്തിലൊരിക്കലെങ്കിലും മൌനവ്രതം അനുഷ്ടിക്കണമെന്നാണ് കുമാരന്റെ പക്ഷം.

അന്ന് കുമാരന്‍ മറ്റൊന്നും സംസാരിച്ചില്ല. കുമാരന്റെ വ്രതം മുടങ്ങിയതിലുള്ള സന്തോഷത്താല്‍ അമ്മയും കുമാരിയും പായസമുണ്ടാക്കുകയും കുറച്ച് കുമാരന് കൊടുക്കുകയും ചെയ്തു. തന്റെ മൌനവ്രതം പൂര്‍ണവിജയമായില്ലെങ്കിലും  രണ്ടു മാസത്തിനുള്ളില്‍ നടത്താനുദ്ദേശിക്കുന്ന അടുത്ത മൌനവ്രതം പൂര്‍ണവിജയമാക്കാന്‍ കുമാരന്‍ ഒരുങ്ങിക്കഴിഞ്ഞു.

Sunday, December 19, 2010

കറുത്ത സൗന്ദര്യം

മഹാഭാരതത്തില്‍ നിന്ന്:
1
മാദ്രിയുടെ പുത്രന്മാര്‍ മറ്റു മൂന്നു പേരേക്കാള്‍ സുഭഗന്മാരായിരുന്നു. ആകാശത്തില്‍ നിന്ന് അശരീരി ഒരിക്കല്‍കൂടി ഉണ്ടായി: "ഈ രണ്ടുപേര്‍ ലോകൈകസുന്ദരന്മാരാകും. അവരുടെ സ്വഭാവഗുണം ലോകപ്രസിദ്ധമാകും. അവരുടെ ഭക്തി, ധൈര്യം, ജ്ഞാനം എന്നിവയും പ്രസിദ്ധമാകും." മാദ്രിപുത്രന്മാര്‍ക്ക് നകുലന്‍ എന്നും സഹദേവന്‍ എന്നും പേരിട്ടു.

വര്‍ഷങ്ങള്‍ക്കു ശേഷം, ദ്രൌപദിസ്വയംവര സമയത്ത് ബ്രാഹ്മണരുടെ വേഷത്തിലുള്ള പാണ്ഡവരെ ചൂണ്ടിക്കൊണ്ട് കൃഷ്ണന്‍ സഹോദരനായ ബലരാമനോട് ഇങ്ങനെ പറഞ്ഞു: "...ഈ കറുത്ത രണ്ടുപേര്‍, വളരെ സാമ്യമുള്ള ഇവര്‍, ഈ സുഭഗന്മാര്‍ നകുലനും സഹദേവനുമായിരിക്കണം..."

2
ജയന്‍, ഉപജയന്‍ എന്നീ രണ്ടു ഋഷിമാര്‍ ദ്രുപദന്റെ ആവശ്യപ്രകാരം പുത്രകാമേഷ്ടി യാഗം നടത്തി. തന്റെ ശത്രുവായ ദ്രോണരെ വധിക്കാന്‍ കരുത്തുള്ള മകനുവേണ്ടിയും അര്‍ജുനന് പാരിതോഷികമായ ഒരു മകള്‍ക്കുവേണ്ടിയും ആയിരുന്നു അത്. യാഗത്തിനിടയില്‍ സംഭവിച്ചത്: ...അഗ്നിയില്‍ നിന്ന് അതിസുന്ദരിയായ ഒരു കന്യക ആവിര്‍ഭവിച്ചു. അവള്‍ കറുത്ത നിറത്തോടുകൂടിയവളായിരുന്നു...അവളുടെ ആവിര്‍ഭാവ സമയത്ത് ആകാശത്തുനിന്ന് ഒരശരീരിയുണ്ടായി: "സ്ത്രീകളില്‍ വച്ചേറ്റവും സുന്ദരിയായ ഇവള്‍ നിമിത്തം ക്ഷത്രിയവംശം മുടിയും." അവള്‍ക്ക് കൃഷ്ണ എന്ന് പേരിട്ടു. എന്നാല്‍ ദ്രൌപദി എന്ന നാമത്താലാണ് അവള്‍ കൂടുതല്‍ അറിയപ്പെട്ടത്.

3
അരക്കില്ലത്തില്‍ നിന്ന് രക്ഷപ്പെട്ട പാണ്ഡവരും കുന്തിയും ഹിഡിംബവനത്തിലെത്തി. മനുഷ്യരെ കൊന്നു തിന്നുന്ന രാക്ഷസരായ ഹിഡിംബന്റെയും ഹിഡിംബിയുടെയും താമസസ്ഥലമായിരുന്നു അത്. തളര്‍ന്നുറങ്ങുന്ന അമ്മയ്ക്കും സഹോദരങ്ങള്‍ക്കും കാവലിരിക്കുന്ന ഭീമനെ കണ്ട ഹിഡിംബി ഇങ്ങനെ വിചാരിച്ചു: 'ഈ കറുത്ത സുന്ദരന്‍ എന്റെ നാഥനും ഭര്‍ത്താവുമായിത്തീരുമെന്ന് എന്റെ മനസ്സ് പറയുന്നു.'
--------------------------------------------------------------------------------------

നമ്മുടെ സൗന്ദര്യ ബോധത്തിന് എപ്പോഴാണ്, എവിടെവെച്ചാണ്, എങ്ങനെയാണ് മാറ്റം സംഭവിച്ചത്?

Thursday, October 28, 2010

മറ്റൊരു കാഴ്ച

ഒരു മണല്തരിയായ് മാറി കടല്‍ കാണുന്നതിലാണു രസം
അപ്പോള്‍, കടല്‍ വലുതായെന്നു തോന്നും
നക്ഷത്രങ്ങളോടു കൂടുതല്‍ ബഹുമാനം തോന്നും
കടല്‍ത്തിരകള്‍ താലോലിച്ചുകൊണ്ടിരിയ്ക്കും
രാത്രിയും പകലും സ്വപ്നം കാണാം
ഒരുപാടു കൂട്ടുകാര്‍ ഉണ്ടാകും
തീരത്തു കളിയ്ക്കുന്ന കുട്ടികളുടെ വീടോ പേരോ ആയ് മാറാം
 
അതെ, അതുവളരെ രസകരമായിരിയ്ക്കും
അപ്പോള്‍, ചക്രവാളം കുറച്ചുകൂടെ ദൂരത്തായി തോന്നും
ഒരുപാടു സമയമുണ്ടെന്നു തോന്നും
ഭൂമിയില്‍ അലിഞ്ഞുചേരുന്നതായി തോന്നും
മരണമെന്നൊന്നില്ലെന്നു തോന്നും
വെയിലേറ്റു വാടിയാലും നിലാവുള്ള രാത്രിയുണ്ട് 
സ്നേഹമുള്ള ഈര്‍പ്പം ചുറ്റിലുമുണ്ടാകും
ചവിട്ടിയമര്‍ത്തുന്ന കാലടികളെ,
വേദനിപ്പിക്കുന്നില്ലെന്നോര്‍ത്തു സന്തോഷിയ്ക്കാം
രസകരമായ കാഴ്ചകള്‍ അനവധിയുണ്ടെങ്കിലും
മണല്തരിയായ് മാറുന്നതുതന്നെ രസമാണ്

Sunday, October 24, 2010

ഹൃദയങ്ങള്‍

ഒരു ദിവസം രാത്രി, കുമാരി കുമാരനോടു കുമാരന്റെ ജീവിതത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ സംഭവമേതെന്നു ചോദിച്ചു. കുമാരന്‍ മറുപടി പറഞ്ഞു തുടങ്ങി.
'അതു ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. നിന്നെ കെട്ടുന്നതിനു മുന്‍പു നടന്ന സംഭവമാണ്.'
ഇതു കേട്ടപ്പോള്‍ കുമാരിയുടെ മുഖമൊന്നു വാടി. അതു ശ്രദ്ധിക്കാതെ കുമാരന്‍ തുടര്‍ന്നു.
'എന്റെ ഒരു സുഹൃത്ത്‌ ഒരു മൈനെര്‍ സര്‍ജറി കഴിഞ്ഞ് post operation icu -ല്‍ വിശ്രമിക്കുകയായിരുന്നു. എന്റെ മറ്റൊരു സുഹൃത്തും ഞാനും കൂടെ അവനെ കാണാന്‍ പോയി. ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഘു ഭക്ഷണവും അവനുവേണ്ടി ഞങ്ങള്‍ കരുതിയിരുന്നു. ഞങ്ങള്‍ അവനോടു കാര്യങ്ങള്‍ തിരക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. അവന്‍ അതു കഴിച്ചു തുടങ്ങി. ഞാന്‍ അരികിലുള്ള മെഡിക്കല്‍ ഉപകരണങ്ങളൊക്കെ ശ്രദ്ധിക്കുകയായിരുന്നു. പെട്ടെന്നു എന്റെ കൂടെ വന്ന സുഹൃത്തിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നതായി എന്റെ കണ്ണില്‍ പെട്ടു. അവന്‍ എങ്ങോട്ടാണ് നോക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചു. അപ്പോള്‍ അവിടെ ഒരമ്മ നാലോ അഞ്ചോ വയസ്സുള്ള മകനെയെടുത്തു ഉലാത്തുന്നത്‌ കണ്ടു. മകന്റെ രണ്ടു കൈയിലും പ്ലാസ്റ്ററിട്ടിട്ടുണ്ടായിരുന്നു. കാലിലും മുഖത്തു ചുണ്ടിനരികെ കവിളിലും മുറിവു വെച്ചുകെട്ടിയിരിക്കുന്നു. അവന്റെ മുഖം ക്ഷീണിച്ചു കാണപ്പെട്ടു. അവന്റെയും അമ്മയുടെയും കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. ആ അമ്മ എന്റെ കൂടെ വന്ന സുഹൃത്തിനെ ശ്രദ്ധിക്കുന്നതായി ഞാന്‍ കണ്ടു. വേദനയോടെയുള്ള ഒരു മന്ദഹാസം അവരുടെ മുഖത്തു വിരിഞ്ഞു. എന്റെ സുഹൃത്തിനു തീരെ അപരിചിതരായ ആ അമ്മയും മകനും സഹാനുഭൂതിയുണര്‍ത്തിയ എന്റെ സുഹൃത്തിന്റെ ഹൃദയവും അതു മനസ്സിലാക്കിയ ആ അമ്മയുടെ ഹൃദയവും ഞാന്‍ കണ്ടു. ആ നിമിഷം ഏറ്റവും ഉദാത്തമായി എനിക്കു തോന്നി.'

ഇതു കേട്ടു കിടന്ന കുമാരിയുടെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നതായി കുമാരന്‍ കണ്ടു.

ഒരു മന്ത്രവും ഒരു കടങ്കഥയും

മന്ത്രം
വര്‍ഷങ്ങള്‍ക്കുമുന്‍പ് മന്ത്രവാദം പ്രബലമായിരുന്ന കാലം. ആ മേഖലയില്‍ വ്യാജന്മാരും കുറവായിരുന്നില്ല. അങ്ങനെയിരിയ്ക്കെ  മന്ത്രവാദത്തിനിടയില്‍ ഒരു വ്യാജന്‍ തന്റെ ഒരു കൈയ്യില്‍ കോഴിയും മറുകൈയ്യില്‍ കൊടുവാളുമായി ഇങ്ങനെ ചൊല്ലിയത്രെ:
"കുക്കുടം കൊടുവാക്കത്തി
എന്റെമോന്‍ ചോയിക്കുട്ടി
ഓന്ണ്ട് കോയിക്കോട്ട്‌
ഓനറിയ കോയിസ്തോത്രം"
(കടപ്പാട്: വല്യച്ഛന്‍)

കടങ്കഥ
കടങ്കഥയുടെ ഉത്തരം പറയാമോ?
"അടുത്തു വെക്കറ്, അകലെ വെക്കറ്;
അരി വെച്ച് പറിക്കണം, അരി വെക്കാതെ പറിക്കണം."
(കടപ്പാട്: വല്യമ്മ)
ഉത്തരം ശരിയാണോയെന്നറിയാന്‍ ആദ്യത്തെ അഭിപ്രായം നോക്കു.

Sunday, October 10, 2010

സമാധാനപരമായ സഹവര്‍ത്തിത്വം

കുമാരന്റെ അയല്‍ക്കാരന് ഒരു പശുവുണ്ട്. നാടന്‍ പശുവാണ്. കുമാരന്റെ വീടിനും അയല്‍ക്കാരന്റെ വീടിനും ഇടയിലുള്ള പറമ്പിലെ നടവഴിയുടെ അരികിലുള്ള ശീമക്കൊന്ന മരത്തിനോടാണ് അതിനെ മിക്കവാറും കെട്ടിയിടാറ്. അങ്ങനെ കെട്ടിയിട്ട സമയങ്ങളില്‍, കുമാരന്‍ അയല്‍ക്കാരന്റെ വീട്ടിലേയ്ക്കു പോകുന്നത് നടവഴിയില്‍നിന്നും അല്പം മാറിയുള്ള ഭാഗത്തുകൂടിയാണ്. നടവഴിയിലൂടെ പോകുകയാണെങ്കില്‍ പശു തലകുലുക്കി കുമാരനെ കുത്താനൊരുങ്ങും. അതുകൊണ്ടു തന്നെയാകണം പൂച്ചയെ പേടിയില്ലെങ്കില്‍ പോലും പശുവിനെ കുമാരന് പേടിയാണെന്ന് അയല്‍ക്കാരെല്ലാം പറയുന്നത്. അങ്ങനെ പറയുന്നതില്‍ കുമാരന് അതിയായ അമര്‍ഷമുണ്ട്. മുന്‍കരുതലിനെ പേടിയായി ചിത്രീകരിയ്ക്കുന്നത് അടിസ്താനരഹിതമാണെന്നാണ് കുമാരന്റെ പക്ഷം. ഇക്കാരണത്താലൊക്കെത്തന്നെ കുമാരന് ആ പശുവിനോട്‌ അത്ര മമതയൊന്നുമില്ല.

അങ്ങനെയിരിയ്ക്കെ രണ്ടാഴ്ച മുന്‍പ് ആ പശു ഒരു കന്നുകുട്ടിയ്ക്ക് ജന്മം നല്‍കി. പശു അതിനെ നക്കിത്തുടയ്ക്കുന്നതും കന്നുകുട്ടി പറമ്പിലാകെ ഓടിച്ചാടിക്കളിയ്ക്കുന്നതും നോക്കിയിരിയ്ക്കലാണ് ഇപ്പോഴത്തെ കുമാരന്റെ പ്രധാന നേരമ്പോക്ക്. അതു മാത്രമല്ല, ഒരാഴ്ച മുന്പുമുതല്‍ കുമാരന്റെ വീട്ടില്‍ പശുവിന്‍പാല്‍ കിട്ടിത്തുടങ്ങി. അതില്‍ ഒരു ഗ്ലാസ് നല്ലവണ്ണം പഞ്ചസാരയിട്ട് കുമാരി കുമാരന് കൊടുക്കുന്നുമുണ്ട്‌. ഇക്കാരണങ്ങളാല്‍ മുന്‍പൊന്നും തോന്നാത്ത ഒരു ബഹുമാനം കുമാരന് പശുവിനോട് തോന്നിത്തുടങ്ങി. അത്ഭുതമെന്നു പറയട്ടെ, കുറച്ചു ദിവസങ്ങളായി കുമാരന്‍ അയല്‍ക്കാരന്റെ വീട്ടിലേയ്ക്കു പോകുമ്പോള്‍ പശു തലകുലുക്കി പേടിപ്പിക്കാറേയില്ല. സമാധാനപരമായ സഹവര്‍ത്തിത്വത്തിനു അടിസ്ഥാനം പരസ്പര ബഹുമാനമാണെന്ന് കുമാരന്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്.  

Saturday, October 2, 2010

അഞ്ചു വികൃതികള്‍

കാണാന്‍ രസമുള്ള കാഴ്ചകള്‍ ഈയിടെയായി കാണാറേയില്ലെന്ന് കണ്ണുകള്‍ പരാതി പറഞ്ഞു. അവനു ദേഷ്യമാണ് വന്നത്. കണ്‍പോളകള്‍ അവന്‍ മുറുക്കെ അടച്ചു. അപ്പോള്‍, കേള്‍ക്കാനിമ്പമുള്ളതൊന്നും കേള്‍ക്കാറേയില്ലെന്നായി ചെവികള്‍. ഒട്ടും അമാന്തിക്കാതെ തന്റെ ചെറുവിരലുകള്‍ അവന്‍ ചെവിയില്‍ തിരുകി. അങ്ങനെ അല്പമൊന്നാശ്വസിച്ചിരിയ്ക്കെ, മൂക്ക് അതിന്റെ ദ്വാരങ്ങള്‍ വികസിപ്പിച്ചുകൊണ്ട്‌ 'എന്നുമുള്ള പൂക്കളുടെ സുഗന്ധം എവിടെ.. എവിടെ..' എന്നു തിരഞ്ഞു തുടങ്ങി. കുറച്ചു നേരത്തെയ്ക്കെങ്കിലും ആശ്വാസം കൊതിച്ചുകൊണ്ട് അവന്‍ ധാരാളം ശ്വാസം ഉള്ളിലേയ്ക്കെടുത്തു, പതിയെ ഉച്ച്വസിച്ചുകൊണ്ടിരുന്നു. അസംതൃപ്തരായ രസമുകുളങ്ങളെ വഹിച്ച് വായില്‍ ഉഴറി നടക്കുന്ന നാവിനെ അപ്പോഴാണ്‌ അവന്‍ ശ്രദ്ധിച്ചത്. ഒരു നിമിഷനേരത്തേയ്ക്ക്‌ പുറത്തേയ്ക്കു വന്ന നാവിനെ അവന്‍ തന്ത്രപൂര്‍വ്വം പല്ലുകളാല്‍ കടിച്ചു പിടിച്ചു. അപ്പോഴേയ്ക്കും, ഒരു സ്നേഹസ്പര്‍ശത്തിനായി അവന്റെ ത്വക്ക് കരഞ്ഞു തുടങ്ങിയിരുന്നു. ദേഹമാസകലം വിയര്‍പ്പായി പടര്‍ന്ന കണ്ണുനീര്‍ എന്തു ചെയ്യണമെന്നറിയാതെ അവന്‍ വിഷമിച്ചു നിന്നുപോയി.

Friday, September 24, 2010

സുമതി എന്തു ചെയ്യുന്നു?


സു
തി
രു
ന്നു
തി
ന്നു
ന്നു

ചെറിയ ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ ആരോ പറഞ്ഞു തന്നതാണ്. അപ്പോഴത്തെ പോലെ ഇപ്പോഴും രസകരമായി തോന്നുന്നു. ഇതുപോലെ വേറെ ഉദാഹരണം ഉണ്ടോ എന്നറിയില്ല.

Monday, September 20, 2010

നിലാവത്തിട്ട കോഴി

നിലാവത്തിട്ട കോഴി എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. ഇതുവരെ കണ്ടിട്ടില്ല. കാണുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നിരിക്കെ കാണാതിരിക്കുന്നതെങ്ങനെ. വീട്ടില്‍ കോഴിയില്ല. അടുത്ത വീട്ടിലുണ്ട്. ഒന്നേയുള്ളൂ, പിടക്കോഴിയാണ്. പക്ഷെ, എങ്ങനെ അതിനെ നിലാവത്ത് തുറന്നുവിടും? എന്തായാലും പൌര്‍ണമിയാകുന്നതുവരെ കാത്തിരിക്കുക തന്നെ.

പൌര്‍ണമിയായി. രാത്രി ഞാന്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ രണ്ടുമണിയായിക്കാണും, ഞാനുണര്‍ന്നു. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് അടുത്ത വീട്ടിലെത്തി. കോഴിക്കൂട് പതുക്കെ തുറന്നു. കോഴി പുറത്തിറങ്ങി. അത്ഭുതം! കോഴിയും ശബ്ദമൊന്നുമുണ്ടാക്കുന്നില്ല. കോഴി നേരെ മുമ്പോട്ടു നടന്നു. എന്നെ കണ്ടില്ലെന്നു തോന്നുന്നു. കുറച്ചു നടന്നപ്പോള്‍ അത് പെട്ടെന്ന് ഇടത്തോട്ടു തിരിഞ്ഞു നടന്നു തുടങ്ങി. എന്തോ വെച്ചുമറന്ന പോലെ കോഴി തലങ്ങും വിലങ്ങും നടന്നു. നടക്കുകയല്ല, ഓടുകതന്നെ. ഏതാണ്ടിതേപോലെതന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചതും. നിലാവത്തിട്ട കോഴിയെ കണ്ടുകഴിഞ്ഞു. ഇനി അതിനെ പിടിച്ചു കൂട്ടിലാക്കണം. പരിചയമുള്ള കോഴിയാണ്. ഞാനടുത്തേക്ക് നടന്നു. കോഴി അല്പം വേഗത്തിലായിരുന്നു. ഞാനും വേഗം കൂട്ടി. ശബ്ദമുണ്ടാക്കാതെ കോഴിയും ഞാനും മുമ്പിലും പുറകിലുമായി ഓടിക്കൊണ്ടിരുന്നു.

കുളത്തിനടുത്തെത്തിയപ്പോഴും എനിയ്ക്ക് കോഴിയെ പിടിക്കാന്‍ കഴിഞ്ഞില്ല. കോഴി കുളത്തിലിറങ്ങി അക്കരയ്ക്കു നീന്തിത്തുടങ്ങി. കുറച്ചു വലിയ കുളമാണ്. റിസ്ക്‌ എടുക്കേണ്ടെന്നു കരുതി ഞാന്‍ കുളക്കരയിലൂടെ അക്കരയ്ക്ക് നടന്നു. ഞാന്‍ അക്കരെയെത്തി, പക്ഷെ കോഴിയെ കാണാനില്ല. അത് കുളത്തില്‍നിന്നു പുറത്തു കടക്കുന്നത്‌ ഞാന്‍ കണ്ടതാണ്, പിന്നെ കാണാനില്ല. ഞാന്‍ ശബ്ദമുണ്ടാക്കാതെ ആ ഭാഗത്തേക്ക് നടന്നു. അപ്പോള്‍ കോഴിയെ കണ്ടു. അത് കുറച്ചു ദൂരെ മാറി ഒരു ഒഴിഞ്ഞ സ്ഥലത്ത് അനങ്ങാതെ നില്‍ക്കുന്നു. തല ഒരു വശത്തേക്കുയര്‍ത്തി ആകാശത്തേക്ക് നോക്കുകയാണ്. ഞാനും ആകാശത്തേക്ക് നോക്കി. പൂര്‍ണ ചന്ദ്രന്‍ ഒരു ലോഭവുമില്ലാതെ നിലാവു പരത്തുന്നു. കോഴി അതേ നില്പ്പിലാണ്. കുറച്ചു നേരം അങ്ങനെ തുടര്‍ന്നു. അപ്പോള്‍ എന്റെ കാലിനടുത്തുനിന്ന് ഒരു കല്ലടര്‍ന്ന് കുളത്തില്‍ വീണു. കോഴി എന്നെ കണ്ടു. അത്ഭുതം! അതെന്റെ അടുത്തേക്ക് ഓടി വന്നു. എന്റെ കാലിലത് മുട്ടിയുരുമ്മി നിന്നു. കോഴി എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതുവരെ അതെന്നെ കണ്ടില്ലായിരുന്നിരിക്കണം. ഞാനതിനെ അരുമയായി കയ്യിലെടുത്തു. ഇനി വീട്ടിലേക്കു മടങ്ങാം.

സമയം രണ്ടര കഴിഞ്ഞു കാണുകയേയുള്ളൂ. കുറച്ചു നേരം ഓടിയതിനാല്‍ അല്പം ക്ഷീണമുണ്ട്. കുറച്ചു നേരം വിശ്രമിക്കുന്നത് നല്ലൊരു ആശയം തന്നെ. ഞാന്‍ കുളപ്പടവില്‍ കിടന്നു. കോഴിയെ നിലത്തു വെച്ചു. ഓടിപ്പോകാതിരിക്കാന്‍ അതിന്റെ കാലില്‍ ചുറ്റിപ്പിടിച്ചു. ചെറുതായി മഞ്ഞു വീഴ്ചയുണ്ട്. അതിന്റെ ശബ്ദമൊഴിച്ചാല്‍ പൂര്‍ണ നിശബ്ദതയാണ്. ചന്ദ്രന്‍ നിറഞ്ഞു നില്‍ക്കുന്നു. എല്ലാം നിലാവില്‍ കുളിച്ചുനില്‍ക്കുന്നു. കുളത്തിലെ ചെറിയ അലകളില്‍ നിലാവെളിച്ചം ഒഴുകിപ്പരക്കുന്നു. സര്‍വ ചരാചരങ്ങളും ആനന്ദിക്കുന്നു. പ്രകൃതി അതിന്റെ പൂര്‍ണത വിളംബരം ചെയ്യുന്ന അപൂര്‍വ സുന്ദര നിമിഷം! എന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ഹൃദയം നിറഞ്ഞു തുളുമ്പുന്നത് കണ്ണുകളിലൂടെയാണോ?

മുഖത്ത് തണുപ്പനുഭവപ്പെട്ടപ്പോള്‍ ഞാനുണര്‍ന്നു. ശരീരം തണുത്തു വിറങ്ങലിച്ചിരിക്കുന്നു. ഞാന്‍ കുളക്കടവിലാണ്. നേരം വെളുത്തുവരുന്നേയുള്ളൂ. രാത്രി നടന്ന സംഭവങ്ങളെല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി. ഒന്നും സ്വപ്നമല്ല. കണ്ണുകള്‍ക്കിരുവശവും കണ്ണുനീരോഴുകിയ പാടുണ്ട്. കോഴിയുടെ കാല്‍ ചുറ്റിപ്പിടിച്ച കൈ അതേ പോലെ തന്നെയുണ്ട്‌. പക്ഷെ, കോഴിയെവിടെ? ഇന്നലെ ഹൃദയത്തില്‍ നിറഞ്ഞ ആനന്ദം ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്നലെ ഉറങ്ങിപ്പോയതാണോ? അതോ ആനന്ദ മൂര്‍ച്ഛയില്‍ ബോധക്ഷയമുണ്ടാകുമോ? ഞാന്‍ പടിയിറങ്ങി, കൈക്കുമ്പിളില്‍ വെള്ളമെടുത്ത് മുഖം കഴുകി. വീട്ടിലേക്ക് പതുക്കെ നടന്നു. ഇടവഴി തുടങ്ങുന്നിടത്തു നിന്ന് വീടു കാണാം. അവിടെയെത്തിയപ്പോള്‍ അമ്മയും അയല്‍ക്കാരിയും മുറ്റമടിക്കുന്നതിനിടയില്‍ ചൂല്‍ കയ്യില്‍ പിടിച്ച് വര്‍ത്തമാനം പറയുന്നതാണ് കണ്ടത്. അയല്‍ക്കാരി ഇങ്ങനെ പറയുന്നതു കേട്ടു: "ഇന്നലെ കോഴിക്കൂടടക്കാന്‍ മറന്നെന്നു തോന്നുന്നു. ഭാഗ്യത്തിന് ഒന്നും അതിനെ പിടിച്ചു കൊണ്ടു പോയില്ല". ഞാന്‍ അടുത്തെത്തിയപ്പോള്‍ അമ്മ ചോദിച്ചു: "പുലര്‍ച്ചെ തന്നെ നീയെവിടെ പോയിരുന്നു?". ഞാന്‍ മുഖത്തു നോക്കാതെ മറുപടി പറഞ്ഞു: "അല്പം നടക്കാന്‍ പോയി; കുറച്ചോടുകയും ചെയ്തു." വീട്ടിലേക്ക് കയറുമ്പോള്‍ കോഴി അടുത്ത പറമ്പില്‍ ചിക്കിപ്പെറുക്കുന്നതു കണ്ടു. എന്നെ തലയൊന്നുയര്‍ത്തി നോക്കിയതിനു ശേഷം അത് ജോലി തുടര്‍ന്നു.

Saturday, September 18, 2010

സങ്കല്പങ്ങള്‍

കുമാരന്റെ സങ്കല്‍പ്പത്തിലെ ഭാര്യ കുമാരന്റെ ഭാര്യയേക്കാള്‍ വളരെയധികം സുന്ദരിയാണ്. എന്നാല്‍ കുമാരി(കുമാരന്റെ ഭാര്യ)യുടെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവ് ഏതാണ്ട് കുമാരനെപ്പോലെ തന്നെയാണെങ്കിലും കുമാരനേക്കാള്‍ സ്നേഹമുള്ളവനാണ്. ആരാണു പറഞ്ഞത് വിവാഹത്തിനു ശേഷം സങ്കല്പങ്ങള്‍ പാടില്ലെന്ന്?

Sunday, September 12, 2010

'എന്നിലൂടെ'

ഒന്നാന്തരം ഒരു child-specialist ആയ കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥയാണ് 'എന്നിലൂടെ'. മാഷിന്റെ മിക്ക പുസ്തകങ്ങളെയും പോലെ നുറുങ്ങുകള്‍ കൂട്ടിയിണക്കിയാണ് ആത്മകഥയും എഴുതിയിരിക്കുന്നത്. മാഷേ പോലെ തന്നെ ആത്മകഥയും വളരെ ചെറുതാണ്. കറന്റ് ബുക്സ് 1987-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ മുതിര്‍ന്നവരുടെ പല അസുഖങ്ങള്‍ക്കുമുള്ള മരുന്നുകളും അടങ്ങിയിരിക്കുന്നു.

'വെയില്പുറത്തെ മഴയും മഴപ്പുറത്തെ വെയിലും
തുമ്പപ്പൂവും മുക്കുറ്റിപ്പൂവും പോലെയാണ് '

ഇതു വായിച്ചപ്പോള്‍ ഒരു സംശയവും എനിക്കു തോന്നിയില്ല. തുമ്പപ്പൂവും മുക്കുറ്റിപ്പൂവും അങ്ങനെതന്നെയാണ്. മാഷിന്റെ തന്നെ വാക്കുകളില്‍ ആസ്വാദനം ഒരു സൃഷ്ടികര്‍മമാണ്. ആസ്വാദനം നടക്കുമ്പോള്‍ വായനക്കാരില്‍ കൃതി പുനര്‍സൃഷ്ടിക്കപ്പെടുന്നു. ഇങ്ങനെ പുനര്‍സൃഷ്ടിക്കപ്പെടാനുള്ള കഴിവാണ് ഒരു കൃതിയെ കാലാതിവര്‍ത്തിയാക്കുന്നത്. 

Saturday, September 11, 2010

ഇന്നലെ നടന്ന ഒരു സംഭവത്തില്‍ കുമാരനുള്ള പങ്ക്

പേര് പഴയതാണെങ്കിലും കുമാരന്‍ യൌവനതീഷ്ണനാണ്. വലിയ ധൈര്യശാലിയായ കുമാരന് ഒരു പൂച്ചയെപ്പോലും പേടിയില്ല. അതില്‍ അഭിമാനം മാത്രമല്ല അല്പം അഹങ്കാരം കൂടിയുണ്ട്, കുമാരന്.

കുമാരനെ സംബന്ധിച്ചിടത്തോളം ഇന്നലത്തെ ദിവസം സംഭവബഹുലമായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടതും, നട്ടുച്ചയ്ക്ക് നടന്നതുമായ സംഭവമിതാണ് : കുമാരന്‍ ഉച്ച സമയത്ത് കോഴിക്കോട് നഗരത്തിലെ ഒരു പ്രധാനപ്പെട്ട ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ മുന്‍പില്‍ ചെറിയ ഒരു ആള്‍കൂട്ടം - ആറേഴു പേര്‍ കാണും. നടുവിലായി ഒരാള്‍ ഫുട്പാത്തില്‍ വീണു കിടക്കുന്നു. ലുങ്കിയും ഷര്‍ടുമാണ് വേഷം. മേല്‍ച്ചുണ്ട് അല്പം പൊട്ടുകയും വീങ്ങുകയും ചെയ്തിട്ടുണ്ട്. കൈകളിലും വസ്ത്രങ്ങളിലും ചളി പറ്റിയിട്ടുണ്ട്. വെയിലിനു നല്ല ചൂടുമുണ്ട്. ഒരാള്‍ ഒരു കുപ്പിയിലെ വെള്ളം അയാളുടെ വായിലേയ്ക്ക് ഒഴിച്ചു കൊടുത്തു. അതു അയാള്‍ക്ക്‌ അല്പം ഉണര്‍വ് നല്‍കിയെന്നു തോന്നുന്നു. അയാള്‍ വേദനയാലെന്നോണം ശബ്ദമുണ്ടാക്കുകയും ചരിഞ്ഞു കിടക്കുകയും ചെയ്തു.

കുമാരന്‍ അടുത്തു നിന്നയാളോട് കാര്യം തിരക്കി. രാവിലെ മുതലേ അയാളവിടെ കിടക്കുകയായിരുന്നെന്നു അവനറിഞ്ഞു. അപ്പോള്‍ കുമാരന്‍ പോലീസിനെ വിവരമറിയിക്കുന്നത് നല്ലതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. അതു കേട്ട ഒരാള്‍ വെറുതെ റിസ്ക്‌ എടുക്കേണ്ട എന്നു അവനെ ഉപദേശിച്ചു. ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഒരാള്‍ക്ക് നേരിടേണ്ടി വന്ന ഭവിഷ്യത്തുകളെ പറ്റി പത്രത്തില്‍ വന്ന വാര്‍ത്തയാണ് മറ്റൊരാള്‍ ചൂണ്ടിക്കാട്ടിയത്. ഇനിയുമൊരാള്‍, പോലീസിനെ സംഭവത്തിലേയ്ക്ക് വലിച്ചിഴച്ചാലത്തെ അപകട സാധ്യത വിവരിച്ചു. എന്നാല്‍ ഒരു പൂച്ചയെപ്പോലും ഭയമില്ലാത്ത കുമാരനുണ്ടോ പോലീസിനെ ഭയം? ഉടനെ തന്നെ കുമാരന്‍ തന്റെ മൊബൈലില്‍ നിന്നു 100 - ലേയ്ക്ക് വിളിച്ചു. അപ്രതീക്ഷിതമായി മറ്റെയറ്റത്ത് ഒരു കിളിനാദം. കുമാരന്‍ കാര്യം പറഞ്ഞു. സംഭവമെവിടെയാണെന്നു അവര്‍ അന്വേഷിച്ചു. കുമാരന് കൃത്യമായി സ്ഥലം പറയാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അടുത്തു നിന്നയാള്‍ കുമാരനെ അടുത്തുള്ള കെട്ടിടത്തിലെ ബാര്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു. കുമാരന്‍ അതു അടയാളമായി പറഞ്ഞു. ഉടനെത്തന്നെ പോലീസിനെ അറിയിക്കാമെന്ന് പറഞ്ഞ് മറ്റെയറ്റത്ത് കോള്‍ നിര്‍ത്തി.

അപ്പോഴേയ്ക്കും കുമാരന് അവിടെ നായകസ്ഥാനം ലഭിച്ചിരുന്നു. കുമാരന്‍ വീണു കിടന്നയാളെ വെയിലത്ത് നിന്നു തണലിലേക്ക്‌ മാറ്റി കിടത്താന്‍ ശ്രമിച്ചു.  അപ്പോള്‍ അവനെക്കാള്‍ പ്രായം കുറഞ്ഞ എന്നാല്‍ അവനെപ്പോലെ തന്നെ  യൌവനതീഷ്ണരായ മൂന്നു പേര്‍ അവനെ സഹായിക്കാന്‍ മുന്നോട്ടു വന്നു. അവര്‍ അയാളെ പിടിച്ചു തണലിലേക്ക്‌ മാറ്റിക്കിടത്തി.

പെട്ടെന്നു ഒരാള്‍ അങ്ങോട്ട്‌ വരികയും വീണു കിടന്നയാളോട് സംസാരിക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. തണലിലെത്തിയപ്പോഴെയ്ക്കും അയാളുടെ സ്ഥിതി കുറച്ചു കൂടെ മെച്ചപ്പെട്ടിരുന്നു. അയാള്‍ പതിയെ സംസാരിച്ചു തുടങ്ങി. തമിഴിലായിരുന്നു സംസാരം. അല്പസ്വല്പം തമിഴറിയാവുന്ന കുമാരന്‍ അപ്പോള്‍ അവിടെ വന്നയാളുമായ് സംസാരിച്ചു. വീണു കിടക്കുന്നയാളുടെ പരിചയക്കാരനായിരുന്നു അയാള്‍. സംസാരത്തില്‍ നിന്നും മദ്യമായിരുന്നു വില്ലന്‍ എന്നു കുമാരന് മനസ്സിലായി.

കുമാരന്‍ തിരക്കില്‍ നിന്നും അല്പം മാറി നിന്നു. വീണുകിടന്നയാളെ തണലിലേക്ക്‌  മാറ്റി കിടത്താന്‍ സഹായിച്ച മൂന്നു പേരും അവനെ സമീപിച്ചു. അതിലൊരുവന്‍ കുമാരന്റെ കൈ പിടിച്ചു നന്ദി പറഞ്ഞു. അവന്റെ കണ്ണുകളിലെ അതിരറ്റ സന്തോഷം കുമാരന്‍ ശ്രദ്ധിച്ചു. അവനെന്തിന് ഇത്രയധികം സന്തോഷിയ്ക്കുകയും തന്നോടു നന്ദി പറയുകയും ചെയ്യുന്നു? ബാല്യം കൈവിടാത്ത അവരിലെ സന്തോഷം കുമാരനിലെയ്ക്കും പടര്‍ന്നു. അവര്‍ സന്തോഷത്തോടെ പിരിഞ്ഞു. അപ്പോഴും പോലീസ് എത്തിയിട്ടുണ്ടായിരുന്നില്ല.

ഒരു നല്ല കാര്യം ചെയ്യുന്നതിനോടനുബന്ധിച്ചു ഉണ്ടാകാവുന്ന ഏറ്റവും മോശപ്പെട്ട കാര്യം നല്ലതു ചെയ്യുന്നു എന്ന വിചാരമാണെന്ന് ഏതോ ബ്ലോഗ്ഗര്‍ എഴുതിവെച്ചത് കുമാരന്റെ മനസ്സില്‍ ഓടിയെത്തി. ആ വിചാരം എങ്ങനെ ഒഴിവാക്കാം എന്നു ചിന്തിച്ച് കുമാരന്‍ പിന്നെയും ഫുട്പാത്തിലൂടെ നടന്നു.   

Sunday, September 5, 2010

ഞാന്‍ പിടിച്ച മുയലിന് സത്യമായിട്ടും മൂന്നു കൊമ്പുകളുണ്ടായിരുന്നു!

അതെ പ്രിയപ്പെട്ടവരേ, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സംഭ്രമജനകമായ ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഇതു കേള്‍ക്കുന്നവരില്‍ ചെറിയൊരു ശതമാനം പേരെങ്കിലും ഇതിലെ ഗുണപാഠം ഉള്‍ക്കൊണ്ടാല്‍ ഞാന്‍ കൃതാര്‍ഥനായി.

പ്രധാന സംഭവം നടക്കുന്നത് ആറു മാസം മുന്‍പാണെങ്കിലും ഒരു വര്‍ഷം മുന്‍പു മുതലുള്ള കാര്യങ്ങള്‍ പറഞ്ഞാലേ കഥ പൂര്‍ണ്ണമാകൂ. കൂട്ടിനാരുമില്ലാത്തതിനാല്‍ ഒരു മുയലിനെ വളര്‍ത്തണമെന്ന അതിയായ മോഹം എന്നില്‍ മുളച്ച സമയമായിരുന്നു അത്. ഒട്ടനവധി മുയല്‍ വില്പ്പനക്കാരെയും അവര്‍ വളര്‍ത്തുന്ന ഒരുപാടു മുയലുകളേയും ഞാന്‍ കണ്ടു. എന്നാല്‍ അവയൊന്നും എന്റെ സങ്കല്‍പ്പത്തിലുള്ള മുയലിന്റെ ഏഴയലത്തുപോലും എത്തുന്നവയായിരുന്നില്ല. മുയലിനെ അന്വേഷിച്ച് അന്വേഷിച്ച് ആറു മാസം കടന്നുപോയി. അങ്ങനെ ഒരു ദിവസം ഒരു മുയല്‍ വില്‍പ്പനക്കാരനെ കണ്ട് നിരാശനായി ഞാന്‍ നാട്ടുവഴിയിലൂടെ വീട്ടിലേയ്ക്കു നടക്കുകയായിരുന്നു. പെട്ടെന്നു ഒരു മുയല്‍ എന്റെ കുറുകെ ചാടി. ഒറ്റനോട്ടത്തില്‍ തന്നെ അതിനെ എനിയ്ക്ക് ബോധിച്ചു. ഞൊടിയിടയ്ക്കുള്ളില്‍ ഞാനതിനെ ചെവിയില്‍ പിടിച്ചു പൊക്കി. പക്ഷെ സുഹൃത്തുക്കളെ, നിങ്ങള്‍ മിക്കവരും ഊഹിച്ച പോലെ, ചെവിയിലാണെന്നു കരുതി ഞാന്‍ പിടിച്ചത് അതിന്റെ കൊമ്പിലായിരുന്നു. അതിന്റെ ചെവികളുടെ സ്ഥാനത്ത് രണ്ടു കൊമ്പുകളായിരുന്നു. പോരാത്തതിന് രണ്ടു കൊമ്പുകളുടേയും നടുവിലായി ചെറിയ ഒരു മുഴ പോലെ മൂന്നാമതൊരു കൊമ്പു കൂടി അതിനുണ്ടായിരുന്നു!

അത് രക്ഷപ്പെടാനുള്ള ഒരു ശ്രമം പോലും നടത്താത്തത് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി. ഞാന്‍ നിലത്തിരുന്ന് അല്പം കരുതലോടെ അതിനെ എന്റെ മുന്‍പില്‍ വച്ചു. എന്നെ അന്ധാളിപ്പിച്ചുകൊണ്ട്‌ അത് സംസാരിച്ചു തുടങ്ങി.

മുയല്‍: "ഹലോ സന്ദീപ്‌."
ഞാന്‍: "എന്റെ പേരെങ്ങനെ മനസ്സിലായി?"
[ഇതു അല്പം വിറയലോടെയാണ് ചോദിച്ചതെന്ന് ഞാനോര്‍ക്കുന്നു. അതു കാരണമാവാം പ്രത്യഭിവാദ്യം ചെയ്യാന്‍ പോലും മറന്നു.]
മുയല്‍: "അതവിടെ നില്‍ക്കട്ടെ. എനിയ്ക്കു വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോടു പറയാനുണ്ട്."
ഞാന്‍: "പറയൂ."
മുയല്‍: "ഞാനിപ്പോള്‍ ഒരു സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിയ്ക്കുകയാണ്."
[അപ്പോഴേയ്ക്കും സമനില കൈവരിച്ച ഞാന്‍ മനസ്സില്‍ കണക്കു കൂട്ടലുകള്‍ തുടങ്ങിയിരുന്നു. ആറു മാസത്തെ അനുഭവം കൊണ്ട് മുയല്‍ ബിസ്സിനസ്സിന്റെ ഗുട്ടന്‍സ് മനസ്സിലാക്കിയ ഞാന്‍ മുയലിനെ വളര്‍ത്താനുള്ള മോഹം മാറ്റിവെച്ച് അതിനെ എങ്ങനെയെങ്കിലും വില്‍ക്കാന്‍ തീരുമാനിച്ചു. അതിന്റെ കൊമ്പിനു തന്നെ നല്ല ഒരു വില കിട്ടും. അതിനാല്‍ മുയല്‍ 'സാമ്പത്തിക പ്രതിസന്ധി' എന്നു പറഞ്ഞപ്പോള്‍ എനിയ്ക്കു ചിരിയാണ് വന്നത്.]
ഞാന്‍: "അതിനു എനിയ്ക്കെന്തു ചെയ്യാന്‍ കഴിയും?"
മുയല്‍: "എന്റെ മൂന്നു കൊമ്പുകളും വില്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. അതിനു നിങ്ങളെന്നെ സഹായിക്കണം. കമ്മീഷന്‍ തരാം."
[മനസ്സിലിരിപ്പ് പുറത്തറിയിക്കാതെ ഞാന്‍ മുഖത്ത് ഗൌരവഭാവം വരുത്തി.]
ഞാന്‍: "ശരി. പക്ഷെ നിന്റെ കൊമ്പിനു നല്ല വില കിട്ടുമെന്ന് എന്തുറപ്പ്?"
മുയല്‍: "എന്റെ കൊമ്പുകള്‍ ഒന്നാംതരമാണ്. അതെനിയ്ക്കറിയാം. വേണമെങ്കില്‍ നിങ്ങള്‍ പരിശോദിച്ചോളൂ."
മുയലിനെ ബോധിപ്പിക്കാനായി ഞാനതിനെ മടിയില്‍ വച്ചു. എന്നിട്ട് കൊമ്പുകള്‍ പരിശോദിക്കുന്നതായി ഭാവിച്ചു. എന്നാല്‍ പെട്ടെന്നു അതു തല പുറകോട്ടു വലിച്ച് കൊമ്പുകള്‍ കൊണ്ട് എന്നെ ആഞ്ഞു കുത്തി. ബോധം മറയുമ്പോള്‍ മുയല്‍ ഓടിപ്പോകുന്നതായി ഞാന്‍ കണ്ടു.

ബോധം തിരിച്ചു വന്നപ്പോള്‍ ഞാന്‍ ആശുപത്രിയിലാണ്. എന്റെ കരളില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നു ഡോക്ടറില്‍ നിന്ന് ഞാനറിഞ്ഞു. നിങ്ങളോടിപ്പോള്‍ പറഞ്ഞപോലെ തന്നെ നടന്ന സംഭവം ഞാന്‍ ഡോക്ടറോട് വിശദീകരിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ ഞാന്‍ പറഞ്ഞതൊന്നും ഡോക്ടര്‍ വിശ്വസിച്ചില്ല. ആറു മാസത്തെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് ഞാന്‍ ഇവിടെ തിരിച്ചെത്തിയത്‌. ശരീരത്തിലേറ്റ മുറിവ് ഏതാണ്ടുണങ്ങിയെങ്കിലും മനസ്സിലെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.

നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവുമെങ്കിലും കഥയുടെ പൂര്‍ണതയ്ക്കായി ഗുണപാഠം ഇവിടെ ചേര്‍ക്കട്ടെ.
ഗുണപാഠം: കൊമ്പുള്ള മുയലിനെ ഒരിയ്ക്കലും പിടിയ്ക്കരുത്. അഥവാ പിടിച്ചാല്‍ തന്നെ മുയല്‍ പറയുന്നത് വിശ്വസിക്കരുത്. ഉടനെ തന്നെ വിറ്റു കളയണം.

Monday, August 30, 2010

ഒരു കൂടിക്കാഴ്ച

തന്നോടു പ്രണയാഭ്യര്‍ത്ഥന നടത്തിയവളുടെ നെറ്റിയിലേക്കു വീണു കിടന്ന മുടി പതിയെ മാടിയൊതുക്കി, നെറുകയില്‍ ചുംബിച്ച ശേഷം അവനിങ്ങനെ പറഞ്ഞു: "രാജാവിനെ വിവാഹം ചെയ്തു രാജ്ഞിയായ് ജീവിക്കുക. നിനക്കു നല്ലതു വരട്ടെ." സ്തബ്ധയായ് നിന്നു പോയ അവള്‍, നടന്നകലുന്ന അവനെ തന്നെ നോക്കി നിന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി. അവന്‍ ഏകനായിരുന്നു, എന്നാല്‍ അവള്‍ ഏകയായിരുന്നില്ല. പെട്ടെന്നുതന്നെ അവര്‍ക്കു പരസ്പരം മനസ്സിലായി. അവള്‍, തന്റെ കൂടെയുള്ളവരെ അവനുവേണ്ടി ഇങ്ങനെ പരിചയപ്പെടുത്തി: "ഇത് എന്റെ ഭര്‍ത്താവ്. ഈ പഞ്ചായത്തിന്റെ, പ്രജകള്‍ തിരഞ്ഞെടുത്ത രാജാവാണ്.  ഇത് രാജകുമാരന്‍. ആ കാണുന്ന പള്ളിക്കൂടത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ഇവന്‍ അനന്തരാവകാശിയാകണോ എന്ന കാര്യം അവനും പ്രജകള്‍ക്കുമായി വിട്ടു കൊടുത്തിരിയ്ക്കുകയാണ്. " എന്നിട്ടവള്‍ തന്റെ ഭര്‍ത്താവിനോടായി ഇങ്ങനെ പറഞ്ഞു: "ഇദ്ദേഹമാണ് നിങ്ങളെ വിവാഹം ചെയ്യാന്‍ എന്നെ ഉപദേശിച്ചത്. രാജഗുരുവാക്കിയാല്‍ നന്നായിരിക്കും."

ചരിത്രമറിയാവുന്ന അവളുടെ ഭര്‍ത്താവ് ചിരിക്കുക മാത്രം ചെയ്തു. നിറഞ്ഞ പുഞ്ചിരിയോടെ അവന്‍ അയാള്‍ക്ക്‌ കൈ കൊടുത്തു. എന്നിട്ട് തന്റെ പോക്കറ്റിലുണ്ടായിരുന്ന മിട്ടായിയെടുത്ത്, ആ സംഭാഷണം കൌതുകപൂര്‍വ്വം കേട്ടുകൊണ്ടുനിന്ന കുട്ടിക്ക് കൊടുത്തു. കുട്ടിയുടെ കവിളില്‍ സ്നേഹപൂര്‍വ്വം തലോടിയ ശേഷം അവന്‍ നടന്നകന്നു.

Friday, August 20, 2010

ഓണമാണുണ്ണീ...

ഓണക്കാലമായിട്ടും ഉത്സാഹമില്ലാതെ കിടന്നുറങ്ങുന്ന ഉണ്ണിയോട് അമ്മ:
"ഓണമാണുണ്ണീയുറങ്ങാതെ,
ഓടിക്കളിച്ചു രസിച്ചാട്ടെ!"

ഉണ്ണി ഉണര്‍ന്നുകാണുമോ? ഇല്ലെങ്കില്‍ വേറെ എന്തെല്ലാം അമ്മ പറഞ്ഞു കാണും?

Monday, August 2, 2010

ഒരു ഭണ്ഡാരവും മൂന്നു ദൈവങ്ങളും

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനൊരു കാഴ്ച കണ്ടു. അതിങ്ങനെയായിരുന്നു: റോഡരികില്‍ ഒരു ചെറിയ അമ്പലം. റോഡിനു വളരെ അടുത്തായി ആ അമ്പലത്തിന്റെ വകയായ ഒരു ഭണ്ഡാരം. ചതുരാകൃതിയിലുള്ള അതിനു മൂന്നു ഭാഗത്തും ദ്വാരങ്ങള്‍. ഓരോ ദ്വാരത്തിനും ചുവടെയായി ഒരു ദൈവത്തിന്റെ ചിത്രം. മൂന്നും വ്യത്യസ്ത ദൈവങ്ങളായിരുന്നു.

ഇഷ്ട ദൈവം ഏതായാലും പണം എത്തിച്ചേരുന്നത് ഒരിടത്താണ് എന്ന നിലയില്‍, അമ്പല കമ്മറ്റിക്കാര്‍ ഈ ഭണ്ഡാരം വഴി അദ്വൈതം എന്ന ആശയം വളരെ ലളിതമായി ഭക്ത ജനങ്ങള്‍ക്ക്‌ പകര്‍ന്നു കൊടുക്കുന്നതായി എനിയ്ക്ക് തോന്നി.

 

കച്ചവടക്കാരനും കൊള്ളക്കാരനും

"ഞാനൊരു കഥ പറയട്ടെ?"
"തീര്‍ച്ചയായും."
"വളരെ ചെറിയ ഒരു കഥയാണ്‌. പണ്ട് ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അയാള്‍ സത്യസന്ധനാണ് എന്നതിലുപരി, ഒരു സ്ഥിതപ്രജ്ഞനായിരുന്നു."
"സ്ഥിതപ്രജ്ഞന്‍ എന്ന് വച്ചാല്‍?"
"വിഷമസന്ധികളിലും മനസ്സ് ഇടറാതെ പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പറയാം."
"ശരി, എന്നിട്ട്?"
"ഒരു ദിവസം അയാള്‍ പട്ടണത്തില്‍ നിന്ന് കച്ചവടവും കഴിഞ്ഞു, തന്റെ ഗ്രാമത്തിലേയ്ക്ക് വരുകയായിരുന്നു. പട്ടണത്തെയും ഗ്രാമത്തെയും വേര്‍തിരിക്കുന്നത് ഒരു കാടാണ്. കാട്ടിലൂടെ നടന്നു വേണം ഗ്രാമത്തിലെത്താന്‍. നേരം സന്ധ്യയായി. അയാള്‍ കാട്ടിലൂടെ നടന്നുകൊണ്ടിരിയ്ക്കുകയായിരുന്നു. പെട്ടെന്ന് ഒരു കൊള്ളക്കാരന്‍ മുന്‍പില്‍ ചാടി വീണു. അയാളുടെ വലതു കയ്യില്‍ ഒരു കത്തിയുമുണ്ടായിരുന്നു."
"എന്നിട്ട്?"
"കൊള്ളക്കാരന്‍ കത്തി കാട്ടി കച്ചവടക്കാരന്റെ കൈയിലുള്ള പണം ആവശ്യപ്പെട്ടു."
"അയാളുടെ കൈയ്യില്‍ പണം ഉണ്ടായിരുന്നോ?"
"തീര്‍ച്ചയായും. കച്ചവടത്തില്‍ നിന്നുള്ള വിറ്റുവരവ്  അയാള്‍ വീട്ടിലേയ്ക്ക് കൊണ്ടുവരാറുണ്ടായിരുന്നു. ഇത് കൊള്ളക്കാരന്‍ എങ്ങനെയോ മനസ്സിലാക്കിയിട്ടുമുണ്ടായിരുന്നു."
"ശരി, എന്നിട്ട്?"
"കച്ചവടക്കാരന്‍ കൊള്ളക്കാരനോട്  ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ക്ക് എന്റെ കൈയ്യില്‍ നിന്നും പണം കിട്ടാന്‍ രണ്ടു വഴികളുണ്ട്. ഒന്ന്, നിങ്ങള്‍ക്ക് എന്നെ കൊല്ലാം. രണ്ടു, നിങ്ങളുടെ ആയുധം നിങ്ങള്‍ കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞാല്‍ പണം ഞാന്‍ സ്വമനസ്സാലെ തരാം.' കൊള്ളക്കാരന്‍ ധീരനായിരുന്നു."
"അങ്ങനെയാണ് എങ്കില്‍ അയാള്‍ രണ്ടാമത്തെ വഴി സ്വീകരിച്ചു കാണും."
"അതെ. കച്ചവടക്കാരനുമായി ഒരു മല്ലയുദ്ധം പ്രതീക്ഷിച്ചുകൊണ്ട് അയാള്‍ തന്റെ കത്തി കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ കൊള്ളക്കാരനെ അമ്പരപ്പിച്ചു കൊണ്ട് തന്റെ പണസഞ്ചി കച്ചവടക്കാരന്‍ അയാള്‍ക്ക്‌ കൊടുത്തു. എന്നിട്ട് നടന്നു പോകാന്‍ തുടങ്ങി. എന്നാല്‍ കൊള്ളക്കാരന്‍ കച്ചവടക്കാരനെ തടഞ്ഞു വച്ചു."
"ഇനി അയാള്‍ക്ക്‌ എന്താണ് വേണ്ടത്?"
"ഇതു തന്നെ കച്ചവടക്കാരന്‍ കൊള്ളക്കാരനോട് ചോദിച്ചു."
"എന്നിട്ട്?"
"എന്നാല്‍ കൊള്ളക്കാരന്‍ ഒന്നും സംസാരിയ്ക്കാതെ പണസഞ്ചി കച്ചവടക്കാരന്റെ കാല്‍ക്കല്‍ വച്ചിട്ട് നടന്നു പോയി."
"അയാള്‍ കൊള്ളക്കാരനല്ലാതായി എന്നാണോ നിങ്ങള്‍ പറയുന്നത്?"
"അതെനിയ്ക്കറിയില്ല. പക്ഷെ അയാള്‍ ഒരു നിമിഷ നേരത്തേയ്ക്ക് എങ്കിലും കൊള്ളക്കാരനല്ലാതായി മാറി."
"കൊള്ളാം. എന്റെ കൂട്ടുകാരായ കുട്ടികള്‍ക്ക് ഇതു തീര്‍ച്ചയായും ഇഷ്ടപ്പെടും. ഞാനിതവര്‍ക്ക് പറഞ്ഞു കൊടുക്കാം."

Monday, July 26, 2010

ശുദ്ധീകരണം

ഒരുപാടു കാലത്തെ തപസ്സിനു ശേഷം ദൈവവുമായ് ഒരു കരാറിലെത്താന്‍ അവനു സാധിച്ചു. കരാറിങ്ങനെ ആയിരുന്നു: ഒരു പുഴയില്‍ ഒരു മിനിട്ട് നേരം മുങ്ങി നിന്നാല്‍ അവന്റെ അശുദ്ധമായ മനസ്സിന്റെ പാതി ശുദ്ധമാകും. തല ഉയര്‍ത്താതെ ഒരു മിനിട്ട് കൂടി അങ്ങനെ തുടര്‍ന്നാല്‍ അവശേഷിക്കുന്ന അശുദ്ധ മനസ്സിന്റെ പാതി ശുദ്ധമാകും. ഇങ്ങനെ പുഴയില്‍ മുങ്ങി നിന്നുകൊണ്ടിരുന്നാല്‍ മനസ്സ് കൂടുതല്‍ കൂടുതല്‍ ശുദ്ധമായിക്കൊണ്ടിരിക്കും.

ഒട്ടും സമയം പാഴാക്കാതെ ഒരു perfectionist ആയ അവന്‍ അടുത്തുള്ള പുഴയില്‍  മുങ്ങി കരാര്‍ നടപ്പാക്കി തുടങ്ങി. ഒടുവില്‍ അവന്റെ അശുദ്ധത മാത്രമല്ല, അവനും അവന്റെ perfectionism-വും കൂടി കടലിലെത്തി.

Thursday, June 3, 2010

രണ്ടിടങ്ങഴി

കോരന്റെയും ചിരുതയുടെയും കാലത്തെ കഥയാണിത്. എന്നാല്‍ ഇന്നിതു വായിച്ച് ചോര തിളയ്ക്കാതെയും കണ്ണു നനയാതെയും ഇരിക്കുന്ന യുവാക്കള്‍ അവരുടെ യൌവനത്തെ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം കൃതികളെ നമ്മള്‍ കാലാതിവര്‍ത്തികള്‍ എന്നു വിശേഷിപ്പിക്കുന്നു. തകഴിക്കു പ്രണാമം.

Monday, May 31, 2010

സൂഫി പറഞ്ഞ കഥ

1993 ലാണ് കെ പി രാമനുണ്ണിയുടെ 'സൂഫി പറഞ്ഞ കഥ' പ്രസിദ്ധീകരിക്കപ്പെടുന്നത്. ഈ വര്‍ഷം, പ്രിയനന്ദനന്‍ അത് സിനിമയാക്കി.

ആദ്യ വാചകത്തില്‍ തന്നെ കഥാകൃത്ത് നയം വ്യക്തമാക്കുന്നു:
'നേരിന്റെയും യുക്തിയുടെയും ചതുരങ്ങളില്‍ മനം മടുത്ത ഞങ്ങള്‍ നാട്ടുകാര്‍ക്ക് കടപ്പുറത്തൊരു ജാറം പൊന്തിയതറിഞ്ഞു വലിയ സന്തോഷമായി. അന്ധവിസ്വാസമെങ്കില്‍ അന്ധവിശ്വാസം തന്നെ.'
പിന്നീട് കാണുന്നത് വാക്കുകളുടെ കുത്തൊഴുക്കാണ്. അവ അസാധാരണമായ രീതിയില്‍ സംയോജിപ്പിച്ച് വാചകങ്ങളുണ്ടാക്കിയിരിക്കുന്നു. വാചകങ്ങളുടെ പ്രത്യേക വിന്യാസത്തിലൂടെ അപൂര്‍വമായ കഥാപ്രപഞ്ചവും.

വളരെ വര്‍ഷങ്ങള്‍ക്കുമുന്പുള്ള കേരളത്തിലെ ഹിന്ദു-മുസ്ലീം സമൂഹമാണ് പശ്ചാത്തലം. മിശ്രവിവാഹവും, മതാതീതമായ വിശ്വാസങ്ങളുടെ ഉല്‍പ്പാദനവും കഥാതന്തുക്കളാവുന്നു.

കുറിപ്പ്: കഥാകൃത്ത്‌ കെ പി രാമനുണ്ണി കുറച്ചു ദിവസങ്ങളായി തുടര്‍ന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിച്ചു. മണിപ്പൂരിലെ ഉരുക്കുവനിത ഇറോം ഷര്‍മിള, Armed Forces (Special Powers) Act, 1958 നെതിരെ പത്ത് വര്‍ഷമായ് തുടരുന്ന സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചായിരുന്നു അദ്ദേഹത്തിന്റെ സമരം.

Friday, May 28, 2010

കാക്കനാടന്റെ 'ഏഴാം മുദ്ര'

തെക്കന്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭക്തിയുടെയും, ഭക്തിയില്ലായ്മയുടേയും കഥ. ഭക്തര്‍ അവന്റെ രണ്ടാം വരവിനായ് കാത്തിരിക്കുന്നു. പാപഭാരം അവരെ തളര്‍ത്തുന്നു. ഭക്തിയും ഭ്രാന്തും തിരിച്ചറിയാത്ത വിധം കൂടിക്കുഴഞ്ഞിരിക്കുന്നു. കലുഷമായ സമൂഹത്തിന്റെ സാഹസികമായ ആവിഷ്ക്കാരം.

Monday, May 17, 2010

അഗ്നിസാക്ഷി

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ഈ കൃതിയെക്കുറിച്ച് മുന്‍പേ കേട്ടിരുന്നെങ്കിലും ഇപ്പോളാണു വായിച്ചത്. ബ്രാഹ്മണ സമുദായത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെയാണു കഥ പുരോഗമിക്കുന്നത്. ഭാര്യയില്‍ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥ അനുബന്ധ കഥകളോടൊപ്പം പ്രതിപാദിച്ചിരിക്കുന്നു. കഥാകാരിയുടെ തന്നെ അഭിപ്രായത്തില്‍ ഏതാണ്ട് നാല്‍പ്പതു വര്‍ഷക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്മ്മക്ക്റിപ്പുകൂടിയാണ് ഈ നോവല്‍. അടുക്കും ചിട്ടയോടും കൂടെ ഒരു കഥ എങ്ങനെയെഴുതാമെന്നതിനു ഈ കഥ ഒരു ഉത്തമ ഉദാഹരണമാണ്.

കുറിപ്പ്:
* 1976ലെ വയലാര്‍ അവാര്‍ഡ് ഈ കൃതിയ്ക്ക് ലഭിച്ചു.
* ചെറിയ പുസ്തകം പോലും പല സമയങ്ങളിലായി വായിച്ചു തീര്ക്കാറുള്ള ഞാന്‍, ഈ നോവല്‍ ഒറ്റയിരുപ്പിനു (അക്ഷരാര്‍ഥത്തില്‍) വായിച്ചു തീര്‍ത്തു.

Thursday, May 13, 2010

വര

ഞാനൊരു വര വരച്ചു. അതൊരു നേര്‍രേഖയാണെന്ന് ഞാനുറച്ചു വിശ്വസിച്ചു. എന്നാല്‍ അതങ്ങനെയല്ല എന്നും, പലയിടത്തും അതിനു വളവുകളുണ്ടെന്നും പലരും പറഞ്ഞു. അതു കേട്ടു കേട്ട് എനിയ്ക്കു സംശയമായി. ഞാന്‍, ആ വരയുടെ, നേരെയല്ല എന്നു തോന്നിയ ഭാഗങ്ങള്‍ മായ്ക്കുകയും, പകരം ചെറിയ നേര്‍രേഖകള്‍ വരച്ച് ആദ്യത്തെ വരയെ നേരെയാക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. ഒടുവില്‍ ശേഷിച്ചത് ഒരു നേര്‍രേഖയ്ക്കു പകരം പല രേഖകളായിരുന്നു. മാത്രമല്ല, ശേഷിച്ച ഓരോ രേഖയും പഴയ രേഖയുടെ ചെറിയ രൂപങ്ങളായിരുന്നു!

Saturday, April 24, 2010

ഒരു തീവണ്ടി യാത്രയിലെ കാഴ്ചകള്‍

കഴിഞ്ഞ ക്രിസ്തുമസിനോടടുപ്പിച്ചു കോഴിക്കോട് നിന്നും വടകര വരെയുള്ള തീവണ്ടി യാത്രയില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍:

പശുക്കളുമായ് ചങ്ങാത്തം കൂടുന്ന പറവകള്‍, പച്ച നെല്‍പ്പാടങ്ങള്‍, വയലുകള്‍ നികത്തിയുണ്ടാക്കിയ തെങ്ങിന്‍ തോപ്പുകള്‍, തീവണ്ടി നിറയെ പരിച്ചയക്കാരാണെന്നതില്‍ തെല്ലും സംശയമില്ലാതെ ചിരിച്ചു കൈവീശിക്കാണിക്കുന്ന കൊച്ചു കുട്ടികള്‍, ചെറിയ മനോഹരങ്ങളായ വീടുകള്‍, വയലറ്റ് പൂക്കള്‍ നിറഞ്ഞ മണല്‍ തിട്ടകള്‍, മുടി രണ്ടായ് പിന്നിയിട്ട് യൂണിഫോം ധരിച്ച് കഥകള്‍ പറഞ്ഞ് സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍, ഏതോ യാത്രക്കിടയില്‍ മരത്തണലില്‍ വിശ്രമിക്കുന്ന വയസ്സായ ഒരു സ്ത്രീ, തീവണ്ടിക്ക് പുതിയൊരു താളം പകരുന്ന പാലങ്ങള്‍, പ്രലോഭിപ്പിക്കുന്ന പുഴകള്‍, ഒരേ ടെലിഫോണ്‍ കമ്പിയില്‍ എതിര്‍ ദിശകളിലിരിക്കുന്ന പൊന്മാനും കുയിലും, വസ്ത്രങ്ങളലക്കുന്ന സ്ത്രീകള്‍, സാധനങ്ങള്‍ വാങ്ങാനായ് സഞ്ചിയുമായ് പോകുന്ന പുരുഷന്മാര്‍, ചെറിയ നിരവധി ആമ്പല്‍ പൊയ്കകള്‍, മുഷിഞ്ഞ വസ്ത്രം ധരിച്ചവരും വസ്ത്രമില്ലാത്തവരുമായ നാടോടിക്കുട്ടികള്‍, കഥകളുറങ്ങിക്കിടക്കുന്ന ഇടവഴികള്‍, ചുവന്ന ചായം പൂശിയ പാര്‍ടി ഓഫീസുകള്‍, ഊഞ്ഞാലാടുന്ന കുട്ടികള്‍, ഒരു ദുരന്തം പോലെ പൊടുന്നനെ എതിര്‍ ദിശയില്‍ വരുന്ന തീവണ്ടികള്‍, ഇടയ്ക്കിടയ്ക്കുള്ള ചെറിയ പട്ടണങ്ങള്‍, മഞ്ഞ പൂക്കള്‍ നിറഞ്ഞ മരങ്ങള്‍, ചോദ്യചിഹ്നങ്ങള്‍ പോലെയുള്ള കുടിലുകള്‍, പാടങ്ങള്‍ക്കു അതിരായ് അകലെ കാണുന്ന മലനിരകള്‍, തീവണ്ടിയെ തെല്ലും കൂസാതെ പുല്ലു തിന്നുന്ന പശുക്കള്‍, സാകൂതം തീവണ്ടിയെത്തന്നെ നോക്കിനില്‍ക്കുന്ന ആടുകള്‍, വീടുകളില്‍ തൂക്കിയിട്ടിരിക്കുന്ന വിവിധ തരത്തിലുള്ള നക്ഷത്രങ്ങള്‍, പിന്നെ വടകരയെത്തിയതറിയാതെ ചവിട്ടുപടിയിലിരുന്നു കാഴ്ചകള്‍ കാണുന്ന എന്നെയും ഞാന്‍ കണ്ടു.

ദൈവവും ദൈവവും

അവസാന ഉണ്ടയും പാഴായപ്പോള്‍ ചെകുത്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അപ്പോഴും ദൈവം വെടിയുതിര്‍ത്തിട്ടുണ്ടായിരുന്നില്ല. പിന്നെ അനുയായി വൃന്ദത്തെ വരുതിയിലാക്കാനായ് ശ്രമം. അപ്പോഴാണ്‌ അറിഞ്ഞത് ഒരു ലോകത്തും ദൈവത്തിനു അനുയായികളില്ലെന്ന്. സഹികെട്ട് ചെകുത്താന്‍ ദൈവവുമായ് ചര്‍ച്ചയ്ക്കു പോയി. എന്നാല്‍ തികഞ്ഞ ജാള്യതയോടെ ചെകുത്താന്‍ മനസ്സിലാക്കി, ദൈവത്തിനു ആശയവിനിമയശേഷി പോലുമില്ലെന്ന്. അങ്ങനെ ചെകുത്താനാദ്യമായ് ചിന്തിച്ചു തുടങ്ങി. അപ്പോള്‍ ചെകുത്താന് തോന്നി താനും ദൈവമായ് മാറുന്നോയെന്ന്.

Monday, April 19, 2010

മരം

അല്‍പനേരം ഒരു മരത്തെ നോക്കി നിന്നപ്പോള്‍ അവനതില്‍ അലിഞ്ഞു ചേര്‍ന്ന് തുടങ്ങി. അവന്റെ സങ്കല്പങ്ങള്‍ പൂക്കളായും, അദ്ധ്വാനം കായ്കളായും പരിണമിച്ചു. അവന്റെ രക്തവും, മാംസവും ശിഖരങ്ങളിലും, ഇലകളിലും ഉള്‍ചേര്‍ന്ന് മരം പുതിയ ഒരു ശോഭയോടെ കാണപ്പെട്ടു.