Thursday, January 13, 2011

വൃത്തം

അവനൊരു വൃത്തം വരച്ചു. അതും അതിനുള്ളും താനാണെന്നും അതിനു പുറത്തുള്ളതെല്ലാം തന്നില്‍നിന്നു ഭിന്നമാണെന്നും അവന്‍ സങ്കല്‍പ്പിച്ചു. ആ സങ്കല്പം കുറച്ചു കാലം അവനു തൃപ്തിയേകി. പിന്നെ ആ വൃത്തം അസ്ഥിരമാണെന്ന്  അവന് തോന്നിത്തുടങ്ങി. ഒന്നുകില്‍ വൃത്തം ചുരുങ്ങിച്ചുരുങ്ങി ഒരു ബിന്ധുവിലവസാനിക്കണമെന്നും അല്ലെങ്കില്‍ അത് വലുതായിവലുതായി അനന്തതയില്‍ ലയിക്കണമെന്നും അവന് തോന്നി. അതിലേതാണ് വേണ്ടതെന്ന ചോദ്യം അവനെ കുഴച്ചു. എന്നാല്‍ അത് രണ്ടും ഒന്ന് തന്നെയാണെന്ന് പിന്നെ അവന് തോന്നിത്തുടങ്ങി. 

Saturday, January 1, 2011

ശരിയായ പേര്

അയല്‍വീട്ടില്‍ എനിക്കൊരു സുഹൃത്തുണ്ട്. നാലു വയസ്സുകാരനാണ്. ഇപ്പോള്‍ LKG - ല്‍ പഠിക്കുന്നു. ഇന്ന് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, മുറ്റത്തു വീണുകിടക്കുന്ന പൂക്കളെ ചൂണ്ടിക്കാട്ടി ആ പൂക്കളുടെ പേരെന്താണെന്ന് ഞാനവനോട് ചോദിച്ചു. അത് മുല്ലപ്പൂവാണെന്നും എന്നാല്‍ അതിന്റെ ശരിയായ പേര് ജാസ്മിന്‍ എന്നാണെന്നും അവന്‍ മറുപടി പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വിമാനം പോകുന്ന ശബ്ദം കേട്ടു. അപ്പോള്‍ അവന്‍ മുറ്റത്തേക്കിറങ്ങി മുകളിലോട്ടു നോക്കി 'അച്ഛാ' എന്നുറക്കെ വിളിച്ചു. ഏറ്റവും ഇഷ്ടമുള്ള വാഹനമെതെന്നു ചോദിച്ചപ്പോള്‍ 'പാണ്ടിലോറി' എന്നായിരുന്നു അവന്റെ മറുപടി. അതിനു നല്ല സ്പീഡാണത്രേ . ട്രെയിനിന് ബസിനേക്കാള്‍ നീളമുണ്ടെന്നും അവന്‍ പറഞ്ഞു.

ഇന്നുമുതല്‍ പുതിയവര്‍ഷമാണെന്ന് ഞാനവനോട് പറഞ്ഞു. ഞാനെത്ര പറഞ്ഞിട്ടും അതവനു മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്ന് എനിക്കു സംശയമായി.

പത്രത്തിലെ സ്വരാക്ഷരങ്ങള്‍ മിക്കതും അവന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ വ്യഞ്ജനങ്ങൾ അവന്‍ തിരിച്ചറിഞ്ഞില്ല. '5' ഉം 'E' യും തലതിരിച്ചാണ് എഴുതിയതെങ്കിലും മറ്റുപല അക്ഷരങ്ങളും അക്കങ്ങളും അവന്‍ ശരിയായെഴുതി. അവന്‍ അവനെപ്പറ്റി പറയുമ്പോള്‍ 'ഞാന്‍' എന്നല്ല മറിച്ച് അവന്റെ പേരാണ് ഉപയോഗിച്ചത്.