ദൈവമേ.....
ദൈവമേ, അലാറം കേള്‍ക്കുന്നതിനും ഉറക്കമുണരുന്നതിനും ഇടയില്‍ കണക്കില്‍പെടാത്ത ഒരു മണിക്കൂര്‍, അത് മാത്രമാണ് ഞാനങ്ങയോട് ആവശ്യപ്പെടുന്നത്. മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ്. കരുണാമയനായ അങ്ങേയ്ക്ക് എന്റെ ഈ ദുഃഖം കാണാതിരിക്കാന്‍ കഴിയില്ല. സര്‍വശക്തനായ അങ്ങേയ്ക്ക് അത് നിറവേറ്റിത്തരുന്നത് അസാധ്യവുമല്ല.
ദൈവമേ, ജോലിചെയ്യാതെ ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. എന്റെ വീടിനു ചുറ്റിപ്പറ്റി നടക്കാറുള്ള മണിയന്‍ പൂച്ച ജോലിചെയ്താണോ ജീവിക്കുന്നത്? ഞങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ മൂന്നുനേരവും അവന്‍ ഹാജരുണ്ടാകും. വീട്ടുകാര്‍ സ്നേഹത്തോടെ കൊടുക്കുന്ന ഭക്ഷണം കഴിച്ചാല്‍ പിന്നെ ഉറക്കമാണ്. അവനെന്തിനെയെങ്കിലും പിടിച്ചു തിന്നുന്നത് ഞാന്‍ കണ്ടിട്ടേയില്ല. ഇതെല്ലം വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ എന്നെ വല്ലാതെ നോക്കുക മാത്രമാണ് ചെയ്തത്.
ദൈവമേ, ഒടുവില്‍ വീട്ടുകാര്‍ എങ്ങനെയൊക്കെയോ എനിയ്ക്ക് ഒരു ജോലി വാങ്ങിത്തന്നു. മറ്റൊരു വഴിയുമില്ലാത്തതിനാല്‍ ഞാന്‍ ജോലിയ്ക്കുപോകാന്‍ തുടങ്ങുകയും ചെയ്തു. അപ്പോഴാണ് മറ്റൊരു പ്രശ്നം തലപൊക്കിയത്. മനുഷ്യര്‍ക്ക് എട്ടു മണിക്കൂര്‍ ഉറക്കം വേണം. ഞാന്‍ പറയുന്നതല്ല, ശാസ്ത്രജ്ഞരാണ് ഇങ്ങനെ പറയുന്നത്. സ്രഷ്ടാവായ അങ്ങേയ്ക്ക് ഇത് മറ്റാരേക്കാളും അറിയുമായിരിക്കുമല്ലോ? പക്ഷെ എന്തുചെയ്യാം, എനിക്ക് ഏഴര മണിക്കൂറോളമേ ഇപ്പോള്‍ ഉറക്കം കിട്ടാറുള്ളൂ. അതിനാല്‍ അനവധി അസുഖങ്ങള്‍ വന്നുകൂടുമെന്ന് ഞാന്‍ ഭയക്കുകയാണ്. ഞാനിത് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ചിരിക്കുകയാണ് ചെയ്തത്. ദൈവമേ, ഇതിനെയാണോ അങ്ങ് കലികാലമെന്നു വിളിച്ചത്? സ്വന്തം മകന്റെ ആരോഗ്യകാര്യത്തില്‍ വിചാരമില്ലാത്ത രക്ഷിതാക്കളെപറ്റി ഞാനെന്തു പറയാനാണ്?
ദൈവമേ, അങ്ങേയ്ക്കു മാത്രമേ എന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. മറ്റാരുടെയും കണക്കില്‍ പെടാത്ത ഒരു മണിക്കൂര്‍, അതും അലാറമടിച്ചതിനുശേഷം ഉറക്കമുണരുന്നതിനു മുന്‍പ്, അത് അങ്ങെനിയ്ക്ക് സാധിച്ചു തരണം. അലാറശബ്ദം കേട്ടതിനു ശേഷമാണ് എനിക്കേറ്റവും സുന്ദരമായ ഉറക്കം വരുന്നത്. എപ്പോഴും ഉണര്‍ന്നിരിക്കുന്ന അങ്ങേയ്ക്ക് അതറിയുമായിരിക്കില്ല. അല്ലെങ്കില്‍ എല്ലാമറിയുന്നവനായ അങ്ങേയ്ക്ക് അതും അറിയുമായിരിക്കും. എന്തായാലും അര്‍ജുനന് ഗീതയോതിക്കൊടുക്കാന്‍ കണക്കില്‍പെടാത്ത ഒരുപാട് സമയം സൃഷ്ടിച്ച അങ്ങേയ്ക്ക് ഈയുള്ളവന് കണക്കില്‍പെടാത്ത ഒരു മണിക്കൂര്‍ നല്‍കുന്നതിന് ഒരു വിഷമവുമില്ലെന്നെനിക്കറിയാം - അതും വിശിഷ്ടമായ ഒരു കാര്യത്തിനുവേണ്ടി.
ദൈവമേ, എന്റെ ആരോഗ്യം എനിക്കേറ്റവും പ്രധാനപ്പെട്ടതാണ്. ധര്‍മ്മം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് അങ്ങയുടെ സഹായമില്ലാതെ എനിയ്ക്കെന്റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയില്ല. കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും ഉറങ്ങി, ജോലി ചെയ്യാതെ ജീവിക്കാന്‍ കഴിയുന്ന ഒരു ലോകം അങ്ങയുടെ അടുത്ത അവതാരലക്ഷ്യമാക്കുവാന്‍ ഞാനപേക്ഷിക്കുന്നു. ദൈവമേ, എനിയ്ക്കുറക്കം വരുന്നു.
ദൈവമേ.....

No comments:
Post a Comment