Sunday, October 10, 2010

സമാധാനപരമായ സഹവര്‍ത്തിത്വം

കുമാരന്റെ അയല്‍ക്കാരന് ഒരു പശുവുണ്ട്. നാടന്‍ പശുവാണ്. കുമാരന്റെ വീടിനും അയല്‍ക്കാരന്റെ വീടിനും ഇടയിലുള്ള പറമ്പിലെ നടവഴിയുടെ അരികിലുള്ള ശീമക്കൊന്ന മരത്തിനോടാണ് അതിനെ മിക്കവാറും കെട്ടിയിടാറ്. അങ്ങനെ കെട്ടിയിട്ട സമയങ്ങളില്‍, കുമാരന്‍ അയല്‍ക്കാരന്റെ വീട്ടിലേയ്ക്കു പോകുന്നത് നടവഴിയില്‍നിന്നും അല്പം മാറിയുള്ള ഭാഗത്തുകൂടിയാണ്. നടവഴിയിലൂടെ പോകുകയാണെങ്കില്‍ പശു തലകുലുക്കി കുമാരനെ കുത്താനൊരുങ്ങും. അതുകൊണ്ടു തന്നെയാകണം പൂച്ചയെ പേടിയില്ലെങ്കില്‍ പോലും പശുവിനെ കുമാരന് പേടിയാണെന്ന് അയല്‍ക്കാരെല്ലാം പറയുന്നത്. അങ്ങനെ പറയുന്നതില്‍ കുമാരന് അതിയായ അമര്‍ഷമുണ്ട്. മുന്‍കരുതലിനെ പേടിയായി ചിത്രീകരിയ്ക്കുന്നത് അടിസ്താനരഹിതമാണെന്നാണ് കുമാരന്റെ പക്ഷം. ഇക്കാരണത്താലൊക്കെത്തന്നെ കുമാരന് ആ പശുവിനോട്‌ അത്ര മമതയൊന്നുമില്ല.

അങ്ങനെയിരിയ്ക്കെ രണ്ടാഴ്ച മുന്‍പ് ആ പശു ഒരു കന്നുകുട്ടിയ്ക്ക് ജന്മം നല്‍കി. പശു അതിനെ നക്കിത്തുടയ്ക്കുന്നതും കന്നുകുട്ടി പറമ്പിലാകെ ഓടിച്ചാടിക്കളിയ്ക്കുന്നതും നോക്കിയിരിയ്ക്കലാണ് ഇപ്പോഴത്തെ കുമാരന്റെ പ്രധാന നേരമ്പോക്ക്. അതു മാത്രമല്ല, ഒരാഴ്ച മുന്പുമുതല്‍ കുമാരന്റെ വീട്ടില്‍ പശുവിന്‍പാല്‍ കിട്ടിത്തുടങ്ങി. അതില്‍ ഒരു ഗ്ലാസ് നല്ലവണ്ണം പഞ്ചസാരയിട്ട് കുമാരി കുമാരന് കൊടുക്കുന്നുമുണ്ട്‌. ഇക്കാരണങ്ങളാല്‍ മുന്‍പൊന്നും തോന്നാത്ത ഒരു ബഹുമാനം കുമാരന് പശുവിനോട് തോന്നിത്തുടങ്ങി. അത്ഭുതമെന്നു പറയട്ടെ, കുറച്ചു ദിവസങ്ങളായി കുമാരന്‍ അയല്‍ക്കാരന്റെ വീട്ടിലേയ്ക്കു പോകുമ്പോള്‍ പശു തലകുലുക്കി പേടിപ്പിക്കാറേയില്ല. സമാധാനപരമായ സഹവര്‍ത്തിത്വത്തിനു അടിസ്ഥാനം പരസ്പര ബഹുമാനമാണെന്ന് കുമാരന്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്.  

No comments:

Post a Comment