അതെ പ്രിയപ്പെട്ടവരേ, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സംഭ്രമജനകമായ ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഇതു കേള്‍ക്കുന്നവരില്‍ ചെറിയൊരു ശതമാനം പേരെങ്കിലും ഇതിലെ ഗുണപാഠം ഉള്‍ക്കൊണ്ടാല്‍ ഞാന്‍ കൃതാര്‍ഥനായി.
പ്രധാന സംഭവം നടക്കുന്നത് ആറു മാസം മുന്‍പാണെങ്കിലും ഒരു വര്‍ഷം മുന്‍പു മുതലുള്ള കാര്യങ്ങള്‍ പറഞ്ഞാലേ കഥ പൂര്‍ണ്ണമാകൂ. കൂട്ടിനാരുമില്ലാത്തതിനാല്‍ ഒരു മുയലിനെ വളര്‍ത്തണമെന്ന അതിയായ മോഹം എന്നില്‍ മുളച്ച സമയമായിരുന്നു അത്. ഒട്ടനവധി മുയല്‍ വില്പ്പനക്കാരെയും അവര്‍ വളര്‍ത്തുന്ന ഒരുപാടു മുയലുകളേയും ഞാന്‍ കണ്ടു. എന്നാല്‍ അവയൊന്നും എന്റെ സങ്കല്‍പ്പത്തിലുള്ള മുയലിന്റെ ഏഴയലത്തുപോലും എത്തുന്നവയായിരുന്നില്ല. മുയലിനെ അന്വേഷിച്ച് അന്വേഷിച്ച് ആറു മാസം കടന്നുപോയി. അങ്ങനെ ഒരു ദിവസം ഒരു മുയല്‍ വില്‍പ്പനക്കാരനെ കണ്ട് നിരാശനായി ഞാന്‍ നാട്ടുവഴിയിലൂടെ വീട്ടിലേയ്ക്കു നടക്കുകയായിരുന്നു. പെട്ടെന്നു ഒരു മുയല്‍ എന്റെ കുറുകെ ചാടി. ഒറ്റനോട്ടത്തില്‍ തന്നെ അതിനെ എനിയ്ക്ക് ബോധിച്ചു. ഞൊടിയിടയ്ക്കുള്ളില്‍ ഞാനതിനെ ചെവിയില്‍ പിടിച്ചു പൊക്കി. പക്ഷെ സുഹൃത്തുക്കളെ, നിങ്ങള്‍ മിക്കവരും ഊഹിച്ച പോലെ, ചെവിയിലാണെന്നു കരുതി ഞാന്‍ പിടിച്ചത് അതിന്റെ കൊമ്പിലായിരുന്നു. അതിന്റെ ചെവികളുടെ സ്ഥാനത്ത് രണ്ടു കൊമ്പുകളായിരുന്നു. പോരാത്തതിന് രണ്ടു കൊമ്പുകളുടേയും നടുവിലായി ചെറിയ ഒരു മുഴ പോലെ മൂന്നാമതൊരു കൊമ്പു കൂടി അതിനുണ്ടായിരുന്നു!
അത് രക്ഷപ്പെടാനുള്ള ഒരു ശ്രമം പോലും നടത്താത്തത് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി. ഞാന്‍ നിലത്തിരുന്ന് അല്പം കരുതലോടെ അതിനെ എന്റെ മുന്‍പില്‍ വച്ചു. എന്നെ അന്ധാളിപ്പിച്ചുകൊണ്ട് അത് സംസാരിച്ചു തുടങ്ങി.
മുയല്‍: "ഹലോ സന്ദീപ്."
ഞാന്‍: "എന്റെ പേരെങ്ങനെ മനസ്സിലായി?"
[ഇതു അല്പം വിറയലോടെയാണ് ചോദിച്ചതെന്ന് ഞാനോര്‍ക്കുന്നു. അതു കാരണമാവാം പ്രത്യഭിവാദ്യം ചെയ്യാന്‍ പോലും മറന്നു.]
മുയല്‍: "അതവിടെ നില്‍ക്കട്ടെ. എനിയ്ക്കു വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോടു പറയാനുണ്ട്."
ഞാന്‍: "പറയൂ."
മുയല്‍: "ഞാനിപ്പോള്‍ ഒരു സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിയ്ക്കുകയാണ്."
[അപ്പോഴേയ്ക്കും സമനില കൈവരിച്ച ഞാന്‍ മനസ്സില്‍ കണക്കു കൂട്ടലുകള്‍ തുടങ്ങിയിരുന്നു. ആറു മാസത്തെ അനുഭവം കൊണ്ട് മുയല്‍ ബിസ്സിനസ്സിന്റെ ഗുട്ടന്‍സ് മനസ്സിലാക്കിയ ഞാന്‍ മുയലിനെ വളര്‍ത്താനുള്ള മോഹം മാറ്റിവെച്ച് അതിനെ എങ്ങനെയെങ്കിലും വില്‍ക്കാന്‍ തീരുമാനിച്ചു. അതിന്റെ കൊമ്പിനു തന്നെ നല്ല ഒരു വില കിട്ടും. അതിനാല്‍ മുയല്‍ 'സാമ്പത്തിക പ്രതിസന്ധി' എന്നു പറഞ്ഞപ്പോള്‍ എനിയ്ക്കു ചിരിയാണ് വന്നത്.]
ഞാന്‍: "അതിനു എനിയ്ക്കെന്തു ചെയ്യാന്‍ കഴിയും?"
മുയല്‍: "എന്റെ മൂന്നു കൊമ്പുകളും വില്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. അതിനു നിങ്ങളെന്നെ സഹായിക്കണം. കമ്മീഷന്‍ തരാം."
[മനസ്സിലിരിപ്പ് പുറത്തറിയിക്കാതെ ഞാന്‍ മുഖത്ത് ഗൌരവഭാവം വരുത്തി.]
ഞാന്‍: "ശരി. പക്ഷെ നിന്റെ കൊമ്പിനു നല്ല വില കിട്ടുമെന്ന് എന്തുറപ്പ്?"
മുയല്‍: "എന്റെ കൊമ്പുകള്‍ ഒന്നാംതരമാണ്. അതെനിയ്ക്കറിയാം. വേണമെങ്കില്‍ നിങ്ങള്‍ പരിശോദിച്ചോളൂ."
മുയലിനെ ബോധിപ്പിക്കാനായി ഞാനതിനെ മടിയില്‍ വച്ചു. എന്നിട്ട് കൊമ്പുകള്‍ പരിശോദിക്കുന്നതായി ഭാവിച്ചു. എന്നാല്‍ പെട്ടെന്നു അതു തല പുറകോട്ടു വലിച്ച് കൊമ്പുകള്‍ കൊണ്ട് എന്നെ ആഞ്ഞു കുത്തി. ബോധം മറയുമ്പോള്‍ മുയല്‍ ഓടിപ്പോകുന്നതായി ഞാന്‍ കണ്ടു.
ബോധം തിരിച്ചു വന്നപ്പോള്‍ ഞാന്‍ ആശുപത്രിയിലാണ്. എന്റെ കരളില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നു ഡോക്ടറില്‍ നിന്ന് ഞാനറിഞ്ഞു. നിങ്ങളോടിപ്പോള്‍ പറഞ്ഞപോലെ തന്നെ നടന്ന സംഭവം ഞാന്‍ ഡോക്ടറോട് വിശദീകരിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ ഞാന്‍ പറഞ്ഞതൊന്നും ഡോക്ടര്‍ വിശ്വസിച്ചില്ല. ആറു മാസത്തെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് ഞാന്‍ ഇവിടെ തിരിച്ചെത്തിയത്. ശരീരത്തിലേറ്റ മുറിവ് ഏതാണ്ടുണങ്ങിയെങ്കിലും മനസ്സിലെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.
നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവുമെങ്കിലും കഥയുടെ പൂര്‍ണതയ്ക്കായി ഗുണപാഠം ഇവിടെ ചേര്‍ക്കട്ടെ.
ഗുണപാഠം: കൊമ്പുള്ള മുയലിനെ ഒരിയ്ക്കലും പിടിയ്ക്കരുത്. അഥവാ പിടിച്ചാല്‍ തന്നെ മുയല്‍ പറയുന്നത് വിശ്വസിക്കരുത്. ഉടനെ തന്നെ വിറ്റു കളയണം.
Subscribe to:
Post Comments (Atom)

No comments:
Post a Comment