Tuesday, July 5, 2016

രഹസ്യം

"ഞാനൊരു രഹസ്യം പറയാം."
"പറഞ്ഞോ."
"ആരോടും പറയരുത്."
"ഇല്ല."
"പേടിക്കരുത്."
"രഹസ്യം കേൾക്കുമ്പോളെന്തിനാ പേടിക്കുന്നത്?"
"അതു കേൾക്കുമ്പോൾ മനസ്സിലാവും."
"പേടിക്കാതെ നോക്കാം."
"എന്നാ പറയട്ടെ?"
"പറഞ്ഞോന്ന്."
"നാളെ പറയാം."
"ഇടി കിട്ടും. വേഗം പറ."
"നാളെ പറയാമെന്ന് പറഞ്ഞില്ലേ!"
"പിന്നെയെന്തിനാ ഇന്നിങ്ങനെയൊക്കെ പറയാൻ വന്നത്?"
"അതിനിപ്പോഴെന്താ, നാളെ പറയാം."
"ശരിക്കും ഞാനിടിക്കും."
"എന്നാലതൊന്ന് കാണണമല്ലോ."
അങ്ങനെ കുമാരൻ കുമാരിയെ ഇടിച്ചു. കുമാരി തിരിച്ചിടിച്ചു, കരാട്ടെ സ്റ്റൈലിൽ. കുമാരൻ അന്തം വിട്ടപ്പോഴേക്കും കുമാരി കുമാരനെ മലർത്തിയടിച്ചിട്ടുണ്ടായിരുന്നു. കിടക്കയിൽ കുമാരന്റെ കഴുത്തിന് കൈ ചേർത്ത് പിടിച്ച് കുമാരി ചോദിച്ചു: "ഇപ്പൊ രഹസ്യം മനസ്സിലായില്ലേ?" "ഭവതി കരാട്ടെയാണല്ലേ?", കുമാരൻ പറഞ്ഞൊപ്പിച്ചു. കഴുത്തിൽ ചേർത്തുപിടിച്ച കൈ മാറ്റി, അത്ഭുതത്തോടെ തന്നെ നോക്കുന്ന കണ്ണടക്കി ഒരുമ്മ കൊടുത്ത് കുമാരി പറഞ്ഞു: "അതെ!". ആ സംഭവത്തിനു ശേഷം ആ വീട്ടിൽ കുറച്ചു കാലത്തേക്കെങ്കിലും പതിവിലും കവിഞ്ഞ ഒരു ശാന്തത കളിയാടി.

No comments:

Post a Comment