Saturday, November 8, 2014

നിഷ്ക്രിയൻ

രാവിലെ പുതച്ച് തന്റെ ഹൃദയ മിടിപ്പ് ശ്രദ്ധിച്ച് വെറുതെ കിടക്കുമ്പോഴാണ് മുറിയിലെ പങ്ക (FAN) ചെറുതായ് വിറയ്ക്കുന്നത് കുമാരന്റെ ശ്രദ്ധയിൽ പെട്ടത്. കുറെ നേരം അവനത് സൂക്ഷിച്ച് നോക്കിക്കൊണ്ട്‌ കിടന്നു. എന്തായിരിക്കും പങ്ക വിറയ്ക്കുന്നതിന് കാരണം? ഭൂമി വിറയ്ക്കുന്നുണ്ടോ? കാറ്റുകൊണ്ടാണോ? അതിനു പുറകിൽ വലിയൊരു ശാസ്ത്ര സത്യം ഒളിഞ്ഞിരിപ്പുണ്ടോ? തന്റെ കണ്ണിന്റെ പ്രശ്നമാണോ? അതായിരിക്കാൻ വഴിയില്ല. മറ്റൊന്നിനും തന്നെ വിറയൽ കാണുന്നില്ല. ഈ ലോകത്തിപ്പോൾ എന്തെങ്കിലും ഒന്ന് ചലിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ അത് തന്റെ ഹൃദയമാണ്. അപ്പോൾ അതു തന്നെയായിരിക്കും കാരണം. പക്ഷെ എങ്ങനെയത് ഉറപ്പു വരുത്തും? മുറിയുടെ പുറത്തു പോയി നോക്കിയാലോ? മനസ്സില്ലാ മനസ്സോടെ കുമാരൻ പുതപ്പ് മാറ്റി എഴുന്നേറ്റ് മുറിയുടെ പുറത്തുപോയി തുറന്നിട്ട ജനലിന്റെ ഉള്ളിലൂടെ പങ്കയിലേയ്ക്ക് നോക്കി. പങ്ക വിറച്ചു കൊണ്ടിരിക്കുന്നു. തന്റെ ഹൃദയമിടിപ്പിന്റെ തരംഗങ്ങൾ തുറന്നിട്ട ജനലിലൂടെ ഉള്ളിലേയ്ക്ക് പോകാമല്ലോ. ജനലടച്ചാൽ ഉള്ളിലേയ്ക്ക് കാണുകയുമില്ല. ഇനിയെന്തു ചെയ്യും? ഒരു വഴിയേയുള്ളൂ. കുമാരൻ പതുക്കെ മുറിയിൽ കടന്ന് പങ്കയിലേയ്ക്ക് നോക്കാതെ ശബ്ദമുണ്ടാക്കാതെ കട്ടിലിൽ കയറി കിടന്ന് പുതപ്പ് കൊണ്ട് തല മൂടി ചുരുണ്ടു കൂടി കിടന്നു. ഹൃദയം അപ്പോഴും മിടിച്ചു കൊണ്ടിരുന്നു.

No comments:

Post a Comment