Saturday, November 12, 2016

മരണതന്ത്രം

ഞാൻ മരിക്കാൻ കിടക്കുമ്പോൾ ഒരുപാടുപേർ കാണാൻ വന്നുകൊണ്ടിരുന്നു. വരുന്നവരുടെ മുഖത്തുള്ള സഹതാപം എന്റെ ദയനീയസ്ഥിതി ഒരു കണ്ണാടിയിലെന്നവണ്ണം എന്നെ കാണിച്ചു. അത് അസഹനീയമായിരുന്നു. എന്നാൽ അവരെയൊന്നും കുറ്റം പറയാൻ പറ്റില്ല. നാട്ടിലെ പൊതു ഔചിത്യബോധത്തിനനുസരിച്ച് അവർ പ്രവർത്തിക്കുന്നുവെന്നേയുള്ളൂ. എന്റെ കാര്യം തന്നെയെടുക്കാം. സിനിമ കാണുമ്പോഴൊഴിച്ച് മറ്റുള്ളവരുടെ കാര്യമോർത്ത് എനിക്ക് അനുതാപമുണ്ടാകുന്നത് എന്റെ ഏറ്റവും അടുത്ത വിരലിലെണ്ണാവുന്നവർക്ക് വിഷമം വരുമ്പോഴാണ്. എന്നിരുന്നാലും മരണവീട്ടിൽ പോകുമ്പോഴും രോഗബാധിതരെ കാണുമ്പോഴും ഞാൻ സഹതാപം പ്രകടിപ്പിക്കാറുണ്ട്. അത് ഒട്ടും തന്നെ ആഴമുള്ളതല്ല. കുറച്ചു സമയത്തിനുള്ളിൽതന്നെ എനിക്ക് തമാശപറയാനും ചിരിക്കാനും സാധിക്കാറുണ്ട്.

സന്തോഷവും സങ്കടവുമില്ലാത്ത ഒരു ലോകത്തേക്ക് പോകുന്നതിനുമുൻപുള്ള കുറച്ചുദിവസം എന്തിന് വെറുതേ ദുഃഖിച്ച് കളയുന്നു! ഞാനൊരു തന്ത്രം പുറത്തെടുത്തു. വരുന്നവരുടെ അടുത്ത് വളരെ സന്തോഷത്തിൽ പെരുമാറി. ചിലപ്പോൾ അട്ടഹസിക്കുക പോലും ചെയ്തു. തമാശകൾ പറഞ്ഞുകൊണ്ടേയിരുന്നു. ഇത് വരുന്നവരെ പരിഭ്രാന്തിയിലാക്കി. എന്റെ കൂടെ ചിരിക്കാതിരിക്കാൻ അവർക്ക് കഴിയാതായി. അത് അവരുടെ ഔചിത്യബോധത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. മരിക്കാൻ കിടക്കുന്ന എന്റെയടുത്ത് ചിരിക്കുന്നത് അവരെ ധർമസങ്കടത്തിലാക്കി. പതിയെപ്പതിയെ പതിവായി വരുന്നവർ വരാതായി. ആദ്യമായി കാണാൻ വരുന്നവർ നിമിഷങ്ങൾക്കുള്ളിൽ സ്ഥലം കാലിയാക്കി. അങ്ങനെ വളരെ ശാന്തവും സമാധാനപരവുമായ ഒരു അന്തരീക്ഷത്തിലാണ് ഞാൻ മരിച്ചത്.

No comments:

Post a Comment