Friday, February 1, 2013

ഭൂമിയുടെ അറ്റം

അങ്ങനെ ഞങ്ങള്‍ ഭൂമിയുടെ അറ്റത്തെത്തി. ശാസ്ത്രം പറഞ്ഞു പഠിപ്പിച്ച കാര്യങ്ങള്‍ അതേപോലെ വിശ്വസിച്ചിരുന്ന ഞങ്ങളെ അവിടെയുള്ള കാഴ്ചകള്‍ അത്ഭുതപ്പെടുത്തി. ഭൂമിയുടെ അറ്റത്തിന് അപ്പുറം ഭൂമിയില്ല, നീണ്ടു പരന്ന് അഗാധമായ ആകാശം മാത്രം! ഞങ്ങളൊന്ന് എത്തിച്ചു നോക്കി. കോടാനുകോടി നക്ഷത്രങ്ങള്‍! ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ നക്ഷത്രങ്ങളൊക്കെയും എന്റെ കണ്ണുകളും ഞാനവിടെ കണ്ടു.  ഞങ്ങള്‍ മുറുക്കെ കെട്ടിപ്പിടിച്ചു. 'പൊന്നേ, നമുക്കിവിടെ ഇങ്ങനെ നക്ഷത്രങ്ങളെ നോക്കിയിരിക്കാം?', ഞാന്‍ ചോദിച്ചു. 'വേണ്ട പൊന്നേ, നമുക്ക് വീട്ടില്‍ പോകാം.',  അവള്‍ പറഞ്ഞു. 'ഭൂമിയുടെ അറ്റം കണ്ടല്ലോ, ഇനി വീടെന്തിന് ?', അവളുടെ മുടിയിഴകളില്‍ വിരലോടിച്ച് ഞാന്‍ ചോദിച്ചു. 'അവിടെ ഒരു പ്രപഞ്ചം നമ്മെ കാത്തിരിപ്പുണ്ട്‌. അതില്‍ നമുക്ക് രണ്ടു നക്ഷത്രങ്ങളായി മാറാം.', ഒന്നു കൂടെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു. പിന്നെ ഞങ്ങള്‍ കൈകള്‍ കോര്‍ത്തുപിടിച്ച് വീട്ടിലേക്കു നടന്നു.  

No comments:

Post a Comment